Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളി ബിജെപി വിരുദ്ധ പ്രസ്താവന നടത്തിയത് സിപിഎമ്മിനോട് അടുക്കാനല്ല; കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ ലഭിക്കാൻ വേണ്ടി തന്നെ: വെള്ളാപ്പള്ളിയുടെ തള്ളലിൽ വീണ അമിത് ഷാ സ്ഥാനങ്ങൾ പങ്കുവെക്കാൻ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തുന്നു

വെള്ളാപ്പള്ളി ബിജെപി വിരുദ്ധ പ്രസ്താവന നടത്തിയത് സിപിഎമ്മിനോട് അടുക്കാനല്ല; കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ ലഭിക്കാൻ വേണ്ടി തന്നെ: വെള്ളാപ്പള്ളിയുടെ തള്ളലിൽ വീണ അമിത് ഷാ സ്ഥാനങ്ങൾ പങ്കുവെക്കാൻ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പലരും കരുതുന്നതു പോലെ വെള്ളാപ്പള്ളി ബിജെപിവിരുദ്ധ പ്രസ്താവനകൾ നടത്തിയത് മൈക്രോഫിനാൻസ് കേസിൽ പണി കിട്ടാതിരിക്കാൻ സിപിഐ-എമ്മുമായി ഒത്തുതീർപ്പുണ്ടാക്കാനല്ല. മകന് അടക്കം, ബിഡിജെഎസിന് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ വാങ്ങിയെടുക്കുന്നതിനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. വെള്ളാപ്പള്ളിയുടെ തള്ളലിൽ വീണ ബിജെപി ദേശീയ അധ്യക്ഷൻ അമിത ്ഷാ ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. മോദിയുടെ നിർദ്ദേശപ്രകാരമാണ് അമിത്ഷായുടെ കൂടിക്കാഴ്ച. സി.കെ. ജാനുവിനെയും അമിത് ഷാ കാണുന്നുണ്ട്.

കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി-ബിഡിജെഎസ് സഖ്യമാണ് സംസ്ഥാനത്ത് മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് വെറും ധാരണ മാത്രമായിരുന്നുവെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് എൻഡിഎ ഘടകകക്ഷിയായി. ഇതിന് മുന്നോടിയായി വെള്ളാപ്പള്ളിയും മകനും പല തവണ മോദിയുമായും അമിത്ഷായുമായും ചർച്ച നടത്തിയിരുന്നു. സംസ്ഥാന ബിജെപി നേതൃത്വവുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും ഇവർ തയാറായിരുന്നുമില്ല. തങ്ങളുടേത് ദേശീയ പാർട്ടിയാണെന്നും ആ നിലയ്ക്ക് ബിജെപി ദേശീയ നേതൃത്വവുമായി മാത്രമേ ഞങ്ങൾ ചർച്ചയ്ക്കുള്ളൂവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ മോദിയും അമിത്ഷായും ബിഡിജെഎസിന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കോർപ്പറേഷനുകളടക്കം നൽകാമെന്ന് ധാരണയുണ്ടാക്കിയിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ വന്മുന്നേറ്റത്തിന് കാരണം ബിഡിജെഎസ് സഖ്യമാണെന്ന് ദേശീയ നേതൃത്വം അംഗീകരിക്കുകയും ചെയ്തിരുന്നു. സഖ്യം നിലവിൽ വന്ന് എട്ടുമാസം കഴിഞ്ഞിട്ടും വാഗ്ദത്ത സ്ഥാനമാനങ്ങൾ കിട്ടാതെ വന്നപ്പോളാണ് വെള്ളാപ്പള്ളി സമ്മർദ തന്ത്രം പ്രയോഗിച്ചത്. ബിജെപി ബന്ധം ഗുണം ചെയ്തില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ബിജെപി ദേശീയ കൗൺസിൽ കോഴിക്കോട്ട് നടക്കുന്ന സമയം നോക്കിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇതുകൊള്ളേണ്ടിടത്തുകൊണ്ടു.

അതേസമയം, തുഷാർ ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അച്ഛനും മകനും ചേർന്ന് മെനഞ്ഞ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. തുഷാർ പാർട്ടി ഭാരവാഹിയാണ്. വെള്ളാപ്പള്ളിക്കാകട്ടെ ബിഡിജെഎസുമായി ഒരു ബന്ധവുമില്ല. അദ്ദേഹം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി മാത്രമാണ്. ഈ നിലയ്ക്ക് വെള്ളാപ്പള്ളിക്ക് എന്ത് അഭിപ്രായം വേണമെങ്കിലും പറയുകയും ചെയ്യാം. ആ അവസരം വെള്ളാപ്പള്ളി വിനിയോഗിക്കുകയായിരുന്നു. ഇതിനിടെ വെള്ളാപ്പള്ളി രണ്ടു വട്ടം പിണറായിയുമായി കൂടിക്കാഴ്ച നടത്തിയതോടെ അത് മൈക്രോഫിനാൻസ് കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ് എന്നാണ് മറ്റുള്ളവർ കരുതിയിരുന്നത്.

അതേസമയം, എസ്എൻ ട്രസ്റ്റിന്റെ സ്‌കൂൾ കോളജുകളിൽ ഒഴിവുള്ള ജീവനക്കാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്ന നടപടികൾ വേഗത്തിലാക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നാണ് വെള്ളാപ്പള്ളി അനുകൂലികൾ പറയുന്നത്. മാത്രവുമല്ല, വി.എസുമായി തെറ്റി നിൽക്കുമ്പോഴും വെള്ളാപ്പള്ളി പിണറായി വിജയനുമായി അടുപ്പം പുലർത്തിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇരുവരും പരസ്പരം രൂക്ഷവിമർശനം ഉന്നയിച്ചെങ്കിലും ഇപ്പോൾ പഴയ സൗഹൃദം തുടർന്നു പോവുകയാണ്. എന്തായാലും വെള്ളാപ്പള്ളിയുടെ പ്രസ്താവന കുറിക്കു കൊണ്ടു. രണ്ടു ദിവസത്തിനകം ബിഡിജെഎസിന് കിട്ടാനുള്ളത് കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP