Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെങ്ങന്നൂരുകാർ മറന്നില്ല.. പ്രിയപ്പെട്ട രാമചന്ദ്രൻ നായരെ..! സജി ചെറിയാന് ഉജ്ജ്വവ വിജയം നേടാൻ തുണയായതിൽ പ്രധാന ഘടകം വിടപറഞ്ഞ മുൻ എംഎൽഎയോടുള്ള സ്‌നേഹവും സഹതാപ തരംഗവും; യുഡിഎഫ് കുത്തക പൊളിച്ച് ചെങ്ങന്നൂരിൽ ചെങ്കൊടി പാറിച്ച് രാമചന്ദ്രൻ നായർ തുടങ്ങിവെച്ച വികസന നേട്ടങ്ങൾ ഇടതു സ്ഥാനാർത്ഥിക്ക് വിജയം അനായാസമാക്കി; പ്രിയസഖാവിനെ ഓർത്ത് അഭിമാനത്തോടെ ഭാര്യയും മകനും

ചെങ്ങന്നൂരുകാർ മറന്നില്ല.. പ്രിയപ്പെട്ട രാമചന്ദ്രൻ നായരെ..! സജി ചെറിയാന് ഉജ്ജ്വവ വിജയം നേടാൻ തുണയായതിൽ പ്രധാന ഘടകം വിടപറഞ്ഞ മുൻ എംഎൽഎയോടുള്ള സ്‌നേഹവും സഹതാപ തരംഗവും;  യുഡിഎഫ് കുത്തക പൊളിച്ച് ചെങ്ങന്നൂരിൽ ചെങ്കൊടി പാറിച്ച് രാമചന്ദ്രൻ നായർ തുടങ്ങിവെച്ച വികസന നേട്ടങ്ങൾ ഇടതു സ്ഥാനാർത്ഥിക്ക് വിജയം അനായാസമാക്കി; പ്രിയസഖാവിനെ ഓർത്ത് അഭിമാനത്തോടെ ഭാര്യയും മകനും

പീയൂഷ് ആർ

ചെങ്ങന്നൂർ: കുറച്ചുകാലമായി ഉപതിരഞ്ഞെടുപ്പുകൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോള ശാപമായിരുന്ന കാര്യമാണ്. കാരണം വിജയിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു ഇടതുമുന്നണിക്ക്. 12 വർഷത്തെ തിരഞ്ഞെടുപ്പ് ശാപം തീർത്തു കൊണ്ടാണ് ഇന്ന് ചെങ്ങന്നൂരിൽ ഇടതു സ്ഥാനാർത്ഥി സജി ചെറിയാൻ വിജയിച്ചു കയറിയത്. വിട പറഞ്ഞ കെ കെ രാമചന്ദ്രൻ നായരോട് മണ്ഡലത്തിലെ വോട്ടർമാർക്കുള്ള സ്‌നേഹമാണ് ഉജ്ജ്വല വിജയം കൊയ്യാൻ ഇടതു സ്ഥാനാർത്ഥിയെ സഹായിച്ചത്. അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകാനുള്ള അംഗീകാരമാണ് റെക്കോർഡ് ഭൂരിപക്ഷത്തിലുള്ള സജിയും വിജയം.

രാമചന്ദ്രൻ നായരോടുള്ള സ്‌നേഹം വോട്ടായി മാറിയെന്നാണ് സജി ചെറിയാനും അവകാശപ്പെടുന്നത്. അദ്ദേഹത്തോടുള്ള സ്‌നേഹം തനിക്ക് ലഭിച്ച ഭൂരിപക്ഷത്തിൽ തെൡയുന്നുണ്ടെന്ന് സജി വ്യക്തമാക്കി. റെക്കോർഡ് വിജയത്തിലേക്ക് നീങ്ങിയപ്പോൾ സജി ചെറിയാൻ നേരിട്ട് രാമചന്ദ്രൻനായരുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ശവകൂടീരത്തിൽ പുഷ്പ്പാർച്ചന നടത്തുകയും ചെയ്തു. ഭാര്യയോട് വിജയ വിവരം അറിയിക്കുകയും ചെയ്തു. സജി ചെറിയാന്റെ വിജയം അച്ഛനോടുള്ള മണ്ഡലത്തിലെ വോട്ടർമാരുടെ സ്‌നേഹം വ്യക്തമാക്കുന്നതാണെന്ന് മകൻ പ്രശാന്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.

അച്ഛനോടുള്ള സ്‌നേഹം തന്നെയാണ് എൽ.ഡി.എഫിന്റെ വിജയം. അച്ഛൻ ചെയ്ത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാനുള്ള നിയോഗക്കാരനായിട്ടുമാണ് ജനങ്ങൾ സജി ചെറിയാനെ തിരഞ്ഞെടുത്തത്. കൂടാതെ അച്ഛനെക്കാളും മികച്ച പൊതുപ്രവർത്തകനാണ് സജി ചെറിയാനെന്നും കെ.കെ രാമചന്ദ്രൻ നായരുടെ മകൻ പ്രശാന്ത് പറഞ്ഞു. കെ.കെ.ആറിന്റെ മരണശേഷം ഭാര്യ വിഷാദവതിയാണ്. അതിനാൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പി ഡബ്ല്യുഡിയിൽ എഞ്ചിനീയറാണ് പ്രശാന്ത്. വോട്ടെണ്ണൽ ഏറൈ ആകാംക്ഷയോടെയാണ് രാമചന്ദ്രൻ നായരുടെ ഭാര്യ പൊന്നുമണിയും ടെലിവിഷനിൽ കണ്ടത്. നിരവധി സഖാക്കളും സജി ചെറിയാന്റെ വിജയം അറിഞ്ഞപ്പോൾ ഫോണിൽ വിളിച്ചും നേരിലും മുൻ എംഎൽഎയുടെ വീട്ടിൽ എത്തിയിരുന്നു.

ശക്തമായ ത്രികോണ പോരാട്ടത്തിന് ഒടുവിൽ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ കെ രാമചന്ദ്രൻ നായർക്ക് ലഭിച്ചത്. ഇത്തവണ സജി ചെറിയാൻ അത് ഇരുപതിനായിരം കടത്തിയിരിക്കുന്നു. ഡി വിജയകുമാർ കഴിഞ്ഞ തവണ പി സി വിഷ്ണുനാഥിന് ലഭിച്ച വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകൾ നേടിയെങ്കിലും സജിക്കൊപ്പം തന്നെയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. മറുനാടൻ മലയാളി ടീം സർവേ നടത്തുന്ന വേളയിൽ കെ കെ രാമചന്ദ്രൻ നായരുടെ സ്വീകാര്യത എത്രത്തോളണുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു.

എംഎൽഎയുടെ സ്വീകാര്യത എത്രത്തോളമുണ്ട് എന്നു തിരക്കിയപ്പോൾ എല്ലാവരും അദ്ദേഹത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. സർവേയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ അനുകൂലമായി നേടിയതും രാമചന്ദ്രൻ നായരായിരുന്നു. അദ്ദേഹത്തോട് മണ്ഡലത്തിലെ സാധാരണക്കാർക്ക് പോലും മമതയുണ്ടായിരുന്നു. ജനങ്ങൾക്കിടിയൽ ജീവിച്ച വ്യക്തി എന്ന ഇമേജിൽ കഴിഞ്ഞ തവണ വിജയിച്ച രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ സഹതാപ തരംഗവും സജി ചെറിയാന് ഗുണകരമായി മാറി.

സിറ്റിങ് സീറ്റ് എന്ന നിലയിൽ സിപിഎമ്മിനു എന്തു വില കൊടുത്തും ചെങ്ങന്നൂർ നില നിർത്തേണ്ടത് അത്യാവശ്യമായിരുന്നു. രണ്ടു വർഷം തികക്കുന്ന പിണറായി സർക്കാരിന്റെ വിലയിരുത്തൽ കൂടിയാണ് ഉപതിരഞ്ഞെടുപ്പ് എന്ന് വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ മുഴുവൻ സംഘടനാ സംവിധാനങ്ങളും ഭരണസംവിധാനങ്ങളും ചെങ്ങന്നൂരിൽ കേന്ദ്രീകരിച്ചു. വീടു കയറി വോട്ടു തേടിയ സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടത് രാമചന്ദ്രൻ നായരുടെ നേട്ടങ്ങൾക്ക് വേണ്ടി വോട്ടുനൽകണം എന്നതായിരുന്നു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഹാട്രിക്വിജയം തേടിയെത്തിയ പി സി വിഷ്ണുനാഥിനെ 7963 വോട്ടുകൾക്ക് രാമചന്ദ്രൻനായർ പരാജയപ്പെടുത്തുമ്പോൾ 47 വർഷത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയപതാക ചെങ്ങന്നൂരിന്റെ മണ്ണിൽ ഉയർന്നു പറക്കുകയായിരുന്നു. തുടർന്ന് വികസന വാഗ്ദാനം പാലിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.

എംസി റോഡിലെ ഏക കുപ്പിക്കഴുത്തു പാലമായ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിന്റെ നിർമ്മാണം മൂന്നു പതിറ്റാണ്ടുകളായി വാഗ്ദാനം മാത്രമായിരുന്നത്, നിർമ്മിച്ച് പൂർത്തീകരിക്കാൻ കെ കെ രാമചന്ദ്രൻനായർക്കു കഴിഞ്ഞു. ഇതോടെ എംസി റോഡിലെ തന്നെ ഏറ്റവും വലിയ തടസമാണ് ഒഴിവായത്. ഇതേ അവസ്ഥയിലായിരുന്ന പാണ്ടനാട് മിത്രമഛീ പാലത്തിന്റെ പണി അവസാനഘട്ടത്തിലാണ്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 55 ലക്ഷം രൂപയുടെ ഐസി യൂണിറ്റ്, ഡയാലിസിസ്, ട്രോമോകെയർ യൂണിറ്റ്, മൂന്നു കോടി മുടക്കി ചെങ്ങന്നൂർ താലൂക്ക് ആയുർവേദ ആശുപത്രി, 25 ലക്ഷം ചെലവു വരുന്ന ചെങ്ങന്നൂർ ഗവ. ഗേൾസ് ഹൈസ്‌കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയം, മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് അഞ്ച് കോടി, അഞ്ചു വർഷം കൊണ്ട് ചെങ്ങന്നൂർ ഗവ. ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന് 72 കോടി, ഐഎച്ച്ആർഡി പേരിശേരി സയൻസ് കോളേജിന് രണ്ടാംനില നിർമ്മിക്കുന്നതിന് 40 ലക്ഷം, മണ്ഡലത്തിൽ ആധുനികരീതിയിൽ പത്തു ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് 40 ലക്ഷം, മണ്ഡലത്തിൽ നൂറു സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 63 ലക്ഷം, നഗരത്തിലെ ബൈപാസിന്റെ നിർമ്മാണത്തിനായി 20 കോടി തുടങ്ങി ചെങ്ങന്നൂരിന്റെ സമഗ്ര വികസനത്തിനായി വ്യക്തമായ കാൽവെപ്പുകളോടെയാണ് അദ്ദേഹം നീങ്ങിയിരുന്നത്. എംഎൽഎയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡുകൾ നിരവധിയാണ്.

ഈ നേട്ടങ്ങളെല്ലാം ചെങ്ങന്നനൂരുകാർ മറന്നില്ല. രാമചന്ദ്രൻ നായരെക്കുറിച്ച് നല്ലവാക്കുകളാണ് അന്ന് എതിരാളിയായിരുന്നു പി സി വിഷ്ണുനാഥിനും പറയാനുണ്ടായിരുന്നത്. ചെങ്ങന്നൂരിൽ താൻ തോറ്റപ്പോൾ അതിൽ അധികം വിഷമം ഉണ്ടാകാതിരുന്നത് തോറ്റത് യോഗ്യനായ കെകെ ആറിനോടാണല്ലോ എന്നതു കൊണ്ടായിരുന്നു എന്നാണ് വിഷ്ണുനാഥ് പറഞ്ഞത്. വിഷ്ണുനാഥിന്റെ നല്ലവാക്കുകൾ ചെങ്ങന്നൂരിലെ വോട്ടർമാരും കേട്ടു. അവർ ഇത്തവണ രാഷ്ട്രീയ പോരാട്ടത്തിന് ഉപരിയായി രാമചന്ദ്രൻ നായർക്ക് വേണ്ടി വോട്ടു ചെയ്തു. അങ്ങനെ രാമചന്ദ്രൻ നായരുടെ ജ്വലിക്കുന്ന സ്മരണയിൽ സജി ചെറിയാൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് നീങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP