Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിക്ക് പറ്റിയ അബദ്ധത്തിൽ നിന്നും പാഠം പഠിച്ചു പിണറായി വിജയൻ; കോടതി വിധികൾ എതിരായിട്ടും രാജിവയ്ക്കാതെ കടിച്ചു തൂങ്ങിയ യുഡിഎഫ് മന്ത്രിമാരെ നാണം കെടുത്തിയ തീരുമാനം; സ്വജനപക്ഷപാതവും അഴിമതിയും വച്ചു പൊറിപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ്; ഇപി ജയരാജിന്റെ രാജി തെളിയിക്കുന്നത് മുഖ്യമന്ത്രിയുടെ കരുത്ത് തന്നെ

ഉമ്മൻ ചാണ്ടിക്ക് പറ്റിയ അബദ്ധത്തിൽ നിന്നും പാഠം പഠിച്ചു പിണറായി വിജയൻ; കോടതി വിധികൾ എതിരായിട്ടും രാജിവയ്ക്കാതെ കടിച്ചു തൂങ്ങിയ യുഡിഎഫ് മന്ത്രിമാരെ നാണം കെടുത്തിയ തീരുമാനം; സ്വജനപക്ഷപാതവും അഴിമതിയും വച്ചു പൊറിപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ്; ഇപി ജയരാജിന്റെ രാജി തെളിയിക്കുന്നത് മുഖ്യമന്ത്രിയുടെ കരുത്ത് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാവ്‌ലിനിൽ അഴിമതിക്കുരുക്ക് മാറുന്നത് വരെ അധികാര സ്ഥാനങ്ങളിൽ നിന്ന് സ്വയം മാറി നിന്ന നേതാവാണ് പിണറായി വിജയൻ. അഴിമതികറയെ കോടതിയിലൂടെ കഴുകി കളഞ്ഞ ശേഷം മാത്രം എംഎൽഎയായി പോലും പിണറായി വിജയൻ മത്സരിക്കാനെത്തിയൂള്ളൂ. മുഖ്യമന്ത്രിയായപ്പോൾ തന്നെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ സ്വജന പക്ഷപാതവും അഴിമതിയും ഉന്നയിക്കപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. പികെ ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനത്തിൽ എംഡിയാക്കിയ വാർത്തയോട് ജയരാജന്റെ ആദ്യ പ്രതികരണം തീർത്തും നിഷേധാത്മകമായിരുന്നു. എന്റെ ബന്ധുക്കൾ എന്റെ വകുപ്പിൽ പലയിടത്തും ഉണ്ടാകുമെന്ന് ജയരാജൻ പറഞ്ഞു. അൽപ്പസമയത്തിന് ശേഷം പിണറായി മാദ്ധ്യമങ്ങളെ കണ്ടു. ആരോപണങ്ങൾ ഗൗരവതരമെന്ന് പിണറായി തുറന്നു പറഞ്ഞു. ഇതോടെ ബന്ധുത്വ വിവാദത്തിന് പുതു മാനം നൽകി. ഇതിന് ശേഷമാണ് പ്രതിപക്ഷം പോലും വ്യവസായ വകുപ്പിലെ ബന്ധുത്വ നിയമനത്തിലെ ഗൗരവം ഉയർത്തിക്കാട്ടിയത്.

പിണറായി വിജയന്റെ അതി വിശ്വസ്തനായിരുന്നു ജയരാജൻ. എന്നും കൂടെ നിന്ന സഖാവ്. അതുകൊണ്ട് തന്നെ ജയരാജന്റെ നിയമനങ്ങളെ പിണറായി തള്ളിപ്പറയില്ലെന്ന് ഏവരും കരുതി. ഇതാണ് ജയരാജന്റെ കാര്യത്തിൽ പിണറായി മാറ്റി മറിച്ചത്. അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ലെന്ന് നിരന്തരമായി പിണറായി പറഞ്ഞു. ഇതോടെ സിപിഎമ്മിൽ ആരും ജയരാജനെ പിന്തുണയ്ക്കാൻ വരാതെയായി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മന്ത്രിയെ മാറ്റുമെന്ന് കടുപ്പിച്ച് പറഞ്ഞു. ജയരാജനെ കണ്ണൂരിൽ വച്ച് ശാസിച്ചു. അപ്പോഴും രാജി മാത്രം പിണറായി ആവശ്യപ്പെട്ടില്ല. പാർട്ടിയുടെ തീരുമാനത്തിനായി അത് മാറ്റി വയ്‌പ്പിച്ചു. പാർട്ടി സെക്രട്ടറിയേറ്റ് ചേർന്ന് പാർട്ടിയുടെ തീരുമാനമാക്കി ജയരാജന്റെ ഒഴിവാക്കലിനെ പിണറായി മാറ്റി. ചർച്ചകൾ സജീവമാക്കി സിപിഐ(എം) അണികളെ പോലും അഴിമതിയുടെ പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്താൻ പിണറായിക്ക് കഴിഞ്ഞു. അണികളുടെ ആഗ്രഹത്തിനൊത്ത് നിൽക്കുന്ന മുഖ്യമന്ത്രിയാണ് താനെന്ന് ജയരാജന്റെ രാജി ഉറപ്പാക്കി പിണറായി ബോധ്യപ്പെടുത്തുകയാണ്.

അധികാരമേറ്റ് കുറച്ചു നാളുകളേ ആയുള്ളൂവെങ്കിലും സ്വാശ്രയ പ്രശ്‌നങ്ങൾ പിണറായി സർക്കാരിന്റെ ഗ്ലാമറിന് വലിയ തിരിച്ചടിയായിരുന്നു. ഈ പ്രതിസന്ധിയെ കഷ്ടിച്ചായിരുന്നു പിണറായി മറികടന്നത്. പ്രതിപക്ഷത്തെ സ്വാശ്രയ ബന്ധങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അതിന് കഴിയുമായിരുന്നില്ല. തൊട്ടു പിറകെയാണ് ബന്ധുത്വ വിവാദം ഉയർന്നത്. നിയമസഭ അടുത്തയാഴ്ച വീണ്ടും ചേരുമ്പോൾ ജയരാജൻ വിഷയത്തിൽ പിണറായിയെ വെള്ളം കുടുപ്പിക്കാമെന്നായിരുന്നു പ്രതിപക്ഷം കുരതിയത്. ജയരാജനെ വകുപ്പുമാറ്റി പ്രശ്‌ന പരിഹാരമെന്ന ഫോർമുല പോലും പ്രതിപക്ഷം ചർച്ചയാക്കി. അഴിമതി ആരോപണം ഉയർന്നാലും മന്ത്രി രാജിവയ്ക്കാതെ തുടരുമെന്നായിരുന്നു കോൺഗ്രസുകാർ പോലും കരുതിയിരുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിജിലൻസ് അന്വേഷണവും കോടതി പരമാർശവുമെല്ലാം ഉണ്ടായിട്ടും തൊടു ന്യായങ്ങൾ പറഞ്ഞ് രാജിവയ്ക്കാത്ത നിരവധി പേർ ഉണ്ടായിരുന്നു. ഈ സാങ്കേതിക ന്യായം ജയരാജനായി പിണറായി എടുത്ത് അടിക്കുമെന്ന് കരുതിയവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് ജയരാജന്റെ രാജി.

ബാർ കോഴയിൽ കെ എം മാണി അകപ്പെട്ടപ്പോഴും കെ ബാബു കുരുങ്ങിയപ്പോഴുമെല്ലാം എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് സംരക്ഷണം തീർത്തത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്. എന്നാൽ അതിവിശ്വസ്തനായിട്ടു പോലും ജയരാജന് വേണ്ടി പിണറായി ആ നിലപാട് എടുത്തില്ല. സ്വജനപക്ഷപാതത്തെ അംഗീകരിക്കാതെ ജയരാജനെ തള്ളിപ്പറഞ്ഞു. ഇവിടെ ഇടത് പക്ഷ മന്ത്രിസഭയുടെ ധാർമികതയാണ് ഉയരുന്നത്. ഒപ്പം കോടതി പോലും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടും രാജിവയ്ക്കാത്ത യുഡിഎഫ് മന്ത്രിമാരുടെ നിലപാടും പരിഹാസ്യമാകുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ പോലും രാജിവയ്‌ക്കേണ്ടതില്ലെന്ന യുഡിഎഫ് കാലത്തെ വാദങ്ങൾ അപ്രസക്തമാകുന്നു. രാഷ്ട്രീയ പ്രവർത്തകർക്ക് ധാർമികതയാണ് വലുതെന്ന് ഓർമിപ്പിക്കുകയാണ് പിണറായി സർക്കാർ. ഭാവിയിൽ അധികാരം കൈയാളുന്ന എല്ലാവർക്കും ഇതൊരു പാഠമാകും. ഒറ്റനോട്ടത്തിൽ കുറ്റവാളിയെന്ന് ജനം വിലയിരുത്തിയാൽ പിന്നെ അധികാര സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന തത്വം വീണ്ടും ചർച്ചയാക്കുന്നതും സജീവമാക്കുന്നതുമാണ് ജയരാജന്റെ രാജി.

അധികാരത്തിലെത്തി വെറും നാലുമാസമായപ്പോഴാണ് മന്ത്രി ജയരാജനും മുന്മന്ത്രിയും ഇപ്പോൾ എംപിയുമായ പി.കെ.ശ്രീമതിയും വഴിവിട്ട നടപടികൾ സ്വീകരിച്ച് സ്വജനപക്ഷപാതം പ്രകടിപ്പിച്ചത്. സ്വജന പക്ഷപാതം അഴിമതിതന്നെയാണ്. ഈ പശ്ചാത്തലത്തിൽ മന്ത്രി ജയരാജനെതിരെ ത്വരിതാന്വേഷണം നടക്കാൻ പോകുകയാണ്. ജയരാജനെതിരെ ത്വരിതാന്വേഷണത്തിന് തടസ്സമില്ലെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞിരുന്നു. ക്രമവിരുദ്ധമായ നടപടികൾക്ക് അധികാരത്തിലുള്ളവർ തുനിയുന്നത് അധാർമികമാണ്. ചില പാർട്ടി നേതാക്കളുടെയും ബന്ധുക്കളുടെയും പിൻവാതിൽ നിയമനം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന വാദവും പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇതിനെയെല്ലാം അപ്രസക്തമാക്കാൻ ജയരാജന്റെ രാജിയിലൂടെ പിണറായിക്ക് കഴിഞ്ഞു. ഇതിനൊപ്പം തന്റെ മന്ത്രിസഭയിലുള്ളവർക്ക് കടുത്ത സന്ദേശവും പിണറായി നൽകുകയാണ്. അഴിമതിയിൽ ആരു പെട്ടാലും താൻ സംരക്ഷിക്കില്ല. രാജി മാത്രമാകും മുന്നിലുള്ള വഴി. സർക്കാരിന്റെ കാര്യക്ഷമതയ്ക്ക് ഇത് വലിയ മുതൽക്കൂട്ടാകും. മന്ത്രിമാരെല്ലാം കരുതലോടെ തീരുമാനവുമെടുക്കണമെന്നതാണ് ജയരാജന്റെ രാജി മറ്റ് മന്ത്രിസഭാ അംഗങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്.

ഉമ്മൻ ചാണ്ടി മന്ത്രിസഭയെക്ക് വിനയായത് അഴിമതിക്കഥകളായിരുന്നു. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയിട്ടും ജനം അപ്പാടെ യുഡിഎഫിനെ കൈവിട്ട് ഇടതുപക്ഷത്തെ നെഞ്ചിലേറ്റിയത് അതുകൊണ്ട് മാത്രമാണ്. വി എസ് അച്യൂതാനന്ദന് കേരള രാഷ്ട്രീയത്തിൽ വീര പരിവേഷം ലഭിച്ചതും അഴിമതിക്കെതിരായ ഉറച്ച നിലപാടുകളാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് പിണറായിയുടെ നീക്കങ്ങൾ. കരുതലോടെയായിരുന്നു തന്റെ ഓഫീസിൽ പേഴ്‌സണൽ സ്റ്റാഫിനെ പിണറായി നിയമിച്ചത്. കടുകട്ടി നിലപാട് എടുക്കുന്ന നളിനി നെറ്റോയും ഉറച്ച നിലപാടുള്ള ദിനേശൻ പുത്തലേത്തിനേയും പ്രിൻസിപ്പൽ സെക്രട്ടറിയും പൊളിട്ടിക്കൽ സെക്രട്ടറിയുമാക്കിയത് ആലോചിച്ച് ഉറപ്പിച്ചായിരുന്നു. വിജിലൻസിന്റെ തലപ്പത്ത് ജേക്കബ് തോമസിനെ നിയോഗിച്ചതും മുൻ സർക്കാരിന്റ അഴിമതി കണ്ടെത്താനല്ലെന്ന് കൂടി തെളിയിക്കുകയാണ് പിണറായി. തന്റെ ഭരണം സംശുദ്ധമാക്കാനുള്ള മുന്നറിയിപ്പുകളായിരുന്നു ഇതെല്ലാം. ഇത് തിരിച്ചറിയാതെ പ്രവർത്തിച്ച ജയരാജനെ പുറത്താക്കി പിണറായി അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നൽകുകയാണ് പിണറായി വിജയൻ.

വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അഴിമതിയെക്കുറിച്ചുള്ള പരാതികൾ അവഗണിക്കാനാവില്ലെന്നും മുഖ്യമന്ത്രി തെളിയിക്കുകയാണ്. ബന്ധു നിയമന വിവാദത്തെ തുടർന്ന് ജയരാജനെതിരേ വിജിലൻസ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നു ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റാണ് ജയരാജനോട് രാജിവയ്ക്കാൻ നിർദ്ദേശിച്ചത്. ഒരുഘട്ടത്തിൽ വകുപ്പ് മാറ്റം മാത്രം മതിയെന്ന നിർദ്ദേശങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് രാജിയിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയതെന്ന വിലയിരുത്തലുകളും സജീവമാകുന്നത് പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ കൂടുതൽ കരുത്തനാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP