Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമുദായികമായി ജനങ്ങൾ സംഘടിക്കുമ്പോൾ ചരിത്രത്തിൽ എപ്പോഴും തറപറ്റുന്നത് കോൺഗ്രസ്; കേരളാ കോൺഗ്രസിന്റെ പിറവി മുതൽ കണ്ട കാര്യങ്ങൾ ആവർത്തിക്കുന്നു: യുഡിഎഫ് തകർച്ച ഒരു വിലയിരുത്തൽ കൂടി

സാമുദായികമായി ജനങ്ങൾ സംഘടിക്കുമ്പോൾ ചരിത്രത്തിൽ എപ്പോഴും തറപറ്റുന്നത് കോൺഗ്രസ്; കേരളാ കോൺഗ്രസിന്റെ പിറവി മുതൽ കണ്ട കാര്യങ്ങൾ ആവർത്തിക്കുന്നു: യുഡിഎഫ് തകർച്ച ഒരു വിലയിരുത്തൽ കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അര നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ച രാഷ്ട്രീയപാർട്ടി, കോൺഗ്രസിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിച്ച പാർട്ടി.. ഇതൊക്കെയാണ് പഴയകാലത്തെ കോൺഗ്രസിനെ കുറിച്ച് ഓർക്കുമ്പോൾ പ്രതാപത്തോടെ പറയാൻ കഴിയുന്ന കാര്യങ്ങൾ. ഒറ്റകക്ഷി ഭരണത്തിൽ കാലങ്ങളോളം ഇന്ത്യയെ മുന്നോട്ടു നയിച്ച പാർട്ടിക്ക് പിന്നീട് തിരിച്ചടികളുടെ ഘോഷയാത്ര ആയിരുന്നു. രണ്ട് തവണ ഘടക കക്ഷികളെ ഒപ്പം ചേർത്ത് രാജ്യം ഭരിച്ച കോൺഗ്രസ് മോദിയുടെ കുതിപ്പിലുണ്ടായ ബിജെപി മുന്നേറ്റത്തിൽ തകർന്നടിഞ്ഞു. പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒന്നിനു പിറകേ മറ്റൊന്നായി കോൺഗ്രസ് അധികാര ഭ്രഷ്ടരായി. ഏറ്റവും ഒടുവിൽ കേരളത്തിലും കോൺഗ്രസ് വൻ തോൽവി ഏറ്റുവാങ്ങിയതോടെ പാർട്ടിയുടെ അസ്തമനത്തിന്റെ സമയമായോ എന്ന ചോദ്യം എല്ലായിടത്തും നിന്നും ഉയരുകയാണ്.

ഹിന്ദുത്വ വികാരം ഉയർത്തി ദേശീയ തലത്തിൽ, ബിജെപി പടയോട്ടം നടത്തിയപ്പോൾ തുടങ്ങിയതാണ് കോൺഗ്രസിന്റെ തകർച്ച. എന്നാൽ, കേരളത്തിൽ ഇവിടുത്തെ ന്യൂനപക്ഷത്തിന്റെ ബലത്തിൽ കോൺഗ്രസ് നിവർന്നു തന്നെ നിന്നു. എന്നാൽ, ഇവിടെയും ജാതി സംഘടനകളുടെ രാഷ്ട്രീയ മോഹം തകർത്തത് കോൺഗ്രസിനെയാണ്. ഇക്കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോൾ അക്കാര്യം കൂടുതൽ വ്യക്തമാകും. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ കേരളത്തിൽ രൂപം കൊണ്ട ബിഡിജെഎസ് എന്ന പാർട്ടിയാണ് അധികാരത്തിൽ നിന്നും കോൺഗ്രസിനെ പുറത്താക്കുന്ന സംഭവത്തിന്റെ ജാതകം കുറിച്ചതെന്നാണ് വ്യക്തമാകുന്ന കാര്യം.

ഉത്തർപ്രദേശിൽ അടക്കം മുസ്ലിം, ദലിത് വിഭാഗങ്ങൾ പാർട്ടിയിൽ നിന്നും അകന്നു പോയതാണ് കോൺഗ്രസിനെ ക്ഷീണിപ്പിച്ചത്. കേരളത്തിൽ ഇപ്പോഴുണ്ടായ കനത്ത തകർച്ചയ്ക്ക് ഉത്തരം തേടിയ കെപിസിസിയും എത്തി നിൽക്കുന്നത് ഈ നിഗമനത്തിലാണ്. ഏറെക്കാലമായി കോൺഗ്രസ് പിന്തുടർന്നു പോന്ന ജാതിപ്രീണന നയങ്ങൾ തന്നെയാണ് ഇവിടെയും കോൺഗ്രസിന് തിരിച്ചടിയായെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സമുദായങ്ങളുടെ കൂട്ടായ്മായായി മാറിയ കോൺഗ്രസിന് കേഡർ സ്വഭാവം പുലർത്തിയ സിപിഎമ്മിന്റെ അച്ചടക്കത്തോട് പിടിച്ചു നിൽക്കാൻ സാധിച്ചുമില്ല.

മുസ്സിം വോട്ടുകളുടെ ബലത്തിൽ മലപ്പുറത്ത് ലീഗ് പിടിച്ചു നിന്നപ്പോൾ കോൺഗ്രസ് തകർന്നടിഞ്ഞു. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വോട്ടുകളുടെ ബലത്തിൽ മാത്രമാണ് കോൺഗ്രസിന് തുണായായി നിന്നത്. സിപിഎമ്മിന്റെ ഭൂരിപക്ഷം വരുന്ന പിന്തുണ ഈഴവ വിഭാഗത്തിൽ നിന്നുമാണ്. ഇക്കാര്യം മനസിലാക്കിയാണ് ഉമ്മൻ ചാണ്ടി ബിഡിജെഎസിനെയും ബിജെപിയെയും തുടക്കത്തിൽ എതിർക്കാതിരുന്നത്. മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ ഏതൊരു കൂട്ടായമ്മയും രൂപപെട്ടാലും തങ്ങൾക്കാണ് ക്ഷീണം സംഭവിക്കുക എന്ന് മുൻകൂട്ടി കാണുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇതിനെ തുറന്നെതിർക്കാതെ കോൺഗ്രസ് നിന്നപ്പോൾ അവർക്കൊപ്പമുണ്ടായിരുന്ന ന്യൂനപക്ഷം സംശയത്തോടെ വീക്ഷിച്ചു. ഇത് കോൺഗ്രസിന് തിരിച്ചടിയാകുയും ചെയ്തു.

ബിഡിജെഎസ്-ബിജെപി മുന്നേറ്റം തടയാൻ വേണ്ടി സെക്യൂലർ വോട്ടുകൾ ഏകീകരിച്ചു. ഇതോടൊപ്പം തന്നെ, ഹൈന്ദവ പാർട്ടിയുടെ മുന്നേറ്റം തടയാൻ വേണ്ടി ന്യൂനപക്ഷ വോട്ടുകളും ഇടതു മുന്നണിക്ക് പോയി. സിപിഎമ്മിനോട് കൂറു പുലർത്തുന്ന ഭൂരിപക്ഷം ഈഴവരും ഈഴവരുണ്ടാക്കിയ പാർട്ടി ലെഫ്റ്റിനെ ബാധിക്കാതിരിക്കാനാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ഈഴ വിഭാഗത്തിൽ നിന്നുള്ള വോട്ടുചോർച്ച സിപിഎമ്മിനെ കാര്യമായി ബാധിച്ചുമില്ല. മറുവശത്ത് കോൺഗ്രസിനോട് ചേർന്നു നിന്ന ഈഴവർ ബിഡിജെഎസിനൊപ്പം പോകുകയും ചെയ്തു. ഇത് മുൻകൂട്ടി കാണാൻ നേതാക്കൾക്ക് സാധിച്ചതുമില്ല.

മധ്യതിരുവിതാംകൂറിൽ കോൺഗ്രസ് പിടിച്ചു നിന്നത് കേരളാ കോൺഗ്രസിന്റെ കൂടി പിന്തുണയോടെയാണ്. കേരളാ കോൺഗ്രസ് പിറവിയെടുത്തപ്പോഴും കോൺഗ്രസിന് തന്നെയായിരുന്നു അക്കാലങ്ങളിൽ തിരിച്ചടിയായത്. ക്രൈസ്തവ വോട്ടർമാരിൽ ഒരു വിഭാഗത്തിന് ബിജെപിയോട് പഴയതു പോലെ തൊട്ടുകൂടായ്മയില്ല. ഒരു വിഭാഗം സവർണ്ണ ക്രൈസ്തവർക്ക് പോലും ബിജെപിയോട് തൊട്ടുകൂടായ്മ കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കോൺഗ്രസ് അടിപതറിയതും.

ബിഡിജെഎസ് എന്ന ഈഴവ പാർട്ടി കോൺഗ്രസിനെ രക്ഷിക്കുമെന്ന മൗഢ്യത്ത് ഏറ്റ കനത്ത തിരിച്ചടി തന്നെയായാണ് കോൺഗ്രസിന്റെ തോൽവിയെ വിലയിരുത്തുന്നത്. സമുദായ കൂട്ടായമ്മക്ക് അപ്പുറത്തേക്ക് കോൺഗ്രസ് വളരുമെന്ന് പ്രതീക്ഷിക്കുന്ന നേതാക്കളും പാർട്ടിയിൽ കുറവാണ്. വർഗീയതയിലേക്ക് വീഴുന്ന ജനങ്ങളെ പിടിച്ചു നിർത്താൻകോൺഗ്രസിന് സാധിക്കാത്തിടത്തോളം കാലം കോൺഗ്രസിന്റെ അടിവേരിളക്കും വിധം വർഗീയത ഉയർന്നുപൊങ്ങുമെന്നത് ഉറപ്പാണ്.

തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും കോൺഗ്രസിന്റെ വോട്ടിൽ തന്നെയാണ് വിള്ളലുണ്ടായത്. സർക്കാരിന് ബിജെപിയോട് മൃദുസമീപനമെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം ഫലിച്ചു. വർഗ്ഗീയ ശക്തികളെ എതിർക്കാൻ കോൺഗ്രസിനേക്കാൾ നല്ലത് സിപിഐ(എം) ആണെന്ന ധാരണ ശക്തമായി. സംഘപരിവാർ നേതാക്കളുടെ പ്രസംഗങ്ങളും കേന്ദ്ര ബിജെപി മന്ത്രിമാരുടെ പ്രചരണവും ന്യൂനപക്ഷങ്ങളിൽ ആശങ്ക ജനിപ്പിച്ചു. കോൺഗ്രസിന് പരമ്പരാഗതമായ വോട്ടു നൽകിപ്പോന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽ ഭൂരിപക്ഷം ഇടതുപക്ഷത്തിന് വോട്ടുചെയ്തു. കോൺഗ്രസിലെ ഹൈന്ദവ വിഭാഗത്തിൽ നല്ലൊരു പങ്ക് താമരയെയും സ്വീകരിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഇതൊക്കെ കോൺഗ്രസിന്റെ കൈയൊടിക്കുന്ന ഘടകങ്ങളായി മാറി. അധികാരം ഒഴിയാറായപ്പോൾ തിരക്ക് പിടിച്ചു നടത്തിയ ചില ഭൂമിദാനങ്ങളും സർക്കാറിനെ സംബന്ധിച്ചടത്തോളം തിരിച്ചടികൾ സമ്മാനിച്ച നടപടികളായി മാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP