Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി വിരുദ്ധ തരംഗം വളരുമ്പോഴും രാഹുൽ വികാരം പടരുമ്പോഴും സംസ്ഥാനങ്ങൾ ഓരോന്നായി കൈവിടുന്നു; ബീഹാറിലും ഹിമാചലിലും ഗുജറാത്തിലും പാറിച്ച കോടി വടക്ക് കിഴക്ക് എത്തിയപ്പോൾ തുടർഭരണം ഉറപ്പിച്ച് മോദി; ഭരണ വിരുദ്ധ വികാരം ഒരുമിപ്പിക്കാൻ കഴിയാതെ രാഹുൽ ഗാന്ധിയും; വരാൻ പോകുന്നത് വമ്പൻ രാഷ്ട്രീയ നീക്കങ്ങളുടെ നാളുകൾ

മോദി വിരുദ്ധ തരംഗം വളരുമ്പോഴും രാഹുൽ വികാരം പടരുമ്പോഴും സംസ്ഥാനങ്ങൾ ഓരോന്നായി കൈവിടുന്നു; ബീഹാറിലും ഹിമാചലിലും ഗുജറാത്തിലും പാറിച്ച കോടി വടക്ക് കിഴക്ക് എത്തിയപ്പോൾ തുടർഭരണം ഉറപ്പിച്ച് മോദി; ഭരണ വിരുദ്ധ വികാരം ഒരുമിപ്പിക്കാൻ കഴിയാതെ രാഹുൽ ഗാന്ധിയും; വരാൻ പോകുന്നത് വമ്പൻ രാഷ്ട്രീയ നീക്കങ്ങളുടെ നാളുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നോട്ട് നിരോധനം, ജിഎസ്ടി, ബാങ്കുകളിലെ വായ്പാ തട്ടിപ്പ് അങ്ങനെ മോദി സർക്കാരിനെതിരെ വികാരങ്ങൾ പലതുണ്ട്. പാർലമെന്റിൽ പോലും വ്യക്തമായ മറുപടികൾ ആരോപണങ്ങളിൽ കൊടുക്കാൻ മോദിക്ക് കഴിയുന്നില്ല. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ ഒന്നും അത് ബിജെപി വിരുദ്ധ വോട്ടുകളാകുന്നില്ല. നോർത്ത് ഈസ്റ്റിൽ പോലും അവർ പിടിമുറുക്കുന്നു. ഇതിൽ പ്രതിപക്ഷം ചിന്താകുലരുമാകുന്നു. വർഷങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ വലിയ ഗ്ലാമർ ഉണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസ് അധ്യക്ഷനായ ശേഷം ചടുലമായ നീക്കമാണ് നടത്തുന്നത്. മോദിക്ക് ഉരുളയ്ക്കുപ്പേരി പോലെ രാഹുൽ മറുപടിയും നൽകുന്നു. ഇതോടെ രാഹുൽ വികാരവും സോഷ്യൽ മീഡിയിയൽ ഉയർന്നു. വലിയ ജനക്കൂട്ടങ്ങൾ രാഹുലിനെ കാണാനെത്തുന്നു. ഇതൊന്നും എന്തുകൊണ്ട് വോട്ടാകുന്നില്ലെന്നത് കോൺഗ്രസിനെ വെട്ടിലാക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗമാണ് ആഞ്ഞു വീശിയത്. യുപിയും രാജസ്ഥാനും ഗുജറാത്തും മധ്യപ്രദേശും അടിയുറച്ച് നിന്നപ്പോൾ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. അതിന് ശേഷം ഹിമാലലിൽ കാലുറപ്പിച്ച് തുടക്കം. മഹാരാഷ്ട്രയും പിടിച്ചു. ഇതിനിടെ ഡൽഹി നഷ്ടമായി. ബീഹാറിൽ തോറ്റതോടെ മോദിയെ നേരിടാൻ എതിർക്യാമ്പിന് നിതീഷ് കുമാറെന്ന മുഖത്തെ കിട്ടി. പക്ഷേ ബീഹാറിൽ ലാലുവുമായി ഒരുമിച്ച് പോകാൻ കഴിയില്ലെന്ന് നിതീഷ് തിരിച്ചറിഞ്ഞു. പതിയെ മോദിയുടെ ഉറ്റ സുഹൃത്തായി നിതീഷ് മാറി. എൻഡിഎയിലെ പ്രധാനിയായി മാറുകയും ചെയ്തു. ഇതോടെ ഉത്തരന്ത്യൻ ബെൽറ്റിൽ മോദിക്ക് കരുത്ത് കൂടി. രാജസ്ഥാനിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപിക്കുണ്ടാകുന്ന കുറവ് പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ പിടിമുറുക്കാനായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നീക്കം. അദ്ദേഹം പ്രധാനമായും നോട്ടമിട്ടത് നോർത്ത് ഈസ്റ്റിനെ ആയിരുന്നു. അതിൽ അമിത് ഷാ വിജയിച്ചു. മോദിയെ ഉയർത്തിയാണ് ഇതെല്ലാം നേടുന്നത്.

അതുകൊണ്ട് തന്നെ രാജസ്ഥാനിലും ഉത്തർപ്രദേശിലും തിരിച്ചടിയുണ്ടായാലും വീണ്ടും ലോക്‌സഭയിൽ ജയിച്ചു കയറാമെന്ന് മോദി ഉറപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വികസന പദ്ധതികളും മോദി സർക്കാർ പ്രഖ്യാപിക്കും. ആർ എസ് എസിനെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കാനുള്ള നിർദ്ദേശവും നൽകും. ഉത്തരേന്ത്യയെ ഒപ്പം നിർത്താൻ അയോധ്യാ കാർഡും പുറത്തിറക്കിയേക്കും. മോദിയുടെ ഭരണവും അമിത് ഷായുടെ സംഘടനാ തന്ത്രങ്ങളും ബിജെപിയെ മുന്നോട്ട് നയിക്കുന്നുവെന്ന് തന്നെയാണ് ദേശീയ രാഷ്ട്രീയത്തിൽ പൊതുവേയുള്ള വിലയിരുത്തൽ. ഇതിനെ മറികടക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ തന്ത്രപരമായ നീക്കങ്ങൾ ഉണ്ടാകും. ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കാൻ രാഹുൽ ഗാന്ധി അതിവേഗ നീക്കങ്ങൾ നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇനി ഏത് സമയവും ഉണ്ടാകുമെന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ സമയം പാഴാക്കാതെ ബിജെപി വിരുദ്ധ മുന്നണിക്കാകും ശ്രമം.

ബീഹാർ ഒരു പരീക്ഷണശാലയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ മാജിക്കിനെ ബിജെപി മറികടന്നത് ഏവരേയും അത്ഭുതപ്പെടുത്തി. ലാലുവും നിതീഷും രണ്ട് വഴിക്ക് നിലയുറപ്പിച്ചതായിരുന്നു ഇതിന് കാരണം. ഇത് മനസ്സിലാക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും സഖ്യത്തിലായി. വോട്ട് ശതമാനത്തിൽ ബിജെപി മുൻതൂക്കം നിലനിർത്തയപ്പോഴും ജെഡിയുവിന്റേയും രാഷ്ട്രീയ ജനതാദള്ളിന്റേയും വോട്ടുകൾ ഒരുമിച്ചപ്പോൾ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി. ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിച്ചാൽ മാത്രമേ ഇത് നടക്കുവെന്ന് നിതീഷും ലാലുവും തെളിയിക്കുകയായിരുന്നു ചെയ്തത്. എന്നാൽ യുപിയിൽ വീണ്ടും ബിജെപി വിരുദ്ധർ പലവഴിക്കായി. മുലായം സിംഗും മായാവതിയും രണ്ട് വഴിക്ക് യാത്ര തുടർന്നതോടെ യോഗി ആദിത്യനാഥ് വമ്പൻ ഭൂരിപക്ഷത്തിൽ അധികാരം നേടി. പിന്നെ ബീഹാറിനേയും മോദി തന്ത്രപരമായി അടുപ്പിച്ചു. നിതീഷിനെ അടർത്തിയെടുത്തായിരുന്നു അത്.

ബീഹാർ തെരഞ്ഞെടുപ്പിൽ മഹാഗ്ഡ് ബന്ധൻ(ബിജെപിക്കെതിരായ വിശാല സഖ്യം) സോഷ്യലിസ്റ്റുകാർ മുന്നോട്ട് വച്ചു. ലാലുവും നിതീഷും മുലായവും ദേവ ഗൗഡയും ഒറ്റപാർട്ടിയാകുമെന്ന് പോലും പ്രചരണമെത്തി. എല്ലാം അവസാന നിമിഷം തകർന്നു. ഈ മുന്നേറ്റത്തിൽ ഇടതുപക്ഷം ചേരാൻ തയ്യാറാവുകയും ചെയ്തിരുന്നു. ഇത്തരമൊരു മുന്നണി കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഉണ്ടായാൽ മാത്രമേ മോദിയെ താഴയിറക്കാനാവൂവെന്ന് പ്രതിപക്ഷം തിരിച്ചറിയുകയാണ്. അഖിലേഷും ലാലുവും ദേവഗൗഡയും ഈ നീക്കത്തെ പിന്തുണയ്ക്കും. ഒഡീഷയിലെ നവീൻ പ്ടനാടിയിക്കിന്റെ നിലപാടും നിർണ്ണായകമാകും. നവീൻ പട്‌നായിക്കിനെ കൂടെ ഒപ്പം കൂട്ടാനായാൽ ഉത്തരേന്ത്യയിൽ ബിജെപി മുന്നേറ്റത്തെ ചെറുക്കാനാകും. മഹാരാഷ്ട്രയിലെ ശിവസേനയ്ക്കും ബിജെപിയോട് പഴയ താൽപ്പര്യമില്ല. ശിവസേനയെ പോലും ഒപ്പം കൂട്ടിയുള്ള മുന്നണിയാകും കോൺഗ്രസ് ഇനി മനസ്സിൽ കാണുക.

കർണ്ണാടകയിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ കോൺഗ്രസാണ് ഭരിക്കുന്നത്. പ്രതിപക്ഷത്ത് ബിജെപിയും ദേവ ഗൗഡയും. ദേവ ഗൗഡയുടെ പാർട്ടിയെ ഒപ്പം നിർത്തി ബിജെപി മുന്നേറ്റത്തെ കർണ്ണാടകയിൽ ചെറുക്കണമെന്ന ആവശ്യം കോൺഗ്രസിൽ സജീവമാണ്. കർണ്ണാടകയിൽ അധികാരം നിലനിർത്താൻ ഈ കൂട്ടുകെട്ട് വരുമോ എന്നതാണ് നിർണ്ണായകം. അതിന് കഴിഞ്ഞാൽ ലോകസഭയിലേക്ക് വിശാല സഖ്യമെന്ന കോൺഗ്രസ് നീക്കവും ഫലം കണ്ടേക്കാം. ഇവിടെ ദേവഗൗഡയുടെ മകൻ കുമാര സ്വാമിയെ അടർത്തിയെടുത്ത് നീക്കം പൊളിക്കാൻ ബിജെപിയും ശ്രമിക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയും കോൺഗ്രസും നേർക്ക് നേർ പോരാട്ടമാണ്. ഇവിടെയും തോൽക്കില്ലെന്ന് ഉറപ്പിക്കാൻ ചെറു പാർട്ടികളെ പിടിക്കാൻ ഇരുകൂട്ടരും ശ്രമിക്കും. ഇതെല്ലാം ദേശീയ രാഷ്ട്രീയത്തേയും നിർണ്ണായകമായി സ്വാധീനിക്കും.

തീപ്പൊരി നേതാക്കളില്ലാത്തതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഗുജറാത്തിൽ ബിജെപി പിടിച്ചു കെട്ടിയത് ഹാർദിക് പട്ടേലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു ജഗ്നീഷ് മേവാനിയെ പോലുള്ള നേതാക്കളേയും കിട്ടി. ഈ മാതൃകയിൽ എല്ലാ സംസ്ഥാനത്തും യുവാക്കളെ ഉയർത്തിക്കാട്ടാൻ രാഹുൽ ശ്രമിക്കും. മധ്യപ്രദേശിൽ ജ്യോതിരാതിത്യ സിന്ധ്യയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റും ശേഷിയുള്ളവരാണ്. പഞ്ചാബിൽ അമരീന്ദർ സിംഗും കോട്ട കാക്കും. ബാക്കിയുള്ളിടത്ത് ഊർജ്ജസ്വലമായ നേതൃത്വത്തെ ഉണ്ടാക്കുക. ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കുക. ഈ തന്ത്രമാകും കോൺഗ്രസ് നടത്തുക. ഇതിൽ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനത്തേയും കിട്ടുമെന്ന് കോൺഗ്രസ് കരുതുന്നു. കേരളത്തിലെ സിപിഎം ഒറ്റയ്ക്ക് മാത്രമേ മത്സരിക്കൂവെന്ന് തിരിച്ചറിവും കോൺഗ്രസിനുണ്ട്. അതായത് കേരളത്തിൽ ഒഴികെ ബാക്കിയെല്ലായിടത്തും ത്രികോണ മത്സരം ലോക്‌സഭയിലേക്ക് ഒഴിവാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

ഈ വിശാല മുന്നണിക്ക് മാത്രമേ ബിജെപിയെ തടയിടാനാകൂവെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞുവെന്നതാണ് നോർത്ത് ഈസ്റ്റ് ഫലങ്ങൾ നൽകുന്ന സൂചന. 25 വർഷത്തെ തുടർച്ചയായുള്ള സിപിഎം ഭരണത്തിന് അവസാനമിട്ട് ബിജെപി അധികാരത്തിലെത്തുമ്പോൾ ത്രിപുരയിൽ തിരിച്ചടി നേരിട്ടിരിക്കുന്നത് സിപിഎമ്മിന് മാത്രമല്ല. കഴിഞ്ഞ തവണ 10 സീറ്റ് നേട്ടുകയും പ്രധാന പ്രതിപക്ഷമാവുകയും ചെയ്ത കോൺഗ്രസിനെ ചിത്രത്തിൽ നിന്ന് പോലും മായ്ച്ച് കളഞ്ഞാണ് കാവിക്കാറ്റ് വീശിയടിച്ചിരിക്കുന്നത്. അഗർത്തല മണ്ഡലത്തിൽ നിന്ന് സ്ഥിരമായി ജയിച്ചുവന്നിരുന്ന മുൻ കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ അഞ്ച് എംഎ‍ൽഎമാരോടൊപ്പം തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെയായിരുന്നു സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കമായത്. ഇവർ പിന്നീട് ബിജെപിയിലേക്കെത്തുകയും അങ്ങനെ ബിജെപി മുഖ്യ പ്രതിപക്ഷമാവുകയും ചെയ്തു. ഇത്തരത്തിലൊരു കൊഴിഞ്ഞു പോക്ക് ഇനിയുണ്ടാകില്ലെന്ന് കോൺഗ്രസ് ഉറപ്പാക്കും. അണികളേയും നേതാക്കളേയും ഒപ്പം നിർത്തി വിശാല മുന്നണിയാകും രാഹുൽ ഇനി ലക്ഷ്യമിടുന്നത്.

ത്രിപുരയിൽ കോൺഗ്രസ് നേതാക്കളായ സുധീപ് റോയ് ബർമൻ, ആശിശ് കുമാർ സാഹ, ദീലീപ് സർക്കാർ, പരൻജിത് സിങ് റോയ്, ദിബാ ചന്ദ്ര, ഹർഗ്വാൾ, ബിശ്വ ബന്ധു സെൻ എന്നിവരായിരുന്നു കോൺഗ്രസിൽ നിന്ന് തൃണമൂലിലെത്തുകയും പിന്നെ ബിജെപിയുടെ ഭാഗമാവുകയും ചെയ്തത്. ഇവരുടെ നേതൃത്വത്തിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലേക്കെത്തി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 15000 ബിജെപി അംഗങ്ങൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴേക്കും രണ്ടു ലക്ഷം അംഗങ്ങൾ കവിഞ്ഞു. 59 സീറ്റിലാണ് ഇത്തവണ ആരുമായും സഖ്യമില്ലാതെ കോൺഗ്രസ് മത്സരിച്ചത്. കഴിഞ്ഞ തവണ 36 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു. ഇത്തവണ രണ്ട് ശതമാനത്തിലേക്ക് വോട്ട് കണക്ക് എത്തി. ഒരു പക്ഷേ സിപിഎമ്മുമായി സഖ്യത്തിലെത്താനാകുമായിരുന്നുവെങ്കിൽ ഈ നാണക്കേട് ഒഴിവാക്കാമായിരുന്നു. ഇതിനൊപ്പം ബിജെപി മുന്നേറ്റവും തടയാമായിരുന്നു. ഇത്തരം തിരിച്ചറിവാണ് കോൺഗ്രസിന് നോർത്ത് ഈസ്റ്റിലെ ഫലം പകർന്ന് നൽകുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസുമായി പ്രത്യക്ഷ സഖ്യം പാടില്ലെന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴുള്ള നിലപാട്. ഇതിന് മാറ്റം വരുമെന്നും രാഹുൽ വിലയിരുത്തുകയാണ്. ഇടതുപക്ഷത്തേയും സോഷ്യലിസ്റ്റുകളേയും ഒരുമിച്ച് നിർത്തി കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുകയാകും രാഹുലിന്റെ ശ്രമം. അതുകൊണ്ട് തന്നെ വരും ദിനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറെ നിർണ്ണായകമാണ്. എങ്ങനേയും അധികാരം നിലനിർത്താൻ ബിജെപിയും കച്ചമുറുക്കി രംഗത്തുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP