Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബജറ്റിന്റെ സാധുതയിൽ ഗവർണ്ണർ ഇടപെടുമോ? സദാശിവത്തിന്റെ നീക്കങ്ങളിൽ സർക്കാരിന് ആശങ്ക; ധനമന്ത്രിയുടെ ബജറ്റ് വായന ചട്ടലംഘനമോയെന്ന് രാജ്ഭവൻ പരിശോധിക്കുന്നു

ബജറ്റിന്റെ സാധുതയിൽ ഗവർണ്ണർ ഇടപെടുമോ? സദാശിവത്തിന്റെ നീക്കങ്ങളിൽ സർക്കാരിന് ആശങ്ക; ധനമന്ത്രിയുടെ ബജറ്റ് വായന ചട്ടലംഘനമോയെന്ന് രാജ്ഭവൻ പരിശോധിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കിട്ടുള്ള നയപ്രഖ്യാപനത്തിനായി ഗവർണ്ണർ പി സാദാശിവം നിയമസഭയിലെത്തിയപ്പോഴും വലിയ പ്രതിപക്ഷ ബഹളമായിരുന്നു. ധനമന്ത്രിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഗവർണ്ണറോട് പറയുകയും ചെയ്തു. അപ്പോൾ ഐ വിൽ കൺസിഡർ എന്നായിരുന്നു ഗവർണ്ണറുടെ മറുപടി. തുടർന്ന് പ്രതിപക്ഷം വിഷയമുന്നയിച്ച് ഗവർണ്ണർക്ക് പരാതിയും ഔദ്യോഗികമായി നൽകി. ഇതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഗവർണ്ണർ വിശദീകരണം ചോദിച്ചു. അഴകൊഴമ്പൻ മറുപടിയാണ് അന്ന് സർക്കാർ നൽകിയത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് പി സാദാശിവത്തെ മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

ഈ സാഹചര്യത്തിൽ ബജറ്റ് അവതരണത്തിലെ സാധുത പ്രതിപക്ഷം ഗവർണ്ണറുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവന്നേക്കും. അതുകൊണ്ട് തന്നെ കേരള നിയമസഭാ ചട്ടങ്ങൾ അനുസരിച്ച് അല്ലാതെ അവതരിപ്പിച്ച ബജറ്റ് റദ്ദാക്കാൻ സാധ്യതയും തെളിയുന്നു. നിയമസഭയിൽ ഇന്ന് നടന്ന പ്രശ്‌നങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ വിഷയത്തിൽ ഗവർണ്ണർ ഇടപെടും. നിയമം അറിയാവുന്ന വ്യക്തിയായതിനാൽ എല്ലാ പഴുതുകളും അടച്ചാകൂം ഗവർണ്ണറുടെ തീരുമാനം വരിക. പ്രതിപക്ഷം പരാതി നൽകിയില്ലെങ്കിൽ പോലും സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കിയ വിഷയത്തിൽ ഏതു പ്രകാരം ഇടപെടണമെന്ന് രാജ്ഭവൻ ആലോചിക്കുന്നുണ്ട്. പ്രതിപക്ഷം പരാതി നൽകിയില്ലെങ്കിൽ ബിജെപി നേതൃത്വം വിഷയമുയർത്തി ഗവർണ്ണറെ സമീപിക്കും.

ബജറ്റിന്റെ സാധുതയാകും പരിശോധിക്കുക. ഡർ നൽകാതെ ബജറ്റ് അവതരിപ്പിക്കാനാവില്ല. സ്പീക്കറുടെ അനുമതിയില്ലാതെ ബജറ്റ് അവതരിപ്പിക്കാനും പാസാക്കാനുമാവില്ല. സ്പീക്കർ ചെയറിൽ ഇരുന്നു ഓർഡർ നൽകിയാൽ മാത്രമേ നിയമസഭ ചേർന്നതായി പോലും കണക്കാക്കാനാവൂ എന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ എൻ. ശക്തന് ഡയസിൽ എത്താനോ ചെയറിൽ ഇരിക്കാനോ സാധിച്ചിട്ടില്ല. പിന്നെ എന്ത് ബജറ്റ് അവതരണമെന്നാണ് ഉയരുന്ന ചോദ്യം. ഏതായാലും സർക്കാരിനോടും സ്പീക്കറോടും ഗവർണ്ണർ വിശദീകരണം ചോദിക്കാൻ ഇടയുണ്ട്.

പ്രതിഷേധത്തിനിടെ സഭയിലെത്തിയപ്പോൾ സ്പീക്കറെ പ്രതിപക്ഷ എംഎ‍ൽഎമാർ തടഞ്ഞിരുന്നു. ബഹളത്തിനിടെ മാണിക്ക് ആംഗ്യം കാണിച്ച് ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകിയെന്നാണ് സ്പീക്കർ എൻ. ശക്തൻ പറഞ്ഞത്. എന്നാൽ ഈ വാദം ചട്ടപ്രകാരം നിലനിൽക്കുന്നതല്ല. സഭയിലെ സീറ്റിൽ സ്പീക്കറെത്തി ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാൻ ഓർഡർ നൽകുകയും ധനമന്ത്രി ബജറ്റ് മേശപ്പുറത്തുവച്ചെന്ന് പറയുകയും സ്പീക്കർ അതിന് അംഗീകാരം നൽകുകയും ചെയ്താൽ മാത്രമേ ചട്ടപ്രകാരം ബജറ്റ് അവതരിപ്പിക്കാനാവൂ. കേവലം ഒരു മിനിട്ടുകൊണ്ടുമാത്രം ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവും. ഇതൊന്നും സഭയിൽ നടന്നില്ല. എവിടെയോ ഇരുന്ന് എല്ലാം ചെയ്‌തെന്നാണ് സ്പീക്കറുടെ വാദം. ഇത് ഗവർണ്ണർ അംഗീകരിക്കാൻ ഇടയില്ലെന്നാണ് സൂചന.

സ്പീക്കർക്ക് ഡയസിലും ചെയറിലും എത്താനാവാത്ത സാഹചര്യത്തിൽ ബജറ്റ് അവതരിപ്പിച്ചതായുള്ള വാദം ചട്ട പ്രകാരം നിലനിൽക്കില്ല. ഇതിന്റെ നിയമപ്രശ്‌നങ്ങൾ പ്രതിപക്ഷവും തിരക്കുന്നുണ്ട്. എന്നാൽ സഭയിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ്ണറെ കാണാൻ സഭയിലെ പ്രതിപക്ഷം തയ്യാറാകാനിടയില്ല. സ്പീക്കറുടെ ചേമ്പറും മറ്റും തകർത്തതിനെ കുറിച്ച് ഗവർണ്ണർ മറുചോദ്യമുയർത്തിയാൽ പാടു പെടും. സഭയിൽ അക്രമം കാട്ടിയവർക്കെതിരെ കർശന നടപടി വേണമെന്ന നിലപാടും ഗവർണ്ണർക്കുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് പരാതിയുമായി ഗവർണ്ണറെ സമീപിക്കാൻ ബിജെപി ഒരുങ്ങുന്നത്. നിയമസഭയിലെ സംഭവങ്ങളെ കുറിച്ച് രാഷ്ട്രപതിക്കും കേന്ദ്ര സർക്കാരിനും ഗവർണ്ണർ റിപ്പോർട്ട് നൽകാനും സാധ്യതയുണ്ട്.

സഭയിൽ ഇന്നുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്ന വിലയിരുത്തലാണ് ഗവർണ്ണർക്കുള്ളത്. സംഘർഷം കൂട്ടാനുള്ള സാഹചര്യങ്ങളും ഒരുക്കി. പ്രതിഷേധിച്ച് സഭയിൽ തങ്ങിയ പ്രതിപക്ഷത്തിന് എല്ലാ സൗകര്യവും ഒരുക്കി പ്രശ്‌നമുണ്ടാക്കിയതാണെന്ന വിലയിരുത്തലുമുണ്ട്. സഭയ്ക്ക് പുറത്തെ സമരത്തെ നിയന്ത്രിക്കുന്നതിലും സർക്കാരിന് വീഴ്ച വന്നുവെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. ഇതൊക്കെ സർക്കാരും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗവർണ്ണറുടെ ഇടപെടലുകളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് മുഖ്യമന്ത്രിയും. ബജറ്റിന്റെ സാധുത ഗവർണ്ണർ തള്ളിയാൽ അത് സർക്കാരിന് പുതിയ പ്രതിസന്ധിയുമാകും. ഗവർണ്ണർ വിശദീകരണം ചോദിച്ചാൽ പഴുതുകൾ അടച്ച് നൽകേണ്ട മറുപടിയാകും സർക്കാർ നൽകുക. അത് സദാശിവത്തെ തൃപ്തിപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP