Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആരുടെ സമ്മർദ്ദം ജയിക്കും? ഗണേശിനെ മുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന ലീഗ് ആവശ്യം മുഖ്യമന്ത്രിക്ക് ഊരാക്കുടുക്കാകും; ബാർകോഴയിൽപ്പെട്ടുഴലുന്ന സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്കോ?

ആരുടെ സമ്മർദ്ദം ജയിക്കും? ഗണേശിനെ മുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന ലീഗ് ആവശ്യം മുഖ്യമന്ത്രിക്ക് ഊരാക്കുടുക്കാകും; ബാർകോഴയിൽപ്പെട്ടുഴലുന്ന സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പലവിധ ആരോപണങ്ങളിൽ പെട്ടുഴലുന്ന സർക്കാരിന് പുതിയ തിരിച്ചടിയാണ് പൊതുമരാമത്ത് മന്ത്രിക്ക് എതിരെയുള്ള ഗണേശ് കുമാർ എംഎൽഎയുടെ ആരോപണങ്ങൾ. ഉദ്യോഗസ്ഥ കാട്ടുപോത്തുകളുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് ഗണേശ് പരസ്യപ്രസ്താവന നടത്തുമ്പോൾ ഉന്നതരായ ഇത്രയുമൊന്നും ആരും കരുതിയില്ല. കാട്ടുപോത്തുകളുടെ കൂട്ടത്തിൽ ഒരു മന്ത്രികൂടിയുണ്ടെന്ന് ഗണേശ് വെളിപ്പെടുത്തുമ്പോൾ ഗൗരവത്തിന്റെ സങ്കീർണത കൂടുന്നു. ഈ വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയും പ്രതിസന്ധിയിലായി.

പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ സഭാ സമിതിയുടെ അന്വേഷണമാണ് ഗണേശ് കുമാർ ആവശ്യപ്പെട്ടത്. കഴമ്പുണ്ടെങ്കിൽ സിബിഐ അന്വേഷണവും. അതായത് സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്ന് കൂടി ഗണേശ് വിശദീകരിക്കുന്നു. സഭയ്ക്കുള്ളിൽ ഭരണപക്ഷത്ത് നിന്നൊരു എംഎൽഎ ആരോപണം ഉന്നയിക്കുന്നത് അസ്വാഭാവികമായ സ്ഥിതി വിശേഷമാണ്. ഇത് സഭയിൽ മുതലാക്കാൻ പ്രതിപക്ഷം നടപടി തുടങ്ങിക്കഴിഞ്ഞു. ആരോപണമുന്നയിച്ച ശേഷം സഭാ സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് നടുത്തളത്തിൽ കുത്തിയിരുപ്പും നടത്തി. ഏതായാലും ബാർ കോഴയിലും സൂരജ് വിഷയത്തിലുമുണ്ടായ പാളിച്ചകൾ വരാതെ ഭരണപക്ഷത്തിനെതിരെ ആഞ്ഞെടിക്കാൻ ആയുധങ്ങൾ മൂർച്ച കൂട്ടിയാകും നാളെ നിയമസഭ എത്തുക.

അതിനിടെ യുഡിഎഫിൽ നിന്ന് ഗണേശിനെ പുറത്താക്കണമെന്ന ആവശ്യം മുസ്ലിം ലീഗിലെ ഒരു വിഭാഗം ശക്തമാക്കി കഴിഞ്ഞു. എന്നാൽ അതിന് അത്രവേഗം യുഡിഎഫിന് കഴിയുമോ എന്ന സംശയവും സജീവമാണ്. ആരോപണത്തിൽപ്പെട്ട മാണിയേയും ഇബ്രാഹിം കുഞ്ഞിനേയും സംരക്ഷിക്കുന്ന നേതൃത്വം അഴിമതി ഉയർത്തിക്കാട്ടിയ ഗണേശിനെ എങ്ങനെ പുറത്താക്കും? അത് ഗണേശിന് പുതിയൊരു ഇമേജ് നൽകാനും ഭരണ പക്ഷത്തെ കൂടുതൽ പ്രതിസന്ധിയിലെത്തിക്കാനുമേ ഉപകരിക്കൂ എന്ന വാദവും സജീവമാണ്. എതെല്ലാം വെട്ടിലാക്കുന്നത് മുഖ്യമന്ത്രിയെ ആണ്. ആരേയും പിണക്കാതെ എങ്ങനെ ഈ വിഷയം പരിഹരിക്കുമെന്നതാണ് ശ്രദ്ധേയം. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ നിലപാടും നിർണ്ണായകമാകും. അങ്ങനെ 15ന് ചേരുന്ന യുഡിഎഫ് യോഗം നിർണ്ണായകവുമാകുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണം അഴിമതിയിൽ മുങ്ങിയെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ബാർ കോഴയിൽ മന്ത്രി കെ എം മാണി കുടുങ്ങി. അവിടെ ആരോപണം ഉന്നയിച്ചത് ബിജു രമേശെന്ന ബാർ മുതലാളിയാണ്. ബിജു രമേശിനെ തള്ളിപ്പറഞ്ഞ് മാണിക്ക് പിന്നിൽ അണി നിരക്കാൻ എളുപ്പത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. എന്നാൽ സ്വന്തം മന്ത്രിസഭയിൽ അംഗമായിരുന്ന ഗണേശ് ആരോപണം ഉന്നയിക്കുമ്പോൾ അദ്ദേഹത്തെ തള്ളിപ്പറയാൻ കഴിയില്ല. അതും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന വിഷയത്തിൽ നീതി കിട്ടാത്തതിനാലാണ് സഭയിൽ പറയേണ്ടി വന്നതെന്ന പരോക്ഷ സൂചന ഗണേശ് നൽകി കഴിഞ്ഞു. ഇതു തന്നെയാകും നാളെ മുതൽ പ്രതിപക്ഷം സഭയിൽ നിറയ്ക്കുക. മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പത്രസമ്മേളനത്തിൽ പുറത്തുവിടുമെന്ന് ഗണേശ് വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരമൊരു ആരോപണം എംഎൽഎ ഉന്നയിച്ചിട്ടും മുഖ്യന്ത്രി അന്വേഷണം നടത്തിയില്ലെന്ന ഗൗരവമായ ആരോപണവും പ്രതിപക്ഷം സജീവമാക്കും.

ബാർ കോഴയിൽ യുഡിഎഫിലുണ്ടായ പ്രതിസന്ധി കൂട്ടുന്നതുകൂടെയാണ് ഈ ആരോപണം. മാണിക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചതിന് പിന്നിൽ കോൺഗ്രസിലെ ഐ വിഭാഗമെന്നാണ് ആക്ഷേപം. രണ്ട് മന്ത്രിമാർ ഗൂഡാലോചന നടത്തിയെന്ന് മാണിക്ക് തന്നെ പരാതിയുമുണ്ട്. ഇതെല്ലാം ഒരുതരത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പറഞ്ഞ് പരിഹരിച്ചത്. എന്നാൽ കുരുക്ക് പൂർണ്ണമായും അഴിഞ്ഞെന്ന് കരുതുകയും വയ്യ. കാരണം ഈ വിഷയത്തിൽ മാണിക്കെതിരെ കേസ് എടുക്കണമോ എന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാം എന്നാണ് ഹൈക്കോടതി നിരീക്ഷണം. ബിജു രമേശാകട്ടെ കുറേ നാളുകളായി നിശബ്ദതയിലുമാണ്. ഗണേശ് കുമാർ ഉയർത്തിയ വിവാദമുണ്ടാക്കുന്ന രാഷ്ട്രീയാവസ്ഥ മുതലെടുക്കാൻ ബിജു രമേശു കൂട്ടരുമെത്തിയാൽ സ്ഥിതിഗതികൾ ഇനിയും വഷളാകും.

മന്ത്രി മാണിക്കെതിരെ വിജലൻസ് കേസ് എടുത്തില്ലെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്ന് ബിജുരമേശ് പരസ്യമായി പറഞ്ഞിട്ടുണ്ട്. അച്ഛൻ രമേശൻ കോൺട്രാക്ടറുടെ മരണവുമായി ബന്ധപ്പെട്ട് പൊതുവേദികളിൽ ബിജു രമേശ് നിലവിൽ സജീവമല്ല. ഇതുകൊണ്ട് മാത്രമാണ് മിണ്ടാതിരിക്കുന്നതെന്ന പ്രചരണം വിശ്വസ്തരിലൂടെ ബിജു രമേശ് പ്രചരിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫിലുണ്ടാകുന്ന പ്രതിസന്ധിയെ സമർത്ഥമായി ബാർ ലോബി ഇനിയും പ്രയോജനപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് സാരം. അതിനാൽ ഗണേശ് കുമാറുയർത്തിയ പ്രശ്‌നത്തെ ശ്രദ്ധാപൂർവ്വമേ കൈകാര്യം ചെയ്യൂ. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വേഷണം പ്രഖ്യാപിച്ച് ഗണേശിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കും. അപ്പോഴും ഇനി ഒരു മന്ത്രിക്ക് എതിരെ കൂടി പറയാനുണ്ടെന്ന ഗണേശിന്റെ വാക്കുകൾ വെല്ലുവിളിയായി തുടരും.

മദ്യനയത്തിലെ ഏറ്റുമുട്ടലുകൾ പുതിയൊരു തലത്തിലെത്തുമ്പോഴാണ് ഈ വിവാദവുമെത്തുന്നത്. ഞായറാഴ്ച ഡ്രൈഡേ ആക്കിയത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ വലിയ പ്രതിസന്ധി സർക്കാരിന് മുന്നിലുണ്ട്. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഉയർത്തുന്ന വെല്ലുവിളിയെ അതിജീവിച്ച് ബാറുടമകൾക്ക് അനുകൂലമായി നീങ്ങാമെന്ന സ്ഥിതിയെത്തുമ്പോഴാണ് കൂടുതൽ കുഴപ്പത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷവും ഇതോടെ സുധീരനെ പിന്തുണച്ചെത്തിക്കഴിഞ്ഞു. മദ്യനയത്തിൽ ഒരു മാറ്റവും വേണ്ടെന്ന് ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി കഴിഞ്ഞു. ഇതിനൊപ്പം ക്രൈസ്തവ സഭകളും എതിരാണ്. അതുകൊണ്ട് തന്നെ ബാറുടമകളെ ആശ്വസിപ്പിക്കുന്ന തീരുമാനം എടുക്കാൻ സർക്കാരിന് കഴിയുമോ എന്നതും ചോദ്യമായി അവശേഷിക്കുന്നു.

ഏതായാലും മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാൽ മന്ത്രിസഭയിൽ തിരിച്ചെത്തണമെന്ന ആവശ്യം ഗണേശിന് ഇനി ഉന്നയിക്കാൻ കഴിയില്ലെന്ന വാദവും സജീവമാണ്. അതും മറ്റൊരു മന്ത്രിയെ കൂടി അഴിമതിയുടെ നിഴലിൽ നിർത്തിയതിനാൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP