Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണവിരുദ്ധ വികാരം നിറയ്ക്കാൻ വിജയകുമാർ; ഗ്രൂപ്പ് പോരിനെ മാറ്റിനിർത്തി നേട്ടമുണ്ടാക്കാൻ ശബരിനാഥൻ; ബദൽ രാഷ്ട്രീയം ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ രാജഗോപാലും: തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടി അരുവിക്കര കയറാൻ സ്ഥാനാർത്ഥികൾ

ഭരണവിരുദ്ധ വികാരം നിറയ്ക്കാൻ വിജയകുമാർ; ഗ്രൂപ്പ് പോരിനെ മാറ്റിനിർത്തി നേട്ടമുണ്ടാക്കാൻ ശബരിനാഥൻ; ബദൽ രാഷ്ട്രീയം ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ രാജഗോപാലും: തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടി അരുവിക്കര കയറാൻ സ്ഥാനാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുവിക്കരയിൽ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ തെരഞ്ഞെടുപ്പ് ചൂട് അനുദിനം ഉയരുകയാണ. ജീവന്മരണപോരാട്ടത്തിനാണ് യുഡിഎഫും എൽഡിഎഫും അരുവിക്കരയിൽ ഉള്ളതെന്നതിനാൽ എല്ലാ അടവും പയറ്റുന്നുണ്ട്. അഭിമാനപോരാട്ടത്തിൽ വിട്ടുകൊടുക്കാൻ ബിജെപിയും തയ്യാറല്ല. ഇതോടെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാകുന്നു. അഴിമതി വിരുദ്ധ മുന്നണിയും പിഡിപിയും മത്സരത്തിനുണ്ടെങ്കിലും പ്രധാന മൂന്ന് സ്ഥാനാർത്ഥികളാണ് മണ്ഡലത്തിലെ മനസ്സ് കീഴടുക്കുന്ന തരത്തിൽ പ്രചരണത്തിൽ നിറയുന്നത്.

ഇതുവരെയുള്ള പ്രവർത്തനത്തെ വിലയിരുത്തിയാണ് മുന്നണികൾ അവസാന വട്ട പ്രചരണത്തിലേക്ക് കടക്കുന്നത്. കുറ്റങ്ങളും കുറവുകളും മാറ്റാൻ ബോധപൂർവ്വമായ ഇടപെടലുകൾക്കായാണ് നീക്കം. കൂടുതൽ ജനങ്ങളിലേക്ക് എത്തുന്ന തരത്തിൽ പ്രചരണ രീതിയും മാറും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നത്. ഇതുവരെയുള്ള പ്രവർത്തനത്തിൽ മുഖ്യമന്ത്രി പൂർണ്ണ തൃപ്തനാണ്. ഒത്തൊരുമയോടെ കോൺഗ്രസുകാർ പ്രവർത്തിക്കുന്നതിലാണ് കരുത്തെന്നാണ് വിലയിരുത്തൽ. പിണറായി വിജയനാണ് സിപിഎമ്മിന്റെ പ്രചരണത്തിന്റെ അമരത്ത്. പാർട്ടി ഘടകങ്ങളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. മുഴുവൻ നേതൃത്വത്തേയും അരുവിക്കരയിൽ ക്യാമ്പ് ചെയ്യിപ്പിച്ചാണ് ബിജെപിയുടെ മുന്നോട്ട് പോക്ക്.

തുടക്കത്തിൽ സിപിഎമ്മിന്റെ വിജയകുമാറിനായിരുന്നു മുൻതൂക്കം. എന്നാൽ ബിജെപിക്ക് രാജഗോപാൽ എത്തിയതോടെ ശബരിനാഥന്റെ പ്രതീക്ഷ ഉയർന്നു. ഇടത് വോട്ടുകളിൽ ഭിന്നത ഉറപ്പാക്കിയാണ് മുന്നേറ്റം. ഇതോടെ രണ്ടാ ഘട്ട പ്രചരണത്തിൽ കോൺഗ്രസ് മുന്നിലെത്തി. കാടിളക്കിയുള്ള പ്രചരണവുമായി ഒ രാജഗോപാലിനായി ബിജെപിയും ഒപ്പത്തിനൊപ്പമുണ്ട്. സാമുദായിക സമവാക്യങ്ങൾ തന്നെയാകും വിജയിയെ നിശ്ചയിക്കുകയെന്ന് ഏവർക്കുമറിയാം. ഭരണവിരുദ്ധ വോട്ടുകളുടെ അടിയൊഴുക്കുകളും നിർണ്ണായകമാകും. പാർട്ടികൾക്കൊപ്പം സ്ഥാനാർത്ഥികളും സ്വന്തം നിലയിൽ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്ന് പാർട്ടികളും പൂർണ്ണ വിജയപ്രതീക്ഷയാണ് ഈ ഘട്ടത്തിൽ പങ്കുവയ്ക്കുന്നത്.

അതിനിടെ അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ കൂടുതൽ ഗൗരവത്തോടെയുള്ള പ്രവർത്തനമുണ്ടാകണമെന്ന് അഭിപ്രായവുമായി സിപിഐ(എം) സ്ഥാനാർത്ഥി എം വിജയകുമാർ നേതൃത്വത്തെ സമീപിച്ചതായി സൂചനയുണ്ട്. ഒ രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തോടെ അനായാസം ജയിച്ചു കയറാമെന്ന അവസ്ഥ മാറി. ഈ പ്രത്യേക സാഹചര്യത്തിൽ വർഗ്ഗ-ബഹുജന സംഘടനകളുടെ കൂട്ടായ പ്രവർത്തനം മണ്ഡലത്തിൽ അനിവാര്യമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ജനദ്രോഹ നടപടികൾ ചർച്ചയാക്കുന്നതിൽ സിപിഐ(എം) പാരജയപ്പെട്ടുവെന്ന പരാതിയും ഉണ്ട്. പാഠപുസ്തക വിതരണത്തിലെ ക്രമക്കേടുൾപ്പെടെ ഉടൻ മണ്ഡലത്തിലെ പ്രചരണത്തിൽ നിറയ്ക്കണമെന്നാണ് വിജയകുമാറിന്റെ നിലപാട്. അനവസരത്തിൽ വിഴഞ്ഞം തുറമുഖ പദ്ധതി ഉയർന്നുവന്നതിനെ പ്രതിരോധിക്കാൻ സർക്കാരിനെ കടന്നാക്രമിക്കണമെന്നാണ് ആവശ്യം.

അരുവിക്കരയോടുള്ള വ്യക്തിപരമായ അടുപ്പം കൊണ്ട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത വിജയകുമാർ തന്നെയാണ് നേതൃത്വത്തെ അറിയിച്ചത്. ജി കാർത്തികേയൻ ഭാര്യ സുലേഖയ്ക്ക് പകരം മകൻ ശബരീനാഥൻ സ്ഥാനാർത്ഥിയാപ്പോൾ എല്ലാം എളുപ്പമാകുമെന്ന് കരുതി. ഇതിനിടെയിൽ മണ്ഡലത്തിലെ പ്രചരണത്തിൽ വി എസ് അച്യുതാനന്ദന്റെ റോളിനെ കുറിച്ചുള്ള വിവാദമെത്തി. ഇത് വളരെ കൃത്യമായി യുഡിഎഫ് ഉപയോഗിക്കുകയും ചെയ്തു. ഇതിനെ വിഎസുമായുള്ള വ്യക്തിപരമായ അടുപ്പത്തിലൂടെ വിജയകുമാർ മറികടന്നു. വിഎസിനെ നേരിട്ട് വന്ന് കണ്ട് അരുവിക്കരയിലേക്ക് ക്ഷണിച്ചു. അങ്ങനെ വിഎസിനെ മുൻനിർത്തി ജയിച്ചു കയറാൻ വിജയകുമാർ തന്ത്രങ്ങൾ ഒരുക്കുമ്പോഴാണ് രാജഗോപാൽ സ്ഥാനാർത്ഥിയായത്. ഇതോടെ മത്സരം കടുത്തു.

വി എസ് അച്യുതാനന്ദനെ വിജയകുമാർ ചെന്ന് കണ്ടതോടെ സിപിഎമ്മിലെ ഒരു വിഭാഗം പ്രചരണത്തിൽ നിന്ന് മാറി നിന്നു എന്നൊരു ആക്ഷേപമുണ്ട്. ഇത് വിജയകുമാർ അംഗീകരിക്കുന്നില്ല. എല്ലാരും തനിക്കൊപ്പമുണ്ട്. പക്ഷേ കൂടുതൽ കരുതൽ വേണം. ഉമ്മൻ ചാണ്ടി സർക്കാരിനെ ജനീകയ പ്രശ്‌നങ്ങളിലൂടെ ആക്രമിക്കണം. അതിന് പാഠപുസ്തക വിവാദം ശരിയായ ആയുധമാണ്. അരുവിക്കരയിലെ മിക്കവാറും എല്ലാ വീട്ടിലും സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണിത്. ഇത്തരം വിഷയങ്ങളിലേക്ക് വോട്ടർമാരുടെ ശ്രദ്ധ കൊണ്ടു വരണമെന്നാണ് അഭിപ്രായം. വി എസ് അച്യൂതാനന്ദനൊപ്പം സംസ്ഥാന നേതാക്കളെ മുഴുവൻ രംഗത്തിറക്കി അവസാന വട്ടത്തിൽ മേൽകോയ്മ നേടാനാണ് തീരുമാനം.

ശബരിനാഥൻ ഇതുവരെയുള്ള പ്രവർത്തനത്തിൽ തൃപ്തനാണ്. കാർത്തികേയന്റെ സഹതാപവും വികസന മുദ്രാവാക്യവും ഫലം കാണുന്നുണ്ട്. കോൺഗ്രസ് വോട്ടുകൾ മറിച്ചു ചെയ്തില്ലെങ്കിൽ വിജയം ഉറപ്പാണെന്നാണ് നിലപാട്. എന്നാൽ ഗ്രൂപ്പ് പോര് അവസാനഘട്ടത്തിൽ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും വി എം സുധീരനും ഒരേ മനസോടെ മണ്ഡലത്തിൽ നിറയണം. സിപി നായർ വധശ്രമക്കേസിൽ ഉണ്ടായതു പോലുള്ള ഭിന്നതയുണ്ടാകാൻ ഇടവരരുതെന്നാണ് ആവശ്യം. നേതൃത്വം ഇത് ഉറപ്പ് നൽകുന്നുമുണ്ട്. അതുകൊണ്ട് തന്നെ ആത്മവിശ്വാസം കൂടുതലുമാണ്.

ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയത് ഏഴായിരത്തോളം വോട്ടുകളാണ്. എന്നാൽ 27,000 പാർട്ടി അംഗങ്ങൾ അരുവിക്കരയിൽ ബിജെപിക്കുണ്ട്. അതിനാൽ 40,000 വോട്ട് രാജഗോപാൽ നേടുന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. അതിന് അനുസരിച്ച് വ്യക്തികളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന തരത്തിലാണ് രാജഗോപാലിന്റെ പ്രചരണം. അത് ഫലം കാണുമെന്ന പ്രതീക്ഷയിലാണ് രാജഗോപാലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP