Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് സഹകരണത്തിൽ ഉറച്ച് യെച്ചൂരി; ജനറൽ സെക്രട്ടറിയെ മാറ്റി പാർട്ടി പിടിക്കാൻ ഉറച്ച് പിണറായിയും; ഹൈദരാബാദിൽ കാരാട്ട് വീണ്ടും സിസിക്കായി രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കാൻ സാധ്യത; ബദൽ നീക്കവുമായി ഔദ്യോഗിക പക്ഷവും: സിപിഎമ്മിൽ പ്രത്യയശാസ്ത്ര ചർച്ചകളിൽ നിറയുന്നത് വിഭാഗീയത തന്നെ

കോൺഗ്രസ് സഹകരണത്തിൽ ഉറച്ച് യെച്ചൂരി; ജനറൽ സെക്രട്ടറിയെ മാറ്റി പാർട്ടി പിടിക്കാൻ ഉറച്ച് പിണറായിയും; ഹൈദരാബാദിൽ കാരാട്ട് വീണ്ടും സിസിക്കായി രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കാൻ സാധ്യത; ബദൽ നീക്കവുമായി ഔദ്യോഗിക പക്ഷവും: സിപിഎമ്മിൽ പ്രത്യയശാസ്ത്ര ചർച്ചകളിൽ നിറയുന്നത് വിഭാഗീയത തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കോൺഗ്രസുമായുള്ള സഹകരണത്തിന്റെ പേരിൽ സിപിഎമ്മിൽ തർക്കം മുറുകുന്നുവെന്ന് സൂചന. കൊൽക്കത്തയിലെ ചരിത്രം ഹൈദരാബാദിൽ ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ. കൊൽക്കത്തയിൽ പതിനാറാം പാർട്ടി കോൺഗ്രസിൽ സംഭവിച്ചതുപോലെ, ജനറൽ സെക്രട്ടറി തന്നെ ബദൽ രേഖ അവതരിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തൽ. പിബിയിലും കേന്ദ്ര കമ്മറ്റിയിലും ബഹുഭൂരിഭാഗവും കോൺഗ്രസുമായുള്ള പരസ്യ ബാന്ധവത്തെ എതിർക്കുകയാണ്. ഇതാണ് ജനറൽ സെക്രട്ടറിക്ക് ബദൽ അവതരിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്.

19 വർഷം മുൻപു രാഷ്ട്രീയസംഘടനാ റിപ്പോർട്ടിലെ പരാമർശമായിരുന്നു തർക്കമായിരുന്നു സിപിഎമ്മിൽ പ്രശ്‌നമായത്. എന്നാൽ ഇത്തവണ രാഷ്ട്രീയ പ്രമേയത്തെക്കുറിച്ചും. ഐക്യമുന്നണി സർക്കാരിൽ ചേരേണ്ടെന്നും ജ്യോതി ബസു പ്രധാനമന്ത്രിയാകേണ്ടെന്നും 1996 മേയിലാണു കേന്ദ്ര കമ്മിറ്റി (സിസി) തീരുമാനിച്ചത്. 1998ൽ കൊൽക്കത്തയിലെ പാർട്ടി കോൺഗ്രസിനു മുന്നോടിയായി ചേർന്ന സിസിയിൽ അന്നത്തെ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തും ജ്യോതി ബസുവും ഒരാവശ്യമുന്നയിച്ചു. 1996ലെ തീരുമാനം പാർട്ടി കോൺഗ്രസ് ചർച്ചചെയ്യണം. അന്നത്തെ തീരുമാനത്തെക്കുറിച്ചു രാഷ്ട്രീയസംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ട ഭാഗത്തെക്കുറിച്ചു ചർച്ച വന്നപ്പോഴാണു ഈ ആവശ്യമുന്നയിച്ചത്.

1998 ഒക്ടോബർ അഞ്ചു മുതൽ 11 വരെ നടന്ന പാർട്ടി കോൺഗ്രസിൽ സിസിയുടെ ഭൂരിപക്ഷ നിലപാടു വിശദീകരിച്ചുള്ള രേഖ പ്രകാശ് കാരാട്ട് അവതരിപ്പിച്ചു; ന്യൂനപക്ഷ നിലപാടിന്റെ ബദൽ രേഖ ജനറൽ സെക്രട്ടറി സുർജിത്തും. കാരാട്ടിന്റെ രേഖ പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. രാഷ്ട്രീയസംഘടനാ റിപ്പോർട്ടിന്റെ അനുബന്ധമായി ബദൽ നിലപാടും ഉൾപ്പെടുത്തി. അങ്ങനെ കൊൽക്കത്തിയിൽ പുതു ചരിത്രവും രേഖപ്പെടുത്തി. ബസുവിനെ പ്രധാനമന്ത്രിയാക്കാത്ത തീരുമാനത്തെ ചരിത്ര പരമായ മണ്ടത്തരമെന്ന് പിന്നീട് സി.പി.എം വിലയിരുത്തുകയും ചെയ്തു. ഇപ്പോൾ യെച്ചൂരിക്കെതിരെ കാരാട്ട് നീങ്ങുന്നത് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയാണ്. യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയെന്ന ലക്ഷ്യവും ഈ തന്ത്രത്തിന് പിന്നിലുണ്ട്. അതുകൊണ്ട് തന്നെ ഹൈദരബാദ് പാർട്ടി കോൺഗ്രസിലെ നീക്കങ്ങൾ അതീവ പ്രാധാന്യമുള്ളതാകും.

ബിജെപിയെ ചെറുക്കുന്നതിനു കോൺഗ്രസുമായി തിരഞ്ഞെടുപ്പു കൂട്ടുകെട്ടാകാമോ എന്നതിലാണ് ഇപ്പോൾ പൊളിറ്റ് ബ്യൂറോയിലെ തർക്കം. അതു പരിഹരിക്കാനാവുമോയെന്ന് അടുത്ത മാസം രണ്ടിന്റെ പിബിയിൽ വ്യക്തമാവും. യെച്ചൂരിയും കാരാട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അതുകൊണ്ട് തന്നെ യെച്ചൂരിയുടെ ആവശ്യങ്ങൾ പിബിയിലെ ബഹുഭൂരിഭാഗവും തള്ളും. കാരാട്ടിന് കേരളത്തിന്റെ പിന്തുണയുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രകമ്മറ്റിയും യെച്ചൂരിയുടെ രേഖ തള്ളും. അങ്ങനെ വന്നാൽ യെച്ചൂരി തന്റെ നിലപാടുകൾ പാർട്ടി കോൺഗ്രസിൽ ബദലായി അവതരിപ്പിക്കും. 1998ലേതു പോലെ, അടുത്ത വർഷവും ജനറൽ സെക്രട്ടറിയുടെ പക്ഷത്തെ എതിർക്കുന്നതു കാരാട്ടിന്റെ നേതൃത്വത്തിലാവും.

സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായാവും രാഷ്ട്രീയ പ്രമേയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു നേതൃത്വം രണ്ടു രേഖകൾ പാർട്ടി കോൺഗ്രസിൽ വയ്ക്കുന്നത്. നേതൃത്വത്തിൽ തർക്കമുള്ളതു കോൺഗ്രസിനോടുള്ള സമീപനത്തെക്കുറിച്ചു മാത്രമാണ്. ആ ഭാഗം സംബന്ധിച്ച ഭൂരിപക്ഷ (കാരാട്ട്പക്ഷ) നിലപാടു കരടു പ്രമേയത്തിൽ ഉൾപ്പെടുത്തുമെന്നാണ് ഇപ്പോഴത്തെ സൂചന. ബദൽ നിലപാട് കരടിന്റെ അനുബന്ധമായി നൽകും. ഇപ്പോഴത്തെ സാഹചര്യത്തിൽ യെച്ചൂരിയുടെ നിലപാടുകൾ തള്ളി കാരാട്ടിന്റെ ആവശ്യങ്ങൾ കേന്ദ്ര കമ്മറ്റി അംഗീകരിക്കും.

മാറിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അടവുനയത്തിൽ വരുത്തേണ്ട മാറ്റം പാർട്ടി കോൺഗ്രസ് ചർച്ചചെയ്യുമെന്നു പറഞ്ഞു തന്റെ നിലപാടു കഴിഞ്ഞ ദിവസം യച്ചൂരി സൂചിപ്പിച്ചിരുന്നു. ഇതിനെ, അടവുനയം മാറ്റാൻ തീരുമാനിച്ചെന്നു വ്യാഖ്യാനിച്ചു പല മാധ്യമങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്നലെ പിബി പ്രസ്താവനയിറക്കി. കൂട്ടുകെട്ടുകളിൽ മാറ്റം വേണമെന്നു പിബി തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും കരടു പ്രമേയത്തെക്കുറിച്ചു ചർച്ചകൾ തുടങ്ങിയിട്ടേയുള്ളൂവെന്നും പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP