Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാണിയുടെ സമ്മർദത്തിന് മുമ്പിൽ വേറൊരു വഴിയുമില്ലാതെ മുഖ്യമന്ത്രി; ഭീഷണിയും സഹതാപവും ഉയർത്തി പിടിച്ചുനിൽക്കാൻ ചീഫ് വിപ്പിന്റെ ശ്രമം; വിട്ടുവീഴ്ചയ്ക്കില്ലെന്നു തീർത്തുപറഞ്ഞ് മാണി

മാണിയുടെ സമ്മർദത്തിന് മുമ്പിൽ വേറൊരു വഴിയുമില്ലാതെ മുഖ്യമന്ത്രി; ഭീഷണിയും സഹതാപവും ഉയർത്തി പിടിച്ചുനിൽക്കാൻ ചീഫ് വിപ്പിന്റെ ശ്രമം; വിട്ടുവീഴ്ചയ്ക്കില്ലെന്നു തീർത്തുപറഞ്ഞ് മാണി

ന്നെയും പാർട്ടിയെയും നടുക്കടലിലാക്കിയ പി.സി.ജോർജിനെ ഇനി കയറൂരിവിടില്ലെന്ന വാശിയിൽ കെ.എം.മാണി ഉറച്ചതോടെ യു.ഡി.എഫും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂടുതൽ പ്രതിസന്ധിയിലായി. ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാതെ അടങ്ങില്ലെന്ന വാശിയിലാണ് മാണി. രക്ഷപ്പെടാൻ പോംവഴികളൊന്നും ഇല്ലെന്ന് മനസ്സിലാക്കിയതോടെ, ജോർജ് ഭീഷണിപ്പെടുത്തിയും സഹതാപ കാർഡ് ഉയർത്തിയും അവസാന കച്ചിത്തുരുമ്പിൽ പിടിമുറുക്കിയിരിക്കുയാണ്.

കൂറുമാറ്റ നിരോധന നിയമം ശക്തമായതോടെ ജോർജിന് എടുത്തടിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ല. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്തായാലും, മന്ത്രിസഭയുടെ ശേഷിക്കുന്ന സമയത്ത് മാണിക്ക് വഴങ്ങി കേരള കോൺഗ്രസ്സിലെ സാധാരണ എംഎ‍ൽഎയായി തുടർന്നേ പറ്റൂ. ജോർജിനെ പിണക്കാൻ യു.ഡി.എഫിനും വഴിയില്ല. മന്ത്രിസഭയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാ കുന്ന തരത്തിലേക്ക് അതുപോകുമെന്ന് ഉമ്മൻ ചാണ്ടിക്കറിയാം. വ്യാഴാഴ്ച വരെ വിദേശ സന്ദർശനം നടത്തുന്ന ഉമ്മൻ ചാണ്ടി തിരിച്ചെത്തിയശേഷമേ ഇക്കാര്യത്തിൽ ഇനി എന്തെങ്കിലും നീക്കമുണ്ടാകൂ. പൊട്ടിത്തെറി അത്രയും ദിവസം കൂടി വൈകുമല്ലോ എന്നതുമാത്രമാണ് ഭരണമുന്നണിക്കാരുടെ ആശ്വാസം.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജിനെ നീക്കണമെന്ന മാണിയുടെ നിലപാടിന് മുന്നിൽ യു.ഡി.എഫിന് വഴങ്ങാതെ മാർഗമില്ല. മാണിയുമായി യോജിച്ചുപോകാൻ പറ്റില്ലെന്ന് പറയുന്നുണ്ടെങ്കിലും ജോർജിനും വേറെ വഴിയില്ല. എന്നാൽ, മാണിയുടെ പാർട്ടിയിൽ വെറും ഒരു എംഎ‍ൽഎ ആയിരിക്കാൻ തയ്യാറല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തന്റെ പഴയ പാർട്ടിയായ കേരള കോൺഗ്രസ് സെക്കുലറിനെ പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫിലെ ഘടകകക്ഷിയായി നിൽക്കാമെന്നാണ് അദ്ദേഹം കരുതുന്നത്.

എന്നാൽ, ഇതും എളുപ്പമല്ല. കേരള കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ചയാൾ, മറ്റൊരു പാർട്ടിയുടെ നേതാവാകുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽവരും. അതോടെ അയോഗ്യതയും ആറുവർഷത്തെ മത്സരവിലക്കും നേരിടും. അഅതൊഴിവാക്കാനാണ് മാണിയുടെ പാർട്ടിയുമായി യോജിച്ച് പോകാനാവില്ലെന്ന് ജോർജ് പ്രഖ്യാപിക്കുന്നത്. മാണി തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കുക മാത്രമാണ് ജോർജിന് മുന്നിലുള്ള ഏക വഴി. മാണി തന്റെ പാർട്ടിയിൽ നിന്ന് ജോർജിനെ പുറത്താക്കിയാൽ കൂറുമാറ്റ നിയമം പ്രശ്‌നമല്ല. ജോർജിന് പഴയ പാർട്ടിയുമായി യു.ഡി.എഫിൽ തുടരാനുമാവും. എന്നാൽ, ഇത് മാണി അംഗീകരിച്ച് കൊടുക്കില്ല. എംഎ‍ൽഎയെന്ന പദവിയോടെ ജോർജിനെ കയറൂരി വിട്ടാൽ, തന്റെ പാർട്ടിയുടെ കഥ കഴിക്കാൻ ജോർജ് ശക്തനാണെന്ന് മാണിക്കറിയാം. അതൊഴിവാക്കാനാണ് വെറും എംഎ‍ൽഎയായി ജോർജിനെ കൂടെ നിർത്താനുള്ള നീക്കം.

മാണിയെ പരമാവധി പ്രകോപിപ്പിക്കുകയെന്നതാണ് ജോർജിന്റെ പുതിയ തന്ത്രം. ഇനി മിണ്ടിയാൽ മാണി ജയിലിൽ പോകുമെന്ന ജോർജിന്റെ പ്രസ്താവന അതുമാത്രം ഉദ്ദേശിച്ചുള്ളതാണ്. തന്നെ പുറത്താക്കൂ എന്ന ആവശ്യം മാത്രമാണ് ഈ പ്രകോപനത്തിന് പിന്നിൽ. പ്രശ്‌നം പരിഹരിക്കാൻ യു.ഡിഎഫിന് ഏപ്രിൽ ആറുവരെ സമയം നൽകിയിട്ടുണ്ടെന്നും അതിനകം മാന്യമായ ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ പ്രവർത്തകരുമായി ആലോചിച്ച് ഭാവി നടപടി തീരുമാനിക്കുമെന്നും ജോർജ് പറയുന്നു.

അരുവിക്കരയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ജോർജിന്റെ ആയുധം. അവിടെ നാടാർമാർക്കിടയിലുള്ള ജനപിന്തുണ തന്റെ നിലനിൽപ്പിന് വേണ്ടി ഉപയോഗിക്കാനാകും എന്ന് ജോർജ് കരുതുന്നു. തന്നെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന മാണിയുടെ നിർദ്ദേശം യു.ഡി.എഫ് അംഗീകരിച്ചാൽ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന ഭീഷണി അതിന്റെ ചുവടുപിടിച്ചാണ്. ഇതെല്ലാം പിടിച്ചുനിൽക്കാനുള്ള ജോർജിന്റെ അവസാന അടവുകൾ മാത്രമാണെന്ന് മാണിക്കുമറിയാം. വിശുദ്ധവാരം കഴിഞ്ഞാൽ, കേരള കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് ഒരു പൊട്ടിത്തെറിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP