Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി വോട്ട് വർധന യുഡിഎഫിനെ ക്ഷീണിപ്പിച്ചതായി മുസ്ലീലീഗ് വിലയിരുത്തൽ; ബിജെപിയെ ചെറുക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങണം; സംഘപരിവാറിനെ ചെറുക്കാൻ നല്ലത് ഇടതുപക്ഷമെന്ന ധാരണ വിനയായി; മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും സംഘടനക്ക് ബലക്ഷയം സംഭവിക്കുന്നുതായി ലീഗ് മാർഗരേഖ

ബിജെപി വോട്ട് വർധന യുഡിഎഫിനെ ക്ഷീണിപ്പിച്ചതായി മുസ്ലീലീഗ് വിലയിരുത്തൽ; ബിജെപിയെ ചെറുക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങണം; സംഘപരിവാറിനെ ചെറുക്കാൻ നല്ലത് ഇടതുപക്ഷമെന്ന ധാരണ വിനയായി; മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും സംഘടനക്ക് ബലക്ഷയം സംഭവിക്കുന്നുതായി ലീഗ് മാർഗരേഖ

കെ വി നിരഞ്ജൻ

കോഴിക്കോട്: ബിജെപിയുടെ വളർച്ച യു.ഡി.എഫിനും കോൺഗ്രസിനും ഭീഷണിയല്‌ളെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുമ്പോൾ അക്കാര്യം പരസ്യമായി തള്ളി മുസ്ലീലീഗ് രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുടെ വോട്ടിങ് ശതമാനം കുത്തനെ ഉയർന്നത് യു.ഡി.എഫ് ചേരിയുടെ ബലക്ഷയംമൂലമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സംഘടനാ പ്രവർത്തനത്തിനുള്ള മാർഗരേഖയായ കൈപ്പുസ്തകത്തിൽ വ്യക്തമാക്കുന്നു. ബിജെപിയെ ചെറുക്കാൻ കോൺഗ്രസ് ശക്തമായി മുന്നിട്ടിറങ്ങണം.

സംഘപരിവാറിനെ ചെറുക്കാൻ നല്ലത് ഇടതുപക്ഷമെന്ന ധാരണ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷവോട്ടുകൾ ലീഗിന് നഷ്ടമാവുന്നതിന് ഇടയാക്കിയെന്ന് മാർഗരേഖ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽപോലും പാർട്ടിക്ക് ബലക്ഷയം സംഭവിക്കുന്നതായും ലീഗ് മാർഗരേഖ അപായ സൂചനയായി പറയുന്നു.മെംബർഷിപ് കാമ്പയിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് രേഖ പുറത്തിറക്കിയത്.ഗുരുതരമായ ഈ വിഷയം പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പ് സഗൗരവം വിലയിരുത്തിയിട്ടുണ്ടെന്നും ഇത് പരിഹരിച്ച് ലീഗിന്റെ ബഹുജനാടിത്തറ വിപുലപ്പെടുത്താനുള്ള തീവ്രപരിശ്രമത്തിന് പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും മാർഗരേഖ ആഹ്വാനംചെയ്യുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗിന് 18 സീറ്റാണ് ലഭിച്ചത്. നേരത്തേയുണ്ടായിരുന്ന 20ൽ മൂന്ന് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടപ്പോൾ കുറ്റ്യാടി മണ്ഡലം പുതുതായി ലഭിച്ചു. യു.ഡി.എഫിലെ മറ്റു കക്ഷികൾക്ക് നേരിട്ട പരാജയവുമായി താരതമ്യം ചെയ്യുമ്പോൾ ലീഗിനേറ്റ തിരിച്ചടി അത്ര കനത്തതല്ല. പക്ഷേ, വിജയിച്ച സീറ്റുകളിൽ ഒട്ടുമിക്കതിലും ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞു. പാർട്ടി ഭൂരിപക്ഷ പ്രദേശങ്ങളിൽ സംഘടനക്കുണ്ടായ ബലക്ഷയമാണിത് വ്യക്തമാക്കുന്നത്. ഇതിന് പരിഹാരം കാണാൻ മെംബർഷിപ് കാമ്പയിനിൽ തീവ്രമായി യത്‌നിക്കണം. നാട്ടിൻപുറങ്ങളിലെ അഭ്യസ്തവിദ്യരെയും പൊതുകാര്യ പ്രസക്തരെയും വിദേശരാജ്യങ്ങളിൽനിന്ന് തിരിച്ചത്തെിയവരെയും ദീനീ പ്രവർത്തകരെയും വീടുകളിൽ ചെന്നു കണ്ട് മെംബർഷിപ് നൽകണമെന്നും മാർഗരേഖ പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു.

വികസന നേട്ടങ്ങളുമായി ഭരണത്തുടർച്ചക്കു വേണ്ടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സമ്മതിദായകരെ സമീപിച്ചതെങ്കിലും മുന്നണി തെരഞ്ഞെടുപ്പിൽ തോറ്റു. ഇലക്ഷൻ മാനേജ്‌മെന്റ് തന്ത്രങ്ങൾ പയറ്റിയ എൽ.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടി ഭരണം പിടിച്ചെടുത്തു. ബിജെപി നയിക്കുന്ന മുന്നണി ഇത്തവണ നിയമസഭയിൽ ആദ്യമായൊരു സീറ്റും 15 ശതമാനം വോട്ടും നേടി കരുത്ത് വർധിപ്പിച്ചു. 2011ൽ ആറു ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്. ബിജെപി വോട്ടിലുണ്ടായ ഗണ്യമായ വർധന ക്ഷീണിപ്പിച്ചത് യു.ഡി.എഫിനെയാണ്. 2011ൽ 45 ശതമാനം വോട്ട് നേടിയ യു.ഡി.എഫിന് ഇത്തവണ 38 ശതമാനമായാണ് കുറഞ്ഞത്. ബിജെപി മുന്നണിയുടെ സാന്നിധ്യമാണ് യു.ഡി.എഫ് ചേരിയിലെ വോട്ടുകൾ കുറച്ചതെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം രേഖയിൽ പറയാത്ത പല നടപടികളുമായി ശക്തമായി മുന്നോട്ടുപോവാനുള്ള തീരുമാനത്തിലാണ് ലീഗ്. മതേരതരത്വത്തിൽ അടിയുറച്ച് നിൽക്കുക, എസ്.ഡി.പി.ഐ അടക്കമുള്ള വർഗീയ കക്ഷികളെ തുറന്ന്കാട്ടുക, വെള്ളാപ്പാള്ളിയും സംഘപരിവാറും ഉയർത്തുന്ന ആശയങ്ങളെ പ്രതിരോധിക്കുക, കൂടുതൽ സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളാണ് മുസ്ലീലീഗ് ഗൗരവമായി പരിഗണിക്കുന്നത്. അതോടൊപ്പം യു.ഡി.എഫിലെ തന്നെ കക്ഷിബന്ധങ്ങൾ മെച്ചപ്പെടുത്താനും ലീഗ് ശ്രമിക്കും.
മുസ്ലീന്യൂനപക്ഷങ്ങൾ അനർഹമായി സ്വത്തുവാരിക്കൂട്ടുന്നു എന്ന രീതിയിൽ ടത്തുന്ന കൊണ്ടുപിടിച്ച പ്രചരണങ്ങളെ ശക്തമായി മറുപടി പറയാൻ ഇനി മുതൽ ലീഗ് തയാറാവും.

അതേസമയം എസ്.ഡി.പി.ഐ അടക്കമുള്ള തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകൾ ഈ സാമുദായിക ധ്രൂവുകരണത്തിന് ആക്കംകൂട്ടുമെന്ന് ലീഗ് വിലയിരുത്തുന്നു. അതിനാൽ അതി തീവ്രമായി ലീഗ് ഇനി ഇത്തരം സംഘടനകളെയും വിമർശിക്കും. നേരത്തെ ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗും എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളോട് മൃദുസമീപനം പുലർത്തുകയാണെന്ന് പാർട്ടിക്ക് അകത്തുനിന്നുതന്നെ വിമർശനം ഉയർന്നിരുന്നു.എന്നാൽ നാദപുരത്ത് ഈയിടെ ലീഗ് പ്രവർത്തകൻ എസ്്.ഡി.പി.ഐ ആക്രമണത്തിൽ കൊല്ലപ്പെട്ടതടക്കമുള്ളകാര്യങ്ങൾ പരിഗണിക്കുമ്പോൾ, എസ്.ഡി.പി.ഐയോട് ഇനി യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് യൂത്ത്‌ലീഗ് അടക്കമുള്ളവർ.
വനിതാ പ്രാധിനിത്യത്തിന്റെ പേരിൽ ഏറെ പഴികേട്ട ലീഗ് സ്ത്രീകളുടെ പൊതുപ്രാധിനിത്യം വർധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്..പക്ഷേ പാർട്ടിയിൽ സ്ഥാനമാനങ്ങൾ ഒന്നും നൽകാതെ വനിതാലീഗിനെ പ്രത്യേക സംഘടനയായി വച്ചുകൊണ്ടിരിക്കുന്ന ലീഗിന് സ്ത്രീശാക്തീകരണത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന ചോദ്യവും ഇതോടൊപ്പമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP