Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ മനസ്സിൽ ശ്രീധരൻ തന്നെ; ഉത്തരേന്ത്യൻ ലോബിക്ക് താൽപ്പര്യം ദ്രൗപദി മുർമുവിനെ; ജനകീയ പരിവേഷവുമായി സുഷമാ സ്വരാജും മുൻഗണനാ പട്ടികയിൽ; എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയിൽ നിർണ്ണായകമാവുക ആർഎസ്എസ് നിലപാട്; പൊതു സമ്മതനെന്ന വിലയിരുത്തൽ മെട്രോമാന് അനുകൂലമാകുമോ?

മോദിയുടെ മനസ്സിൽ ശ്രീധരൻ തന്നെ; ഉത്തരേന്ത്യൻ ലോബിക്ക് താൽപ്പര്യം ദ്രൗപദി മുർമുവിനെ; ജനകീയ പരിവേഷവുമായി സുഷമാ സ്വരാജും മുൻഗണനാ പട്ടികയിൽ; എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയിൽ നിർണ്ണായകമാവുക ആർഎസ്എസ് നിലപാട്; പൊതു സമ്മതനെന്ന വിലയിരുത്തൽ മെട്രോമാന് അനുകൂലമാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മെട്രോറെയിൽ ശില്പിയും മലയാളിയുമായ ഇ. ശ്രീധരനെ രാഷ്ട്രപതിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിയായ താൽപ്പര്യം. എന്നാൽ രാഷ്ട്രീയക്കാരെ ഈ പദവിയിലേക്ക് നിയോഗിച്ചാൽ മതിയെന്നാണ് ബിജെപിയിലെ വിലിയൊരു വിഭാഗത്തിന്റെ നിലപാട്. ജാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമുവിനൊപ്പം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പേരും സജീവ പരിഗണനയിലാണ്. ഒഡീഷയിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ദ്രൗപദി മർമുവിന് വേണ്ടി ബിജെപിയിലെ ഉത്തരേന്ത്യൻ ലോബി ചരട് വലിക്കുന്നു. ജനകീയ മുഖമാണ് സുഷമാ സ്വരാജിന്റെ കരുത്ത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള സുഷമയെ രാഷ്ട്രപതിയാക്കണമെന്നാണ് അദ്വാനി പക്ഷത്തിന്റെ ആഗ്രഹം. ഇക്കാര്യത്തിൽ ആർഎസ്എസ് നിലപാടാകും നിർണ്ണായകം.

മോദിയുടെ പിന്തുണയുള്ളതിനാൽ ശ്രീധരനാണ് കൂടുതൽ സാധ്യതയെന്നാണ് സൂചന. എന്നാൽ, ഭരണവൃത്തങ്ങളോ ബിജെപി. വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മെട്രോമാൻ എന്നറിയപ്പെടുന്ന ഇ. ശ്രീധരനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യം ആദരവോടെ കാണുന്ന ശ്രീധരനെ എതിർക്കാൻ പ്രതിപക്ഷം തയ്യാറാകില്ലെന്നും ഇതിന് ഉപോദ്ബലകമായി പറയപ്പെടുന്നു. മുമ്പ് ബിജെപി കേന്ദ്രം ഭരിച്ചപ്പോൾ എപിജെ അബ്ദുൾ കലാമിനെയാണ് രാഷ്ട്രപതിയാക്കിയത്. ഇതു പോലെ ശ്രീധരനെ രാഷ്ട്രപതിയാക്കാനാണ് മോദിക്കും താൽപ്പര്യം. ഇന്ന് ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. ശ്രീധരനേയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന സൂചന അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുണ്ട്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്നാഥ് സിങും വെങ്കയ്യനായിഡുവും അരുൺ ജെയ്റ്റ്ലി എന്നിവരടങ്ങുന്ന മൂന്നംഗ സമിതി വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. സോണിയയെ കണ്ട ശേഷം സിപിഐ- എം എംപി സീതാറാം യെച്ചൂരിയേയും കാണും. ജൂൺ 12-ന് രാജ്നാഥ് സിങ്, അരുൺ ജയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവർ പ്രതിപക്ഷ കക്ഷികളുമായി ചർച്ചകൾ നടത്തിയിരുന്നു. ബിജെപി. സമിതിയിൽ സംസാരിച്ച ശേഷം സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷം പലരേയും രാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലുള്ള കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളു. ജൂൺ 28-ാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

ബിജെപി ശ്രീധരന്റെ പേരുയർത്തിയാൽ അതിനെ ഇടതുപക്ഷത്തിന് പിന്തുണയ്‌ക്കേണ്ടി വരും. കേരളത്തിൽ ശ്രീധരനുള്ള അംഗീകരാമാണ് ഇതിന് കാരണം. ഇതിലൂടെ പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പത്തിനാണ് ബിജെപി ശ്രമിക്കുന്നത്. അതിനൊപ്പം രാജ്യത്തിന്റെ പൊതുഗതാഗത വികസനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞു വച്ച എഞ്ചിനിയർക്കുള്ള ആദരവും. ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട് തന്നെയാകും ഇനി നിർണ്ണായകം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആരേയും ജയിപ്പിക്കാൻ നിലവിലെ അവസ്ഥയിൽ എൻഡിഎയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ പരിവാറുകാരൻ പ്രസിഡന്റാകട്ടേ എന്ന നിലപാട് ആർ എസ് എസിനുണ്ടെന്നാണ് സൂചന.

ശ്രീധരൻ രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽനിന്ന് ആദ്യം ഒഴിവാക്കിയതെന്നാണ് വിവരം. രാഷ്ട്രപതി സ്ഥാനാർത്ഥിയെ എൻഡിഎ പ്രഖ്യാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇതിനാൽതന്നെ കൊച്ചി മെട്രോ ഉദ്ഘാടന പരിപാടിയിൽ തനിക്കൊപ്പം ശ്രീധരൻ വേദി പങ്കിടുന്നത് ഉചിതമാകില്ലെന്നു പ്രധാനമന്ത്രി കരുതിയിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം വേദിയിൽനിന്ന് ഒഴിവാക്കിയത്. ഇക്കാര്യം ശ്രീധരന് അറിയാമായിരുന്നെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ശ്രീധരന്റെ പേര് സജീവ ചർച്ചയായത്.

സുമിത്രാ മഹാജൻ, ദ്രൗപദി മർമ്മു, സുഷമാ സ്വരാജ്, കരിയ മുണ്ട, തൻവർ ചന്ദ് ഗെലോട്ട്, രജനികാന്ത്, ഇ ശ്രീധരൻ എന്നിവരെയാണ് രാഷ്ട്രപതിയാക്കാൻ ബിജെപി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പേര് ശിവസേന മുന്നോട്ട് വച്ചിരുന്നു. എന്നാൽ താനില്ലെന്ന് മോഹൻ ഭാഗവത് അറിയിച്ചിട്ടുണ്ട്. അയോധ്യാക്കേസ് അദ്വാനിയുടെ സാധ്യതയും ഇല്ലാതാക്കി. മീരാകുമാർ, ഗോപാലാകൃഷ്ണ ഗാന്ധി, ശരദ് യാദവ് എന്നിവരെയാണ് പ്രതിപക്ഷം പ്രധാനമായും പരിഗണിക്കുന്നത്. ഇതിൽ ശ്രീധരന് പൊതു സമ്മതനായി മാറാനുള്ള വ്യക്തിപരമായ മേന്മകളുണ്ട്. രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനയെ ഏവരും അംഗീകരിക്കുന്നുവെന്നതാണ് ഇതിന് കാരണം.

കഴിഞ്ഞ ദിവസം രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം തുടങ്ങിയിരുന്നു. പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിനമായ ഇന്നലെ മാത്രം ആറു പേരാണ് മുന്നോട്ടുവന്നത്. ഇവരിൽ മുംബൈ സ്വദേശികളായ ദമ്പതികളുമുണ്ട്. സൈറാ ബാനോ മുഹമ്മദ് പട്ടേൽ ഭർത്താവ് മുഹമ്മദ് പട്ടേൽ അബ്ദുൾ ഹമീദ് എന്നിവരാണ് ഒരുമിച്ച് പത്രിക നൽകിയത്. തങ്ങളിൽ ഒരാളെ പ്രസിഡന്റാക്കിയാൽ നല്ലകാര്യമായിരിക്കുമെന്നും വൈസ് പ്രസിഡന്റിനായി തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യം വരില്ലെന്നുമാണ് ദമ്പതികൾ റിട്ടേണിങ് ഓഫീസറെ അറിയിച്ചത്. കഴിഞ്ഞ 29 വർഷത്തിനിടെ 170 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയം ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ടിച്ച തമിഴ്‌നാട് സ്വദേശി ഡോ.കെ. പത്മരാജനാണ് നാമനിർദ്ദേശം നൽകിയ മറ്റൊരാൾ.

മധ്യപ്രദേശ സ്വദേശി ആനന്ദ് സിങ് കുഷ്വാഹ, തെലങ്കാന സ്വദേശി എ.ബാലരാജ്, പൂണെ സ്വദേശി കൊന്ദേകർ വിജയ്പ്രകാശ് എന്നിവരും മത്സരത്തിന് മുന്നോട്ടുവന്നിട്ടുണ്ട്. ഒരു സന്യാസിയുടെ വേഷത്തിലാണ് മേൽമുണ്ട് ധരിച്ച് വിജയ്പ്രകാശ് എത്തിയത്. എന്നാൽ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാത്തതിനാൽ ഇവരിൽ പലരുടേയും പത്രികകൾ തള്ളിക്കളഞ്ഞേക്കും. നാലു പേർക്ക് മാത്രമാണ് 15,000 രൂപ കെട്ടിവയ്ക്കാൻ കഴിഞ്ഞത്. തന്റെ പത്രിക തള്ളുമെന്ന് അറിയാമെന്ന് വിജയ്പ്രകാവശ പറഞ്ഞു. തന്നെപോലെയുള്ള സാധാരണക്കാരന് 100 പേരുടെ ഒപ്പ് ശേഖരിക്കാൻ കഴിയില്ല. പാർലമെന്റ് പോലെയുള്ള നമ്മുടെ സംവിധാനങ്ങൾ രാഷ്ട്രീയ പാർട്ടികളെ തളച്ചിടുന്ന ജയിലുകളാണെന്നും അദ്ദേഹം പറഞ്ഞു.

35 വയസ്സ് പൂർത്തിയായ ലോക്സഭയിലേക്ക് മത്സരിക്കാൻ യോഗ്യരായ ഇന്ത്യൻ പൗരന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. എന്നാൽ, രാഷ്ട്രപതിതിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള 50 പേർ നിർദ്ദേശിക്കുകയും 50 പേർ പിന്താങ്ങുകയും ചെയ്യുന്നവർക്കുമാത്രമേ പത്രിക നൽകാനാവൂ. ജൂൺ 28-നാണ് പത്രിക സ്വീകരിക്കുന്ന അവസാന ദിവസം. 29-ന് സൂക്ഷ്മപരിശോധന നടക്കും. ജൂലായ് ഒന്നുവരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. വോട്ടെണ്ണൽ ജൂലായ് 20-നാണ്. എംപി.മാരും എംഎ‍ൽഎ.മാരും അടങ്ങിയ ഇലക്ടറൽ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഇവരുടെ വോട്ടിന്റെ മൂല്യത്തിൽ വ്യത്യാസമുണ്ട്.

ലോക്സഭാ സെക്രട്ടറി ജനറൽ അനൂപ് മിശ്രയാണ് റിട്ടേണിങ് ഓഫീസർ. സംസ്ഥാനങ്ങളിൽ നിയമസഭാ സെക്രട്ടറിമാർ അസി. റിട്ടേണിങ് ഓഫീസറായി പ്രവർത്തിക്കും. എംപി.മാർക്ക് ഡൽഹിയിലും എംഎ‍ൽഎ.മാർക്ക് അതത് നിയമസഭകളിലും വോട്ട് ചെയ്യാം. മുൻകൂർ അനുമതി വാങ്ങിയാൽ മറ്റേതെങ്കിലും പോളിങ്സ്റ്റേഷനിലും വോട്ടുചെയ്യാം. ആനുപാതിക പ്രാതിനിധ്യ സംവിധാനത്തിലാണ് വോട്ടെടുപ്പ്. പേന ഉപയോഗിച്ച് ബാലറ്റ് പേപ്പറിലാണ് വോട്ടുചെയ്യേണ്ടത്. ഇത്തവണ പ്രത്യേക പേന തിരഞ്ഞെടുപ്പ് കമ്മിഷൻതന്നെ നൽകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ദി പറഞ്ഞു. മറ്റേതെങ്കിലും പേന ഉപയോഗിച്ചാൽ വോട്ട് അസാധുവാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP