Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തോമസ് ഐസക്കിനെ മൂന്നാമനാക്കി മികച്ച മന്ത്രിയായി വായനക്കാർ കണ്ടെത്തിയത് ജി സുധാകരനെ; രണ്ടാമതായി കൃഷിമന്ത്രി വി എസ് സുനിൽകുമാർ; മികവു വർധിപ്പിച്ച് റെവന്യൂമന്ത്രി ചന്ദ്രശേഖരൻ; പ്രതിപക്ഷവും നേതാവും വലിയതോൽവി; മറുനാടൻ വായനക്കാരുടെ വിലയിരുത്തലുകൾ

തോമസ് ഐസക്കിനെ മൂന്നാമനാക്കി മികച്ച മന്ത്രിയായി വായനക്കാർ കണ്ടെത്തിയത് ജി സുധാകരനെ; രണ്ടാമതായി കൃഷിമന്ത്രി വി എസ് സുനിൽകുമാർ; മികവു വർധിപ്പിച്ച് റെവന്യൂമന്ത്രി ചന്ദ്രശേഖരൻ; പ്രതിപക്ഷവും നേതാവും വലിയതോൽവി; മറുനാടൻ വായനക്കാരുടെ വിലയിരുത്തലുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന പ്രഖ്യാപനവുമായി അധികാരത്തിൽ എത്തിയ ഇടതു സർക്കാരിലെ മന്ത്രിമാരെ വിലയിരുത്തുമ്പോൾ മുന്നിലെത്തുന്നത് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. സർവേയിൽ പങ്കെടുത്ത 23.8 ശതമാനം പേർ മന്ത്രി സുധാകരനെ പിന്തുണച്ചു. സർക്കാരിന് നൂറു ദിവസം പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ പേരുടെ പിന്തുണയുണ്ടായിരുന്ന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മൂന്നാമനായെന്നതാണ് സർവേയിലെ ശ്രദ്ധേയമായ വിലയിരുത്തൽ. ഭൂരിഭാഗം മന്ത്രിമാരുടെയും പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയാണ് വായനക്കാർ വ്യക്തമാക്കുന്നത്. ഭക്ഷ്യമന്ത്രി പി തിലോത്തമനെ ആരും പിന്തുണച്ചില്ല. അതേസമയം, പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ കടുത്ത അതൃപ്തിയും സർവേയിൽ വ്യക്തമായി.

കൃഷിമന്ത്രി അഡ്വ. വി എസ് സുനിൽകുമാറിനെയാണു രണ്ടാമനായി വായനക്കാർ തെരഞ്ഞെടുക്കുന്നത്. സർക്കാരിന് ഒരു വയസു തികയുമ്പോഴും മലയാളികളുടെ മനസിൽ സുനിൽകുമാറിന്റെ ഇമേജിന് വലിയ ഇളക്കം തട്ടുന്നില്ലെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. നൂറു ദിനം പിന്നിടുമ്പോൾ 24.1 ശതമാനം പേരാണ് സുനിൽകുമാറിനെ പിന്തുണച്ചതെന്നിരിക്കേ ഒരു വർഷം പിന്നിടുമ്പോൾ 20.1 ശതമാനം പേരാണ് അദ്ദേഹത്തെ മികച്ച മന്ത്രിയായി നിർദ്ദേശിക്കുന്നത്.

മൂന്നാമനായി വായനക്കാർ തെരഞ്ഞെടുത്തത് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെയാണ്. നൂറാം ദിന സർവേയിൽ 38.1 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്ന ഐസക്കിന് വർഷം ഒന്നു പിന്നിടുമ്പോൾ അതു കുറഞ്ഞ് 18.1 ശതമാനമായെന്നതാണ് കൗതുകകരം. ധനവകുപ്പിൽ സർക്കാരിന്റെ തുടക്കത്തിൽ ജനത്തിന് ഏറെ പ്രതീക്ഷയാണുണ്ടായിരുന്നത്. നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടും ധന, നികുതി വകുപ്പുകളുടെ തലവനായ മന്ത്രി ഐസക്കിനെ ജനം പിന്തുണയ്ക്കാൻ മടിക്കുകയാണ്.

സുധാകരനും സുനിൽകുമാറിനും ഐസക്കിനും പിന്നാലെ നാലാം സ്ഥാനത്തു വരുന്നത് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ്. പല വകുപ്പുകൡും ഭരണസ്തംഭനമുണ്ടാകുന്നെന്ന പരാതി നിലനിൽക്കുമ്പോഴും ഊർജസ്വലമായ പ്രവർത്തനമാണ് റെവന്യൂ വകുപ്പിൽ നടക്കുന്നതെന്നു പല തവണ വിലയിരുത്തപ്പെട്ടിരുന്നു. ഇതുതന്നെയാണ് ഇ ചന്ദ്രശേഖരന്റെ പ്രീതി വർധിപ്പിച്ചതെന്നാണു അനുമാനിക്കുന്നത്. 14.4 ശതമാനം വായക്കാരാണ് ഇ ചന്ദ്രശേഖരനെ മികച്ച മന്ത്രിയായി നിർദ്ദേശിക്കുന്നത്. സർക്കാരിന്റെ തുടക്കത്തിൽ വലിയ ജനപ്രീതിയൊന്നുമില്ലാതിരുന്ന മന്ത്രിയാണ് ചന്ദ്രശേഖരൻ എന്നതും ശ്രദ്ധേയമാണ്.

സർക്കാരിന് നൂറു ദിവസം തികഞ്ഞപ്പോൾ നടത്തിയ സർവേയിൽ വെറും 0.7 ശതമാനം വായക്കാരുടെ മാത്രം പിന്തുണയായിരുന്നു റെവന്യൂ മന്ത്രി ചന്ദ്രശേഖരനുണ്ടായത്. ഏതൊരാൾക്കും റെവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്കു മന്ത്രിയെ നേരിട്ടു വിളിക്കാൻ അവസരമൊരുക്കിയിരുന്നു. ഉടനടി നടപടിയും ഉണ്ടായിരുന്നു. ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് റെവന്യൂ വകുപ്പിൽ വരുന്നതെന്നതിനാലും ജനപക്ഷ പ്രവർത്തനത്തിനു മന്ത്രിതന്നെ നേതൃത്വം നൽകിയതുമാണ് ചന്ദ്രശേഖരന്റെ ജനപ്രീതി ഉയർത്തിയതെന്നാണു വിലയിരുത്തൽ. ഒപ്പം മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ സബ് കളക്ടർ ശ്രീരാം വെങ്കിട്ടരാമനു പിന്തുണ നൽകുകയും കർശന നിലപാടു സ്വീകരിക്കുകയും ചെയ്തതും ചന്ദ്രശേഖരനു തുണയായിട്ടുണ്ട്.

മറ്റു മന്ത്രിമാർക്കൊന്നു വലിയ പിന്തുണ വർഷം ഒന്നു കഴിയുമ്പോൾ ഇല്ലെന്നതും സർവേയിൽ ശ്രദ്ധേയമായ കണ്ടെത്തലായി. ഭക്ഷ്യമന്ത്രി തിലോത്തമനെ പിന്തുണച്ചവർ ആരുമില്ല. ചന്ദ്രശേഖരൻ കഴിഞ്ഞാൽ സർവേയിൽ കൂടുതൽ പേരുടെ നിർദ്ദേശം ലഭിച്ചത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനാണ്. 5.5 ശതമാനം പേരാണ് രവീന്ദ്രനാഥിനു മികവിന്റെ മാർക്കിട്ടത്. ജലസേചന മന്ത്രി മാത്യു ടി തോമസിന് 3.7 ശതമാനം പേർ പിന്തുണനൽകിയപ്പോൾ തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ ടി ജലീലിനെ പിന്തുണച്ചത് 3.3 ശതമാനം പേരാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് 3.1 ശതമാനം പേരുടെ പിന്തുണലഭിച്ചു.

ടൂറിസത്തിൽനിന്നു വ്യവസായത്തിലേക്കു വകുപ്പു മാറ്റം കിട്ടിയ എ സി മൊയ്തീന് 1.9 ശതമാനം വായനക്കാരുടെ പിന്തുണയാണു ലഭിച്ചത്. ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കാൻ 1.7 ശതമാനം പേരെത്തിയപ്പോൾ എം എം മണിക്ക് 1.4 ശതമാനം പേരുടെ പിന്തുണ നൽകി. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ 0.8 ശതമാനം പേരാണ് പിന്തുണച്ചത്. വനം മന്ത്രി കെ രാജുവിന് 0.7 ശതമാനവും ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് 0.6 ശതമാനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് 0.4 ശതമാനം പേരുടെയും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് 0.3 ശതമാനം പേരുടെയും പിന്തുണ ലഭിച്ചു. മന്ത്രിസഭയിലെ പ്രമുഖനായ എ കെ ബാലനെ പിന്തുണച്ചവർ തീരെ കുറവായിരുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 0.2 ശതമാനം പേർ മാത്രമാണ് ബാലന് മികവിന്റെ മാർക്കിട്ടത്.

അഴിമതി വിരുദ്ധ നടപടികളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയുമാണ് പൊതുമരാമത്ത് വകുപ്പിൽ ജി സുധാകരൻ ശ്രദ്ധേയനാകുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലെ പ്രവർത്തനമാണ് മിക്കപ്പോഴും സുധാകരനിൽനിന്നുണ്ടായത്. നിരവധി വിവാദങ്ങളിൽ പെട്ടെങ്കിലും വകുപ്പിലെ കാർക്കശ്യവും ജനക്ഷേമ നടപടികളുമാണ് സുധാകരനെ പിന്തുണച്ചതെന്നാണു സർവേയിലൂടെ ലഭിച്ച വിലയിരുത്തൽ. സർക്കാരിന് നൂറു ദിവസം പിന്നിട്ടപ്പോൾ 9.2 ശതമാനം പേരുടെ മാത്രം പിന്തുണയായിരുന്നു സുധാകരന് ലഭിച്ചത്. അതാണ് ഒരു വർഷം പിന്നിടുമ്പോൾ 23.8 ശതമാനമായി വർധിച്ചത്.

മണി മന്ത്രിയാകാൻ യോഗ്യനല്ലെന്ന് ഭൂരിഭാഗം

ഇ പി ജയരാജന്റെ രാജിക്കു ശേഷം മന്ത്രിസഭയിലെത്തിയ എം എം മണി മന്ത്രിയാകാൻ യോഗ്യനല്ലെന്നു വിലയിരുത്തിവരുടെ എണ്ണം 65 ശതമാനമാണെന്നതും ശ്രദ്ധേയമായ വിലയിരുത്തലായി. മന്ത്രിയായ ശേഷവും വിവാദപ്രസ്താവനകൾ തുടർന്ന മണി സർക്കാരിനു പോലും കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിനെതിരേ രൂക്ഷമായ നിലപാടുമായി മണി രംഗത്തെത്തിയത് സർക്കാരിനു തന്നെ മോശം പ്രതിച്ഛായയാണു നൽകിയത്. മൂന്നാറിന്റെ പേരിൽ സിപിഐ-സിപിഐഎം നേതാക്കൾതമ്മിൽ പരസ്യമായ വാക്‌പോരിനും വഴി വച്ചത് മണിയുടെ പ്രസ്തവനകളായിരുന്നു. മൂന്നാർ കൈയേറ്റമൊഴിപ്പിക്കിൽ സർക്കാർ നിലപാട് തെറ്റായെന്നു 56.8 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.

പ്രതിപക്ഷം വൻ തോൽവി; ചെന്നിത്തല അതിലും വലിയ തോൽവി

ഏറെ വിവാദങ്ങളുണ്ടാക്കിയ സർക്കാരായിരുന്നിട്ടും പൊതു സമൂഹത്തിലും നിയമസഭയിലും വേണ്ടരീതിയിൽ പ്രതികരിക്കാൻ പ്രതിപക്ഷത്തിനായില്ലെന്ന വിമർശനം ശക്തമായി നിൽക്കേയാണ് അതു ബലപ്പെടുത്തി സർവേയിൽ അഭിപ്രായങ്ങൾ വന്നത്. പ്രതിപക്ഷത്തിന്റെ പ്രവർത്തനം വളരെ മോശമാണെന്ന് സർവേയിൽ പങ്കെടുത്ത 69.9 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പ്രവർത്തനത്തെ നല്ലതെന്ന് പറഞ്ഞവർ വെറും 2.6 ശതമാനാണെന്നത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെ പ്രതിപക്ഷത്തോടുള്ള മോശം ജനാഭിപ്രായം വ്യക്തമാക്കുന്നു.

പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനം വളരെ മോശമായിരുന്നെന്ന് 66.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനം വളരെ നല്ലതാണെന്നു പറഞ്ഞത് വെറും 1.4 ശതമാനം പേരാണ്. പ്രവർത്തനം നല്ലതാണെന്ന് 4.2 ശതമനം പേരും ഭേദപ്പെട്ടതാണെന്ന് 28 ശതമാനം പേരും അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ പ്രവർത്തനവും പ്രതിപക്ഷത്തിന്റെ പ്രവർത്തനവും തൃപ്തിയുണ്ടാക്കാത്തവരാണ് കേരളത്തിലെ ജനങ്ങൾ എന്ന് ഒരുപോലെ വ്യക്തമായതാണ് മറുനാടൻ മലയാളി നടത്തിയ സർവേ. സർക്കാരിന്റെ ഒരു വർഷം പിന്നിടുമ്പോൾ കഴിഞ്ഞവർഷം ഇതേസമയത്തുണ്ടായിരുന്ന പ്രതീക്ഷകൾ അമ്പേ ഇല്ലാതായെന്ന് വായനക്കാർ അഭിപ്രായപ്പെട്ടതാണ് സർവേയിലൂടെ വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP