Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്തിമ വിജയം ബിജെപിക്കെങ്കിലും കോൺഗ്രസ് ക്യാമ്പിൽ സന്തോഷം അലയടിക്കുന്നു; രണ്ട് സംസ്ഥാനങ്ങളിലും തോറ്റത് പൊരുതി തന്നെയെന്ന് വിലയിരുത്തി പാർട്ടി നേതൃത്വം; ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ തലനാരിഴ വ്യത്യാസത്തിൽ നഷ്ടമായത് 34 മണ്ഡലങ്ങൾ; വിജയത്തിന്റെ ഏക ഘടകം മോദിയെന്ന് തിരിച്ചറിഞ്ഞ ബിജെപി ഭരണശൈലി മാറ്റിപ്പിടിക്കും; അടുത്ത തെരഞ്ഞെടുപ്പിൽ വികസന മുദ്രാവാക്യത്തേക്കാൾ തീവ്രഹിന്ദുത്വത്തിൽ ഊന്നാനും സാധ്യത

അന്തിമ വിജയം ബിജെപിക്കെങ്കിലും കോൺഗ്രസ് ക്യാമ്പിൽ സന്തോഷം അലയടിക്കുന്നു; രണ്ട് സംസ്ഥാനങ്ങളിലും തോറ്റത് പൊരുതി തന്നെയെന്ന് വിലയിരുത്തി പാർട്ടി നേതൃത്വം; ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ തലനാരിഴ വ്യത്യാസത്തിൽ നഷ്ടമായത് 34 മണ്ഡലങ്ങൾ; വിജയത്തിന്റെ ഏക ഘടകം മോദിയെന്ന് തിരിച്ചറിഞ്ഞ ബിജെപി ഭരണശൈലി മാറ്റിപ്പിടിക്കും; അടുത്ത തെരഞ്ഞെടുപ്പിൽ വികസന മുദ്രാവാക്യത്തേക്കാൾ തീവ്രഹിന്ദുത്വത്തിൽ ഊന്നാനും സാധ്യത

മറുനാടൻ ഡെസ്‌ക്ക്

അഹമ്മദാബാദ്: ഹിമാചൽ പ്രദേശിലും ഗുജറാത്തിലും അന്തിമ വിജയം ബിജെപി നേടിയെങ്കിലും രണ്ടിടത്തും കോൺഗ്രസ് ഏറ്റുവാങ്ങിയത് മാന്യമായ തോൽവിയെന്ന് വിലയിരുത്തി കോൺഗ്രസ് നേതൃത്വം. ഗുജറാത്തിൽ ബിജെപിയെ വിറപ്പിച്ച വിജയം നേടിയത് തോൽവിയെ വിജയത്തിന്റെ മധുരം നൽകുന്നതായി. രാഹുൽ ഗാന്ധിയായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചത്. രാഹുലിന്റെ തന്ത്രങ്ങൾ ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. അതുകൊണ്ട് തന്നെ വിജയത്തിന്റെ ക്രെഡിറ്റ് രാഹുലിന് അവകാശപ്പെട്ടതായി. എന്തായാലും പുലിയുടെ മടയിൽ പോയി വിറപ്പിക്കാൻ സാധിച്ചു എന്നതാണ് കോൺഗ്രസിനെ സംബന്ധിച്ച് നേട്ടമായി മാറിയത്.

ഗുജറാത്തിൽ ആറാമൂഴത്തിലേക്ക് ഭരണത്തുടർച്ച നേടിയ ബിജെപി, ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ തറപറ്റിച്ചു. രണ്ടിടത്തും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിട്ടും കോൺഗ്രസ് ക്യാംപ് തളരുന്നില്ല. ഗുജറാത്തിൽ ചിത്രത്തിലേ ഇല്ലാതിരുന്ന പാർട്ടി വീറുറ്റ പോരാട്ടമാണ് കകോൺഗ്രസ് കാഴ്‌ച്ചവെച്ചത്. ഗുജറാത്തിൽ ചെറുകക്ഷികൾ രസം കൊല്ലിയായതും കൊണ്ട് കോൺഗ്രസിന് ചുരുങ്ങിയത് ആറ് സീറ്റെങ്കിലും നഷ്ടമായിട്ടുണ്ട്.

ഗുജറാത്തിലും ഹിമാചലിലും 34 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടന്നത്. 2000 വോട്ടിൽ താഴെ ഭൂരിപക്ഷം നേടിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണമാണിത്. കൊട്ടിഘോഷിച്ച പട്ടേൽ, പിന്നാക്ക സമുദായ പിന്തുണ കോൺഗ്രസിനെ കാര്യമായി രക്ഷിച്ചില്ല. അതേയവസരത്തിൽ ബിജെപിയെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. ഗുജറാത്തിൽ കോൺഗ്രസിന്റെ വിജയവഴി അടച്ചത് സഖ്യകക്ഷി തിരഞ്ഞെടുപ്പിലെ വീഴ്ചയാണ്. ബിഎസ്‌പി, എൻസിപി, ആം ആദ്മി പാർട്ടി തുടങ്ങിയവരെ ഒപ്പം നിർത്തിയിരുന്നെങ്കിൽ ഇപ്പോഴത്തേക്കാൾ വലിയ വിജയം നേടാമായിരുന്നു എ്ന്ന് കോൺഗ്രസ് ഇപ്പോൾ വിലയിരുത്തുന്നുണ്ട്.

ചെറുപാർട്ടികളെ ചേർത്തുനിർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടത് വോട്ട് ഭിന്നിക്കാൻ കാരണമായി. ഇതാണ് ഫലത്തിൽ ബിജെപിക്കു പലയിടത്തും നേട്ടമായത്. സ്വതന്ത്ര സ്ഥാനാർത്ഥികളും നോട്ടയും നിർണായക വോട്ടുകൾ പിടിച്ചെടുത്തു. 49.1 ശതമാനം വോട്ട് ബിജെപിക്കും 41.4 കോൺഗ്രസിനും കിട്ടിയപ്പോൾ, സ്വതന്ത്രർക്ക് 4.3ഉം നോട്ടയ്ക്ക് 1.8 ശതമാനവും വോട്ടുവിഹിതമാണ് ലഭിച്ചത്. നോട്ടയ്ക്ക് ആകെ കിട്ടിയത് 5.51 ലക്ഷം വോട്ടുകൾ !

ഗുജറാത്തിൽ 16 പേർക്കാണ് കുറഞ്ഞ ഭൂരിപക്ഷമുള്ളത്. കോൺഗ്രസും ബിജെപിയും എട്ടു വീതം. ബിജെപിയുടെ സി.കെ.രാഹുൽജി (258), ഭൂപേന്ദ്രസിങ് (327), സൗരഭ് പട്ടേൽ (906) എന്നിവർ കഷ്ടിച്ചാണു കടന്നുകൂടിയത്. കോൺഗ്രസിൽ മൂന്നക്കത്തിന്റെ ഭൂരിപക്ഷമുള്ളവർ അഞ്ചു പേരുണ്ട്. ഇതിൽ രാജേന്ദ്രസിങ് ശിവ്‌സിങ് (147), ചൗധരി ജിത്തുഭായ് (170) എന്നിവരുടെ ജയം തലനാരിഴ വ്യത്യാസത്തിൽ.

ഹിമാചലിൽ 18 പേർക്കാണു കുറഞ്ഞ ഭൂരിപക്ഷം. സിപിഎമ്മിന്റെ ഒന്നും ബിജെപിയുടെ എട്ടും കോൺഗ്രസിന്റെ ഒൻപതും സ്ഥാനാർത്ഥികളാണ് നേരിയ വിജയം നേടിയത്. രാജീവ് സൈസാൽ (442), അരുൺകുമാർ (519) എന്നിവരാണ് ബിജെപിയിലെ മൂന്നക്കക്കാർ. 120 വോട്ടിന് ജയിച്ച ജഗത്‌സിങ് ആണ് കോൺഗ്രസിലെ പിൻനിരക്കാരൻ. ഇന്ദർദത്ത് (439), ധനിറാം ഷന്ദിൽ (671) എന്നിവരാണ് മറ്റുള്ള മൂന്നക്കക്കാർ. ഏറെക്കാലത്തിനുശേഷം ഹിമാചലിൽ ചെങ്കൊടി പാറിച്ച സിപിഎമ്മിന്റെ രാകേഷ് സിൻഹയുടെ ഭൂരിപക്ഷം താരതമ്യേന ഭേദമാണ്, 1983 വോട്ടുകൾ.

വിജയം കൊണ്ടുവന്നത് മോദി പ്രഭാവം

ഗുജറാത്തിലെ തിരഞ്ഞെടുപ്പു വിജയം ബിജെപിക്ക് അവസാന നിമിഷം വിജയം സമ്മാനിച്ചത് മോദി തന്നെയായിരുന്നു എന്നാണ് വിലയിരുത്തുന്നത്. മോദിയോടുള്ള ഗുജറാത്ത് ജനതയുടെ അടുപ്പം തന്നെയാണ് ബിജെപിക്ക് വിജയം സമ്മാനിച്ചത്. മോദിയുടെയും അമിത് ഷായും സ്വന്തം തട്ടകത്തിൽ വിജയത്തിനായി വിയർക്കേണ്ടി വന്നതു ഭരണത്തിലും പാർട്ടിയിലും തിരുത്തലിനു സമയമായെന്ന മുന്നറിയിപ്പാണ്. ബിജെപി ക്യാമ്പിൽ നിന്നും ഈ രണ്ടാൾ കൂട്ടുകെട്ടിനുമെതിരെ ശബ്ദമുയരാൻ ഇടയാകുമെന്നത് ഉറഫ്പണ്. കോൺഗ്രസ് മുഖ്യ എതിരാളിയായ കർണാടക, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നേരിടാനിരിക്കെ, ബിജെപിക്കു വിജയമുറപ്പിക്കാൻ മോദിയും അമിത് ഷായും മാത്രം മതിയോയെന്ന ചോദ്യമുയർത്തുന്നതാണു ഗുജറാത്ത് ജനവിധി.

ഭരണ തന്ത്രം മാറ്റിപ്പിടിക്കാൻ മോദി

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി ജനപ്രിയ തന്ത്രങ്ങളുമായി രംഗത്തെത്തുമെന്നത് ഉറപ്പാണ്. ഇനി ക്ഷേമ പദ്ധതികൾക്കാകും കൂടുതൽ ഊന്നൽ നൽകുക. നോട്ട് അസാധുവാക്കലും ചരക്ക്, സേവന നികുതിയും (ജിഎസ്ടി) ഉൾപ്പെടെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വഴിയിൽനിന്നു കേന്ദ്ര സർക്കാർ ജനപ്രിയ മാർഗത്തിലേക്കു മാറിയില്ലെങ്കിൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കടുത്ത വെല്ലുവിളിയാകുമെന്നു പാർട്ടി മനസ്സിലാക്കുന്നുണ്ട്.ജിഎസ്ടി വിഷയത്തിൽ പാർട്ടിയുടെ വോട്ടുബാങ്കായ വ്യാപാരി സമൂഹത്തിന്റെ ആശങ്കകളെ വകവയ്ക്കാതെ നരേന്ദ്ര മോദിയുടെ പ്രചാരണ ശക്തിയെ മാത്രം ആശ്രയിച്ചായിരുന്നു ഗുജറാത്തിൽ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അടുത്ത കേന്ദ്ര ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളും നികുതി ഇളവുകളും അനിവാര്യമാക്കുന്നതാണു ബിജെപി അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യം.

അമിത് ഷാ പാർട്ടി അധ്യക്ഷനായ ശേഷം ബിജെപിയിലുണ്ടായ അധികാര കേന്ദ്രീകരണം ഉൾപ്പാർട്ടി ജനാധിപത്യം ദുർബലമാക്കിയിട്ടുണ്ട്. പാർട്ടി കെട്ടിപ്പടുത്ത എൽ.കെ. അഡ്വാനിയും മുരളീ മനോഹർ ജോഷിയും മാർഗദർശകരെന്ന ആലങ്കാരിക പദവിയിലായി. പരമോന്നത സമിതിയായ പാർലമെന്ററി ബോർഡിൽ തിരുവായ്ക്ക് എതിർവായില്ലാത്ത സ്ഥിതി. മുതിർന്ന നേതാക്കളെയെല്ലാം നിശ്ശബ്ദരാക്കി ഏകാധിപത്യ പ്രവണത പ്രകടമാകുന്നുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ഉയരുന്നുമുണ്ട്.

ഗുജറാത്ത് ഫലം നൽകുന്ന അപകട സൂചന മുതിർന്ന നേതാക്കളെയെങ്കിലും വിശ്വാസത്തിലെടുക്കാൻ മോദിയെയും അമിത് ഷായെയും നിർബന്ധിതരാക്കും. ഇന്നലെ തിരഞ്ഞെടുപ്പു ഫലത്തെ കുറിച്ചു പ്രതികരിക്കാൻ മാധ്യമങ്ങൾക്കു മുന്നിലെത്തിയ അമിത് ഷായുടെ ശരീരഭാഷയിൽ പതിവില്ലാത്ത വിനയം പ്രകടമായിരുന്നു.

ഹിന്ദുത്വ അജണ്ട വീണ്ടും പുറത്തെടുക്കും

മോദിയുടെ ഗുജറാത്ത് മോഡലും വികസന അജണ്ടയുമാണ് ബിജെപിക്ക് ഇന്ത്യാഭരണം നൽകിയതെങ്കിലും ഗുജറാത്തിൽ അവസാന നിമിഷം തീവ്രഹിന്ദുത്വത്തിൽ ബിജെപിക്ക് ഊന്നേണ്ടി വന്നിരുന്നു. പാക്കിസ്ഥാൻ പരാമർശം പോലും മോദിക്ക് നടത്തേണ്ടി വന്നു. ബിജെപിയുടെ കോട്ടകളായ മധ്യപ്രദേശും ഛത്തീസ്‌ഗഡും പോലും സുരക്ഷിതമാകില്ലെന്ന ആശങ്ക ഉയർത്തുന്നതാണു ഗുജറാത്ത് ഫലം. കോൺഗ്രസിൽനിന്നു കർണാടക പിടിച്ചെടുക്കാനായില്ലെങ്കിൽ മോദി-ഷാ ആധിപത്യം കൂടുതൽ ദുർബലമാകും.

രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം ശക്തമായതിനാൽ അധികാരം നഷ്ടമാകുമെന്ന വിലയിരുത്തൽ നേരത്തേയുണ്ട്. അതുകൊണ്ട് തന്നെ തീവ്രഹിന്ദുത്വ വികാരത്തിലേക്ക് ബിജെപി തിരിച്ചു പോകുമെന്നും വിലയിരുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുപി തിരഞ്ഞെടുപ്പിലും പ്രചാരണത്തിനിടെ അയോധ്യ സന്ദർശിക്കണമെന്ന സംഘപരിവാറിന്റെ അഭ്യർത്ഥന നരേന്ദ്ര മോദി നിരാകരിച്ചിരുന്നു. അയോധ്യ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചു നരേന്ദ്ര മോദി ആദ്യമായി പരാമർശിച്ചത് ഇത്തവണ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP