Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്നെ കള്ളനാക്കി പുറത്താക്കാൻ ചരട് വലിച്ച പാർട്ടി ഉന്നതനെ തിരിച്ചറിഞ്ഞ് ക്ഷോഭത്തോടെ മടക്കം; ബന്ധു നിയമനത്തിലെ പിഴവ് അണികളോട് ഏറ്റു പറഞ്ഞ് കണ്ണൂരിലെ നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കും; അധികാരത്തിന്റെ അപ്പകഷ്ണം വീണതിന്റെ ക്ഷീണം അണികളുടെ കരുത്തിൽ മറികടക്കും; ഇപി ജയരാജന്റെ മുറിവേറ്റ മടക്കം സിപിഎമ്മിന്റെ അധികാര സമവാക്യങ്ങളിൽ പൊളിച്ചെഴുത്തു നടത്തും

തന്നെ കള്ളനാക്കി പുറത്താക്കാൻ ചരട് വലിച്ച പാർട്ടി ഉന്നതനെ തിരിച്ചറിഞ്ഞ് ക്ഷോഭത്തോടെ മടക്കം; ബന്ധു നിയമനത്തിലെ പിഴവ് അണികളോട് ഏറ്റു പറഞ്ഞ് കണ്ണൂരിലെ നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കും; അധികാരത്തിന്റെ അപ്പകഷ്ണം വീണതിന്റെ ക്ഷീണം അണികളുടെ കരുത്തിൽ മറികടക്കും; ഇപി ജയരാജന്റെ മുറിവേറ്റ മടക്കം സിപിഎമ്മിന്റെ അധികാര സമവാക്യങ്ങളിൽ പൊളിച്ചെഴുത്തു നടത്തും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബന്ധുത്വ നിയമനവിവാദത്തിൽ ഇപി ജയരാജന് പാരകളൊരുക്കിയത് സിപിഎമ്മിലെ തന്നെ ഉന്നതനായിരുന്നുവെന്നാണ് സൂചന. വ്യവസായ വകുപ്പിലെ കൈകടത്തുകൾ നടക്കില്ലെന്ന് കണ്ടപ്പോൾ സമർത്ഥമായി നീങ്ങിയതോടെ ഇപി ജയരാജൻ മന്ത്രിസഭയിൽ നിന്ന് പുറത്തായി. അഴിമതിയെന്ന ലക്ഷ്യത്തോടെയല്ല താൻ പികെ ശ്രീമതിയുടെ ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കിയത്. അക്കാര്യത്തിൽ പിഴവ് സംഭവിച്ചെന്നും ജയരാജന് അറിയാം. എന്നാൽ ഈ വിഷയത്തിൽ തന്നേയും പി.കെ. ശ്രീമതി എംപി.യേയും ഒറ്റപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് ജയരാജന്റെ നിലപാട്.

ബന്ധുനിയമനത്തിന്റെ പേരിൽ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ച് ഒഴിയേണ്ടി വന്ന ജയരാജൻ പാർട്ടിഅണികളുടെ അവിശ്വാസം നേരിടേണ്ടി വന്നിരുന്നു. സ്വന്തം നിയോജക മണ്ഡലമായ മട്ടന്നൂരിലെ പൊതു പരിപാടികൾക്കപ്പുറം പാർട്ടി പരിപാടികളിൽ ജയരാജനുള്ള മേൽക്കോയ്മ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ഇതിനെല്ലാം പിന്നിൽ സിപിഐ(എം) നേതൃത്വത്തിലെ ചിലരുടെ ബോധപൂർവ്വമായ കൈയുണ്ടെന്നാണ് ജയരാജൻ വിലയിരുത്തുന്നത്. 1998ൽ പിണറായി വിജയൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായതോടെ കേന്ദ്രീകരണം തിരുവനന്തപുരത്തായി. അന്ന് മുതൽ കണ്ണൂരിലെ സിപിഐ(എം) രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്നു ജയരാജൻ. കോടിയേരി ബാലകൃഷ്ണന് പോലും ജയരാജന്റെ മേധാവിത്വത്തെ കണ്ണൂരിൽ ചോദ്യം ചെയ്യാനായില്ല. പിണറായിയുടെ വിശ്വസ്തനായി നിന്ന് പാർട്ടി കോട്ട ജയരാജൻ കാത്തു.

പിണറായിക്ക് ശേഷം ആരാകും സിപിഐ(എം) സെക്രട്ടറി എന്ന ചോദ്യത്തിന് പോലും ജയരാജൻ എന്ന ഉത്തരം കണ്ടവരുണ്ട്. പിണറായിയും ജയരാജനെയാണ് ആ പദവിയിലേക്ക് ആഗ്രഹിച്ചത്. എന്നാൽ പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരിയെ തഴഞ്ഞ ജയരാജനെ കൊണ്ടു വരുന്നത് മറ്റ് ചില സാങ്കേതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അധികാരത്തിലെത്തുമ്പോൾ മന്ത്രിപദവി വാഗ്ദാനം ചെയ്ത് ജയരാജനെ കാബിനറ്റിൽ രണ്ടാമനാക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ നിയമസഭയിലെ രണ്ടാമത്തെ കസേരയിലും ജയരാജൻ എത്തി. ഇതിനിടെയാണ് അബദ്ധം പിണഞ്ഞ് ജയരാജൻ ബന്ധുത്വ വിവാദത്തിൽ കുടുങ്ങിയത്. മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ ജയരാജൻ പ്രതീക്ഷിച്ചിരുന്നു. സിപിഎമ്മിൽ എക്കാലവും ഇത്തരം നിയമനങ്ങൾ അധികാരത്തിലെത്തുമ്പോൾ പതിവാണ്. അതുകൊണ്ട് തന്നെ അതിലെ രാഷ്ട്രീയ വശങ്ങൾ ജയരാജൻ ചിന്തിച്ചതുമില്ല.

ഇഎംഎസിന്റെ മരുമകൻ സികെ ഗുപ്തനെ കെ എസ് ആർ ടി സിയുടെ തലപ്പത്ത് എത്തിച്ചത് മുതൽ നിരവധി ഉദാഹരണങ്ങളുണ്ട്. പക്ഷേ ജയരാജന്റെ കാര്യം വന്നപ്പോൾ പാർട്ടി ഇതെല്ലാം മറുന്നു. ജയരാജനെ എന്തോ വലിയ ക്രിമിനൽ ആക്കുന്ന വിധം കളികളുണ്ടായി. അണികൾക്കിടയിൽ മോശക്കാരനാക്കി. ഇതിനെല്ലാം പിന്നിലെ കറുത്ത കരത്തെ മനസ്സിലാക്കിയാണ് തന്റെ പകരക്കാരനെ നിശ്ചയിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ജയരാജൻ വിട്ടുനിന്നത്. സെക്രട്ടറിയേറ്റിലും ആഞ്ഞടിച്ചു. സിപിഎമ്മിലെ ഉന്നതതന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദമാണ് ജയരാജന് കരുക്കായത്. യോഗ്യതയില്ലാത്ത ഇയാളെ വ്യവസായ വകുപ്പിലെ സുപ്രധാന സ്ഥാനത്ത് നിയമിക്കാൻ ജയരാജൻ തയ്യാറായില്ല. ഇതിന്റെ പ്രതികാരം തീർക്കലിൽ പാർട്ടി അണികളിൽ നിന്ന് കേന്ദ്ര കമ്മറ്റി അംഗത്തെ അകറ്റുകയും ചെയ്തു. ഇതിന് പിന്നിൽ കണ്ണൂർ രാഷ്ട്രീയത്തെ കൈയടക്കാനുള്ള ബോധപൂർവ്വ ശ്രമമാണെന്ന് ജയരാജൻ തിരിച്ചറിയുന്നു.

അതുകൊണ്ട് തന്നെ കണ്ണൂരിലേക്ക് പ്രവർത്തനം ശക്തമാക്കാനാണ് ജയരാജന്റെ തീരുമാനം. എന്താണ് സംഭവിച്ചതെന്ന് അണികളോട് നേതാവ് വിശദീകരിക്കും. ഇത് വീണ്ടെടുത്ത് പഴയ പ്രതാപത്തിലേക്ക് വരാനാണ് ജയരാജന്റെ നീക്കം. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതല്ല അണികളുടെ വിശ്വാസത്തകർച്ചക്ക് കാരണമായത്. പകരം പാർട്ടിക്കും മേലേയുള്ള ജയരാജന്റെ ബന്ധങ്ങളിലും വിള്ളലുണ്ടായെന്ന വിലയിരുത്തലുണ്ടായി. പിണറായിയുമായി ജയരാജൻ അകന്നുവെന്ന പ്രചരണവും അതിശക്തമാക്കി. സിപിഐ.(എം.) കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനും ഭാര്യാ സഹോദരിയായ പി.കെ. ശ്രീമതിയും തങ്ങൾ വഹിക്കുന്ന സ്ഥാനങ്ങളോട് നീതി പുലർത്തുന്ന നിലപാടായിരുന്നില്ല സമീപകാലങ്ങളിൽ സ്വീകരിച്ചിരുന്നതെന്ന പ്രചരണവും ബോധപൂർവ്വമായിരുന്നു.

ജയരാജനും പി.കെ. ശ്രീമതിയും സമീപകാലത്ത് കണ്ണൂർ പാർട്ടിയിൽ കരുത്തരായി. ലോക്‌സഭയിൽ കോൺഗ്രസിനോട് തോൽക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. കെ സുധാകരനെതിരെ ശ്രിമതിയെ മത്സരിപ്പിച്ചതും ജയിപ്പിച്ചതും ജയരാജന്റെ കരുതലായിരുന്നു. മട്ടന്നൂരിലെ മൃഗീയ ഭൂരിപക്ഷവും ജയരാജന്റെ ജനപിന്തുണയ്ക്കുള്ള തെളിവായി. വി എസ് അച്യുതാനന്ദനുമായും നല്ല ബന്ധം പുലർത്തിയ ജയരാജിന് വേണ്ടി വിഭാഗിയത കത്തി നിൽക്കുന്ന കാലത്തും വി എസ് മട്ടന്നൂരിൽ പ്രചരണത്തിനെത്തി. ഇതിനിടെ പാർട്ടിയിലെ എതിരാളികൾ തന്നെ ജയരാജനെതിരെ ആർഭാട വീട് വിവാദവുമുയർത്തി. പാർട്ടിക്ക് പുറത്തും ജയരാജന്റെ വീട് പരാമർശ വിഷയമായിരുന്നപ്പോൾ 'അന്തസ്സുള്ള നേതാവിന് അന്തസ്സുള്ള വസതിവേണം ' എന്ന പ്രസ്താവനയോടെ പ്രതിഷേധത്തെ തണുപ്പിച്ചത് വി എസ്. അച്യുതാനന്ദനായിരുന്നു.

കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ പി.കെ. ശ്രീമതിക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ കാര്യമായ ഇടപെടൽ നടത്തിയത് ഇ.പി. ജയരാജനാണ്. ഇതോടെയാണ് പാർട്ടിക്കുള്ളിൽ ശത്രുക്കൾ കൂടിയത്. ബന്ധുത്വ നിയമവിവാദത്തിൽ ശ്രീമതിയുടെ മകനും വില്ലനായതോടെ ഇരുവരേയും ഒതുക്കാനുള്ള സുവർണ്ണാവസരമായി ഇതിനെ പാർട്ടിക്കുള്ളിലെ മറുവിഭാഗം കണ്ടു. അങ്ങനെ പിണറായി വിജയനെ സമ്മർദ്ദത്തിലാക്കി മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. വിജിലൻസ് അന്വേഷണം ഉടൻ പൂർത്തിയാക്കും. ഇത് മനസ്സിലാക്കി എംഎം മണിയെ പകരക്കാരനാക്കി. ഇതോടെ കുറ്റ വിമുക്തനായാലും മന്ത്രിസഭയിൽ ജയരാജൻ തിരിച്ചെത്തില്ലെന്ന് ഉറപ്പിച്ചു. മന്ത്രിയായാൽ ജയരാജന് തന്നെ വ്യവസായം ലഭിക്കുമെന്ന ഭയമാണ് ഇതിന് കാരണമെന്ന് ജയരാജൻ ക്യാമ്പ് വിശ്വസിക്കുന്നു. ഏതായാലും കണ്ണൂരിൽ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച് അണികളുടെ നേതാവാകാനാണ് നീക്കം.

കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറിയേറ്റിൽ ചിലതെല്ലാം ജയരാജൻ തുറന്നു പറഞ്ഞിരുന്നു. ബന്ധുനിയമന വിവാദത്തിൽ അന്വേഷണം പൂർത്തിയാകാനിരിക്കെ, താൻ ഒഴിഞ്ഞ വകുപ്പുകളിൽ പകരം മന്ത്രിയെ നിശ്ചയിച്ചതിൽ ഇ.പി. ജയരാജന്റെ പ്രതിഷേധമാണ് ഇതിന് കാരണം. എംഎ!ൽഎ. സ്ഥാനം വലിച്ചെറിയുമെന്നും പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജൻ പൊട്ടിത്തെറിച്ചു. പുതിയ മന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയെ നേരിട്ട് ആക്രമിച്ച്് കൊണ്ടായിരുന്നു ഇ.പിയുടെ പ്രസ്താവന. കോടിയേരിയും ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണെങ്കിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കാമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനും എ.കെ ബാലനും ബന്ധുക്കളെ സർക്കാർ പദവികളിൽ നിയമിച്ചുവെന്നാണ് ജയരാജന്റെ ആരോപണം. ഇപ്പോൾ തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും ജയരാജൻ പറഞ്ഞു. പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിന് മുൻപ് തന്നോട് കൂടിയാലോചിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ ജയരാജൻ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

തന്നെ കുറ്റക്കാരനാക്കി തൂക്കിലേറ്റാനാണു ചിലർ ശ്രമിക്കുന്നതെന്ന് ഇ.പി. ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിൽ തുറന്നടിച്ചു. താൻ കുറ്റക്കാരനാണെന്നു പാർട്ടി തന്നെ പ്രഖ്യാപിക്കുമ്പോൾ പൊതുപ്രവർത്തകനായി തുടരുന്നതിൽ അർഥമില്ല. പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണ്. എംഎൽഎ. സ്ഥാനം ഉടൻ രാജിവയ്ക്കുമെന്നും പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു ഈ അഭിപ്രായ പ്രകടനങ്ങൾ. വ്യവസായ മന്ത്രിയായിരിക്കെ നടത്തിയ അഴിമതിവിരുദ്ധ നടപടികളിൽ വിറളിപൂണ്ട ചില പാർട്ടി നേതാക്കളടക്കമുള്ളവർ തന്റെ രക്തത്തിനായി ദാഹിക്കുകയാണ്. എന്നെ വളർത്തിയ പാർട്ടിക്കു തന്നെ വേണ്ടാതായെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതാണു നല്ലത്. എന്തു തെറ്റ് ചെയ്തിട്ടാണ് കുറ്റക്കാരനാക്കി പുറത്താക്കാൻ ശ്രമിക്കുന്നത്? ബന്ധു നിയമനവിവാദത്തിൽ വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ തന്നെ കുറ്റക്കാരനെന്നു വിധിയെഴുതി ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നത്. പാർട്ടി സെക്രട്ടറി ഇവരുടെ കെണിയിൽപ്പെടുകയായിരുന്നുവെന്നും ജയരാജൻ സെക്രട്ടേറിയറ്റിൽ തുറന്നടിച്ചു.. ജയരാജൻ മന്ത്രിപദത്തിൽ തിരിച്ചെത്താതിരിക്കാൻ ഒരു പ്രമുഖ നേതാവിനു രണ്ടു കോടി രൂപയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ എം.ഡി. നൽകിയത്. മറ്റൊരു നേതാവിന്റെ ഭാര്യയ്ക്ക് ഇദ്ദേഹം ആഡംബര കാർ നൽകിയെന്നീ ആരോപണങ്ങളും സജീവമായി ഉയരുന്നുണ്ട്.

സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കാനൊരുങ്ങിയ പി.കെ ശ്രീമതിയെ കോടിയേരി തടഞ്ഞു. സംസ്ഥാന സമിതിയിൽ ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഇ.പി. ജയരാജൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന വിശദീകരണത്തോടെ സംസാരിക്കാനൊരുങ്ങവേയാണു ശ്രീമതിയെ കോടിയേരി വിലക്കിയത്. എന്നാൽ സെക്രട്ടറിയേറ്റിൽ ജയരാജൻ പറഞ്ഞത് ശ്രീമതി സംസ്ഥാന സമിതിയിൽ ആവർത്തിക്കുമെന്ന ഭയമായിരുന്നു ഈ തടയലിന് കാരണമെന്നും വിലിയിരുത്തുന്നു. ഏതായാലും കണ്ണൂരിലെ സിപിഐ(എം) രാഷ്ട്രീയത്തെ സ്വാധീനിക്കാൻ ജയരാജൻ സജീവമാകുമ്പോൾ പുതിയ ചേരിതിരിവിലേക്ക് കാര്യങ്ങളെത്തിക്കുമെന്നുറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP