Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടി കാര്യം നേടിയത് ഹൈക്കമാണ്ടിനെയും ഭീഷണിപ്പെടുത്തി; വേണ്ടി വന്നാൽ പാർട്ടി പിളർത്തുമെന്നും ഭീഷണി മുഴക്കി; ചങ്കും കരളുമായ മന്ത്രിമാരെ രക്ഷപെടുത്താൻ മുസ്ലിംലീഗിനെയും ഒപ്പംകൂട്ടി; സുധീരന്റെ നിലപാട് ശരിവച്ച രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രിയുടെ കടുംപിടുത്തത്തിൽ കടുത്ത അമർഷം

ഉമ്മൻ ചാണ്ടി കാര്യം നേടിയത് ഹൈക്കമാണ്ടിനെയും ഭീഷണിപ്പെടുത്തി; വേണ്ടി വന്നാൽ പാർട്ടി പിളർത്തുമെന്നും ഭീഷണി മുഴക്കി; ചങ്കും കരളുമായ മന്ത്രിമാരെ രക്ഷപെടുത്താൻ മുസ്ലിംലീഗിനെയും ഒപ്പംകൂട്ടി; സുധീരന്റെ നിലപാട് ശരിവച്ച രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രിയുടെ കടുംപിടുത്തത്തിൽ കടുത്ത അമർഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശരാശരി രാഷ്ട്രീയക്കാരന് അതിജീവിക്കാനായിരുന്നില്ല സോളാർ കോലാഹലങ്ങൾ. സെക്രട്ടറിയേറ്റ് വളയലെന്ന ചരിത്ര സമരവുമായി സിപിഐ(എം) കരുത്തുകാട്ടാനെത്തിയതോടെ ഏവരും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി പ്രതീക്ഷിച്ചു. എന്നാൽ എല്ലാം ഉമ്മൻ ചാണ്ടി അതിജീവിച്ചു. നേർത്ത ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ സർക്കാരിനെ അഞ്ച് കൊല്ലം മുന്നോട്ട് കൊണ്ടു പോയി. ബാർ കോഴ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ഉമ്മൻ ചാണ്ടി വിചാരിച്ചത് മാത്രമേ നടന്നൂള്ളൂ. ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് പോലും രാജിവയ്‌ക്കേണ്ടി വന്നു. അപ്പോഴും കെ ബാബുവെന്ന വിശ്വസ്തനെ ആർക്കും വിട്ടുകൊടുക്കാതെ കാത്തു. തന്നെ തള്ളിപ്പറഞ്ഞവർക്കെല്ലാം പണിയും കിട്ടി. പിസി ജോർജ് ഉൾപ്പെടെയുള്ളവർ വഴിയാധാരമായി. ഈ രാഷ്ട്രീയ കൗശലത്തിന്റെ അവസാന ഉദാഹരണമാണ് ഡൽഹിയിൽ കണ്ടത്.

കോൺഗ്രസ് എന്നാൽ ഹൈക്കമാണ്ടാണ്. മുകളിൽ നിന്ന് വരുന്ന തീരുമാനം എന്തായാലും അംഗീകരിക്കണം. കെ കരുണാകരന് പോലും ഇതിന് അതിജീവിക്കാൻ കഴിയുന്നില്ല. സാധാരണ സ്ഥാനാർത്ഥികളുടെ പട്ടിക കേരളത്തിൽ തയ്യാറാക്കും. അത് ഡൽഹിക്ക് അയക്കും. ഹൈക്കമാണ്ടിന് താൽപ്പര്യമുള്ളവർ മാത്രം അന്തിമ പട്ടികയിലെത്തും. ഇതാണ് പതിവ്. എന്നാൽ കേരളത്തിലെ പട്ടിക ഡൽഹിയിൽ ചർച്ചയായി. മുഖ്യമന്ത്രി തന്നെയായിരുന്നു ചർച്ചകളിലെ വില്ലൻ. ആരെന്തു പറഞ്ഞിട്ടും ഉമ്മൻ ചാണ്ടി വിട്ടുകൊടുത്തില്ല. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേയുമെല്ലാം പറഞ്ഞിടത്തുകൊണ്ടു വന്നു. എല്ലാവരേയും വരച്ച വലയിൽ നിർത്തി. അതിന് എന്ത് ചെയ്യണമെന്ന് ഉമ്മൻ ചാണ്ടിക്ക് നന്നായി അറിയാമായിരുന്നു. തുറുപ്പ് ചീട്ടുകൾ ഓരോന്നായി ചാണ്ടി പുറത്ത് എടുത്തപ്പോൾ വി എം സുധീരൻ എന്ന കെപിസിസി അധ്യക്ഷൻ തീർത്തും പരാജിതനായി.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തിൽ ഉമ്മൻ ചാണ്ടിയുടെ പക്ഷം ചേർന്ന് മുസ്‌ലിം ലീഗ് നേതൃത്വം എത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെ ഉമ്മൻ ചാണ്ടി തന്നെ നയിക്കണമെന്നും അദ്ദേഹത്തെ മാറ്റരുതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മന്ത്രി കുഞ്ഞാലിക്കുട്ടിയും ഹൈക്കമാന്റിനെ അറിയിച്ചു. എ.കെ. ആന്റണിയുമായി ലീഗ് നേതാക്കൾ സംസാരിച്ചു. പ്രശ്‌ന പരിഹാരത്തിന് വിട്ടുവീഴ്ച ചെയ്യാൻ മുഖ്യമന്ത്രിയും തയ്യാറാകണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സോളാറിലും ബാർ കോഴയിലുമെല്ലാം ഉമ്മൻ ചാണ്ടിക്ക് കരുത്തായത് ലീഗിന്റെ ഈ അടുപ്പം തന്നെയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിലും സുഹൃത്ത് കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കി വിജയം കൊയ്തു.

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസിനുള്ളിലെ പോര് രൂക്ഷമായത് തെരഞ്ഞെടുപ്പിൽ മുന്നണിയുടെ ജയ സാധ്യതകളെത്തന്നെ ബാധിക്കുമെന്ന രീതിയിൽ വളർന്നതോടെ മുസ്‌ലിം ലീഗ് പ്രശ്‌നത്തിൽ ഇടപെട്ടെന്നാണ് ലീഗ് പറയുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ലെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ വിട്ടു വീഴ്ചയ്ക്ക് തയാറാകണം. തർക്കം തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നും ലീഗ് നിലപാട് അറിയിച്ചു. ഹൈക്കമാന്റുമായുള്ള ചർച്ചയ്ക്ക് ശേഷം ലീഗ് നേതാക്കൾ ഉമ്മൻ ചാണ്ടിയുമായി ആശയവിനിമയം നടത്തി. ഈ ആശയ സംവാദമാണ് നിർണ്ണായകമായത്. വേണ്ടത് ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി തന്നെ ഉമ്മൻ ചാണ്ടിക്ക് ഉറപ്പ് നൽകി. ഇടപെടൽ വന്നപ്പോൾ ജയം ഉമ്മൻ ചാണ്ടിക്കായി.

അധികാരത്തിൽ ഏറിയ അന്നുമുതൽ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിയെ കൊണ്ട് രാജിവയ്‌പ്പിക്കാനായിരുന്നു നീക്കം. കെപിസിസി അധ്യക്ഷ പദം രാജിവച്ച് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് പോലും മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ്. കെപിസിസി അധ്യക്ഷനായി വി എം സുധീരൻ എത്തിയത് മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് അഞ്ച് കൊല്ലത്തിനിടെ തിരിച്ചടിയായത്. ആന്റിയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. എന്നാൽ കേന്ദ്രത്തിൽ കോൺഗ്രസിന് അധികാരം പോയതോടെ ഹൈക്കമാണ്ട് ദുര്ബ്ബലാവസ്ഥയിലായി. കേരളത്തിൽ ഭരണം നഷ്ടപ്പെട്ടാൽ അത് ദേശീയ തലത്തിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് തന്നെ ഭീഷണിയുടെ മുൾമുനയിൽ നിർത്താൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. വിശ്വസ്തർക്ക് സീറ്റ് നിഷേധിച്ചാൽ മത്സരിക്കില്ലെന്ന വാദം ഉമ്മൻ ചാണ്ടിയെടുത്തതോടെ ഹൈക്കമാണ്ട് സമ്മർദ്ദത്തിലായി. ഒടുവിൽ കെ ബാബുവിനും കെസി ജോസഫിനും ബെന്നി ബെഹന്നാനും അടൂർ പ്രകാശിനും ഉമ്മൻ ചാണ്ടി സീറ്റുറപ്പിച്ചു.

ആരോപണ വിധേയർ മാറിനിൽക്കാനാണ് പാർട്ടി തീരുമാനമെങ്കിൽ ആദ്യം മാറിനിൽക്കേണ്ടത് താനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ സുശക്തമായ നിലപാട്. ഇവർ അഞ്ചുപേരും മാറി നിൽക്കുന്നതാണ് സംസ്ഥാനത്ത് കോൺഗ്രസിന് ജയസാധ്യത നൽകുന്നതെന്നായിരുന്നു വി എം. സുധീരന്റെ നിലപാട്. ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കിടെ ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നത് കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി ഉളവാക്കിയിരുന്നു. തന്റെ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർക്ക് മേൽ അവിശ്വാസം രേഖപ്പെടുത്തി അവർക്ക് സീറ്റ് നിഷേധിക്കുന്നത് തന്റെമേൽ അവിശ്വാസം രേഖപ്പെടുത്തുന്നതിന് തുല്യമാണെന്നായിരുന്നു അവസാനം വരെയും മുഖ്യമന്ത്രിയുടെ നിലപാട്. ഇവരെ മാത്രമായി ഒറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരെ തഴയുന്ന പക്ഷം എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവർ മൽസരരംഗത്ത് നിന്ന് മാറുമെന്നും സൂചനയുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മനസ്സ് മുൻകൂട്ടി തിരിച്ചറിഞ്ഞായിരുന്നു ഉമ്മൻ ചാണ്ടിയുടെ നീക്കമെന്നതാണ് മറ്റൊരു വസ്തുത.

ഹൈക്കമാണ്ടിൽ രണ്ട് അധികാര കേന്ദ്രങ്ങളുണ്ട്. സോണിയയും രാഹുലും. ഇവർ രണ്ട് പേരും രണ്ട് വഴിക്കാണുള്ളതെന്ന് പരസ്യമായ രഹസ്യവും. ഈ ഭിന്നത ഉമ്മൻ ചാണ്ടി സമർദ്ദമായി വിനിയോഗിച്ചു. അതുകൊണ്ട് കൂടിയാണ് എല്ലാവർക്കും സീറ്റ് കിട്ടുന്നത്. ഇക്കാര്യത്തിലും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രണ്ടു തട്ടിലായി. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും ഈ സാഹചര്യത്തിൽ ആരോപണവിധേയരായവർ മൽസരരംഗത്തേക്ക് വരുന്നത് തെറ്റായ കീഴ്!വഴക്കം ഉണ്ടാക്കുമെന്നും രാഹുൽ ഗാന്ധി നിലപാടെടുത്തപ്പോൾ തെരഞ്ഞെടുപ്പു വിജയമാണ് പ്രധാനമെന്ന നിലപാടിലാണ് സോണിയ ഗാന്ധി. കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യമാണ്. വിജയത്തിനാവശ്യമായതെന്താണോ അതു ചെയ്യണമെന്ന നിർദ്ദേശമാണ് സോണിയ മുന്നോട്ടുവച്ചത്. ഇതാണ് സത്യത്തിൽ ഉമ്മൻ ചാണ്ടിയെ രക്ഷിച്ചത്.

ഉമ്മൻ ചാണ്ടി വഴങ്ങില്ലെന്നും സുധീരനെ എങ്ങനേയും സമാധാനിപ്പിക്കാമെന്നും കോൺഗ്രസ് നേതൃത്വം കരുതി. ഉമ്മൻ ചാണ്ടിയുടെ ഭീഷണിയുടെ ശക്തിയായിരുന്നു ഇതിന് കാരണം. ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ എല്ലാ സാധ്യതയും ഇന്ന് തന്നെ അവസാനിക്കും. അത് ഒഴിവാക്കിയെടുക്കാൻ അവർക്ക് മറ്റ് മാർഗ്ഗമില്ലായിരുന്നു. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സാധാരണയാണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. ഭരണ തുടർച്ചയുടെ സാഹചര്യത്തെ കുറിച്ചും കൃത്യമായ നിലപാടുണ്ട്. എങ്കിലും സമുദായ സമവക്യമെല്ലാം അനുകൂലമാക്കിയാൽ വിജയം നേടിയെടുക്കാൻ കഴിയുമെന്ന് ഉമ്മൻ ചാണ്ടി കരുതുന്നു. തനിക്കൊപ്പമുള്ള പരമാവധിപേരെ ജയിപ്പിക്കുക. അതിനുള്ള തന്ത്രങ്ങളിലേക്ക് ഇനി ഉമ്മൻ ചാണ്ടി കടക്കും. കേരളത്തിലെ കോൺഗ്രസിന് ഒറ്റ നേതാവേ ഉള്ളൂവെന്ന് തെളിയിക്കുകയാണ് ഉമ്മൻ ചാണ്ടി. പാർട്ടിയെ പിളർത്താൻ പോലും കെൽപ്പുള്ള ഏക നേതാവ്. ഇത് തന്നെയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമാകാൻ ഹൈക്കമാണ്ടിനെ പ്രേരിപ്പിച്ച ഘടകവും.

ഏഴ് ദിവസമായി ഡൽഹിയിൽ നടന്ന മാരത്തോൺ കൂടിയാലോചനകൾക്കൊടുവിലാണ് വിജയസാധ്യത എന്ന മാനദണ്ഡം മാത്രം പരിഗണിച്ച് മന്ത്രിമാരെല്ലാം മത്സരിക്കട്ടെ എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേർന്നത്. ആരോപണവിധേയരെ മാറ്റിനിർത്തിയേ തീരൂ എന്ന് തുടക്കം മുതൽ സുധീരൻ നിലപാടെടുത്തപ്പോൾ ആരോപണത്തിന്റെ പേരിൽ മന്ത്രിമാരെ മാറ്റിനിർത്തിയാൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉമ്മൻ ചാണ്ടിയും കട്ടായം പറഞ്ഞു. ഇതിന് മുന്നിൽ ഹൈക്കമാണ്ട് പോലും ഭയന്നു. ഈ ഭയത്തിന് ശക്തികൂട്ടാൻ ലീഗിനെ ഇറക്കിയുള്ള കളിയും. അങ്ങനെ ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ആശങ്കയും ഹൈക്കമാൻഡ് കണക്കിലെടുത്തു. ഇതോടെ രാഹുൽഗാന്ധിയുടെ നിലപാട് പോലും മറികടന്നാണ് സോണിയ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. അങ്ങനെ ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാനുള്ള ആന്റണിയുടേയും സുധീരന്റേയും രമേശ് ചെന്നിത്തലയുടേയും മോഹം വീണ്ടും പൊളിയുകയാണ്. ഇനിയെല്ലാം രാഷ്ട്രീയ പ്രബുദ്ധരായ ജനം തീരുമാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP