Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നു കുനിയാൻ പോലും വയ്യാത്ത ശക്തനെ കാട്ടാക്കടക്കാർ ജയിപ്പിക്കുമോ? ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ നേരമില്ലാത്ത തോമസ് ചാണ്ടിയും സെൽവരാജും ഇനിയും എംഎൽഎ ആകണോ? തെരഞ്ഞെടുപ്പിൽ ചർച്ചയായി സ്ഥാനാർത്ഥികളുടെ അനാരോഗ്യം

ഒന്നു കുനിയാൻ പോലും വയ്യാത്ത ശക്തനെ കാട്ടാക്കടക്കാർ ജയിപ്പിക്കുമോ? ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ നേരമില്ലാത്ത തോമസ് ചാണ്ടിയും സെൽവരാജും ഇനിയും എംഎൽഎ ആകണോ? തെരഞ്ഞെടുപ്പിൽ ചർച്ചയായി സ്ഥാനാർത്ഥികളുടെ അനാരോഗ്യം

ബി രഘുരാജ്

തിരുവനന്തപുരം: വികസിത രാജ്യങ്ങളിൽ നേതാക്കന്മാരുടെ ആരോഗ്യം ഒരു വലിയ ചർച്ചാ വിഷയം ആണ്. ഒരു നേതാവ് രോഗിയായാൽ അയാൾ പൊതുപ്രവർത്തനത്തിനുള്ള അർഹത ഇലാതാവാവുകയാണ് അവിടെ. ആ ഒറ്റക്കാരണത്താൽ തന്നെ ാെരാളുടെ പൊതു ജീവിതവും അവസാനിക്കും.

രോഗിയാവുകയും വിശ്രമിക്കുകയും ചികിൽസ തുടരുകയും വേണമെന്നാണ് അവിടുത്തെ സങ്കൽപ്പം. എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയല്ല. രോഗം പോലും വോട്ട് തേടാനുള്ള ഒരു സഹതാപമാക്കി മാറ്റുകയാണ് പതിവ്. എന്നാൽ ആ പതിവ് ഇക്കുറി തെറ്റുകയാണ്. കുറഞ്ഞത് മൂന്ന് എംഎൽഎ മാരുടെ എങ്കിലും മണ്ഡലത്തിൽ ഏറ്റവും പ്രധാന ചർച്ചാവിഷയം വീണ്ടും എൽഎ ആകാൻ ശ്രമിക്കുന്ന നേതാക്കളുടെ ആരോഗ്യം തന്നെയാണ്. ആശുപത്രിയിൽ നിന്നും ഇറങ്ങാൻ നേരമില്ലാത്ത ഈ നേതാക്കൾ എങ്ങനെ ജനങ്ങളെ സേവിക്കും എന്നാണ് ഇവിടങ്ങളിൽ ചോദ്യം ഉയരുന്നത്. ഗൗരിയമ്മയും എംവി രാഘവനും കഴിഞ്ഞ തവണ സംഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം ശക്തമായിരിക്കുന്നത്.

പ്രായത്തിന്റെ ആകുലതകൾ മറയ്ക്കാൻ പോലും കഴിയാതെയാണ് രാഘവനും ഗൗരിയമ്മയും കഴിഞ്ഞ തവണ മത്സരത്തിനിറങ്ങിയത്. ആരോഗ്യത്തിലെ പ്രശ്‌നങ്ങൾ ചർച്ചയായത് തന്നെയാണ് കേരളാ രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളായി രാഘവനും ഗൗരിയമ്മയ്ക്കും കഴിഞ്ഞ തവണ തോൽവിയൊരുക്കിയത്. രോഗിയായ എംഎൽഎ വേണമോ എന്നത് സജീവ ചർച്ചയാകുന്നത് സ്പീക്കർ എൻ ശക്തൻ മത്സരിക്കുന്ന കാട്ടാക്കടയിലാണ്. സമുദായ സമവാക്യങ്ങളുടെ കരുത്തിൽ കാട്ടക്കട നിലനിർത്താനുള്ള ശക്തന്റെ ശ്രമങ്ങൾക്ക് ഇത് കടുത്ത തിരിച്ചടിയാണ്.  ശക്തൻ തന്റെ ചെരുപ്പ് ഡ്രൈവറെ കൊണ്ട് അഴിപ്പിച്ചത് വിവാദമായിരുന്നു. രോഗമുള്ളതിനാലാണ് കുനിയാൻ സാധിക്കാത്തതെന്ന് ശക്തൻ പിന്നീട് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. ഇതാണ് ശക്തന് വിനയാകുന്നത്. പിന്നെ തോമസ് ചാണ്ടിയും സെൽവരാജുമാണ് രോഗിയുടെ ഗണത്തിൽ പ്രചരണത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. ചോദ്യങ്ങൾ കൃത്യമായ മറുപടി നൽകാൻ ഇവർക്ക് കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

സുഖമില്ലെങ്കിൽ എന്തിനാണ് മത്സരിക്കുന്നത്? കുറേ കാലം കൊണ്ട് ജയിക്കുന്നതെല്ലേ? ഇനിയെങ്കിലും യുവാക്കൾക്ക് മാറി കൊടുത്തു കൂടേ എന്ന ചോദ്യമാണ് ശക്തന് നേരെ ഉയരുന്നത്. കാട്ടാക്കടയിൽ പുതുമുഖത്തെ നിർത്താൻ കെപിസിസി അധ്യക്ഷൻ വി എം സുധീരനും താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ നാടാർ കാർഡിൽ ശക്തൻ പിടിച്ചതോടെ സുധീരന്റെ വാദങ്ങളുടെ ശക്തി കുറഞ്ഞു. അങ്ങനെ കണ്ണുവയ്യാത്ത ഗരുതര രോഗമുള്ള ശക്തൻ വീണ്ടും സ്ഥാനാർത്ഥിയായി. ഇനിയും മന്ത്രിയും സ്പീക്കറുമൊക്കെ ആകണമെന്ന് തന്നെയാണ് ശക്തന്റെ ആഗ്രഹം. എന്നാൽ രോഗിയുടെ ചർച്ച കാര്യങ്ങൾ തകിടം മറിക്കുമെന്നാണ് സൂചന.

ശക്തൻ വീണ്ടുമെത്തുന്നത് ഒരു ലക്ഷത്തിൽ ഒരാൾക്കുണ്ടാകുന്ന രോഗവുമായി

നിയമസഭാ വളപ്പിലെ നെൽക്കൃഷി വിളവെടുപ്പിനിടെയാണ് ശക്തൻ വിവാദത്തിൽ കുടുങ്ങിയത്. കറ്റമെതിക്കാനെത്തിയപ്പോളാണ് സ്വന്തം ഡ്രൈവറെ വിളിച്ച് വരുത്തി ശക്തൻ ചെരുപ്പിന്റെ വാറഴിപ്പിച്ചത്. കൃഷിമന്ത്രി കെ പി മോഹനും സ്ഥലത്തുണ്ടായിരുന്നു. ഇതോടെ സ്പീക്കർ സ്ഥാനത്ത് തുടരാൻ ശക്തൻ യോഗ്യനല്ലെന്നും അദ്ദേഹം മാപ്പ് പറഞ്ഞ് സ്ഥാനം ഒഴിയണമെന്നും നിരവധിപേർ ആവശ്യപ്പെട്ടു. ഇതിനെ പ്രതിരോധിക്കാൻ ശക്തൻ തന്നെ വാർത്താ സമ്മേളനം നടത്തി. മാരകമായ അപൂർവ അസുഖമുള്ളതിലാനാണ് സഹായിയും ഡ്രൈവറുമായ ബിജുവിനെ കൊണ്ട് ചെരുപ്പഴിപ്പിച്ചതെന്ന് പറഞ്ഞു. കണ്ണിൽ രക്തകുഴലുകൾപൊട്ടി കാഴ്ച നഷ്ടമാകുന്ന രോഗമുള്ളതിനാൽ ഡോക്ടറുടെ കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ജീവിക്കുന്നത്.

ഇരു കണ്ണിലേയും കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട നിലയിലാണ്. ഒരു കാരണവശാലും കുനിയരുതെന്നും കനമുള്ള വസ്തുക്കൾ കൈകൊണ്ട് എടുക്കരുതെന്നും കണ്ണിൽ വെയിൽ കൊള്ളിക്കരുതെന്നുമാണ് പ്രധാന നിർദ്ദേശങ്ങൾ . നിരന്തരം ചികിൽസ വേണ്ടി വരുന്ന അസുഖമുള്ളതിനാലാണ് വർഷങ്ങൾക്ക് മുന്നേമുന്നേ ബന്ധുകൂടിയായ ബിജുവിനെ സഹായിയായി കൂടെ നിർത്തിയിട്ടുള്ളത്. യാത്രപോകുമ്പോഴെല്ലാം ബിജുവാണ് എല്ലാ കാര്യങ്ങളിലും സഹായിക്കുന്നത്. ചെരുപ്പഴിക്കേണ്ടിവരുന്ന സന്ദർഭങ്ങൾ മുൻകൂട്ടി അറിയാനായാൽ അന്ന് വാറില്ലാത്ത ചെരുപ്പാണ് ധരിക്കാറുള്ളത്. കൊയ്ത്തിനിറങ്ങേണ്ടി വന്നതിനാലാണ് വാറുള്ള ചെരുപ്പ് ധരിച്ചത്. എന്നാൽ കറ്റമെതിക്കാൻ പായയിൽ കയറേണ്ടി വന്നതിനാലാണ് ചെരുപ്പഴിക്കേണ്ടി വന്നതെന്നും ശക്തൻ പറഞ്ഞിരുന്നു. ഇത്രയേറെ ഗുരുതരോഗമുള്ളയാൾക്ക് ഇനിയെങ്കിലും വിശ്രമിച്ചു കൂടെ എന്നാണ് കാട്ടാക്കടയിൽ പ്രധാനമായും ഉയരുന്ന ചോദ്യം.

8 വർഷം മുമ്പ് ഉണ്ടായ അസുഖമാണെതെന്നും ഇത് ഇപ്പോഴും തന്നെ അലട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തിൽ ഒരാൾക്കുണ്ടാകുന്ന രോഗമാണ് തനിക്കുള്ളതെന്നുമാണ് സ്പീക്കർ അറിയിച്ചത്. ഒരു കണ്ണിന് ഭാഗികമായ കാഴ്‌ച്ച മാത്രമേയുള്ളു. രോഗം ഗുരുതരമായി മാറാതിരിക്കാൻ കുനിയരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെ്സ്പീക്കർ വിശദീകരിച്ചു. കുനിയാൻ സാധിക്കാത്തതുകൊണ്ടാണ് പായയിൽ കയറാൻ വേണ്ടി ഡ്രൈവറെ കൊണ്ട് വാറഴിപ്പിച്ചതെന്ന് ശക്തൻ വിശദീകരിച്ചു. ബിജു തന്റെ ഡ്രൈവർ മാത്രമല്ല, സഹായി കൂടിയാണെന്നും സ്പീക്കർ വിശദീകരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും പോകുമ്പോൾ എപ്പോഴും സഹായിയായി ബിജുകൂടെ ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ കണ്ണിലേക്ക് രക്തമിറങ്ങുന്നില്ലെന്നും ചികിൽസ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിലെ പ്രസ് റൂമിനുള്ളിൽ തന്റെ അപൂർവ്വ രോഗത്തെക്കുറിച്ച് സ്പീക്കർ വിശദീകരണം നൽകുന്നത് തൽസമയം സംപ്രേഷണം ചെയ്ത ചില ദൃശ്യമാദ്ധ്യമങ്ങൾ സ്‌ക്രീനിന് ഒരുവശത്ത് സന്തോഷവാനായി നിന്ന് നെൽക്കതിരുകൾ കൊയ്‌തെടുക്കുകയും മെയ്‌വഴക്കത്തോടെ കുനിഞ്ഞു നിന്ന് കറ്റമെതിക്കുകയും ചെയ്യുന്ന ശക്തന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ മുൻ സ്പീക്കർ ജി കാർത്തികേയൻ ഉൾപ്പടെയുള്ളവർ നിയമസഭയിലെ ഔദ്യോഗിക വസതിയിൽ വിശ്രമിച്ചിരുന്നത് ഇദ്ദേഹത്തിനും പിൻതുടരാമായിരുന്നു. എന്നാൽ കൊയ്ത്തും മെതിയും നടത്തി ഗുരുതര രോഗത്തെ ക്ഷണിച്ചുവരുത്തുകയല്ലേ ചെയ്തതെന്ന ചോദ്യമാണ് വാർത്താസമ്മേളനത്തിനുശേഷം പ്രസക്തമായത്. അതേസമയം തന്റെ നിലപാട് വിശദീകരിക്കുന്നതിനൊപ്പം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ കൃത്യമായി ഉത്തരം നൽകാൻ സ്പീക്കർക്ക് സാധിച്ചില്ല. വെയിൽ കൊള്ളാൻ സാധിക്കാത്ത സ്പീക്കർ എങ്ങനെയാണ് വോട്ടു ചോദിക്കുന്നത് എന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതിനൊന്നും കുഴപ്പമില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ വിശദീകരണം. പക്ഷേ ഇതെല്ലാം കാട്ടാക്കടയിൽ വീണ്ടും ചർച്ചയാക്കുകയാണ് ത്രികോണച്ചൂടിൽ പൊരിയുന്ന കാട്ടക്കടയിൽ സിപിഎമ്മും ബിജെപിയും.

ചികിൽസയ്ക്ക് നിയമസഭയിലെ കുബേരൻ വാങ്ങിയത് രണ്ട് കോടി

സംസ്ഥാനത്തെ എംഎൽഎമാരിൽ 117 പേരും മാറാരോഗികളാണോ എന്ന് പോലും സംശയിച്ചു പോകും ഇവർ ചികിത്സിയുടെ പേരിൽ പണം വാങ്ങുമ്പോൾ തോന്നുക. ഇത്രയും പേർ ചികിത്സയ്ക്കായി പണം വാങ്ങിയെന്നാണ് വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നത്. എംഎൽഎമാരുടെ ചികിത്സാ ധനസഹായത്തിനായി നാലര കോടിയിലേറെ രൂപ ചെലവിട്ടപ്പോൾ രണ്ട് കോടിയോളം രൂപ കൈപ്പറ്റിയത് കേരളത്തിലെ കുബേരൻ തന്നെയായ തോമസ് ചാണ്ടിയാണെന്നതും വ്യക്തമായി. ഇതിൽ നിന്ന് തോമസ് ചാണ്ടിയുടെ രോഗത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാണ്. ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറിലും കോടികൾ ലാഭം കൊയ്തും ജീവിക്കുന്ന എൻസിപി എംഎൽഎ സർക്കാരിന്റെ പണം കൊണ്ട് ചികിത്സിക്കാൻ വിദേശരാജ്യങ്ങളിലേക്ക് പോവുകയായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രി,അമേരിക്കയിലെ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലാണ് തോമസ് ചാണ്ടി എംഎൽഎ കഴിഞ്ഞ നാലു വർഷത്തിനിടെ ചികിത്സ തേടിയത്. വിദേശത്തെ ആശുപത്രിയിൽ മാത്രം ചെലവായത് ഒരു കോടിയിലേറെ രൂപയാണ്. തോമസ് ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയുടെ നേർ ചിത്രമാണ് ഈ കണക്ക് വിശദീകരിക്കുന്നത്. ഇത് കുട്ടനാട്ടിൽ വലതുപക്ഷമാണ് സജീവ ചർച്ചയാക്കുന്നത്.

കെ ബി ഗണേശ് കുമാറും പിസി ജോർജും ഇടതുപക്ഷത്ത് എത്തിയതോടെ 2015ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സർക്കാർ കടുത്ത പ്രതിസന്ധിയിലായി. എല്ലാ എംഎൽഎമാരേയും നിയമസഭയിൽ എത്തിച്ച് വോട്ട് ചെയ്യിച്ചില്ലെങ്കിൽ അധികാരം തന്നെ പോകുന്ന അവസ്ഥ. ഈ സാഹചര്യത്തിലാണ് സെൽവരാജ് എംഎൽഎയുടെ രോഗാവസ്ഥ ചർച്ചയായത്. അതിവ ഗുരുതരാവസ്ഥയിലായ സെൽവരാജിനെ ഏറെ പണിപ്പെട്ടാണ് നിയമസഭയിലെത്തിച്ച് വോട്ട് ചെയ്തത്. ഒന്നരവർഷത്തോളമായി സെൽവരാജ് രോഗത്തിന്റെ പിടിയിൽ. അഞ്ച് കൊല്ലം മുമ്പ് സിപിഎമ്മിന്റെ അക്കൗണ്ടിൽ ജയിച്ചെത്തിയ നേതാവ്. പിന്നീട് ഏവരേയും ഞെട്ടിച്ച് രാജിവച്ച് കോൺഗ്രസ് ടിക്കറ്റിൽ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ജിയിച്ചു കയറിയ സെൽവരാജിനെ രോഗം തളർത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രഹസ്യ ചികിൽസയെല്ലാം പുറത്തായത് രാജ്യസഭാ തെരഞ്ഞെടുപ്പ് കാരണം മാത്രമായിരുന്നു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പെത്തിയപ്പോൾ സെൽവരാജ് തന്നെ നെയ്യാറ്റിൻകരയിൽ വീണ്ടും സ്ഥാനാർത്ഥിയായെത്തുന്നു. ജയമുറപ്പിക്കാൻ ഓടി നടന്ന് വോട്ട് പിടിത്തം.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രോഗം വകവയ്ക്കാതെ പ്രചരണത്തിൽ സജീവമായ നേതാവായിരുന്നു ടിഎം ജേക്കബ്. അതീവ ഗുരതരമാണ് ആരോഗ്യ സ്ഥിതിയെന്ന് അറിഞ്ഞിട്ടും പിറവത്തെ വിജയത്തിനായി ജേക്കബ് ഓടി നടന്നു. നേരീയ ഭൂരിപക്ഷത്തിൽ ജയിച്ച ജേക്കബ് ആശുപത്രിയിൽ നിന്നാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കാനുള്ള സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. പോരാട്ട ചൂടിനിടയിൽ അദ്ദേഹത്തിന്റെ ആരോഗ്യം ഏറെ തളർന്നിരുന്നു. അതുതന്നെയാണ് ജേക്കബെന്ന രാഷ്ട്രീയ നേതാവിന് ആകാലത്തിലെ മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ഇന്നും വിശ്വസിക്കുന്നുണ്ട്. രോഗം നോക്കാതെ അധികാരത്തിന് വേണ്ടി ചിലരെല്ലാം ഇപ്പോഴും ഓടുന്നു. മറ്റു ചിലർ നിൽക്കള്ളി ഇല്ലാതായപ്പോൾ എടുത്തു കാട്ടിയ രാഗമെന്ന തുറുപ്പു ചീട്ടിൽ കിതയ്ക്കുന്നു. ഏതായാലും പ്രചരണത്തിൽ സ്ഥാനാർത്ഥിയുടെ ആരോഗ്യാവസ്ഥയും ചർച്ചയാണ്.

പതിമൂന്നാം നിയമസഭയുടെ 2015 ഒക്‌ടോബർ 31 വരെയുള്ള കാലയളവിൽ എംഎൽഎമാർക്ക് ചികിത്സാച്ചെലവായി 4,61,74,858 രൂപ സർക്കാർ നൽകിയിതായാണു കണക്ക്. എന്നാൽ, ഏതുരോഗത്തിനാണ് ചികിത്സയെന്നു വെളിപ്പെടുത്താനാകില്ലെന്നാണ് നിയമസഭാ സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നത്. സംസ്ഥാനത്തിന് പുറത്തും വിദേശത്തുമാണ് മിക്ക എംഎൽഎമാരും ചികിത്സയെടുക്കുന്നതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ ജനപ്രതിനിധികൾക്ക് ലഭിക്കുമെന്നിരിക്കെയാണ് അതൊഴുവാക്കി സ്വകാര്യആശുപത്രികളിൽ ചികിത്സതേടുന്നത്. സർക്കാർ ആശുപത്രികളിൽ ജനപ്രതിനിധികൾക്ക് സൗജന്യചികിത്സ ലഭ്യമാണെന്നിരിക്കെയാണ് ഈ കോടികളുടെ അധികബാധ്യത. ജനപ്രതിനിധികൾക്ക് ചികിത്സാചെലവിനത്തിൽ കൈപറ്റാവുന്ന തുകയ്ക്ക് പരിധിയില്ല. മാത്രവുമല്ല സമർപ്പിക്കുന്ന ക്ലെയിമുകളും കാര്യമായി പരിശോധിക്കാറുമില്ല.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളും മെഡിക്കൽ ഇൻഷൂറൻസ് വഴി എംഎൽഎ മാരുടെ ചികിത്സാചെലവിന്റെ അധികബാധ്യതയിൽ നിന്ന് ഒഴിവാകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഗുരതര രോഗമുള്ളവർ വീണ്ടും എംഎൽഎമാരായി മത്സരിക്കാനെത്തുന്നു. എംഎൽഎ ആയാൽ ഏവിടേയും പോയി ചികിൽസിക്കാം. അങ്ങനെ ആയുസിന്റെ ദൈർഘ്യവും കൂട്ടാം. ഈ കളിയിൽ കാലിയാവുന്നത് ഖജനാവാണ്. അതുകൊണ്ട് കൂടിയാണ് ആരോഗ്യത്തിൽ ആകുലതകളും ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP