Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുകേശന്റെ പേരിൽ കോൺഗ്രസുമായി പരസ്യമായി കലഹിക്കാൻ ഒരുങ്ങി മാണി വിഭാഗം; വാതിലുകൾ വീണ്ടും തുറന്നിട്ട് എൽഡിഎഫ്; ബിജെപിയും പ്രതീക്ഷ കൈവിട്ടില്ല; രോഷം അതിരു കടന്നാൽ പണികൊടുക്കുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഭീഷണി

സുകേശന്റെ പേരിൽ കോൺഗ്രസുമായി പരസ്യമായി കലഹിക്കാൻ ഒരുങ്ങി മാണി വിഭാഗം; വാതിലുകൾ വീണ്ടും തുറന്നിട്ട് എൽഡിഎഫ്; ബിജെപിയും പ്രതീക്ഷ കൈവിട്ടില്ല; രോഷം അതിരു കടന്നാൽ പണികൊടുക്കുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബാർ കോഴക്കേസിൽ കുടുക്കി കെ.എം. മാണിയെ രാജിവയ്പിച്ചതിന് പിന്നിൽ ഇരട്ട നീതിയും ഗൂഢാലോചനയുമെന്ന പഴയ ആരോപണം വീണ്ടും ശക്തമാക്കി കോൺഗ്രസിനേയും ഐ ഗഗ്രൂപ്പിനേയും പ്രതിക്കൂട്ടിലാക്കാൻ കേരള കോൺഗ്രസ് (എം) നീക്കം സജീവമാക്കുന്നു. മുന്നണി മാറ്റത്തിന്റെ സാധ്യത വീണ്ടും സജീവമാകുന്നുവെന്ന തരിച്ചറിവാണ് ഇതിന് കാരണം. ബാർ കോഴയിൽ കുറ്റവിമുക്തി നേടിയാൽ മാണിയെ ഉൾക്കൊള്ളാൻ സിപിഐ(എം) തയ്യാറാണ്. ബാർ കോഴയിലെ ഗൂഢാലോചന തിയറി വീണ്ടും ചർച്ചയാക്കുമ്പോൾ ഇടതുപക്ഷം മാണിയെ നോട്ടമിട്ട് നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപിയും സജീവമാണ്. ഇതോടെ ബാർ കോഴയിലെ ചതി വീണ്ടും ചർച്ചയാക്കാനാണ് മാണിയുടെ നീക്കം. അതിനിടെ മുന്നണി വിട്ടാൽ വിജിലൻസ് റിപ്പോർട്ടുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സൂചന നൽകിയിട്ടുണ്ട്. ബാർ കോഴയിൽ കുറ്റവിമുക്തി ആഗ്രഹിക്കുന്നുവെങ്കിൽ യുഡിഎഫുമായി സഹകരിക്കണമെന്നാണ് ചെന്നിത്തലയുടെ നിലപാട്.

ബാർ കോഴയിൽ ചെന്നിത്തലയ്ക്ക് എതിരെ ആരോപണം ഉയർന്നപ്പോഴാണ് സുകേശന്റെ ഗൂഢാലോചന ചർച്ചയായത്. എന്നാൽ ബിജെപിയുമായി കേരളാ കോൺഗ്രസ് അടുക്കുന്നുവെന്ന അഭ്യൂഹമാണ് എല്ലാത്തിനും കാരണമെന്ന് കേരളാ കോൺഗ്രസ് പറയുന്നു. ഭരണ തുടർച്ച ലക്ഷ്യമിടുന്ന കോൺഗ്രസിന് മാണിയുടെ വിട്ട് പോക്ക് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് എല്ലാം മാറി മറിഞ്ഞത്. അതുകൊണ്ട് തന്നെ നിലപാട് കടുപ്പിക്കാനാണ് കേരളാ കോൺഗ്രസ് രംഗത്ത് വന്നത്. ഐ ഗ്രൂപ്പിനെ ഉന്നംവച്ചാണ് ആഭ്യന്തരവകുപ്പിനെതിരെ മാണിഗ്രൂപ്പ് ഗൂഢാലോചന ആരോപണം ഉന്നയിക്കുന്നത്. ബിജു രമേശുമായുള്ള ബന്ധം കാരണം മന്ത്രിമാരെ ബാർകോഴ കേസിൽ കുടുക്കാൻ വിജിലൻസ് എസ്‌പി ആർ. സുകേശൻ കൂട്ടുനിന്നെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർ ശങ്കരറെഡ്ഡി അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. ബാർ കോഴക്കേസിന്റെ തുടക്കത്തിലേ അന്വേഷണത്തിൽ ഗൂഢാലോചനയുണ്ടെന്ന് മാണി പരസ്യമായി ആരോപിച്ചിരുന്നു. എന്നാൽ ആഭ്യന്തരവകുപ്പ് ഇതേക്കുറിച്ച് പ്രതികരിച്ചില്ല . മാണി രാജിവയ്ക്കുംവരെ ഇതിനെപ്പറ്റിയുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിഗണിക്കപ്പെട്ടിരുന്നില്ല.

മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ്. ശിവകുമാർ എന്നീ ഐ ഗ്രൂപ്പ് നേതാക്കൾക്കെതിരെ ബാർ കോഴ ആരോപണം ഉണ്ടായപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശൻ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തൽ പുറത്തുവിട്ടത്. ഇതാണ് കേരളാ കോൺഗ്രസിനെ ചൊടിപ്പിക്കുന്നത്. ഈ റിപ്പോർട്ട് നേരത്തെ പരസ്യമായിരുന്നുവെങ്കിൽ മാണിക്ക് ധനമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരില്ലായിരുന്നു. സുകേശനെതിരായ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് പൂഴ്‌ത്തിവച്ചത് ശരിയായില്ലെന്ന് ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. റിപ്പോർട്ട് ഒരു വർഷത്തോളം പൂഴ്‌ത്തിയതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു കെ.എം. മാണിയുടെ മറുപടി. ഗൂഢാലോചന സംബന്ധിച്ച് വരും ദിവസങ്ങളിൽ സത്യം പുറത്തുവരുമെന്നും മാണി കൂട്ടിച്ചേർത്തു. ഈമാസം 16ന് ബാർ കോഴക്കേസ് കോടതി പരിഗണിക്കുമ്പോൾ അനുകൂല തീരുമാനമോ പരാമർശമോ ഉണ്ടായാൽ ഐ ഗ്രൂപ്പിനെതിരെ മാണി ഗ്രൂപ്പ് തിരിച്ചടിക്കുമെന്നാണ് സൂചന. അതുവരെ ശക്തമായ പ്രതികരണം വേണ്ടെന്ന നിർദ്ദേശവും നേതാക്കൾക്ക് നൽകിയിട്ടുണ്ട്.

ഇത്തരമൊരു പരാമർശം വന്നാൽ മുന്നണി മാറ്റമാണ് മാണിയുടെ മനസ്സിൽ. ഇത് തിരിച്ചറിഞ്ഞാണ് രമേശ് ചെന്നിത്തലയുടെ പുതിയ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ബാർ കോഴയിൽ മാണിയെ പ്രതിക്കൂട്ടിൽ നിർത്താൻ തന്നെയാണ് ചെന്നിത്തലയുടെ ആഗ്രഹം. ബാർ കോഴക്കേസിലെ പരാതിക്കാരൻ ബിജുരമേശും ബാറുടമകളുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയിൽ പിടിച്ച് കോഴക്കേസ് ഒന്നാകെ ഇല്ലാതാക്കാമെന്നാണ് ചെന്നിത്തലയുടെ നിലപാട്. എസ്‌പി ആർ. സുകേശനെ സസ്‌പെൻഡ് ചെയ്യുന്നതിലൂടെ അന്വേഷണ ഉദ്യോഗസ്ഥനും പരാതിക്കാരനും തമ്മിലുള്ള ഗൂഢാലോചനയാണ് കോഴക്കേസിനു പിന്നിലുള്ളതെന്ന് വരുത്തിതീർത്ത് പ്രതിസ്ഥാനത്തുള്ളവരെ മുക്തരാക്കാനാണ് നീക്കം. എസ്‌പി സുകേശൻ ബാർകേസിൽ നൽകിയ അന്വേഷണ റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നതിനാൽ തത്കാലം പരിഗണിക്കേണ്ടതില്ലെന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിക്കാൻ ആലോചിക്കുന്നതായി ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ മാണിയുടെ രാഷ്ട്രീയ നിലപാടാകും നിർണ്ണായകം. 

സുകേശൻ നിർബന്ധപൂർവം കെ.എം. മാണിക്കെതിരായി മൊഴി എഴുതി വാങ്ങുകയായിരുന്നുവെന്ന് കോട്ടയം, എറണാകുളം ജില്ലകളിലെ ബാറുടമകളുടെ മൊഴിയും ഉണ്ട്. സുകേശനെതിരായ കൂടുതൽ തെളിവുകൾ രണ്ടുദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നും കടുത്ത നടപടികളുണ്ടാവുമെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് നിരീക്ഷിക്കുന്നുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ സ്വാധീനം ഉറപ്പിക്കാൻ കേരളാ കോൺഗ്രസിന്റെ കൂട്ട് സിപിഐ(എം) ആഗ്രഹിക്കുന്നുണ്ട്. മാണിയെ അടർത്തി മന്ത്രിസഭ വീഴ്‌ത്താൻ ശ്രമമുണ്ടായപ്പോഴാണ് ബാർ കോഴ ആരോപണം തന്നെ ഉയർന്നത്. അതുകൊണ്ട് മാത്രമാണ് മാണിയുടെ ഇടത് മോഹം നടക്കാതെ പോയത്. മാണിയെ കുറ്റവിമുക്തനാക്കിയാൽ സിപിഐ(എം) ആ അവസരം വീണ്ടും മുതലെടുക്കും. എല്ലാം കോൺഗ്രസ് ഗൂഢാലോചനയെന്ന് വ്യക്തമാക്കി മാണിയെ വീണ്ടും അടുപ്പിക്കും. ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകും. ബിജെപിയും മാണിയെ കൂടെക്കൂട്ടാൻ എന്തിനും തയ്യാറായി നിൽപ്പുണ്ട്.

ഈ രാഷ്ട്രീയ സാഹചര്യമാണ് കോൺഗ്രസിനെ അങ്കലാപ്പിലാക്കുന്നത്. അതുകൊണ്ട് കരുതലോടെ ഈ സാഹചര്യത്തെ നേരിടാനാണ് നീക്കം. ബാർ കോഴയുടെ ശക്തി ചോർത്താതെ മാണിയെ അനുനയിപ്പിക്കാനാണ് അവരുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP