Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല ചെയ്യപ്പെടുന്നത് രാഷ്ട്രീയം തലയ്ക്ക് പിടിച്ച പാവപ്പെട്ട അണികൾ; ആസൂത്രണം ചെയ്യുന്നത് നേതാക്കളും; കണ്ണൂരിന്റെ തലവിധി മാറ്റാൻ പി ജയരാജന്റെ കീഴടങ്ങലിന് കഴിയുമോ? ബോംബ് രാഷ്ട്രീയത്തെ കണ്ണൂർ കൈവിടുമോ?

കൊല ചെയ്യപ്പെടുന്നത് രാഷ്ട്രീയം തലയ്ക്ക് പിടിച്ച പാവപ്പെട്ട അണികൾ; ആസൂത്രണം ചെയ്യുന്നത് നേതാക്കളും; കണ്ണൂരിന്റെ തലവിധി മാറ്റാൻ പി ജയരാജന്റെ കീഴടങ്ങലിന് കഴിയുമോ? ബോംബ് രാഷ്ട്രീയത്തെ കണ്ണൂർ കൈവിടുമോ?

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ പി ജയരാജന്റെ കോടതിയിലെ കീഴടങ്ങൽ കണ്ണൂർ ജില്ലയിലെ അക്രമ രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരവാകും. രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഭീകര വിരുദ്ധ നിയമം ബാധകമാകുമെന്നതാണ് ഇതിന് കാരണം. ബോംബ് രാഷ്ട്രീയത്തിന് കേരളത്തിൽ തടയിടാൻ പോന്നതാണ് സംഭവ വികാസങ്ങൾ. സാധാരണ രാഷ്ട്രീയ കൊലപാതകമാകേണ്ട മനോജ് കൊലപാതകത്തെ ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയിലേക്ക് ഉയർത്തിയത് ബോംബിന്റെ സാന്നിധ്യമാണ്. പാർട്ടി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ബോബം നിർമ്മാണ് തകൃതിയായി നടക്കുന്ന കണ്ണൂരിലെ രാഷ്ട്രീയ ക്രിമിനലുകൾക്ക് കനത്ത തിരിച്ചടിയാണ് പുതിയ സംഭവ വികാസങ്ങൾ.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകളുടെ അടിസ്ഥാനത്തിൽ കേസ് എടുത്തു ജാമ്യം നിഷേധിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണ് എന്ന സിപിഐ(എം) വാദം ഹൈക്കോടതി തള്ളിയിരിക്കുന്നു. രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിലെ ജനങ്ങളിൽ ഭീതി പടർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവൃത്തികൾ നിയമപ്രകാരം കുറ്റകരമാണ്. ഈ കേസിൽ നാടൻ ബോംബാണ് ഉപയോഗിച്ചതെന്നും ഇതു യുഎപിഎ ചുമത്താൻ കാരണമായ കുറ്റകൃത്യങ്ങളിൽ പറയുന്ന ബോംബിന്റെ ഗണത്തിൽ ഉൾപ്പെടില്ലെന്നും വാദമുണ്ടായി. എന്നാൽ, യുഎപിഎ പ്രകാരം കുറ്റം ചുമത്താൻ ബോംബിന്റെ പ്രഹരശേഷിയും മാനദണ്ഡവും നിർവചിക്കപ്പെട്ടിട്ടില്ലെന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നാടൻ ബോംബായാലും ഫാക്ടറിയിലുണ്ടാക്കിയ ബോംബായാലും ബോംബ് ബോംബ് തന്നെയാണ്. ബോംബ് ഉപയോഗിച്ചതിന്റെ ലക്ഷ്യമാണു പരിശോധിക്കേണ്ടത്. ഈ കേസിൽ മനോജിനെ ആക്രമിക്കുന്നതിനു മുമ്പ് ബോംബെറിഞ്ഞു പരിക്കേൽപ്പിച്ചതും ഹൈക്കോടതി ഉയർത്തിക്കാട്ടിയതുണ്ട്.

അതായത് പൊട്ടുന്നത് ഉപയോഗിച്ചുള്ള ആക്രമണത്തെ യുഎപിഎയുടെ പരിധിയിൽ കൊണ്ടു വരാം. നിയമം അനുസരിച്ച് ഒരാൾ കൊല്ലപ്പെട്ടില്ലെങ്കിൽ പോലും ബോംബിന്റെ സാന്നിധ്യമുണ്ടെങ്കിൽ ഭീകര വിരുദ്ധ നിയമം ബാധകമാകും. കണ്ണൂരിലെ എല്ലാ ആക്രമണത്തിലും ബോംബ് എന്നത് സജീവ ഘടകമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയം പറഞ്ഞുള്ള പകതീർക്കലിലെല്ലാം യുഎപിഎ നിയമം പ്രയോഗിക്കാം. കേസിലെ പ്രതികളെ ഏറെ നാൾ ജയിലിൽ അടയ്ക്കാനും കഴിയും. അതുകൊണ്ട് തന്നെ ഒത്തു തീർപ്പ് പ്രതികളെ കൊടുത്ത് കേസ് അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ നീക്കവും നടക്കില്ല. കഴിഞ്ഞ ദിവസത്തെ കോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ട് പൊലീസ് പ്രവർത്തിച്ചാൽ തന്നെ കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് അവസാനമാകുമെന്നാണ് വിലയിരുത്തൽ. ബോംബ് നിർമ്മാണവും ഭീതി പടർത്തിയുള്ള ആക്രമണങ്ങളും ഇതോടെ കുറയുമെന്നാണ് നിരീക്ഷണം.

രാഷ്ട്രീയ പക തീർക്കാൻ എണ്ണം പറഞ്ഞ് കൊല നടത്തുന്ന നാടാണ് കണ്ണൂർ. ഒരു വശത്ത് ആർഎസ്എസും മറുവശത്ത് സിപിഎമ്മും അണിനിരന്നായിരുന്നു കൊലപാതകങ്ങൾ. പരസ്പ്പരം മത്സരിച്ചു തന്നെ തുടർന്നു പോന്നു ഈ കൊന്നുതള്ളൽ. യുവമോർച്ചാ നേതാവായിരുന്ന കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ക്ലാസ് മുറിക്കുള്ളിലെ കൊലപാതകം കേരളത്തെ മൊത്തത്തിൽ ഞെട്ടിച്ചെങ്കിലും കേസിലെ പ്രതികൾ പുറത്തിറങ്ങി നടക്കുന്നത് മലയാളികൾ കണ്ടു. സിപിഐ(എം) പ്രവർത്തകരായ സുധീഷിനെ കൊലപ്പെടുത്തി ആർഎസ്എസും അക്രമത്തിൽ തങ്ങളും പിന്നിലല്ലെന്ന് തെളിയിച്ചു. ഈ സംഭവത്തിന് ശേഷവും കൊലപാതക പരമ്പരകൾ തുടങ്ങി. പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിച്ച് അക്രമ രാഷ്ട്രീയത്തെ എല്ലാ അർത്ഥത്തിലും പോഷിപ്പിച്ചു. പാവപ്പെട്ട രാഷ്ട്രീയ പ്രവർത്തകരെ കണ്ടു പിടിച്ച് കൊലയ്ക്ക് ഇരയാക്കി. ഇതിന് പിന്നിലെ തന്ത്രങ്ങൾ ഒരുക്കിയത് ഉന്നത രാഷ്ട്രീയ നേതൃത്വമെന്നത് പകൽപോലെ സത്യം. പൊലീസിന്റെ കേസ് അന്വേഷണത്തെ ആരും ഭയന്നില്ല. ആർഎസ്എസും സിപിഎമ്മും ഒരുപോലെ ഉത്തരവാദികളാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്.

പാർട്ടി നേതൃത്വങ്ങൾ തന്നെ പ്രതികളെ നൽകും. ഇങ്ങനെ ബലിയാടാകുന്നതാകട്ടെ രണ്ട് പക്ഷത്തുമുള്ള പാവപ്പെട്ട അണികളായിരുന്നു. നേതാക്കൾ ജന്മിമാരെപോലെ ഇതിന്റെ ഗുണഭോക്താവാകുകയും ചെയ്യും. നേതാക്കളുടെ താൽപ്പര്യ പ്രകാരമുള്ള മൊഴികളും നൽകും. ഇതുകൊണ്ട് തന്നെ കേസ് അന്വേഷണം പ്രഹസനമായി. കൊലപാതക രാഷ്ട്രീയത്തിലെ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. പല കൊലക്കേസിലും പ്രതിയായി ശിക്ഷ അനുഭവിക്കപ്പെട്ട് പുറത്തുവന്നവർ തന്നെ യഥാർത്ഥ പ്രതികൾ അല്ലെന്ന് പറയുന്നതും സാസ്‌കാരിക കേരളം കേട്ടു. സിപിഎമ്മും ബിജെപിയും ഈ തന്ത്രവുമായി തന്നെ മുന്നോട്ട് പോയി. കോൺഗ്രസും പിന്നിലായിരുന്നില്ല. അക്രമ രാഷ്ട്രീയത്തിലൂടെ മാത്രമേ കണ്ണൂരിൽ ചുവടുറപ്പിക്കാനാകൂവെന്ന് കോൺഗ്രസും തിരിച്ചറിഞ്ഞു. അണികളെ ആവേശം കൊള്ളിക്കാൻ മാത്രമായിരുന്നു പല കൊലപാതകങ്ങളും. അതിന് അപ്പുറത്തേക്ക് ഒരു ലക്ഷ്യവും ഇതിന് ഉണ്ടായിരുന്നില്ല. അത് പകപോക്കൽ രാഷ്ട്രീയമായി വഴിമാറിയപ്പോൾ കണ്ണൂരിൽ ചോരപ്പുഴയൊരുകി.

കതിരൂർ മനോജിനെ കൊല്ലുമ്പോൾ ആ പതിവ് ഫോർമുലയ്ക്ക് പതിയെ മാറ്റം വന്നു. കൊലപാതകം നടത്തിയത് അണികളാണെങ്കിലും അന്വേഷണത്തിൽ നേതാക്കളും കുടുങ്ങുന്ന സ്ഥിതിയാണ് കണ്ടത്. പി ജയരാജനെ പോലൊരു നേതാവിനെ പ്രതിചേർക്കുന്നിടത്തേക്ക് കാര്യങ്ങളെത്തി. ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേറ്റ സമയത്തായിരുന്നു മനോജിന്റെ കൊലപാതകം. ചെന്നിത്തലയ്ക്ക് അന്ന് താൽപ്പര്യം പ്രതിച്ഛായ രാഷ്ട്രീയത്തിലായിരുന്നു. ടിപി ചന്ദ്രശേഖരൻ കൊലപാതകമുണ്ടാക്കിയ അലയൊലികൾ ചെറുതായിരുന്നില്ല. അത് മനസ്സിൽ വച്ച് ആഭ്യന്തര മന്ത്രി കളിച്ചു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും കൃത്യമായി തന്നെ പ്രവർത്തിച്ചു. അപ്പോൾ കതിരൂർ മനോജിന്റെ കൊലക്കേസ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തി. കൊലയാളികൾക്കപ്പുറം ഗൂഢാലോചനക്കാരെ കണ്ടെത്താൻ സിബിഐ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണമെന്ന് പകൽപോലെ വ്യക്തം. കേരളാ പൊലീസിനെ സമാന്തര സംവിധാനങ്ങൾ ഇവിടെ ഫലിച്ചില്ല. സിബിഐയുടെ കൈയിൽ കാര്യമെത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു.

കതിരൂർ മനോജ് കൊലക്കേസ് അന്വേഷണത്തിൽ തുടക്കത്തിൽ തന്നെ ഇതിനുള്ള കളികൾ തുടങ്ങി. സിപിഎമ്മിന്റെ ഭാഷയിലെ വെറുമൊരു കൊലയ്ക്ക് ഭീകര വിരുദ്ധ നിയമം ചുമത്തി. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊലയെന്ന വാദമായിരുന്നു പൊലീസ് അതിന് പറഞ്ഞത്. സിബിഐയും എൻഐഎയും അന്വേഷണം ഏറ്റെടുക്കാൻ കൂടിയായി ഇത്. തീർത്തും സിപിഐ(എം) വെട്ടിലായി. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ സിപിഐ(എം) മാത്രമല്ല പ്രതിക്കൂട്ടിലുള്ളത്. എന്നാൽ സിബിഐയെ എത്തിച്ച് തളയ്ക്കുന്നത് സിപിഎമ്മിനേയും ആണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സിബിഐ നീക്കം ആർഎസ്എസിനെ ആഹ്ലാദത്തിലാക്കുന്നു. ജയരാജന്റെ കോടതിയുടെ കീഴടങ്ങൽ അണികൾക്ക് കണ്ണൂരിൽ പുത്തനുണർവ്വുണ്ടാകും.

സിപിഐ(എം) നേതാക്കൾ പ്രതികളാകാൻ സാധ്യതയുള്ള കേസിൽ മാത്രമാണ് ഭീകരവിരുദ്ധനിയമം(യുഎപിഎ) എത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ സിപിഐ(എം) കണ്ണൂർ ലോബി യുഎപിഎ ഭീതിയിലാവുകയാണ്. പി ജയരാജനെ അറസ്റ്റ് ചെയ്യുമെന്നതിലുപരി ജനവിരുദ്ധ നിയമമായ യുഎപിഎയിലെ വകുപ്പുകൾ ഉപയോഗിച്ച് കുരുക്കു മുറുക്കുമെന്ന ആശങ്കയാണ് സിപിഎമ്മിനെ വേട്ടയാടുന്നത്. നേരത്തേ സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ മനോജ് വധക്കേസിലെ ഒന്നാം പ്രതിയായ വിക്രമനും ജയരാജനും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയിരുന്നു. 1999 ഓഗസ്റ്റ് 25ന് തിരുവോണ നാളിൽ പി ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണു കൊല്ലപ്പെട്ട മനോജ്. ജയരാജനെ വധിക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് മനോജ് വധത്തിനു പിന്നിലെന്നും കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നു. ഇതെല്ലാം ജയരാജനെ കുടുക്കാനുള്ള തന്ത്രമായിരുന്നു.

ഫസൽ വധക്കേസിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും സിബിഐയുടെ അന്വേഷണത്തിന്റെ ഭാഗമായി രണ്ടു വർഷത്തിലേറെയായി ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്കുള്ളതും മുൻകൂട്ടി കാണുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP