Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവളം കൊട്ടാരം രവി മുതലാളിക്ക് കൊടുത്തപ്പോൾ വായ തുറന്നില്ല; അതിരപ്പിള്ളിയിൽ സമവായം വേണമെന്ന് ഗ്രൂപ്പ് ലീഡർ പറഞ്ഞപ്പോൾ നിമിഷങ്ങൾക്കകം എതിർപ്പുമായി ക്യാമറയ്ക്ക് മുന്നിലെത്തി; ഹസന്റെ യുദ്ധപ്രഖ്യാപനം കേട്ട് ഞെട്ടി എ ഗ്രൂപ്പ്; കെപിസിസി അധ്യക്ഷസ്ഥാനം ഉറപ്പിക്കാനുള്ള നീക്കമെന്ന് ഉമ്മൻ ചാണ്ടി പക്ഷം; മുരളീധരനെ അടർത്തിയെടുത്തതിന് ചെന്നിത്തലയുടെ മധുര പ്രതികാരം ഇങ്ങനെ

കോവളം കൊട്ടാരം രവി മുതലാളിക്ക് കൊടുത്തപ്പോൾ വായ തുറന്നില്ല; അതിരപ്പിള്ളിയിൽ സമവായം വേണമെന്ന് ഗ്രൂപ്പ് ലീഡർ പറഞ്ഞപ്പോൾ നിമിഷങ്ങൾക്കകം എതിർപ്പുമായി ക്യാമറയ്ക്ക് മുന്നിലെത്തി; ഹസന്റെ യുദ്ധപ്രഖ്യാപനം കേട്ട് ഞെട്ടി എ ഗ്രൂപ്പ്; കെപിസിസി അധ്യക്ഷസ്ഥാനം ഉറപ്പിക്കാനുള്ള നീക്കമെന്ന് ഉമ്മൻ ചാണ്ടി പക്ഷം; മുരളീധരനെ അടർത്തിയെടുത്തതിന് ചെന്നിത്തലയുടെ മധുര പ്രതികാരം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. ഉമ്മൻ ചാണ്ടിയുടെ നിലപാട് തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസൻ രംഗത്തെത്തി. പദ്ധതി വേണ്ടെന്നാണ് കെപിസിസിയുടെ നിലപാട്. പദ്ധതിയുമായി മുന്നോട്ടുപോയാൽ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എ ഗ്രൂപ്പിൽ കടുത്ത ഭിന്നതയുണ്ടെന്ന വാദം ശക്തമാക്കുന്നതാണ് ഹസന്റെ നിലപാട്. ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ കെപിസിസിയുടെ തലപ്പത്ത് എത്തിയ ഹസ്സൻ പുതിയ ഗ്രൂപ്പുണ്ടാക്കുന്നതിന്റെ സൂചനയാണ്. ജനശ്രീ ഗ്രൂപ്പാണ് ഹസൻ ലക്ഷ്യമിടുന്നത്. ഇന്ദിരാഗാന്ധി ഓർമ്മ പരിപാടികളിലെല്ലാം ജനശ്രീയുടെ നേതാക്കളെയാണ് ഹസൻ ഉയർത്തിക്കാട്ടിയത്. ഹസൻ കൈവിട്ടതോടെ അതിരപ്പിള്ളി വിഷയത്തിൽ ഉമ്മൻ ചാണ്ടി ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. കെ മുരളീധരൻ മാത്രമാണ് ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളത്.

അതിരപ്പിള്ളി വിഷയത്തിൽ ആ ഗ്രൂപ്പിനൊപ്പമാണ് ഹസൻ. ഉമ്മൻ ചാണ്ടിയുടെയും തന്റെയും നിലപാട് ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നുണ്ടെങ്കിലും എതിർപ്പ് വ്യക്തമാണ്. ഏകപക്ഷീയമായി നടപ്പാക്കുന്നത് ശരിയല്ലെന്നാണ് ഉമ്മൻ ചാണ്ടി ഉദ്ദേശിച്ചത്. സർക്കാരിന്റെ ഏകപക്ഷീയ നിലപാടുകളെ എതിർക്കുന്ന നിലപാടാണ് ഉമ്മൻ ചാണ്ടിയുടേത്. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കേണ്ടത് സമവായ ചർച്ചകളിലൂടെ ആകണമെന്നായിരുന്നു ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടത്. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചർച്ച നടത്തി അഭിപ്രായ സമന്വയത്തോടെ മുന്നോട്ടു പോകണം. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് സമവായ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരനും ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.

ഈ യുദ്ധത്തിൽ തന്റെ വിശ്വസ്തനായ ഹസൻ കൂടെ നിൽക്കുമെന്നായിരുന്നു ഉമ്മൻ ചാണ്ടി കരുതിയത്. എന്നാൽ താൻ നിലപാട് പ്രഖ്യാപിച്ച ഉടനെയുള്ള ഹസന്റെ പ്രഖ്യാപനം ഉമ്മൻ ചാണ്ടിയെ ഞെട്ടിച്ചു. കോവളം കൊട്ടാരം ഏറ്റെടുത്തപ്പോൾ പോലും മൗനം പാലിച്ച ഹസ്സനാണ് അതിവേഗം പ്രതികരണവുമായെത്തിയത്. അതിരപ്പിള്ളി പദ്ധതിക്ക് എതിരാണ് കോൺഗ്രസ് എന്നായിരുന്നു നേരത്തെ ചെന്നിത്തല നിയമസഭയിൽ അടക്കം വ്യക്തമാക്കിയിരുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടൻ മുഹമ്മദ് വൈദ്യുതമന്ത്രിയുമായിരുന്ന കഴിഞ്ഞ സർക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാാണ് അന്ന് കത്തിൽ സൂചിപ്പിച്ചിരുന്നത്. ഈ നിലപാടാണ് ഉമ്മൻ ചാണ്ടി വീണ്ടും പ്രതിഫലിപ്പിക്കാൻ ശ്രമിച്ചത്.

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ യു ഡി എഫിന്റെ നിലപാടിൽ വ്യത്യാസം വരുന്നത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനെ തുടർന്നാണ്. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി സഭയെ അറിയിച്ചപ്പോൾ തന്നെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടി സമവായത്തിന് നിർദ്ദേശിച്ചതിന് പിന്നാലെ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരം നടത്തുമെന്നും ഹസൻ പറഞ്ഞത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ഇത് കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ വഴിവക്കും.

വി എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചപ്പോൾ മുതിർന്ന വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് ഹസനെ കെപിസിസി അധ്യക്ഷനാക്കിയത്. ഈ നിയമനത്തിനെതിരെ ചെന്നിത്തല വിമർശനം ഉയർത്തി. ഹസനെ മാറ്റണമെന്നും ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ ഉമ്മൻ ചാണ്ടി ശക്തമായ നിലപാട് എടുത്തു. അങ്ങനെയാണ് സംഘടനാ തെരഞ്ഞെടുപ്പ് വരെ ഹസന് പ്രസിഡന്റ് സ്ഥാനം കിട്ടിയത്. ഇതിനിടെയിൽ എ ഗ്രൂപ്പിന്റെ നിയന്ത്രണം കൈക്കലാക്കാൻ ഹസൻ ശ്രമവും നടത്തി. ഇത് ഉമ്മൻ ചാണ്ടി അനുവദിച്ചില്ല. കെ മുരളീധരനുമായി അടുക്കുകയും ചെയ്തു. ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുരളീധരനെ ഉമ്മൻ ചാണ്ടി പിൻവലിക്കുമെന്ന് വ്യക്തമായി. ഇത് തിരിച്ചറിഞ്ഞാണ് ഉമ്മൻ ചാണ്ടിക്കെതിരെ ഹസൻ പരസ്യ നിലപാട് എടുക്കുന്നത്.

വട്ടിയൂർക്കാവ് എംഎൽഎയായ കെ മുരളീധരൻ, ഐ ഗ്രൂപ്പിലെ പ്രമുഖനായിരുന്നു. എന്നാൽ മുരളീധരൻ പതിയെ ഗ്രൂപ്പ് വിട്ട് ഉമ്മൻ ചാണ്ടിയോട് അടുക്കുകയാണ്. ഇത് ഐ ഗ്രൂപ്പിന് ഏറെ ക്ഷീണം ചെയ്തു. ഇതിനുള്ള പ്രതികാരമാണ് ഹസനെ എ ഗ്രൂപ്പിൽ നിന്ന് ചെന്നിത്തല അടർത്തിയെടുക്കാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ കെപിസിസി അധ്യക്ഷനായ താൻ ഒരു ഗ്രൂപ്പിലേക്കും പോകില്ലെന്നും ഇനി തനിക്കും ഗ്രൂപ്പുണ്ടാകുമെന്ന സൂചനയാണ് അണികൾക്ക് ഹസൻ നൽകുന്നത്. ജനശ്രീയുടെ അടിത്തറയിൽ അതിന് തനിക്ക് കഴിയുമെന്നും പറയുന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കരുത്ത് കാട്ടാനാണ് ഹസന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP