Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അധികാരവും പണവും ഒരുമിച്ച് വന്നപ്പോൾ സർവതും കീഴടക്കാൻ ഇറങ്ങി പുറപ്പെട്ടു; കോടികൾ വാരി എറിഞ്ഞ് കൈക്കരുത്ത് കാട്ടിയിട്ടും ജനാധിപത്യത്തെ പുച്ഛിച്ചു മുന്നേറി; തക്ക സമയത്ത് ഉണർന്നു പ്രവർത്തിച്ച കോൺഗ്രസ് നേതൃത്വം പാതിരാത്രിയിൽ സുപ്രീം കോടതിയുടെ വാതിൽ തുറപ്പിച്ചപ്പോൾ കണക്കു കൂട്ടലുകൾ പാളി; ചാക്കിട്ടു പിടിക്കാൻ നേരം കിട്ടാതെ പോയതോടെ കണക്കു കൂട്ടലുകൾ പിഴച്ചു; രാജ്യത്തെ മുഴുവൻ കാവിയാക്കാൻ ഇറങ്ങിയ അമത് ഷാക്ക് കടുത്ത തിരിച്ചടി

അധികാരവും പണവും ഒരുമിച്ച് വന്നപ്പോൾ സർവതും കീഴടക്കാൻ ഇറങ്ങി പുറപ്പെട്ടു; കോടികൾ വാരി എറിഞ്ഞ് കൈക്കരുത്ത് കാട്ടിയിട്ടും ജനാധിപത്യത്തെ പുച്ഛിച്ചു മുന്നേറി; തക്ക സമയത്ത് ഉണർന്നു പ്രവർത്തിച്ച കോൺഗ്രസ് നേതൃത്വം പാതിരാത്രിയിൽ സുപ്രീം കോടതിയുടെ വാതിൽ തുറപ്പിച്ചപ്പോൾ കണക്കു കൂട്ടലുകൾ പാളി; ചാക്കിട്ടു പിടിക്കാൻ നേരം കിട്ടാതെ പോയതോടെ കണക്കു കൂട്ടലുകൾ പിഴച്ചു; രാജ്യത്തെ മുഴുവൻ കാവിയാക്കാൻ ഇറങ്ങിയ അമത് ഷാക്ക് കടുത്ത തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രത്തിലും രാജ്യത്തെ പരമാവധി സംസ്ഥാനങ്ങളിലും നേടിയ അധികാരത്തിന്റെയും പണക്കൊഴുപ്പിന്റേയും ഹുങ്കിൽ കർണാടകത്തിലും ഏതുവിധത്തിലും അധികാരം നേടുകയെന്ന തന്ത്രം പാളിയതോടെ ബിജെപി ദേശീയ നേതൃത്വത്തിന് കർണാടകത്തിൽ ഉണ്ടായത് വൻ നാണക്കേട്. അടുത്ത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിന്റെ രണ്ടാമൂഴം പ്രതീക്ഷിച്ച് നിൽക്കുന്ന അമിത്ഷായ്ക്കും ബിജെപിക്കും ഏറ്റവുംവലിയ തിരിച്ചടിയായി കർണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അതിന്റെ പേരിൽ ഗവർണറെ ഉപയോഗിച്ച് യദിയൂരപ്പ മുഖ്യമന്ത്രിയായിട്ടും രാജിവച്ച് ഒഴിയേണ്ടിവന്ന ഗതികേട്.

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഇടപെടലിലേക്ക് കോൺഗ്രസിന് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞതാണ് അവരുടെ വിജയമായി മാറിയത്. അതോടൊപ്പം രാഷ്ട്രീയപരമായി തിരഞ്ഞെടുപ്പിൽ ശക്തരായ എതിരാളികളെ പോലെ പോരാടിയ ദേവഗൗഡയുടെ ദളിനെ കൂടെനിർത്താൻ കഴിഞ്ഞതും അവരുടെ നേട്ടമായി. അതിനെ പൊളിക്കാൻ കർണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും അമിത്ഷായുടേയും യദിയൂരപ്പയുടേയും തന്ത്രങ്ങൾക്ക് കഴിഞ്ഞില്ല. അധികാരവും പണവും ഒരുമിച്ച് കൈയിൽ വന്നതോടെയാണ് ബിജെപി എന്തുവിലകൊടുത്തും ഈ തിരഞ്ഞെടുപ്പ് ജയിക്കുകയെന്ന തന്ത്രം മെനഞ്ഞത്. ഇത് വരാൻ പോകുന്ന ദേശീയ തിരഞ്ഞെടുപ്പിന്റെ മുന്നോടിയാണെന്ന് അവർക്ക് നന്നായി അറിയാം. അതിനാൽ തിരഞ്ഞെടുപ്പിന് മുന്നേതന്നെ പ്രവർത്തനം തുടങ്ങി. സോഷ്യൽ മീഡിയവഴി ആയിരക്കണക്കിന് ഗ്രൂപ്പുകൾവരെ സൃഷ്ടിച്ചുകൊണ്ടും പണമൊഴുക്കിയും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എല്ലാ സാധ്യതകളും പയറ്റി.

അതിന്റെ ഫലവും തിരഞ്ഞെടുപ്പിൽ ഉണ്ടായി. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അധികാരത്തിന്റെ കൈക്കരുത്ത് കാട്ടിയുള്ള മുന്നേറ്റമാണ് പിന്നീട് കണ്ടത്. മോദിയുടെ വിശ്വസ്തനായ ഗവർണർ വാജു ഭായി കൂടെയുണ്ടെന്നതിന്റെ ബലത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കുകയെന്ന തന്ത്രം ഗവർണറെ ഉപയോഗിച്ച് പയറ്റിയത്. പക്ഷേ, അതിന് മുന്നേ കോൺഗ്രസ് എറിഞ്ഞ തന്ത്രം ഫലിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയ ചൊവ്വാഴ്ച ഉച്ചതന്നെ കോൺഗ്രസ് തീരുമാനിച്ചിരുന്നു സ്ഥിതി മോശമാണെന്നും ബിജെപി ചാക്കിട്ടുപിടിത്തത്തിലേക്ക് നീങ്ങുമെന്നും. ബിജെപി 105 സീറ്റിൽ ഒതുങ്ങുമെന്ന നില വന്നതോടെ തന്നെ കോൺഗ്രസ് രണ്ടുതന്ത്രവും ഒരേസമയം പ്രയോഗിച്ചു.

ജനതാദളിനെ കയ്യിലെടുക്കുക എന്നതായിരുന്നു. ദളിനേക്കാൾ മുപ്പത് സീറ്റ് കൂടുതൽ ഉണ്ടായിട്ടും മുഖ്യമന്ത്രിയായി ദേവഗൗഡയുടെ മകൻ കുമാരസ്വാമിയെ ഉയർത്തിക്കാട്ടി കോൺഗ്രസ് രംഗത്തുവന്നു. ബിജെപിക്ക് ഏറ്റ ആദ്യ അടി ഇതായിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മതേതര ദളും കോൺഗ്രസും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന പ്രഖ്യാപനവും ഇതോടൊപ്പം വന്നു. ഇതോടെ രാഷ്ട്രീയ കാലാവസ്ഥ ആകെ മാറി. മുഖ്യമന്ത്രി പദമെന്ന വാഗ്ദാനത്തിൽ ദൾ വീണു. അവർ തിരിച്ച് ഉപമുഖ്യമന്ത്രിപദം കോൺഗ്രസിന് വാഗ്ദാനം ചെയ്തു. കൂടെ ദളിനേക്കാൾ കൂടുതൽ മന്ത്രിസ്ഥാനങ്ങളും. ഇതോടെ വലിയൊരു സഖ്യത്തിനാണ് തിരഞ്ഞെടുപ്പിന് പിന്നാലെ കർണാടകത്തിൽ ഉദയമായത്. ഇത് ദേശീയ തലത്തിൽ കോൺഗ്രസിന് പിന്തുണയുമായി എത്തുന്ന കക്ഷികൾക്കും വലിയ പ്രതീക്ഷയാണ് നൽകിയത്.

രണ്ടാമത്തെ തന്ത്രം ബിജെപിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയെന്നതായിരുന്നു. ആർഎസ്എസുകാരനായ ഗവർണറുടെ പിൻബലത്തിൽ യദിയൂരപ്പ അധികാരത്തിലേറുമെന്ന സൂചന വന്നതോടെതന്നെ ഇതിനെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങാൻ കോൺഗ്രസിനായി. ഇതോടെയാണ് പതിനഞ്ച് ദിവസത്തെ സാവകാശം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ സ്ഥാനത്ത് മൂന്നാം ദിവസംതന്നെ സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. സുപ്രീംകോടതി കർശന നിർദ്ദേശം പുറപ്പെടുവിച്ചതോടെ എല്ലാ പ്രതീക്ഷകളും പാളി. ബിജെപിക്ക് മറ്റൊരു വഴിയും ഇല്ലാതായി. പതിനാല് എംഎൽഎമാരെ ചാക്കിട്ടുപിടിക്കുക എന്ന തന്ത്രം പടിപടിയായി കോൺഗ്രസും ദളും ഒരുമിച്ച് നിന്ന് പൊളിച്ചടുക്കി. രാഷ്ട്രീയ ചാണക്യൻ അമിത്ഷാ തലയിൽ കൈവച്ചുനിൽക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. ഇത്തരത്തിൽ ജനാധിപത്യത്തിനെ കുഴിച്ചുമൂടാനുള്ള നീക്കത്തിനെതിരെ കോടതിയുടെ കൂടെ പിൻബലത്തിൽ കർണാടകത്തിൽ കോൺഗ്രസിന് വിജയം നേടാനായി.

കോൺഗ്രസ് ഉണർന്നു പ്രവർത്തിച്ചതോടെയാണ് പാതിരാത്രി തന്നെ സുപ്രീംകോടതി തുറപ്പിക്കാനും ജനാധിപത്യ കശാപ്പിനെതിരെ നിയമത്തെ ഉപയോഗിക്കാനും കഴിഞ്ഞത്. ഇത് വലിയ രാഷ്ട്രീയ വിജയമായി മാറി കോൺഗ്രസിന്. ഇതോടൊപ്പം ദൾ-കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കുന്ന സാധ്യത ഒഴിവാക്കാൻ വേണ്ട സന്നാഹങ്ങളും ചെയ്തു. എംഎൽഎമാരെ പാർപ്പിച്ചിരുന്ന ബിഡദിയിലെ റിസോർട്ടിന് യദിയൂരപ്പ അധികാരമേറ്റതിന് പിന്നാലെ സുരക്ഷാ ചുമതല ഒഴിവാക്കിയതോടെ എംഎൽഎമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി.

ഒടുവിൽ ചാർട്ടേഡ് ഫ്‌ളൈറ്റ് വ്യോമയാന മന്ത്രാലയത്തെ ഇടപെടീച്ച് റദ്ദാക്കിപോലും ബിജെപി തന്ത്രങ്ങൾ പയറ്റി. ഇതോടെ കൊച്ചിയിലേക്ക് എംഎൽഎമാരെ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ച് ജനതാദൾ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി. ഈ വിഷയമെല്ലാം കോടതിക്ക് മുമ്പിൽ എത്തിക്കാനും അഭിഷേക് സിംഘ്വിയെ ഉപയോഗിച്ച് സുപ്രീംകോടതിയുടെ മുന്നിൽ വാദങ്ങളായി അവതരിപ്പിക്കാനും കഴിഞ്ഞത് കോൺഗ്രസിന് വലിയ നേട്ടമായി. ഇത്തരത്തിൽ സമർത്ഥമായി നടത്തിയ നീക്കങ്ങളുടെ വിജയമാണ് കർണാടകയിൽ യദിയൂരപ്പയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചതും കോൺഗ്രസിന്റെയും ദളിന്റേയും ഐക്യസർക്കാർ അധികാരത്തിലേറാൻ വഴിതെളിയിക്കുന്നതും.

ഇതോടെ വലിയ തിരിച്ചടിയാണ് അമിത്ഷായും ബിജെപിയും നേരിടുന്നത്. ദേശീയ തലത്തിൽ കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരത്തിലേറിവരുമ്പോൾ തന്നെ അവിടെ മിക്കയിടങ്ങളിലും തന്ത്രങ്ങളുടെ വിജയംകൊണ്ടാണ് ബിജെപി ജയിച്ചുകയറിയത്. പലയിടത്തും ജനാധിപത്യമല്ല പണാധിപത്യമാണ് നടന്നതെന്ന ആക്ഷേപം ഒരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഉയർന്നെങ്കിലും അതിനെയെല്ലാം പ്രതിപക്ഷ ആരോപണങ്ങൾ മാത്രമായി അമിത്ഷായും ബിജെപിയും വ്യാഖ്യാനിച്ചുതള്ളി. ഒടുവിൽ അതിന് വലിയ തിരിച്ചടി കർണാടകത്തിൽ നേരിടുമ്പോൾ ബിജെപിക്ക് ഇത് വലിയ ക്ഷീണമാണ് ദേശീയതലത്തിൽ ഉയർത്തുന്നത്. ജനാധിപത്യത്തെ കശാപ്പുചെയ്യാൻ ബിജെപി ശ്രമിച്ചുവെന്ന നിലയിൽ കാര്യങ്ങൾ തുറന്നുകാട്ടാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നത് അവർ നേരിടുന്ന വലിയ വിജയവുമായി മാറുന്നു. രാജ്യംമുഴുവൻ പണക്കൊഴുപ്പിന്റേയും അധികാരത്തിന്റേയും ബലത്തിൽ പിടിച്ചടക്കാൻ ബിജെപി നടത്തിയ നീക്കത്തിന് ഏറ്റ ഏറ്റവും വലിയ പരാജയമായി മാറുകയാണ് കർണാടകയിലെ അധികാര നഷ്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP