Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനശക്തിയുടെ പുനരവതാരം വി.എസിനെ മുഖ്യമന്ത്രിയാക്കാനോ? രണ്ടാം വരവ് കൂടുതൽ ശക്തിയാർജിച്ച്; സിപിഐ(എം)ക്കു തള്ളാനും കൊള്ളാനും കഴിയുന്നില്ല

ജനശക്തിയുടെ പുനരവതാരം വി.എസിനെ മുഖ്യമന്ത്രിയാക്കാനോ? രണ്ടാം വരവ് കൂടുതൽ ശക്തിയാർജിച്ച്; സിപിഐ(എം)ക്കു തള്ളാനും കൊള്ളാനും കഴിയുന്നില്ല

പത്തനംതിട്ട: ഒന്നര വർഷം മുമ്പാണ് ജനശക്തി വാരികയിൽനിന്ന് അച്ചടിമഷി മാഞ്ഞത്. അപ്പോൾ വി.എസിനു ശക്തിക്ഷയത്തിന്റെ കാലമായിരുന്നു. ജനശക്തി വീണ്ടും അവതരിച്ചപ്പോൾ ഒരു നിയോഗം പോലെ വി.എസും പതിന്മടങ്ങ് കരുത്താർജിച്ചതു യാദൃച്ഛികമാകാം. ഈ സാഹചര്യത്തിലാണ് ജനശക്തിയെ പാർട്ടി വിരുദ്ധ മാസികയായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചതും. പാർട്ടിയെ തള്ളിപ്പറയുന്ന അഭിമുഖം നൽകിയില്ലെന്ന് വി എസ് വ്യക്തമാക്കി കഴിഞ്ഞു. ഈ വിഷയത്തിൽ ജനശക്തി മൗനം പാലിക്കുമോ എന്നതാണ് ഇനി നിർണ്ണായകം. അങ്ങനെ വന്നാൽ വിഎസിനെ പ്രതിരോധത്തിലാക്കാൻ ജനശക്തി ശ്രമിക്കില്ലെന്നും വ്യക്തമാകും.

ഈ സാഹചര്യത്തിൽ ജനശക്തിയെ കരുതലോടെയാകും സിപിഐ(എം) നേരിടുക. ഇന്ന് വി എസ് പാർട്ടിക്ക് ഒപ്പമാണ്. അതുകൊണ്ട് തന്നെ വിഎസിനെ അനുകൂലിക്കുന്ന മാസികയെ തള്ളിപ്പറയാനും കഴിയില്ല. എംഎ ബേബിയുടെ അഭിമുഖവുമായുള്ള തുടക്കത്തിൽ തന്നെ ചിലത് ഒളിച്ചിരിപ്പുണ്ട്. വിഎസിനപ്പുറം ചിലരൊക്കെ മനസ്സുകൊണ്ട് അനുകൂലമാണെന്ന് വരുത്താനാണ് നീക്കം. അതു കഴിഞ്ഞാണ് വിഎസിലേക്ക് അഭിമുഖമെത്തുന്നത്. ഇതിൽ നിന്നെല്ലാം വ്യക്തമായ രാഷ്ട്രീയ സൂചനകളാണ് ജനശക്തി നൽകുന്നത്. അതുകൊണ്ട് കൂടിയാണ് കിട്ടിയ അവസരത്തിൽ പാർട്ടി വിരുദ്ധമാണെന്ന് ജനശക്തി തുറന്ന് പ്രഖ്യാപിച്ചതും.

സിപിഐ-എമ്മിന്റെ വലതുപക്ഷ ചായ്‌വിനെതിരേ ജനശക്തി പിറവി കൊണ്ടത് വി.എസിന്റെ മനസറിഞ്ഞു തന്നെയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ, അതായത് വി എസ്. മുഖ്യമന്ത്രിപദത്തിലേറിയതിന്റെ കൃത്യം നൂറാം ദിവസമായിരുന്നു ജനശക്തി പിറവി കൊണ്ടത്. അമരത്ത് ചുരുട്ടിയ മുഷ്ടിയുമായി എം.എൻ. വിജയൻ എന്ന അതികായൻ. അണിയത്ത് കടുത്ത വി എസ്. ആരാധകരായ ജി. സുഗതൻ, കെ.സി. ഉമേഷ്ബാബു, ജി. ശക്തിധരൻ എന്നിവരൊക്കെ. സുകുമാർ അഴീക്കോട്, സക്കറിയ, ലീലാവതി, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ബെർലിൻ കുഞ്ഞനന്തൻ നായർ എന്നിവരൊക്കെയായിരുന്നു സ്ഥിരം എഴുത്തുകാർ. ജി. സുഗതൻ മാനേജിങ് എഡിറ്ററും ജി. ശക്തിധരൻ എഡിറ്ററുമായി ദ്വൈവാരികയായിട്ടായിരുന്നു ജനശക്തി പുറത്തിറങ്ങിയിരുന്നത്. വിവാദമുണ്ടാക്കിയതും സിപിഎമ്മിനെ വിമർശിച്ചുള്ളതുമായ നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും ജനശക്തിയിലൂടെ അച്ചടിമഷി പുരണ്ടു. എം.എൻ. വിജയനും ബെർലിൻ കുഞ്ഞനന്തനും പിണറായിയുടെ നിശിത വിമർശനങ്ങൾ ഏറ്റുവാങ്ങിയതും ജനശക്തിയിലൂടെ ലോകമറിഞ്ഞ ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയുമായിരുന്നു.

രാഷ്ട്രീയ സാഹിത്യ മാസിക എന്ന ലേബലിൽ പുറത്തിറങ്ങിയ ജനശക്തി വി.എസിനെ പൊതിഞ്ഞുപിടിച്ച് കണ്ണൂർ ലോബിയെ കടന്നാക്രമിക്കുകയായിരുന്നു. പലപ്പോഴും വി.എസിന്റെ മനസറിഞ്ഞതു പോലെ അദ്ദേഹത്തിന് പറയാനുള്ളത് ജനശക്തി പറഞ്ഞു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കണ്ണിലെ കരടായിരുന്നു ജനശക്തി. പാർട്ടിയുടെ അപചയം വിഷയമാക്കി കെ.സി. ഉമേഷ്ബാബു എഴുതിയ കവിത പിണറായിയെ ചൊടിപ്പിച്ചു. ജനശക്തി പ്രവർത്തിക്കുന്നത് വിദേശഫണ്ട് കൊണ്ടാണെന്നു പോലും പിണറായി വിളിച്ചു പറഞ്ഞു. വാരിക ഇല്ലാതാക്കാൻ പ്രതിരോധതന്ത്രമായി പിന്നീട്. തപാലിലൂടെ വാരിക അയയ്ക്കുന്നത് നിർത്താനുള്ള ശ്രമം നടന്നു. ഒടുവിൽ രണ്ടു വർഷം മുമ്പ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ജനശക്തി പ്രസിദ്ധീകരണം നിർത്തി. ഇതോടെ വി.എസിനും തിരിച്ചടി നേരിട്ടു.

ഇക്കഴിഞ്ഞ ഓണത്തിന് ഓണപ്പതിപ്പ് ഇറക്കി കൊണ്ടാണ് വീണ്ടും ജനശക്തി അവതരിച്ചത്. പിന്നെ ഇറങ്ങിയ ലക്കങ്ങളെല്ലാം വിവാദം സൃഷ്ടിച്ചു. പാർട്ടി വിരുദ്ധപ്രസിദ്ധീകരണമെന്ന് പിണറായിയും കോടിയേരിയും വിധിയെഴുതിയ ജനശക്തിയിൽ പി.ബി. അംഗം എം.എ. ബേബിയുടെ അഭിമുഖം പ്രത്യക്ഷപ്പെട്ടു. പിന്നാലെ സക്കറിയ, വെള്ളാപ്പള്ളി, ഇപ്പോഴിതാ വി.എസും. എല്ലാ അഭിമുഖങ്ങളും കുറിക്കു കൊണ്ടു. വാരികയുടെ തലപ്പത്ത് പഴയ ടീം തന്നെ. ജി. സുഗതൻ, ജി. ശക്തിധരൻ, കെ.സി. ഉമേഷ് ബാബു, ആസാദ്, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, പി. സുരേന്ദ്രൻ...അങ്ങനെ നീളുന്നു നിര. തങ്ങൾക്ക് പറയാനുള്ളത് ജനശക്തി പറയണം എന്ന നിർബന്ധമുള്ളതു കൊണ്ട് എഴുത്തുകാരെല്ലാം ചേർന്ന് ഷെയറിട്ടാണ് ഇപ്പോൾ പുനഃപ്രസിദ്ധീകരണം. ഒപ്പം വി.എസിന്റെ മൗനസമ്മതവുമുണ്ടെന്നാണ് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ. ഇനി ഇവരുടെ ലക്ഷ്യം വീണ്ടും വി.എസിനെ മുഖ്യമന്ത്രിപദത്തിലെത്തിക്കുകയാണ്.

വെള്ളാപ്പള്ളിയെ മടയിൽ ചെന്ന് അടിച്ചമർത്തി വി എസ്. വീണ്ടും ശക്തിയാർജിച്ചിരിക്കുകയാണ്. എസ്.എൻ.ഡി.പി-ബിജെപി ബാന്ധവത്തെ എതിർക്കാൻ പാർട്ടിയിലെ തീപ്പൊരി നേതാക്കൾക്കൊന്നും കഴിഞ്ഞിരുന്നില്ല. വി എസ്. രംഗത്തു വന്നതോടെ വെള്ളാപ്പള്ളി നിലംപരിശായി. ഇപ്പോൾ ഹീറോ പരിവേഷത്തിൽ നിൽക്കുന്ന വി.എസിന് ജനശക്തിയുടെ സാമീപ്യം കൂടുതൽ ശക്തി പകരും. ഔദ്യോഗിക പക്ഷത്തുനിന്ന് ബേബി അടക്കമുള്ളവർ വാരികയിൽ പ്രത്യക്ഷപ്പെട്ടതോടെ വാരികയെ തള്ളാനും കൊള്ളാനും കഴിയുന്നുമില്ല നേതാക്കൾക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP