Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെരഞ്ഞെടുപ്പ് അടുത്തതോടെ ഇടതുപക്ഷത്തേക്ക് പാലമിട്ട് കാന്തപുരം; നിലപാട് മാറ്റത്തിന്റെ സൂചന നൽകി ആദ്യഘട്ടത്തിൽ ഇടത് എംഎൽഎമാരുമായി ചർച്ച നടത്തി; പിന്തുണ തേടി കോടിയേരിയും എത്തിയേക്കും; എ പി മനസുമാറ്റിയാൽ മലബാർ രാഷ്ട്രീയത്തിൽ ഇടതു കുതിപ്പിന് വഴിതുറക്കും

തെരഞ്ഞെടുപ്പ് അടുത്തതോടെ ഇടതുപക്ഷത്തേക്ക് പാലമിട്ട് കാന്തപുരം; നിലപാട് മാറ്റത്തിന്റെ സൂചന നൽകി ആദ്യഘട്ടത്തിൽ ഇടത് എംഎൽഎമാരുമായി ചർച്ച നടത്തി; പിന്തുണ തേടി കോടിയേരിയും എത്തിയേക്കും; എ പി മനസുമാറ്റിയാൽ മലബാർ രാഷ്ട്രീയത്തിൽ ഇടതു കുതിപ്പിന് വഴിതുറക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയസഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ് അടുത്തതോടെ കാന്തപുരം എ പി വിഭാഗം വീണ്ടും ഇടതുപക്ഷത്തേക്ക് ചായുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുസ്ലിംലീഗിന് അനുകൂലമായ നിലപാട് സ്വീകരിച്ച കാന്തപുരം വീണ്ടും ഇടതുപക്ഷത്തേക്ക് ചായുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റത്തോടെയും ലീഗിനുള്ളിൽ സമസ്ത വിഭാഗം കൂടുതൽ പിടിമുറുക്കുന്നതോടെയുമാണ്. എപിയുടെ നിലപാടുകളെ പരസ്യമായി എതിർത്ത് രംഗത്തെത്താറുള്ള സമസ്ത വിഭാഗം സുന്നികൾ ലീഗ് മന്ത്രിമാരെ പോലും സ്വന്തം പോക്കറ്റിലാക്കിയാണ് നടപ്പ്. അതുകൊണ്ട് അവരിൽ നിന്നും തങ്ങൾക്ക് വേണ്ട പിന്തുണ ഒന്നും ലഭിക്കുന്നില്ലെന്ന വികാരം എപി വിഭാഗത്തിനിടെ ശക്തിപ്പെട്ടിട്ടുണ്ട്. പ്രവർത്തകരിലും ഈ വികാരം ശക്തമാണ്. കൂടാതെ കോഴിക്കോട് നിർമ്മിക്കുന്ന തിരുകേശ പള്ളിയുടെ കാര്യത്തിലും ലീഗ് ശക്തമായി എതിർത്ത് രംഗത്തെത്തിയതോടെ ഇടതുപക്ഷവുമായി അടുക്കാനുള്ള സാധ്യതകൾ ആരായുകയാണ് എപി കാന്തപുരം അബൂബക്കർ മുസ്ലിയാർ.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നിലപാടിൽ മാറ്റം വരുമെന്ന സൂചന നൽകി കാന്തപുരവുമായി ഇന്നലെ ഇടതു എംഎൽഎമാർ കൂടിക്കാഴ്‌ച്ച് നടത്തി. കാരന്തൂർ മർക്കസിലെത്തിയാണ് എംഎൽഎമാരായ കെ ടി ജലീലും പിടിഎ റഹീമും കാന്തപുരത്തെ കണ്ടത്. കാന്തപുരം കാണാൻ പറഞ്ഞതു കൊണ്ടാണ് വന്നതെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായെന്നും എംഎൽഎമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഇടത് എം.എൽ.മാർ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത്. കാന്തപുരം ആവശ്യപ്പെട്ടതനുസരിച്ചാണ് കാണാനെത്തിയതെന്ന് കെടി ജലീൽ എംഎൽഎ പറഞ്ഞു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ട കാര്യം കാന്തപുരത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പിടിഎ റഹീം എംഎൽഎ പറഞ്ഞു.

എന്നാൽ എംഎൽഎമാർ ഇടക്കിടെ തന്നെ കാണാറുണ്ടെന്നും ഇപ്പോഴൊന്നും പറയാനില്ലെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. അതേസമയം സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുമായി ചർച്ചക്ക് വഴി തുറന്നിടുക എന്ന ലക്ഷ്യത്തോടെയാണ് ഇടതു എംഎൽഎമാരുമായി കൂടിക്കാഴ്‌ച്ച നടത്തിയതെന്നാണ് കാന്തപുരം സൂചന. മതനേതാക്കളുമായി കൂടുതൽ അടുക്കാൻ കോടിയേരിയുടെ നേതൃത്വത്തിൽ ശ്രമം നടത്തുന്നുണ്ട്. ഇപ്പോഴത്തെ കൂടിക്കാഴ്‌ച്ചയിൽ നടന്ന കാര്യങ്ങൾ അനുകൂലമാണെന്ന സൂചനയാണ് എംഎൽഎമാർ നൽകുന്നത്. ഇതോടെ രണ്ടാം ഘട്ടം എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണനോ മുതിർന്ന് സിപിഐ(എം) നേതാവോ കാന്തപുരവുമായി കൂടിക്കാഴ്‌ച്ചക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്.

നേരത്തെ ഇടതുപക്ഷത്തിനനുകൂലമായി രാഷ്ട്രീയ നിലപാടെടുക്കാറുണ്ടായിരുന്ന കാന്തപുരം 2011 നിയമസഭാ തിരഞ്ഞെടുപ്പു മുതൽ മുസ്ലിംലീഗ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തി വന്നിരുന്നു. ഇടതു എംഎൽമാരെ വിളിച്ചുവരുത്തിയുള്ള കൂടിക്കാഴ്ച ഇടതുപക്ഷവുമായി വീണ്ടും അടുക്കാൻ കാന്തപുരം ആഗ്രഹിക്കുന്നുവെന്നാണ് നൽകുന്ന സൂചന. മന്ത്രി മഞ്ഞളാംകുഴി അലിയുമായി അടുത്ത നിലപാടാണ് കാന്തപുരം പുലർത്തിയിരുന്നത്. അലി ലീഗിലേക്ക് പോയതും മലബാറിലെ രാഷ്ട്രീയത്തിലെ നിർണ്ണായകമായ സംഭവമായിരുന്നു. ഇതോടെ ഇടതുപക്ഷത്തിന് നഷ്ടമായത് എംപി വിഭാഗത്തിന്റെ ഉറച്ച പിന്തുണയും കൂടിയായിരുന്നു. തങ്ങൾക്ക് നഷ്ടമായ രാഷ്ട്രീയ വോട്ടുബാങ്കിനെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ബിജെപി മുന്നേറ്റത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്നത്.

മലബാറിലെ രാഷ്ട്രീയ ഭാഗദേയം നിർണ്ണയിക്കുന്നതിൽ നിർണ്ണായക സ്ഥാനം തന്നെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ എ പി വിഭാഗത്തിനുള്ളത്. കേരളത്തിലെ സംഘടിതമായി രാഷ്ട്രീയ ശക്തിയായി തന്നെയാണ് ഈ മുസ്ലിംവിഭാഗത്തെ വിലയിരുത്തുന്നത്. ഇ കെ സമസ്ത വിഭാഗവുമായുള്ള എതിർപ്പിനെ തുടർന്ന് കാലങ്ങളായി സിപിഐ(എം) നേതൃത്വം നൽകുന്ന ഇടതുപക്ഷത്തെ പിന്തുണച്ചുപോന്നിരുന്നു ഇവർ. സിപിഎമ്മിനെ പിന്തുണക്കുന്ന ഈ സുന്നി വിഭാഗത്തിന് 'അരിവാൾ സുന്നി'യെന്ന വിളിപ്പേരും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ലീഗിലെ ചില നേതാക്കളുമായുള്ള അടുപ്പം മൂലം കാന്തപുരം വിഭാഗം ലീഗിനെ പിന്തുണക്കുന്ന നിലപാടും കൈക്കൊള്ളുകയായിരുന്നു.

എപി വിഭാഗം വീണ്ടും ഇടതു അനുകൂല നിലപാട് സ്വീകരിച്ചാൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാൻ സാധിച്ചേക്കും. തെക്കൻ കേരളത്തിലെ ജില്ലകളിൽ ബിജെപി വലിയതോതിൽ മുന്നേറ്റം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ മലബാറിൽ നിന്നും പരമാവധി സീറ്റുകൾ സ്വന്തമാക്കിയാൽ മാത്രമേ അടുത്ത തവണ ഭരണം പിടിക്കാൻ സാധിക്കുകയുള്ളൂ. ഈ തിരിച്ചറിവിലാണ് പ്രബല മുസ്ലിം വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കുന്നത്.

സിപിഐ(എം) സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി എത്തിയത് മുതൽ വീണ്ടും ഇടതു പക്ഷത്തേക്ക് തിരിയാനുള്ള സാധ്യത എ പി വിഭാഗം സുന്നികൾ ആരാഞ്ഞു വരികയായിരുന്നു. കോടിയേരിക്ക് കാന്തപുരവുമായുള്ള നല്ല ബന്ധവും സുന്നികൾക്ക് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. മുമ്പ് പിണറായി വിജയന്റെ ഭാഗത്തു നിന്നും കാന്തപുരത്തിന് നേരെ പരുഷമായ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു എ പി വിഭാഗത്തെ പ്രധാന പ്രശ്‌നം. അടുത്തിടെ എ പി ഇ കെ സംഘർഷം വ്യാപകമാകുന്ന വേളയിൽ എളമരം കരീം എംഎൽഎ എ പി വിഭാഗത്തെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കക്കെ ജനാധിപത്യവിശ്വാസികൾ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും കരീം പറയുകയുണ്ടായി. ന്യൂനപക്ഷങ്ങൾക്കിടയിൽ അടിവേര് നഷ്ടമാകുന്ന സിപിഐ(എം) എ പി സുന്നികളുമായുള്ള പഴയ ബന്ധം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ്. ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP