Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാമതായിട്ടും ഏറ്റവും മോശം പ്രകടനം യൂഡിഎഫിന്റെത്; എസ്എൻഡിപി കൈവിട്ടിട്ടും മോദി തരംഗത്തിൽ ഇടിവ് പറ്റിയിട്ടും 35270 വോട്ട് നേടി ശ്രീധരൻ പിള്ള മുഖം രക്ഷിച്ചു; ചെങ്ങന്നൂരിൽ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ കോൺഗ്രസ്; വിഷ്ണുനാഥിന് വീണ്ടും മണ്ഡലം തിരിച്ചു കിട്ടും

രണ്ടാമതായിട്ടും ഏറ്റവും മോശം പ്രകടനം യൂഡിഎഫിന്റെത്; എസ്എൻഡിപി കൈവിട്ടിട്ടും മോദി തരംഗത്തിൽ ഇടിവ് പറ്റിയിട്ടും 35270 വോട്ട് നേടി ശ്രീധരൻ പിള്ള മുഖം രക്ഷിച്ചു; ചെങ്ങന്നൂരിൽ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ കോൺഗ്രസ്; വിഷ്ണുനാഥിന് വീണ്ടും മണ്ഡലം തിരിച്ചു കിട്ടും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് യുഡിഎഫിന്. ഫലം പുറത്ത് വരുമ്പോൾ രണ്ടാമതായിട്ടും ഏറ്റവും ദയനീയ പ്രകടനം യുഡിഎഫിന്റേത് തന്നെയാണ്. പരമ്പരാഗത കോൺഗ്രസ് മണ്ഡലമാണ് ചെങ്ങന്നൂർ. അവിടെയാണ് സർക്കാരിനെതിരെ ഏറെ വിവാദങ്ങളുണ്ടായിട്ടും കോൺഗ്രസിന് അടിതെറ്റിയത്. ഹൈന്ദവ വോട്ടുകൾ ലക്ഷ്യമിട്ട് അയ്യപ്പസേവാസംഘം നേതാവ് വിജയകുമാറിനെ മത്സരിപ്പിച്ചതിലൂടെ ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകന്നു. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാൽപ്പത്തിരണ്ടായിരത്തോളം വോട്ട് കിട്ടിയിരുന്നു. ഇത്തവണ 7000 വോട്ട് പിഎസ് ശ്രീധരൻ പിള്ളയ്ക്ക് കുറഞ്ഞു. അപ്പോഴും അടിത്തറ ഇളകിയില്ലെന്ന ആശ്വാസത്തിലാണ് ബിജെപി ക്യാമ്പുകൾ.

ചെങ്ങന്നൂരിൽ ചിത്രം തെളിഞ്ഞുപ്പോൾ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തികേന്ദ്രങ്ങൾ തകർന്നടിഞ്ഞു. എൽഡിഎഫ് തുടക്കം മുതൽ നേടിയ ലീീഡ് നിലനിർത്തി വിജയം പിടിച്ചെടുത്തു. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തായി. യുഡിഎഫ് സമ്പൂജ്യരായതോടെ കൊട്ടിഘോഷിക്കപ്പെട്ട് പിന്തുണ പ്രഖ്യാപിച്ച കേരളകോൺഗ്രസ് എമ്മിന്റെ നില പരുങ്ങലിൽ ആയി. കെ.എം. മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്തില്ലെന്നു മാത്രമല്ല തിരിച്ചടിയാണെന്നാണ് അണിയറ സംസാരം. എൽ.ഡി.എഫും യുഡിഎഫും വോട്ട് ശതമാനം വർദ്ദിച്ചപ്പോൾ എൻ.ഡി.എ വോട്ടുകളിൽ കുറവു വന്നു. 66861 വോട്ടുകളാണ് എൽ.ഡി.എഫ് നേടിയത് (2016-52880), യുഡിഎഫ് 46084 ഉം (2016-44897) എൻ.ഡിഎ 35084 (2016-42682) വോട്ടും നേടി.

ചെങ്ങന്നൂരിൽ യുഡിഎഫിനെ പിന്തുണച്ച കെ.എം. മാണിയുടെ നിലപാടു ലജ്ജാകരമെന്ന അഭിപ്രായവുമായാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത്. ബിജെപിയുമായി ബിഡിജെഎസ് ഉടക്കിയ പശ്ചാത്തലത്തിൽ എസ്എൻഡിപിയുടെ നിലപാട് ഇടതുപക്ഷത്തിനു തുണയായി. ഇങ്ങോട്ടു സഹായിക്കുന്നവരെ ചെങ്ങന്നൂരിൽ എസ്എൻഡിപി തിരിച്ചു സഹായിക്കുമെന്ന വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തൽ സജി ചെറിയാന്റെ വിജയത്തിൽ സ്വാധീനം ചെലുത്തി. എസ്എൻഡിപി ബിജെപിയെ കൈവിട്ടിട്ടും മോദി തരംഗത്തിൽ ഇടിവ് വന്നിട്ടും ബിജെപിക്ക് മുഖം രക്ഷിക്കാൻ സാധിച്ചു. കാരണം മുപ്പതിനായിരം വോട്ട് ലഭിക്കില്ലെന്ന് കരുതിയ ഇടത്താണ് മുപ്പത്തിഅയ്യായിരത്തിൽ അധികം വോട്ട് ലഭിച്ചത്. ഇത് ശ്രീധരൻ പിള്ളയുടെ വ്യക്തിമികവായി കണക്കാക്കാം.

വിജകുമാറിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത് ഹൈന്ദവ നേതാവെന്ന ഇമേജുമായാണ്. പിസി വിഷ്ണുനാഥായിരിക്കും ഇവിടെ സ്ഥാനാർത്ഥിയെന്നായിരുന്നു ഏവരും കരുതിയത്. എം മുരളിയുടെ പേരും ചർച്ചയായിരുന്നു. എന്നാൽ ഒരു ഗ്രൂപ്പിലും പെടാത്ത വിജയകുമാർ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി. ആദ്യ ഘട്ടത്തിൽ ഒരു ഗ്രൂപ്പും പ്രചരണത്തിൽ സജീവമായിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ വിഷ്ണുനാഥിന് സീറ്റ് തിരികെ കിട്ടുമെന്നും ഉറപ്പാവുകയാണ്. ശോഭനാ ജോർജ് സിപിഎം പക്ഷത്തേക്ക് ചാഞ്ഞതും ചെങ്ങന്നൂരിൽ വിഷ്ണുനാഥിന് വീണ്ടും മത്സരിക്കാനുള്ള അവസരം ഒരുക്കും. ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് അടക്കമുള്ള കാര്യങ്ങിൽ വിഴ്ച വന്നുവെന്ന് കോൺഗ്രസ് വൈകി തിരിച്ചറിയുകയാണ്.

പ്രചരണത്തിൽ അവസാനം അടിമുടി നിറഞ്ഞത് ഉമ്മൻ ചാണ്ടിയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം സ്ഥലവും ഇവിടെയാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവിനും വലിയ തിരിച്ചടിയാണ് ഈ തോൽവി. വിജയകുമാറിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച കേരള കോൺഗ്രസ് (എം) വീണ്ടും യുഡിഎഫിലേക്കു പാലമിട്ടത് നേട്ടമായത് എൽഡിഎഫിനാണ്. മലപ്പുറം ലോക്സഭ, വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പു മാതൃകയിൽ ചെങ്ങന്നൂരിലും കേരള കോൺഗ്രസ് (എം) പിന്തുണ നൽകി. മലപ്പുറത്തും വേങ്ങരയിലും മുസ്ലിം ലീഗിനാണു പിന്തുണയെന്നായിരുന്നു നിലപാട്. കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോടെ ഇടതുപക്ഷവും ബിജെപിയും തുറന്നിട്ട വാതിലുകൾ കണ്ടില്ലെന്നു നടിച്ച മാണിക്കും ഈ തോൽവി അപ്രതീക്ഷിതം. എസ്എൻഡിപിയുടെയും എൻഎസ്എസിന്റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമാണിതെന്നും സജി ചെറിയാൻ പ്രതികരിച്ചു.

മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഒന്നു മുതൽ 21 ബൂത്തുകളാണ് ഈ പഞ്ചായത്തിലുള്ളത്. കഴിഞ്ഞ തവണ എൽഡിഎഫിന് 6,536 വോട്ടും യുഡിഎഫിന് 6,096 വോട്ടും ബിജെപിക്ക് 5,431 വോട്ടുമാണ് ലഭിച്ചത്. എൽഡിഎഫ് ഭൂരിപക്ഷം 440. ഇത്തവണ എൽഡിഎഫിന് ലഭിച്ചത് 8326 വോട്ടുകൾ. യുഡിഎഫിന് 5697 വോട്ടും ബിജെപിക്ക് 4117 വോട്ടും ലഭിച്ചു. ബിജപിയുടെ 1314 വോട്ടുകളും യുഡിഎഫിന്റെ 339 വോട്ടുകളും കുറഞ്ഞു. ബിജെപി വോട്ടുകൾ എൽഡിഎഫിന് മറിച്ചതാണ് തിരിച്ചടിക്കു കാരണമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ പറഞ്ഞത്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ടുകൾ എൽഡിഎഫിന് ലഭിച്ചതിനൊപ്പം, യുഡിഎഫ് വോട്ടുകളും ലഭിച്ചതായാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ബിഡിജെഎസ് നിലപാടും എസ്എൻഡിപി നിലപാടും എൽഡിഎഫിന് അനുകൂലമായി. മാണിയുടെ പിന്തുണ തിരുവൻവണ്ടൂരിൽ യുഡിഎഫിനെ സഹായിച്ചില്ല.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സജി ചെറിയാൻ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയും. എന്നാൽ പാണ്ടനാട് എൽ.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി. കോൺഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ച് നൽകിയെന്ന തന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ള ആരോപിച്ചു.കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മേഖലയാണ് മാന്നാർ. എന്നാൽ, അവിടെ യുഡിഎഫിന് ഉണ്ടായിരിക്കുന്ന വോട്ട് ചോർച്ച മുൻ ധാരണയുടെ അടിസ്ഥാനത്തിലാണ്. തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം തന്നെ താനിത് പറഞ്ഞിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായ ചെന്നിത്തലയിലും എൽഡിഎഫിനു വൻ ലീഡ്. 2353 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 1286 വോട്ടുകൾ കൂടി. രമേശ് ചെന്നിത്തല വോട്ടു ചെയ്ത ബൂത്തിൽ മാത്രം 177 വോട്ടുകൾക്ക് എൽഡിഎഫ് ലീഡ് ചെയ്തു. കഴിഞ്ഞ തവണ എൽഡിഎഫിന് 6666 വോട്ടും യുഡിഎഫിന് 5599 വോട്ടും ബിജെപിക്ക് 5092 വോട്ടും ലഭിച്ചിരുന്നു. എൽഡിഎഫിന്റെ ഭൂരിപക്ഷം 1067. ഇത്തവണ ചെന്നിത്തല പഞ്ചായത്തിൽ എൽഡിഎഫിന് 8172 വോട്ടും യുഡിഎഫിന് 5819 വോട്ടും ബിജെപിക്ക് 3906 വോട്ടും ലഭിച്ചു. എൽഡിഎഫ്- 1506 വോട്ടുകൾ അധികമായി ലഭിച്ചുയുഡിഎഫ്- 220 വോട്ടുകൾ കൂടി ബിജെപി-1186 വോട്ട് കുറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP