Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോറ്റു തുന്നം പാടിയ രാഹുൽ ഗാന്ധിക്ക് 'പപ്പുമോൻ' വിളികേട്ട് തുടരാം; 'പ്രിയങ്കയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ..' നിലവിളി തുടരും; ഡൽഹിക്ക് അപ്പുറത്തും സാന്നിധ്യമറിയിച്ച ആം ആദ്മി കൂടുതൽ കരുത്തു നേടും; 56 ഇഞ്ച് നെഞ്ചളവിന്റെ ബലത്തിൽ മോദി കൂടുതൽ കരുത്തകാനും: തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നത് ഇങ്ങനെ

തോറ്റു തുന്നം പാടിയ രാഹുൽ ഗാന്ധിക്ക് 'പപ്പുമോൻ' വിളികേട്ട് തുടരാം; 'പ്രിയങ്കയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ..' നിലവിളി തുടരും; ഡൽഹിക്ക് അപ്പുറത്തും സാന്നിധ്യമറിയിച്ച ആം ആദ്മി കൂടുതൽ കരുത്തു നേടും; 56 ഇഞ്ച് നെഞ്ചളവിന്റെ ബലത്തിൽ മോദി കൂടുതൽ കരുത്തകാനും: തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ബിജെപി തന്നെ. യുപിയിലും ഉത്തരാഖണ്ഡിലും വൻ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക് കുതിക്കുമ്പോൾ അതിന്റെ ഫുൾ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും നൽകുകയാണ് പാർട്ടി.

എന്നാൽ ബിജെപി-ശിരോമണി അകാലിദൾ സഖ്യത്തിൽ മത്സരിച്ച പഞ്ചാബിൽ കോൺഗ്രസ് ബഹുദൂരം മുന്നിലെത്തി ഭരണം പിടിക്കുമ്പോഴും അതിന്റെ ക്രെഡിറ്റ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകർ നൽകുന്നില്ല. കാരണം മറ്റൊന്നുമല്ല. യുപിയിലെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്ക് കാര്യമായി അടുപ്പിക്കാൻ പോലും അവിടെയുള്ള പ്രാദേശിക നേതൃത്വം തയ്യാറായിരുന്നില്ല എന്നതുതന്നെ.

മറുപക്ഷത്ത് മോദിയും ബിജെപിയും നേട്ടം ആഘോഷിക്കുമ്പോൾ ഇപ്പോൾ പഞ്ചാബിൽ നേടിയ ഉജ്വല വിജയത്തിൽ ഹൈക്കമാൻഡിന് നേട്ടം അവകാശപ്പെടാനാവാത്ത സാഹചര്യമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്നത്. ദേശീയ പാർട്ടികളെന്ന നിലയിൽ ഈ അഞ്ചുസംസ്ഥാനങ്ങളിലും ഉണ്ടാക്കാവുന്ന നേട്ടങ്ങൾ കോൺഗ്രസിന് വളരെ നിർണായകമായിരുന്നു. ഇതിനായി എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടും കുടുംബ സീറ്റുകൾ പോലും നിലനിൽക്കുന്ന യുപിയിൽ അടിപതറിയത് രാഹുലിന് വലിയ ക്ഷീണമായി മാറിയിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പിൽ.

രാഹുലിനെ ഒഴിവാക്കി പ്രിയങ്കാ ഗാന്ധിയെ മാത്രം മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനും അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടാനുമാണ് പ്രമുഖ തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ കഴിഞ്ഞവർഷം തന്നെ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പക്ഷേ, ഇത് നടന്നില്ല. എന്നാലും അവസാന നിമിഷം പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചരണത്തിന് യുപിയിൽ ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. മാത്രമല്ല, ഒറ്റയ്ക്ക് മത്സരിച്ചാൻ വൻ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് കോൺഗ്രസ് അവസാന നിമിഷം അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തത്. ഇതെല്ലാം രാഹുലിന്റെ നേതൃപാടവം അത്ര പോരെന്ന് ഏറെക്കാലമായി അടക്കം പറയുന്ന കോൺഗ്രസിലെ ഉന്നതരെ അക്കാര്യം തുറന്നുപറയാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി മാറിയേക്കുമെന്നാണ് സൂചനകൾ.

പഞ്ചാബിൽ വൻ വിജയം നേടാനായതിന്റെ ക്രെഡിറ്റ് ശരിക്കും പോകുന്നത് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനാണ്. തിരഞ്ഞെടുപ്പിനെ അവിടെ മുന്നിൽ നിന്ന് നയിച്ചത് പഞ്ചാബ് കോൺഗ്രസിന്റെ 'ക്യാപ്റ്റൻ' അമരീന്ദർ സിംഗിന്റെ ചാണക്യതന്ത്രങ്ങളാണെന്ന് വ്യക്തം. ഇതിൽ ഹൈക്കമാൻഡിന് പങ്കൊന്നുമില്ല. സ്ഥാനാർത്ഥി നിർണയത്തിൽ പോലും ഹൈക്കമാൻഡിനെ തൊടീക്കാതെയാണ് ക്യാപ്റ്റൻ പ്രവർത്തിച്ചത്. അമരീന്ദർ സിംഗിന്റെ തന്ത്രങ്ങളും ജനപ്രീതിയുമാണ് പഞ്ചാബിലെ ജനങ്ങളെ പത്തുവർഷത്തിന് ശേഷം കോൺഗ്രസിനെ ഭരണം ഏൽപിക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തം.

മാത്രമല്ല, യുപിയിലെ പ്രചരണത്തിൽ കൂടുതലായി കേന്ദ്രീകരിച്ച രാഹുലിനെ പഞ്ചാബിലെ പ്രചരണങ്ങളിൽ കാര്യമായി പങ്കെടുപ്പിച്ചതുപോലുമില്ല എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം തന്നെ ഏറെക്കാലമായി കോൺഗ്രസിൽ രാഹുലിന്റെ നേതൃത്വത്തിനെതിരെ അടക്കത്തിൽ പുകയുന്ന തീ ആളിക്കത്തിച്ചേക്കുമെന്നാണ് സൂചന. മാത്രമല്ല, പാർട്ടി ഉപാധ്യക്ഷനെന്ന പദവി ഇതോടെ രാഹുൽ ഒഴിയണമെന്നും പകരം പ്രിയങ്ക ആ പദവിയിൽ എത്തണമെന്നും ആവശ്യമുയരാനും സാധ്യതയേറെയാണെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ വിലയിരുത്തുന്നു. നെഹ്‌റു കുടുംബമെന്ന പേരിൽ കോൺഗ്രസിന്റെ നേതൃത്വം കയ്യാളുന്ന സോണിയാ ഗാന്ധിക്കും മക്കൾക്കുമെതിരെ പല സംസ്ഥാന കോൺഗ്രസ് ഘടകങ്ങളിലും എതിരഭിപ്രായങ്ങൾ രൂക്ഷമാണ്.

പഞ്ചാബിൽ ഹൈക്കമാൻഡിനെ വലിയൊരളവിൽ മാറ്റിനിർത്തി കോൺഗ്രസ് പ്രാദേശിക നേതൃത്വം നേടിയ വിജയം വരാനിരിക്കുന്ന വലിയ കൊടുങ്കാറ്റിന്റെ സൂചനയാണെന്നും രാജ്യത്താകെ ഹൈക്കമാൻഡിന്റെ നിലപാടുകൾക്കെതിരെ ഇനി കോൺഗ്രസിനകത്ത് എതിർപ്പ് ശക്തമാകുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കുട്ടിത്തം വിടാത്ത തീരുമാനങ്ങളും ബാലിശമായി മോദിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുമെല്ലാം 'പപ്പുമോൻ' എന്ന് എതിരാളികൾ കളിയാക്കുന്ന അവസ്ഥയിൽ നിൽക്കുന്ന രാഹുലിന് വലിയ തിരിച്ചടിയായി മാറുകയാണെന്ന് വ്യക്തം. ഇപ്പോഴത്തെ സാഹചര്യത്തിൽ പണ്ട് ഇന്ദിരയെ വിളിക്കൂ.. ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർന്നതിന് സമാനമായ രീതിയിൽ പ്രിയങ്കയെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്ന നിലയിലേക്ക് കാര്യങ്ങളെത്താനും സാധ്യത തെളിയുകയാണ് കോൺഗ്രസിൽ.

അതേസമയം, ഏറ്റവുമധികം നേട്ടമായി ഈ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ നേട്ടമെത്തുന്നത് ആത്യന്തികമായി മോദിയിലേക്കാണ്. യുപിയിലേയും ഉത്തരാഖണ്ഡിലേയും വിജയങ്ങൾ പാർട്ടിക്കു മാത്രമല്ല, കേന്ദ്രസർക്കാരിനും വലിയ ആശ്വാസമായി മാറുകയാണ്. രാജ്യസഭയിൽ അംഗബലത്തിൽ മുൻതൂക്കമില്ലാത്തത് ബിജെപിയെ തളർത്തിയിരുന്ന കാലം മാറിവരുമെന്നതുതന്നെയാണ് അതിൽ പ്രധാനം. നിർണായകമായ തീരുമാനങ്ങൾ നടപ്പാക്കാൻ ഇത് മോദി സർക്കാരിന് വലിയ തടസ്സമായി മാറുന്നുണ്ട്.

എന്നാൽ മൃഗീയ ഭൂരിപക്ഷത്തോടെ യുപിയെന്ന വലിയ സംസ്ഥാനത്തിൽ അധികാരത്തിലെത്തുന്നത് ഈ സ്ഥിതി മാറ്റുമെന്ന് ഉറപ്പ്. മാത്രമല്ല, രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ജിഎസ്ടി ബിൽ തുടങ്ങിയ കാര്യങ്ങളിലും ഇത് വലിയതോതിൽ മോദിക്ക് പ്രയോജനം ചെയ്യും. പ്രധാനമന്ത്രിയെന്ന നിലയിൽ ശക്തമായ ഭരണപരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകാനും ഈ വിജയങ്ങൾ മോദിയെ സഹായിക്കും. ഒരേസമയം പാർട്ടിയിലും ജനമനസ്സുകളിലും ഇടംപിടിക്കുന്ന അതികായനെന്ന അവസ്ഥയിലേക്ക്, സോഷ്യൽ മീഡിയയിലെ പ്രചരണംപോലെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ പകിട്ടിലേക്ക് മോദി എത്തുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളോടെയെന്ന് ചുരുക്കം.

വലിയ നേട്ടമെന്ന് പറയാനാവില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിൽ തോൽവിപോലും വൻ വിജയമായി മാറുകയാണ് ആംആദ്മിക്ക്. ഡൽഹിയെന്ന സംസ്ഥാനത്തുമാത്രം ഒതുങ്ങുന്ന പാർട്ടിയെന്ന നിലവിട്ട് കെജ്രിവാളും സംഘവും തൊട്ടടുത്ത പഞ്ചാബിലും സാന്നിധ്യമറയിക്കുന്നു. അടുത്തകാലത്ത് ഉദയംകൊണ്ട ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ അവർ പഞ്ചാബിൽ ഇപ്പോഴുണ്ടാക്കിയ ചെറിയ മുന്നേറ്റം പോലും അസാധാരണമാണെന്ന് പറയേണ്ടിവരും. ഇത് ഭാവിയിൽ ഉണ്ടാകാവുന്ന വലിയ ചില രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാണെന്ന വിലയിരുത്തലും പുറത്തുവന്നുകഴിഞ്ഞു.

കാരണം കോൺഗ്രസിന്റെയല്ല, മറിച്ച് ബിജെപി സഖ്യത്തിന്റെ വോട്ടുകൾ പിടിച്ചുകൊണ്ടാണ് പഞ്ചാബ് അസംബ്‌ളിയിൽ അവർക്കൊപ്പംതന്നെ സീറ്റുകൾ നേടി ആംആദ്മി മുന്നേറിയിട്ടുള്ളത്. ഡൽഹിയിലും ആദ്യഘട്ടത്തിൽ ചെറിയ അളവ് സീറ്റുകളിൽ വിജയിച്ച പാർട്ടിയാണ് ആം ആദ്മി. ആ നില വിട്ട് മൃഗീയ ഭൂരിപക്ഷം നേടിയാണ് മോദി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ അവരുടെ കൺമുന്നിൽ ബിജെപിയേയും കോൺഗ്രസിനേയും ഒരുപോലെ തറപറ്റിച്ച് ആംആദ്മി അധികാരത്തിലെത്തിയത്.

അതിനാൽ പഞ്ചാബിൽ ഇപ്പോൾ സാന്നിധ്യമറിയിച്ചതുപോലെ ഭാവിയിൽ മറ്റു സംസ്ഥാനങ്ങളിലേക്കും ആംആദ്മിയുടെ വേരുകൾ എത്തുമെന്ന സൂചനകളാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം. ചെറിയകാലംകൊണ്ട് ഉണ്ടായ ഒരു പാർട്ടി, ഇത്രത്തോളം ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെല്ലുന്നതും ചെറുകാലത്തിനിടയ്ക്ക് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരിടത്തേക്കു കൂടി സ്വാധീനം വർധിപ്പിക്കുന്നതും ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല. ഇത് മുന്നിൽ കണ്ടുതന്നെ ആകണം ഒരു പക്ഷേ, നരേന്ദ്ര മോദി ഏറ്റവുമധികം ഭയക്കുന്ന നേതാവെന്ന് കെജ്രിവാളിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP