Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യോഗിയെ മുഖ്യമന്ത്രിയാക്കിയത് സർജിക്കൽ സ്‌ട്രൈക്കും നോട്ട് പിൻവലിക്കലും കഴിഞ്ഞുള്ള ഏറ്റവും ശക്തമായ തീരുമാനം; മിതത്വത്തിൽ പൊതിഞ്ഞ കാവി രാഷ്ട്രീയം ഉപേക്ഷിച്ചു ബിജെപി കൂടുതൽ ഹിന്ദുത്വവാദത്തിലേക്കെന്ന് സൂചന; അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയിൽ ക്ഷേത്രം പണി തുടങ്ങിയേക്കും: മോദി കടുത്ത ഹിന്ദുത്വ നിലപാടിലേക്ക്

യോഗിയെ മുഖ്യമന്ത്രിയാക്കിയത് സർജിക്കൽ സ്‌ട്രൈക്കും നോട്ട് പിൻവലിക്കലും കഴിഞ്ഞുള്ള ഏറ്റവും ശക്തമായ തീരുമാനം; മിതത്വത്തിൽ പൊതിഞ്ഞ കാവി രാഷ്ട്രീയം ഉപേക്ഷിച്ചു ബിജെപി കൂടുതൽ ഹിന്ദുത്വവാദത്തിലേക്കെന്ന് സൂചന; അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയിൽ ക്ഷേത്രം പണി തുടങ്ങിയേക്കും: മോദി കടുത്ത ഹിന്ദുത്വ നിലപാടിലേക്ക്

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: 2019ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സെമി ഫൈനലായാണ് ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടത്ത തിരഞ്ഞെടുപ്പിലെ ബിജെപി കണ്ടത്. കോൺഗ്രസ് മുക്ത ഭാരതം മുദ്രാവാക്യം ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി വീണ്ടുമൊരു മോദി ഭരണത്തിനുള്ള അടിത്തറ പാകിക്കഴിഞ്ഞു. ഇതുവരെ വികസനവും മിതത്വത്തിൽ പൊതിഞ്ഞ ഹിന്ദുത്വവം കൊണ്ടു നടന്ന ബിജെപി തീവ്ര ഹിന്ദുത്വത്തിലേക്ക് കടക്കുന്നു എന്ന സൂചനയാണ് യുപിയിൽ യോഗി ആദിത്യനാഥ് എന്ന വർഗീയ വിഷം ചീറ്റുന്നനേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ നൽകുന്നത്. യോഗിയെ മുഖ്യമന്ത്രിയാക്കുന്നത് ആർഎസ്എസിന്റെ ദ്വീർഘകാല ആവശ്യമായ അയോധ്യയിലെ ക്ഷേത്ര നിർമ്മാണം കൂടി ലക്ഷ്യമിട്ടു കൊണ്ടാണെന്നാണ് അറിയുന്നത്. ഇതിലൂടെ ഹിന്ദുത്വവാദം വീണ്ടും ഉയർത്തി കേന്ദ്രത്തിലെ തുടർഭരണം തന്നെയാണ് മോദിയും അമിത് ഷായും ലക്ഷ്യമിടുന്നത്.

നോട്ട് നിരോധനവും അതിർത്തിയിലെ സർജിക്കൽ സ്‌ട്രൈക്കുമൊക്കെ ഉത്തർപ്രദേശിലേക്കുള്ള തിരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയിലാണ് വിലയിരുത്തപ്പെട്ടത്. ഈ തന്ത്രം വളരെ ഫലപ്രദമാകുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോൾ വീണ്ടും യോഗിയെ മുഖ്യമന്ത്രിയാക്കിയത്. 45 വയസുകാരനായ യോഗിക്ക് തന്നെയാണ് യുപിയിലെ ബിജെപി നേതാക്കളിൽ ഏറ്റവും സ്വാധീനമുള്ളത്. കിഴക്കൻ യുപിയുടെ സ്വ്ന്തം നേതാവാണ് യോഗി. ഇങ്ങനെ തീവ്രഹിന്ദുത്വ ആശയക്കാരനെ മുഖ്യമന്ത്രിയാക്കുമ്പോൾ പ്രധാനമന്ത്രി മോദിക്ക് മിതവാദിയുടെ ഇമേജ് ലഭിക്കുകകുയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

മുമ്പ് എൽകെ അദ്വാനിയും എ ബി വാജ്‌പേയിയെയും മുൻനിർത്തിയുള്ള ആർഎസ്എസ് തന്ത്രവും സമാനമായിരുന്നു. അന്ന് ബിജെപിയിലെ തീവ്രമുഖമായി അദ്വാനി അറിയപ്പെട്ടപ്പോൾ വാജ്‌പേയി എല്ലാവർക്കും സ്വീകാര്യനായ നേതാവായി. സമാനമായ മാതൃകയിൽ മോദിയെ എല്ലാവരാലും സ്വീകാര്യനായ നേതാവായി മാറ്റുകയെന്ന രാഷ്ട്രതന്ത്രമാണ് സംഘപരിവാറിന്റേത്. വികസന രാഷ്ട്രീയത്തിന്റെ വക്തവായി അറിയപ്പെടുന്ന മോദി കൂടുതൽ പരിഷ്‌ക്കരണ നയങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യും. ജാതിരാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് തന്ത്രം വലിയ തോതിൽ വിജയം കണ്ടതിന്റെ ആത്മവിശ്വാസമാണ് ബിജെപിക്ക്. ഭരണം തുടങ്ങിക്കഴിയുമ്പോൾ ഉണ്ടാകുന്ന വിരുദ്ധ വികാരങ്ങളെ മറികടക്കാൻ തീവ്രഹിന്ദുത്വത്തെ ആശ്രയിക്കുക എന്നതും ലോക്‌സഭ മുന്നിൽ കണ്ടുള്ള ബിജെപി തന്ത്രമാണ്.

സാമുദായിക കലാപം സൃഷ്ടിക്കൽ, കൊലപാതക ശ്രമം, വർഗീയവിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തൽ, ആയുധം കൊണ്ടുനടക്കൽ എന്നിവയടക്കം ഒട്ടേറെ കേസിൽ പ്രതിയാണ് യുപി മുഖ്യമന്ത്രി. യുപി നിയമസഭയിലെ വൻഭൂരിപക്ഷം മറയാക്കി അതിതീവ്രമായ വർഗീയ നിലപാടുകൾ പ്രായോഗികതയിൽ കൊണ്ടുവരാൻ ബിജെപി ഉറപ്പിച്ചതിന്റെ വ്യക്തമായ സൂചനയാണ് ആദിത്യനാഥിന്റെ സ്ഥാനലബ്ധി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ഉറച്ചു വാദിക്കുന്ന നേതാവ് കൂടിയാണ് യോഗി. അതുകൊണ്ട് തന്നെ യോഗിയെ അനുകൂലിക്കുന്ന വലിയൊരു ശതമാനം യുപിയിലുണ്ട്. ഇവരെ ലോക്‌സഭയിലേക്ക് വീണ്ടും ഒരുക്കി നിർത്തുക എന്ന തന്ത്രം തന്നെയാണ് അമിത്ഷായുടേത്.

രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഇപ്പോൾ ഇല്ലെങ്കിൽ പിന്നെ എന്നാണ് എന്ന ചോദ്യം സംഘപരിവാറുകാർ ഉയർത്തിക്കഴിഞ്ഞു. രമാജന്മ ഭൂമ പ്രശ്‌നം ഉയർത്തിയ മുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ ജീവിതാഭിലാഷം കൂടിയാണ് ഈ രാമക്ഷേത്രം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്രം നിർമ്മാണം തുടങ്ങിയാൽ തന്നെ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.

'എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം' എന്നതാണ് ബിജെപിയുടെ യുപിയിലെ മുദ്രാവാക്യം. ഈ വികസന മുദ്രാവാക്യം കൈവിടാൻ തയ്യാറല്ലെന്നുമാണ് ബിജെപി നേതാക്കൾ അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മന്ത്രം സംസ്ഥാനത്ത് പിന്തുടരുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ ന്യക്തമാക്കിയതും. തന്നിൽ വിശ്വാസമർപ്പിച്ച പാർട്ടി എംഎൽഎമാർക്ക് നന്ദി അറിയിക്കാനും ആദിത്യനാഥ് മറന്നില്ല. സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. മികച്ച ഭരണം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദിത്യനാഥ് പറഞ്ഞു.

അതേസമയം അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി ഇപ്പോൾ തന്നെ വിഎച്ച്പി മുറവിളി കൂട്ടിക്കഴിഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നിയമമുണ്ടാക്കണമെന്നു വിഎച്ച്പി രാജ്യാന്തര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര കുമാർ ജയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണത്തിന് ഇനിയും താമസം വരുത്തുന്നതു ഹിന്ദുക്കൾക്ക് അംഗീകരിക്കാനാവില്ല. രാമക്ഷേത്രം രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ചിഹ്നമാണെന്നും 28 മുതൽ ഏപ്രിൽ പത്തുവരെ ജനജാഗരൻ നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. വിഎച്ച്പിയുടെ ഈ ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയത്.

യുപിയുടെ മാതൃകയിൽ മോദി കേന്ദ്രത്തിലും തീവ്രഹിന്ദുത്വത്തിലേക്ക് നീങ്ങിയേക്കും. ഏകീകൃത സിവിൽകോഡ് അടക്കമുള്ള വിഷയങ്ങളിൽ കർക്കശ നിലപാട് സ്വീകരിക്കാനാകും മോദി ഇനി തയ്യാറെടുക്കുക. ഇതോടൊപ്പം വികസനത്തിനായുള്ള പരിഷ്‌ക്കരണങ്ങൾ മറുവശത്ത് തുടരുകയും ചെയ്യും. ലോക്‌സഭയിൽ ഭൂരുപക്ഷം വേണമെങ്കിൽ ഹിന്ദി ഹൃദയഭൂമിയെ കൈയിലെടുക്കുക എന്നതാണ് മോദിയുടെ തന്ത്രം. ലോക്‌സഭയിൽ മഹാസഖ്യത്തിനുള്ള സാധ്യതയാണ് കോൺഗ്രസും മറ്റ് കക്ഷികളും ആലോചിക്കുന്നത്. ഈ നീക്കത്തെ കൂടി പ്രതിരോധിക്കുന്ന വിധത്തിലാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് തന്ത്രങ്ങൾ മെനയുന്നതും.

ഗൊരഖ്പുരിൽ നിന്നുള്ള ലോക്‌സഭാംഗവും അതിതീവ്ര നിലപാടുകാരനുമായ യോഗി ആദിത്യനാഥ് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗൊരഖ്പുർ ക്ഷേത്രത്തിലെ മുഖ്യപൂജാരിയും ഹിന്ദു യുവവാഹിനി സ്ഥാപക നേതാവുമായ ആദിത്യനാഥിനെ ബിജെപി നിയമസഭാ കക്ഷി യോഗമാണ് നേതാവായി തിരഞ്ഞെടുത്തത്. ആദിത്യനാഥ് അഞ്ചുതവണ ലോക്‌സഭയിൽ ഗൊരഖ്പുരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP