Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറ്റം മോദി-ഷാ കൂട്ടുകെട്ടിന്റെ പുറത്തു ചുമത്തി വിമതശബ്ദം ഉയർത്താൻ മുതിർന്ന നേതാക്കൾ; സംഘപരിവാറിന്റെ ഇടപെടലിനെ പഴിച്ചു തലയൂരാൻ മോദി-ഷാ അണിയറക്കാർ; ചോദ്യം ചെയ്യുന്നവരെ വെട്ടിമാറ്റുന്ന രീതി ഇനി വിലപ്പോകില്ല; ബിഹാർ ഫലം ബിജെപി നയങ്ങളിൽ കാര്യമായ മാറ്റം വരുത്തും

കുറ്റം മോദി-ഷാ കൂട്ടുകെട്ടിന്റെ പുറത്തു ചുമത്തി വിമതശബ്ദം ഉയർത്താൻ മുതിർന്ന നേതാക്കൾ; സംഘപരിവാറിന്റെ ഇടപെടലിനെ പഴിച്ചു തലയൂരാൻ മോദി-ഷാ അണിയറക്കാർ; ചോദ്യം ചെയ്യുന്നവരെ വെട്ടിമാറ്റുന്ന രീതി ഇനി വിലപ്പോകില്ല; ബിഹാർ ഫലം ബിജെപി നയങ്ങളിൽ കാര്യമായ മാറ്റം വരുത്തും

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തിൽ ഒട്ടനവധി മാറ്റങ്ങൾക്ക് ഇടയാക്കുമെന്നതിൽ സംശയമില്ല. ബിജെപിക്കുള്ളിലും ബിഹാർ ഫലം നിരവധി മാറ്റങ്ങൾ വരുത്തുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

നരേന്ദ്ര മോദി - അമിത് ഷാ സഖ്യത്തിന്റെ പരാജയമാണെന്നു വരുത്തിത്തീർത്ത് മുതിർന്ന നേതാക്കൾ ചിരിതൂകാൻ ശ്രമിക്കുമ്പോൾ സംഘപരിവാറിന്റെ ഇടപെടലാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ ഇടയാക്കിയതെന്ന വിലയിരുത്തലിലാണു മോദി പക്ഷം.

എന്തായാലും നയങ്ങൾ ചോദ്യം ചെയ്യുന്നവരെ പൂർണമായി അവഗണിച്ചു മുന്നോട്ടു പോകാൻ ആർക്കും കഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോൾ ബിജെപിയിൽ സംജാതമായിരിക്കുന്നത്. കാര്യമായ ഒരു പൊളിച്ചെഴുത്തിനു തന്നെ ഇടയാക്കും വിധമുള്ള സാഹചര്യമാണ് ബിഹാർ ഉണ്ടാക്കിയിരിക്കുന്നതെന്ന് ബിജെപിയിലെ പ്രമുഖ നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്.

മോദിയെയും അമിത് ഷായെയും പ്രതിക്കൂട്ടിൽ നിർത്തി ബിഹാർ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്ന സംഘപരിവാർ നേതൃത്വം സർക്കാരിൽ പിടിമുറുക്കാനുള്ള തന്ത്രങ്ങളാണു മെനയുന്നത്. കേന്ദ്രസർക്കാരിലും ബിജെപി സംഘടനാ തലത്തിലും ശൈലിമാറ്റത്തിനു സമ്മർദം ചെലുത്താനൊരുങ്ങുകയാണ് സംഘപരിവാർ. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയും സംഘടനാതലത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും സ്വേച്ഛാധിപത്യ ശൈലിയാണു സ്വീകരിച്ചതെന്ന വിലയിരുത്തലാണ് ആർഎസ്എസിന്. ഇതിനോടു പാർട്ടിക്കകത്തുള്ള എതിർപ്പും ശക്തമാക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. മോദി - അമിത് ഷാ കൂട്ടുകെട്ടു ദുർബലമാക്കി അധികാരത്തിൽ ആധിപത്യം സ്ഥാപിക്കാനാണു സംഘപരിവാർ ഒരുങ്ങുന്നത്. ബിഹാറിൽ ബിജെപിയുടെ ദയനീയ പരാജയം മോദിതരംഗത്തെ തകർക്കാനുള്ള ഒരവസരമായി എടുക്കുകയാണ് സംഘപരിവാർ.

അമിത് ഷായെ ബിജെപി അധ്യക്ഷനാക്കാൻ ആർഎസ്എസ് സമ്മതിച്ചത് അനുകൂല സമീപനത്തോടെ ആയിരുന്നില്ല. പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനും ഒരു നാട്ടിൽ നിന്നു തന്നെയാകുന്നതിനോട് പണ്ടേ ആർഎസ്എസിനു താൽപര്യമില്ലായിരുന്നു. ബിഹാർ എന്ന അവസരം മുതലെടുത്ത് ഇവർക്കുമേലുള്ള കടിഞ്ഞാൺ മുറുക്കാനാണു സംഘപരിവാർ ശ്രമിക്കുന്നത്.

എന്നാൽ, നേരെ തിരിച്ചാണു മോദി - ഷാ കൂട്ടുകെട്ടിന്റെയും അണിയറക്കാരുടെയും വിലയിരുത്തൽ. ബിജെപിക്കു ദയനീയ തോൽവി ഏൽക്കേണ്ടി വന്നതിന്റെ ഉത്തരവാദിത്വം സംഘപരിവാറിനാണെന്നാണ് മോദി-ഷാ കേന്ദ്രങ്ങൾ പറയുന്നത്. ചില കാര്യങ്ങളിൽ സർക്കാരിനെയും മറികടന്ന് സംഘപരിവാർ പ്രവർത്തിച്ചതാണു തോൽവിക്ക് ഇടയാക്കിയത്. രാജ്യത്ത് അസഹിഷ്ണുത പടരാൻ ഇടയാക്കിയത് ആർഎസ്എസിന്റെ നീക്കങ്ങളാണ്. ബീഫ് വിവാദവും ദാദ്രി സംഭവവുമെല്ലാം സർക്കാരിന്റെ വീഴ്ചകളായാണു വന്നു ഭവിച്ചതെന്നാണ് മോദിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചില വിവാദ പരാമർശങ്ങളുമായി ആർഎസ്എസ് നേതാക്കൾ നിരന്തരം മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടതു സ്ഥിതിഗതികൾ തിരിച്ചടിക്കാൻ ഇടയാക്കിയെന്നും മോദി-ഷാ സഖ്യത്തിലെ അനുയായികൾ പറയുന്നുണ്ട്. ഈ കാര്യങ്ങൾ കണക്കിലെടുത്ത് ഇനി സംഘപരിവാറിനെ അധികം ഇടപെടലിന് അനുവദിക്കേണ്ടെന്ന നിലപാടിലാണ് മോദി. അതിനാൽ തന്നെ കൂടുതൽ നിയന്ത്രണം എടുക്കാൻ മോദി ശ്രമിക്കുമെന്നതുറപ്പാണ്.

എന്നാൽ, നിയന്ത്രണം കൈക്കലാക്കാൻ സംഘപരിവാർ നേതൃത്വം കൂടുതൽ സമ്മർദം ചെലുത്തുമെന്നതു മോദിക്കും തലവേദനയാകും. ബിജെപിക്കു ചരിത്രവിജയം സമ്മാനിച്ച നരേന്ദ്ര മോദിയുടെ താൽപര്യം നിരാകരിക്കാൻ കഴിയാത്തതുകൊണ്ടു മാത്രമാണ് അന്ന് അമിത് ഷായെ അംഗീകരിച്ചത്. ദേശീയ അധ്യക്ഷനായി അമിത് ഷായ്ക്കു രണ്ടാമൂഴം ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും ഔദാര്യമെന്ന നിലയ്ക്കു നൽകാനാണ് ആർഎസ്എസിനു താൽപര്യം. മോദി - ഷാ കൂട്ടികെട്ടിന്റെ ശൈലിയോടു വിയോജിപ്പുള്ള പാർലമെന്ററി ബോർഡ് അംഗങ്ങളായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, നിതിൻ ഗഡ്കരി, അനന്ത്കുമാർ, ശിവരാജ് സിങ് ചൗഹാൻ എന്നിവർ എതിർസ്വരമുയർത്തുമെന്നാണു സൂചന. അദ്വാനിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഇനി സർക്കാരിനു മാർഗനിർദ്ദേശം നൽകാൻ എത്തുമെന്ന കാര്യത്തിലും സംശയമില്ല.

ഭാവിയിലെ മന്ത്രിസഭാ വികസന തീരുമാനങ്ങളിൽ മോദിക്ക് ആർഎസ്എസ് നിർദേശങ്ങൾ മാനിക്കേണ്ടിവന്നേക്കും. എന്നാൽ കടിഞ്ഞാൺ പൂർണമായി വിട്ടുകൊടുക്കാതെ പിടിച്ചു നിൽക്കാനുള്ള തന്ത്രങ്ങൾക്കാകും ഇനി മോദി - ഷാ കൂട്ടുകെട്ട് ശ്രമിക്കുക. ബിഹാർ ഫലം ബിജെപിയിൽ വരുത്തിയ മാറ്റങ്ങൾ അടുത്തുതന്നെ ദേശീയ രാഷ്ട്രീയത്തിൽ പ്രതിഫലിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP