Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേന്ദ്ര മന്ത്രിമാർക്കും എംപിമാർക്കും ഉള്ളത് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട്; സംസ്ഥാന മന്ത്രിമാർക്ക് ലഭിക്കണമെങ്കിൽ കേന്ദ്രത്തെ പ്രതിനിധീകരിക്കണം: കേന്ദ്രം തടഞ്ഞത് രാഷ്ട്രീയ മുതലെടുപ്പ്; മന്ത്രി ജലീലിന്റെ സന്ദർശന വിവാദം അനാവശ്യമോ?

കേന്ദ്ര മന്ത്രിമാർക്കും എംപിമാർക്കും ഉള്ളത് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട്; സംസ്ഥാന മന്ത്രിമാർക്ക് ലഭിക്കണമെങ്കിൽ കേന്ദ്രത്തെ പ്രതിനിധീകരിക്കണം: കേന്ദ്രം തടഞ്ഞത് രാഷ്ട്രീയ  മുതലെടുപ്പ്; മന്ത്രി ജലീലിന്റെ സന്ദർശന വിവാദം അനാവശ്യമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന് വേണ്ടി ഡിപ്ലോമാറ്റിക് പാസാപോർട്ട് കേന്ദ്രത്തോടെ ആവശ്യപ്പെട്ടത് കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കാൻ വേണ്ടിയാണോ? സൗദിയിലുള്ള തൊഴിൽ പ്രതിസന്ധി അനുഭവിക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജലീലിനെ സൗദിയിലേക്ക് അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്്. ഇങ്ങനെയുള്ള അവസരത്തിൽ തന്നെ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ലഭിക്കില്ലെന്ന സൂചന നൽകിയിരുന്നു. എന്നാൽ, ഇങ്ങനെ പാസ്‌പോർട്ട് നൽകിയില്ലെങ്കിൽ അതിന് ഉത്തരവാദി കേന്ദ്രസർക്കാർ ആണെന്ന് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ നീങ്ങിയത്. ഇതോടെ ഇത് വെറും കണ്ണിൽ പൊടിയിടൽ നടിപടി ആകുകയും ചെയ്തു.

കേന്ദ്ര മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും എംപിമാർക്കുമാണ് നിലവിൽ നയതന്ത്ര പാസ്‌പോർട്ട് അനുവദിക്കാറുള്ളത്. പ്രത്യേക സംഘമായാണ് പോകുന്നതെങ്കിൽ അത്തരം സംഘങ്ങളിലുള്ള സംസ്ഥാന മന്ത്രിമാർക്കും പരിഗണന ലഭിക്കും. അല്ലാതെ ഒറ്റയ്ക്ക് പോകുന്നതിന് വേണ്ടി നയതന്ത്ര പാസ്‌പോർട്ട് ലഭിക്കുകയില്ല. ഈക്കാര്യം അറിയാതെയല്ല ജലീലും സംസ്ഥാന മന്ത്രിസഭയും തീരുമാനം എടുത്തതെന്ന് വ്യക്തമാണ്. മുൻപ് യുപിഎ സർക്കാറിന്റെ കാലത്തും സംസ്ഥാന മന്ത്രിമാർക്ക് നയതന്ത്ര പാസ്‌പോർട്ട് ലഭ്യമാക്കിയിരുന്നില്ല. ആ സാഹചര്യത്തിൽ കേന്ദ്രത്തിലെ ബിജെപി സർക്കറിനെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടി മാത്രം നടത്തിയ നീക്കമാണ് സംസ്ഥാന സർക്കാറിന്റ ഭാഗത്തു നിന്നും ഉണ്ടായതെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയമായ മുതലെടുപ്പിനെയാണ് കേന്ദ്രം തടഞ്ഞതെന്നും വ്യക്തമാണ്.

രാജ്യത്തെ പ്രതിനിധീകരിച്ച് മറ്റു രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനാണു നയതന്ത്ര പാസ്‌പോർട്ട് അനുവദിക്കുന്നത്. ഈ പാസ്‌പോർട്ടുമായി എത്തുന്നവരെ മാത്രമാണു വിദേശരാജ്യങ്ങൾ സർക്കാർ പ്രതിനിധികളായി അംഗീകരിക്കുന്നത്. ഇവർക്ക് ആവശ്യമായ സുരക്ഷയും മറ്റു നയതന്ത്രപരിരക്ഷയും ലഭിക്കും. സന്ദർശിക്കുന്ന രാജ്യത്തെ സർക്കാർ പ്രതിനിധികളുമായി ഔദ്യോഗിക കൂടിക്കാഴ്‌ച്ച നടത്തണമെങ്കിലും നയതന്ത്ര പാസ്‌പോർട്ട് ആവശ്യമാണ്. വിമാനത്താവളങ്ങളിലെ പരിശോധനകളിലും നയതന്ത്ര പാസ്‌പോർട്ടുള്ളവർക്ക് ഇളവുണ്ട്. ഇത്തരക്കാർ സാധനങ്ങൾ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും നികുതിയും അടയ്‌ക്കേണ്ടതില്ല. കേന്ദ്രമന്ത്രിമാർക്കും എംപിമാർക്കും നൽകുന്ന പാസ്‌പോർട്ട് സംസ്ഥാന മന്ത്രിക്ക് നല്കിയാൽ സമാനമായ ആവശ്യം വീണ്ടും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉയരുമെന്ന കാര്യം ഉറപ്പാണ്.

മൂന്നു തരം പാസ്‌പോർട്ടാണ് ഇന്ത്യയിൽ നൽകുന്നത്. കറുത്ത പുറംചട്ടയുള്ള റെഗുലർ പാസ്‌പോർട്ട്. വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നതിനും വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിനും ഈ പാസ്‌പോർട്ടാണ് അനുവദിക്കുന്നത്. അടുത്തത് വെള്ള പുറംചട്ടയുള്ള ഒഫീഷ്യൽ പാസ്‌പോർട്ടാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലി സംബന്ധമായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിനാണ് ഈ പാസ്‌പോർട്ട് അനുവദിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഡിപ്ലോമാറ്റിക് (നയയന്ത്ര) പാസ്‌പോർട്ടാണു മുന്നാമത്തേത്. ഈ പാസ്‌പോർട്ട് ഉള്ളവർക്ക് ഏത് രാജ്യത്തെയും വിസയും ലഭിക്കും.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ.സിങ് ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുമായാണ് സൗദിയിൽ എത്തിയത്. കേന്ദ്ര സഹമന്ത്രിയുടെ അതേ റാങ്കാണ് സംസ്ഥാന മന്ത്രിമാർക്കുള്ളത്. സൗദി രാജാവുമായി വിദേശകാര്യമന്ത്രി സംസാരിച്ച് ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പ് നേടിയിരുന്നു. ഇതിനിടെ ജലീൽ പോയിട്ട് എന്തുകാര്യമെന്ന ചോദ്യവും ഉയരുന്നുണ്ട്.

കേന്ദ്രമന്ത്രി വി കെ സിങ് സൗദിയിലുള്ളപ്പോൾ സംസ്ഥാന മന്ത്രി ഡോ. കെ ടി ജലീൽ അങ്ങോട്ടേക്കു പോകേണ്ട കാര്യമെന്തെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും അഭിപ്രായപ്പെട്ടിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന് വിസ നിഷേധിക്കപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീൽ ചോദിച്ച വാങ്ങിയ അപമാനമാണിത്. നയതന്ത്ര പാസ്‌പോർട്ട് കിട്ടില്ലെന്നറിഞ്ഞിട്ടും അപേക്ഷിച്ചത് രാഷ്ട്രീയ താൽപര്യത്തോടെയാണെന്നും കുമ്മനം ആരോപിച്ചു. ജലീലിന് നയതന്ത്ര പാസ്‌പോർട്ട് നൽകിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണ്. ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ചോദിച്ചുവാങ്ങാൻ കഴിയുന്നതല്ല. കേന്ദ്ര സർക്കാർ ഏല്പിക്കുന്ന ദൗത്യനിർവഹണത്തിന് വിദേശത്ത് പോകാൻ നൽകുന്ന പാസ്‌പോർട്ടാണത്. കെ ടി ജലീലിനെ കേന്ദ്ര സർക്കാർ ഒരു ദൗത്യനിർവഹണവും ഏല്പിച്ചിട്ടില്ല. സൗദിയിൽ കേന്ദ്രസർക്കാർ നല്ല രീതിയിലാണ് ഇടപെടുന്നതെന്ന് പാർലമെന്റിൽ പോലും പ്രശംസിക്കപ്പെട്ടതാണ്.

കേന്ദ്രമന്ത്രി വി.കെ.സിങ് നല്ല രീതിയിലുള്ള പ്രവർത്തനം നടത്തുന്നുണ്ട്. മറ്റൊരു മന്ത്രി എം ജെ അക്‌ബറും സൗദി ഭരണാധികാരികളുമായി ഇടപെട്ട് പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുന്നു. മന്ത്രി സുഷമ സ്വരാജ് എല്ലാറ്റിനും നേതൃത്വം നൽകുന്നു. സൗദിയിൽ ചെന്ന് ഒരു സംസ്ഥാന മന്ത്രി ഒരു നയതന്ത്രവിഷയത്തിലും ഇടപെടാനോ പരിഹരിക്കാനോ കഴിയില്ല. 14 സംസ്ഥാനങ്ങളിലെ പൗരന്മാർ സൗദിയിൽ പ്രശ്‌നത്തിൽ പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാർക്കു ഡിപ്ലോമാറ്റിക് വിസ നൽകി അങ്ങോട്ടയക്കാൻ കഴിയുമോ എന്നും കുമ്മനം ചോദിച്ചു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ക്ഷീണമുണ്ടായെങ്കിൽ അത് ചോദിച്ചുവാങ്ങിയതാണ്. സൗദിയിൽ നേരത്തെ പ്രശ്‌നമുണ്ടായപ്പോൾ അവിടെ പോകാൻ നോർക്ക മന്ത്രിയായിരുന്ന കെ സി ജോസഫിനെ നിശ്ചയിച്ചെങ്കിലും അനുമതി നിഷേധിച്ച കാര്യവും കുമ്മനം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP