Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി മുന്നേറ്റം നൽകിയ ആത്മവിശ്വാസം മുതലെടുത്ത് മഹാഭൂരിപക്ഷത്തിൽ അധികാരമേറ്റ കെജ്രിവാൾ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം സജീവം; പിരിച്ചുവിടലോ കാലുവാരിയുള്ള അട്ടിമറിയോ സജീവ പരിഗണനയിൽ; ആംആദ്മി തരംഗം തീർന്നതോടെ നിരവധി എംഎൽഎമാർ മറുകണ്ടം ചാടുമെന്ന് സൂചനകൾ

ബിജെപി മുന്നേറ്റം നൽകിയ ആത്മവിശ്വാസം മുതലെടുത്ത് മഹാഭൂരിപക്ഷത്തിൽ അധികാരമേറ്റ കെജ്രിവാൾ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം സജീവം; പിരിച്ചുവിടലോ കാലുവാരിയുള്ള അട്ടിമറിയോ സജീവ പരിഗണനയിൽ; ആംആദ്മി തരംഗം തീർന്നതോടെ നിരവധി എംഎൽഎമാർ മറുകണ്ടം ചാടുമെന്ന് സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി നിയമസഭയിലും താമസിയാതെ ബിജെപി അധികാരത്തിലെത്തുമോ? അങ്ങനെ കരുതുന്നവരും ഏറെയാണ്. ഡൽഹിയിലെ 70 അംഗ നിയമസഭയിൽ 67 പേരും ആംആദ്മിക്കാരാണ്. ഇവരിൽ 40 പേരെ മറുകണ്ടം ചാടിക്കാനുള്ള നീക്കം ബിജെപി തുടങ്ങിയതായാണ് സൂചന. നാൽപത് പേരും രാജിവയ്ക്കുകയോ ബിജെപിയിൽ ചേരുകയോ ചെയ്യുമെന്നാണ് സൂചന. ഇതിനുള്ള നീക്കം ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തുന്നതായി ആംആദ്മി പാർട്ടിക്ക് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള ശ്രമത്തിലാണ് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ.

ഡൽഹിയിൽ നിന്നു രാജ്യസഭയിലേക്കുള്ള മൂന്ന് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കം. ഡൽഹിയിൽ ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചിരുന്നു. രജൗജി ഗാർഡനിൽ അത്യാവശ്യം വേണ്ട ഭൂരിപക്ഷവും കിട്ടി. തൊട്ടു പിന്നാൽ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പും തൂത്തുവാരി. ഈ സാഹചര്യത്തിൽ കേജ്‌രിവാളിനെതിരെ ആംആദ്മിയിൽ പടപുറപ്പാടുകളുണ്ട്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയെ പലരും വിമർശിക്കുന്നു. ഇതിനൊപ്പം രാജ്യസഭയിൽ അംഗബലം കാട്ടാനും ബിജെപിക്ക് ഡൽഹി നിർണ്ണായകമാണ്. അതു കൊണ്ട് കൂടിയാണ് കരുതലോടെ ബിജെപി ഡൽഹി പിടിക്കാൻ നീങ്ങുന്നത്.

ജനുവരിയിലാണു രാജ്യസഭയിൽ ഡൽഹിയെ പ്രതിനിധീകരിക്കുന്ന മൂന്നു പേരുടെ ഒഴിവു വരുന്നത്. ഇതിനു മുൻപു ഡൽഹിയിൽ എഎപി സർക്കാരിനെ താഴെയിറക്കുകയാണു ബിജെപിയുടെ ലക്ഷ്യം. എഎപിയെ പിളർത്തിയോ, എംഎൽഎമാരെക്കൊണ്ടു രാജിവയ്പിച്ച് ഉപതിരഞ്ഞെടുപ്പു നടത്തിയോ അധികാരത്തിലെത്താനാണു ബിജെപിയുടെ നീക്കം. കോർപറേഷൻ തിരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കേയാണു ബവാന എംഎൽഎ വേദ് പ്രകാശ് ബിജെപിയിൽ ചേർന്നത്. ബവാനയെ മുന്നിൽ നിർത്തി കൂടുതൽ എംഎൽഎമാരെ മറുകണ്ടം ചാടിക്കാനാണ് നീക്കം.

കേജ്‌രിവാളിന്റെ നിലപാടിൽ പ്രതിഷേധമുള്ള എഎപിയിലെ മുപ്പതിലേറെ അംഗങ്ങളുണ്ടെന്നും അവരും ബിജെപിയിൽ ചേരാനുള്ള സാധ്യതയുണ്ടെന്നും വേദ് പ്രകാശ് പറഞ്ഞിരുന്നു. എംപി സ്ഥാനം നൽകാമെന്നു വാഗ്ദാനം ചെയ്ത് ബിജെപി നേതാവു തന്നെ വിളിച്ചിരുന്നതായി ചാന്ദ്‌നി ചൗക്ക് എംഎൽഎ അൽക ലാംബ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ചർച്ചകളും ചരടുവലികളും നടക്കുന്നുവെന്നത് വ്യക്തമാണ്. നേരത്തേ ബിജെപിക്കൊപ്പം പ്രവർത്തിച്ചവരായ എഎപി എംഎൽഎമാരെയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

മുന്മന്ത്രിമാർ ഉൾപ്പെടെ 15 എഎപി എംഎൽഎമാർക്ക് എതിരെ കേസ് നിലവിലുണ്ട്. ഇവരിൽ ചിലരെ ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഎപി വൃത്തങ്ങൾ പറഞ്ഞു. എഎപി സർക്കാർ പാർലമെന്ററികാര്യ സെക്രട്ടറിമാരായി നിയമിച്ച 21 എംഎൽഎമാരെ ഇരട്ടപ്പദവി വിഷയത്തിൽ അയോഗ്യരാക്കണമെന്ന പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ വാദം പൂർത്തിയായിട്ടുണ്ട്. ഉത്തരവ് അടുത്തു തന്നെ ഉണ്ടാകും. ഇവരെ അയോഗ്യരാക്കിയാൽ അതും ബിജെപിക്ക് ഗുണകരമാകും. ഇവിടെ നടക്കാനിടയുള്ള ഉപതിരഞ്ഞെടുപ്പിലെല്ലാം ജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആംആദ്മിയിൽ കലാപം ഉയർന്നാൽ നിയമസഭ പിരിച്ചുവിടുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്.

ജില്ലാതല ദുരന്ത നിവാരണ സമിതിയിൽ അംഗങ്ങളായ 27 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതിയും കമ്മിഷനു മുന്നിലുണ്ട്. രാഷ്ട്രപതി ഭരണകാലത്തു ലഫ്. ഗവർണറാണ് ഇവരെ നിയമിച്ചത്. ഇവരെയും അയോഗ്യരാക്കിയാൽ ഫലത്തിൽ അത് നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമാകും. 48 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് വരും. എഴുപതിൽ 67 സീറ്റുമായാണ് എഎപി അധികാരത്തിലെത്തിയത്. രൗജരി ഗാർഡനിൽ ബിജെപി വിജയിക്കുകയും വേദ് പ്രകാശ് രാജിവയ്ക്കുകയും ചെയ്തതോടെ എഎപി 65ലേക്കു ചുരുങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP