Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ടില്ല എന്ന കാര്യത്തിൽ ആശ്വസിക്കുമ്പോഴും ക്രിമിനൽ കേസിൽ കുറ്റപത്രം നൽകിയത് വൻ പ്രതിസന്ധിയാകും; രാഷ്ട്രീയ വിരോധം തീർക്കാനെന്ന് പറഞ്ഞു നിൽക്കാൻ ശ്രമിക്കുമെങ്കിലും തെരഞ്ഞെടുപ്പ് മത്സരം അടക്കമുള്ള കാര്യങ്ങളിൽ കേസ് ശശി തരൂരിന് തിരിച്ചടിയായേക്കും; ഭാര്യ മരിച്ച കേസിൽ തളയ്ക്കപ്പെടുന്നത് മോദിക്ക് ബദലായി കോൺഗ്രസ് കണ്ടു വച്ച നേതാവിനെ

കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ടില്ല എന്ന കാര്യത്തിൽ ആശ്വസിക്കുമ്പോഴും ക്രിമിനൽ കേസിൽ കുറ്റപത്രം നൽകിയത് വൻ പ്രതിസന്ധിയാകും; രാഷ്ട്രീയ വിരോധം തീർക്കാനെന്ന് പറഞ്ഞു നിൽക്കാൻ ശ്രമിക്കുമെങ്കിലും തെരഞ്ഞെടുപ്പ് മത്സരം അടക്കമുള്ള കാര്യങ്ങളിൽ കേസ് ശശി തരൂരിന് തിരിച്ചടിയായേക്കും; ഭാര്യ മരിച്ച കേസിൽ തളയ്ക്കപ്പെടുന്നത് മോദിക്ക് ബദലായി കോൺഗ്രസ് കണ്ടു വച്ച നേതാവിനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേറ്റ്‌സ്മാൻ അല്ല മറിച്ച് സെയിൽസ്മാൻ-കേന്ദ്രസർക്കാറിെന്റ വർഗീയ രാഷ്ട്രീയത്തോടും പിടിപ്പുകെട്ട സാമ്പത്തിക നയത്തോടുമുള്ള വിയോജിപ്പാണ് ശശി തരൂർ ഇങ്ങനെ പങ്കുവച്ചത്. എവിടെ പോയാലും തരൂരിനെ കേൾക്കാൻ ആളുകൾ ഒഴുകിയെത്തി. ജി.എസ്.ടിയും നോട്ട് നിരോധനവും ഇന്ത്യൻ സാമ്പത്തിക മേഖലക്ക് വൻ തിരിച്ചടിയായി എന്ന് അക്കമിട്ട് നിരത്തി കോൺഗ്രസിനെ വീണ്ടും ദേശീയ തലത്തിൽ ഉയർത്തെഴുന്നേൽക്കാനുള്ള ഊർജ്ജം പകർന്ന നേതാക്കളിൽ പ്രധാനിയായിരുന്നു തരൂർ. പപ്പുമോൻ എന്ന ഇമേജിൽ നിന്നും രാഹുൽ ഗാന്ധിയെ മോദിക്കൊപ്പം നിൽക്കാൻ പ്രാപ്തനാക്കിയതിന് പിന്നിലും തരൂരിന് വലിയ റോളുണ്ടായിരുന്നു.

സുനന്ദയുടെ മരണം ആത്മഹത്യയായി മാറ്റുമ്പോഴും തരൂരിനെ കുടുക്കാനുറച്ചാണ് കുറ്റപത്രം നൽകുന്നത്. കോൺഗ്രസിൽ തരൂർ നിറയുമ്പോൾ പാർട്ടിക്കുള്ളിലും ശത്രുക്കൾ ഏറെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് കേരളത്തിലെ ഒരു വിഭാഗം തരൂരിനെതിരെ അരയും തലുയം മുറുക്കി എന്നും രംഗത്തുണ്ടായിരുന്നു. ഹൈക്കമാണ്ടുമായുള്ള ബന്ധമായിരുന്നു ഇതിന് കാരണം.

തരൂരിനെ പാരവയ്ക്കാൻ നടന്ന കോൺഗ്രസിലെ കേരളത്തിലെ ചിലർക്ക് പുതിയ ആയുധമാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. ഇതിനൊപ്പം കോൺഗ്രസിന്റെ പ്രധാന ബുദ്ധി ഉപദേശകനെ തളർത്താനുള്ള ബിജെപിയുടെ സമർത്ഥമായ നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ക്രിമിനൽ കേസിലെ പ്രതിയായി മാറിയ തരൂരിന് വിചാരണ കഴിയും വരെ ആരോപണങ്ങളെ നേരിടേണ്ടി വരും. യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്ന് രാഷ്ട്രീയത്തിലെത്തിയ നേതാവിന് ഇതിനെ അതിജീവിക്കുക വലിയ വെല്ലുവിളിയാണ്.

ബിജെപി നയിക്കുന്ന എൻ.ഡി.എ സർക്കാരിന് കീഴിൽ ഇന്ത്യ സുരക്ഷിതമല്ലെന്ന് വിളിച്ചു പറഞ്ഞ് മുന്നേറുമ്പോഴാണ് ശശി തരൂരിനെ ക്രിമിനൽ കേസിൽ പ്രതിയാക്കുന്നത്. മോദിക്കൊപ്പം പ്രസംഗിച്ച് നിൽക്കാൻ കോൺഗ്രസ് കണ്ടുവച്ച വജ്രായുധമായിരുന്നു തരൂർ. എല്ലാ തെരഞ്ഞെടുപ്പിലും വിവിഐപി പ്രചാരകനായി കോൺഗ്രസ് തരൂരിനെ എത്തിച്ചു. കർണ്ണാടകയിലും ബിജെപിക്കെതിരെ കോൺഗ്രസിലേക്ക് യുവാക്കളെ അടുപ്പിച്ച നേതാവ്.

മധ്യവർഗ്ഗത്തിനിടയിൽ ശശി തരൂരിന് വലിയ സ്വാധീനമുണ്ട്. ഇന്ത്യയിൽ ഉടനീളം യുവാക്കളിലും സ്വാധീനം ചെലുത്താനാകുന്ന നേതാവ്. അങ്ങനെ മോദിയെ തളയ്ക്കാൻ ഇറങ്ങി പുറപ്പെട്ട തരൂർ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി പൊലീസ് തളയ്ക്കുകയാണ്. കേന്ദ്ര സർക്കാരിന് കീഴിലാണ് ഡൽഹി പൊലീസ് എന്നതും ഇനിയുള്ള ദിവസങ്ങളിൽ കോൺഗ്രസ് ചർച്ചയാക്കും.

'രാജ്യം എൻ.ഡി.എ ഭരണത്തിൽ സുരക്ഷിതമല്ലെന്നാണ് കഴിഞ്ഞ നാല് വർഷമായി തെളിവുകൾ സൂചിപ്പിക്കുന്നത്'. ഉൽപ്പാദനക്ഷമവും സമൃദ്ധവും സുരക്ഷിതവുമായ ഒരു രാജ്യത്തിനായി പരിശ്രമിക്കേണ്ടതുണ്ടെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തിന് നിലനിൽക്കാൻ കഴിയില്ലെന്നും ശശി തരൂർ കർണ്ണാടക തെരഞ്ഞെടുപ്പിലും വിശദീകരിച്ചിരുന്നു. കർണ്ണാടകയിൽ ഫലം വരുന്നതിന് ഒരു ദിവസം മുമ്പ് തരൂരിനെ കേസിൽ കുടുക്കുമ്പോൾ അതിന് പിന്നിൽ രാഷ്ട്രീയ പ്രതികാരം ചർച്ചയാവുക സ്വാഭാവികമാണ്.

നേരത്തെ തരൂരിനെ ബിജെപിയുടെ ഭാഗമാക്കാൻ ചില നിക്കങ്ങൾ നടന്നിരുന്നു. മോദി ഭരണത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ മികവുകളെ തരൂർ പുകഴ്‌ത്തിയിരുന്നു. ഇത് ഏറെ ചർച്ചകൾക്കും കാരണമായി. പതിയെ ഭരണത്തിന്റെ വിമർശകനായും മാറി. ഇതോടെയാണ് സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ തരൂരിനെ വേട്ടയാടാൻ തുടങ്ങിയതെന്ന വാദം കോൺഗ്രസ് സജീവമാക്കും.

സുനന്ദയുടേതുകൊലപാകമെന്ന വാദമാണ് ബിജെപി സജീവമാക്കിയിരുന്നത്. എന്നാൽ ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, സുനന്ദയുടേത് ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. കേസിൽ ഈമാസം 24ന് വീണ്ടും വാദം കേൾക്കും.

യുക്തിക്കു നിരക്കാത്ത കുറ്റപത്രമാണു പൊലീസ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിനെ ശക്തമായിത്തന്നെ നേരിടുമെന്നും ശശി തരൂർ വ്യക്തമാക്കി. താൻ കാരണമാണ് ആത്മഹത്യയെന്നതു സുനന്ദയെ അറിയാവുന്ന ആരും വിശ്വസിക്കുകയില്ല. പൊലീസിന്റേത് അവിശ്വസനീയ നടപടിയാണെന്നും തരൂർ ട്വീറ്റ് ചെയ്തു.

'നാലു വർഷത്തിലേറെയെടുത്തു പുറത്തുവന്ന അന്വേഷണ റിപ്പോർട്ട് ഇതാണെങ്കിൽ ഡൽഹി പൊലീസിന്റെ രീതികളും എന്താണ് അവരെ ഇത്തരമൊരു കുറ്റപത്രത്തിലേക്കു നയിച്ചതെന്നതു സംബന്ധിച്ചും എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്. സുനന്ദയുടെ മരണത്തിൽ ആർക്കെതിരെയും ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ ഇക്കഴിഞ്ഞ ഒക്ടോബർ 17നു പൊലീസിന്റെ അഭിഭാഷകൻ തന്നെ സമ്മതിച്ചതാണ്. ആറുമാസത്തിനു ശേഷം അവരിപ്പോൾ പറയുന്നു ആത്മഹത്യയ്ക്കു പ്രേരണയായത് ഞാനാണെന്ന്. അവിശ്വസനീയം!'-തരൂർ കുറിച്ചു.

ഇതെല്ലാം രാഷ്ട്രീയമായി തരൂർ ചർച്ചയാക്കും. തിരുവനന്തപുരത്തെ എംപിയാണ് തരൂർ. ബിജെപി ഏറെ പ്രതീക്ഷകൾ വച്ച് പുലർത്തുന്ന മണ്ഡലം. കഴിഞ്ഞ തവണ ഒ രാജഗോപാൽ ഇവിടെ രണ്ടാമതെത്തിയിരുന്നു. അടുത്ത തവണ തിരുവനന്തപുരത്ത് ബിജെപിക്ക് ജയിക്കണം. ശശി തരൂർ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്താതിരുന്നാൽ ജയം ഉറപ്പാണെന്ന് ചില ബിജെപിക്കാർ പറയുന്നു. ഇതിന് വേണ്ടി തരൂരിനെ തളർത്താനാണ് കേസ് എന്നാണ് തരൂർ അനുകൂലികൾ വിലയിരുത്തുന്നത്.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാർ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, അൽപ്രാക്സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താതിരുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോർട്ട് കെട്ടിച്ചമയ്ക്കാൻ തന്റെമേൽ സമ്മർദമുണ്ടായെന്ന് ഡോ.ഗുപ്ത പിന്നീട് ആരോപിച്ചു. ഇതോടെയാണ് സുനന്ദയുടെ മരണം വിവാദത്തിലായത്.

എയിംസ് ഓട്ടോപ്‌സി വിഭാഗം നടത്തിയ പരിശോധനയിൽ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു. അതിൽ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയരാക്കി.

മരണത്തിനു മുമ്പു സുനന്ദയുടെ മൊബൈൽ ഫോണിൽ വന്ന കോളുകളും അവർ നടത്തിയ ചാറ്റിങ്ങും വിശകലനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് തരൂരിനെ പ്രതിയാക്കിയതെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP