Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസഫിന് താൽപ്പര്യം യുഡിഎഫ്; മാണിക്ക് താൽപ്പര്യം എൽഡിഎഫ്; മാണിയെ പേടിപ്പിക്കാൻ ഫ്രാൻസിസ് ജോർജിനേയും കൂട്ടരേയും തിരികെ കൊണ്ടുവരാനും നീക്കം; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ ഏത് മുന്നണിയിലേക്ക് പോവുമെന്നറിയാതെ കേരളാ കോൺഗ്രസ്; ഫ്രാൻസിസ് ജോർജിന്റേയും കൂട്ടരുടേയും വലതുപക്ഷത്തേക്കുള്ള മടങ്ങി വരവ് ഉറപ്പായി

ജോസഫിന് താൽപ്പര്യം യുഡിഎഫ്; മാണിക്ക് താൽപ്പര്യം എൽഡിഎഫ്; മാണിയെ പേടിപ്പിക്കാൻ ഫ്രാൻസിസ് ജോർജിനേയും കൂട്ടരേയും തിരികെ കൊണ്ടുവരാനും നീക്കം; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ ഏത് മുന്നണിയിലേക്ക് പോവുമെന്നറിയാതെ കേരളാ കോൺഗ്രസ്; ഫ്രാൻസിസ് ജോർജിന്റേയും കൂട്ടരുടേയും വലതുപക്ഷത്തേക്കുള്ള മടങ്ങി വരവ് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യുഡിഎഫിന്റെ രാപകൽ സമരപന്തലിൽ പിജെ ജോസഫ് എത്തിയത് ചില സൂചനയാണ്. കേരളാ കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാനാണ് ജോസഫിന് താൽപര്യം. കെഎം മാണിക്ക് പിന്നിൽ രണ്ടാമനായി നിന്നിരുന്ന ജോസഫിന്റെ ചടുല രാഷ്ട്രീയ നീക്കമായാണ് ഇതിനെ ഏവരും വിലയിരുത്തുന്നത്. കെഎം മാണിക്കും മകൻ ജോസ് കെ മാണിക്കും ഇടതിനോടാണ് താൽപ്പര്യം. സി.പി.എം മുന്നണിയിൽ കോട്ടയത്തെ ചുവപ്പിച്ച് ലോക്‌സഭയിൽ വീണ്ടും എത്തുകയാണ് ജോസ് കെ മാണിയുടെ താൽപ്പര്യം. ഇതോടെ ഇടതു മുന്നണിയുടെ ഭാഗമാകാം. കേരളത്തിൽ മന്ത്രിയേയും കിട്ടും. അങ്ങനെ പല മനകോട്ടകളും കേരളാ കോൺഗ്രസിലെ മാണി വിഭാഗം കെട്ടുന്നു. ഇതു പൊളിക്കുകയാണ് പിണറായി സർക്കാരിനെതിരായ സമരത്തിന്റെ ഭാഗമായി പിജെ ജോസഫ് ചെയ്തത്.

കോൺഗ്രസിലെ ഒരുവിഭാഗത്തിന് മാണിയെ താൽപ്പര്യമില്ല. എന്നാൽ പിജെ ജോസഫിനോട് അതൃപ്തിയുമില്ല. അതുകൊണ്ട് തന്നെ മാണിയെ ഒഴിവാക്കി പിജെയെ മുന്നണിയിൽ കൊണ്ടു വരാനാണ് നീക്കം. ഇതിനായി ഫ്രാൻസിസ് ജോർജെന്ന പിജെയുടെ ശിഷ്യനെ തന്നെ കരുവാക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടത് ക്യാമ്പിലേക്ക് ചുവടുമാറിയ ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാനാണ് നീക്കം. ഫ്രാൻസിസ് ജോർജിന് ലോക്‌സഭയിലേക്ക് ഇടുക്കി മത്സരിക്കാൻ നൽകുമെന്നാണ് സൂചന. ഇതോടെ പിജെ ജോസഫിനെ മാണിയിൽ നിന്നും അകറ്റിയെടുക്കും. ഇതിന്റെ ചർച്ചകളാണ് നടക്കുന്നത്. മാണിയാകട്ടെ ഈ ഘട്ടത്തിൽ ഒന്നും നിശ്ചയമില്ലാത്ത അവസ്ഥയിലാണ്. ജോസഫിനെ കാരണം ഇടതുപക്ഷത്തേക്ക് പോകാനും പറ്റുന്നില്ല. ഫ്രാൻസിസ് ജോർജിനെ എടുത്ത് മാണിയെ ഒഴിവാക്കാനാണ് കോൺഗ്രസിന്റെ കരുനീക്കമെന്ന സൂചനയും മാണിക്കുണ്ട്.

പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഡിസംബറിൽ മാണി പ്രഖ്യാപിക്കാനിരിക്കെ പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫും ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസും അടുക്കുകയാണ്. ഇത് കേരളാ കോൺഗ്രസിനെ പിളർപ്പിലേക്ക് എത്തിക്കാനും സാധ്യതയുണ്ട്. പുതിയ സഖ്യം യു.ഡി.എഫിന്റെ ഭാഗമാകുമെന്നാണു സൂചന. യു.ഡി.എഫ്. ബന്ധം ഉപേക്ഷിച്ച മാണി ഗ്രൂപ്പ് നിലവിൽ ഒരു മുന്നണിയുടെയും ഭാഗമല്ല. തൽക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്നു പാർട്ടി ചെയർമാൻ കെ.എം. മാണി ആവർത്തിക്കുന്നതിനിടെയാണ് ജോസഫ് തൊടുപുഴയിൽ യു.ഡി.എഫിന്റെ രാപ്പകൽ സമരവേദിയിലെത്തിയത്. ഇതിനു രാഷ്ട്രീയമാനം കാണേണ്ടെന്നു ജോസഫ് പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്നാണു സൂചന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാണി ഗ്രൂപ്പുമായി തെറ്റിപ്പിരിഞ്ഞാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് രൂപം കൊണ്ടത്. ഇടതുമുന്നണിയുമായി ചേർന്ന് അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിലും വിജയിക്കാനായില്ല. തെരഞ്ഞെടുപ്പു സമയത്ത് ചേർത്തുനിർത്തിയെങ്കിലും അവരെ മുന്നണിയുടെ ഭാഗമാക്കാൻ എൽ.ഡി.എഫ്. തയാറായിട്ടില്ല. ഇതിൽ അവരുടെ അമർഷം തുടരുകയുമാണ്. ഇതിനിടയിലാണ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള നീക്കം ശക്തമായത്. ഇതിനോട് സിപിഎമ്മിനു വിയോജിപ്പില്ല. മാണി എൽ.ഡി.എഫിന്റെ ഭാഗമാകുമ്പോൾ ആ ചേരിയിൽ നിൽക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് ജനാധിപത്യ കേരളാ കോൺഗ്രസ്.

അവരെ മുന്നണിയിൽ എടുക്കുന്നതിൽ യു.ഡി.എഫ്. നേതൃത്വത്തിന് എതിർപ്പുമില്ല. എന്നാൽ പി.ജെ. ജോസഫിനെക്കൂടി കൂട്ടണമെന്ന വികാരം അവർ പങ്കുവച്ചിട്ടുണ്ട്. മാണി ഗ്രൂപ്പ് ഇടതുമുന്നണിയിലേക്കു പോകുകയാണെങ്കിൽ ജോസഫും മോൻസ് ജോസഫും തങ്ങൾക്കൊപ്പം യു.ഡി.എഫിലേക്കു വരുമെന്നാണ് സൂചന. ഇടതുമുന്നണിയുമായി ചേർന്നു നിൽക്കുന്ന പാർട്ടി യു.ഡി.എഫിലേക്ക് വരുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് അതിന്റെ നേതാവ് പറഞ്ഞതായി ഫ്രാൻസിസ് ജോർജിന്റെ പേരു പറയാതെ യു.ഡി.എഫ്. സെക്രട്ടറി ജോണി നെല്ലൂർ വ്യക്തമാക്കിയിരുന്നു. ഇതോടെ സംഭവം നിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജും രംഗത്തെത്തി.

യു.ഡി.എഫ്. നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് ഫ്രാൻസിസ് ജോർജിന്റെ പേരു പരാമർശിക്കാതെ തന്നോട് ഇടതുമുന്നണിവിടുന്ന കാര്യം ആലോചനയിലാണെന്ന് പറഞ്ഞതായി ജോണി നെല്ലൂർ പ്രസംഗിച്ചത്. പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം സമരപ്പന്തലിൽ എത്തിയത് സംസാരിച്ചുവരവെയാണ് ജോണി നെല്ലൂർ പരോക്ഷമായി ഇക്കാര്യം പറയുന്നത്. രാവിലെ പള്ളിയിൽ പോയപ്പോൾ ഇടുക്കിയിൽ മുമ്പ് ജനപ്രതിനിധിയും ഇപ്പോൾ പുതിയ പാർട്ടി രൂപീകരിച്ച് ഇടതുപക്ഷത്ത് നിൽക്കുന്ന നേതാവിനെ കാണാനിടയായി. പി.ജെ. ജോസഫ് എടുത്തപോലെ നിലപാട് സ്വീകരിക്കരുതോ എന്ന ചോദ്യത്തിന് തങ്ങളും ഇക്കാര്യം ആലോചിച്ചുവരികയാണെന്ന് അദ്ദേഹം മറുപടി നൽകിയെന്നാണ് ജോണി നെല്ലൂർ പ്രസംഗത്തിൽ പറഞ്ഞത്. മാത്രമല്ല പിണറായി വിജയന്റെ വാക്കുകേട്ട് ഇടതുമുന്നണിക്കൊപ്പം നിൽക്കാൻ എടുത്ത തീരുമാനം തെറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞതായി ജോണി നെല്ലൂർ പറഞ്ഞു.

ഇത് ചാനലുകൾ വാർത്തയാക്കുകയും കോൺഗ്രസുകാർ സാമൂഹിക മാധ്യമങ്ങളിൽ ഇടുകയും ചെയ്തതോടെ രൂക്ഷമായ ചർച്ചയ്ക്കിടയാക്കി. വിമർശിച്ചും അനുകൂലിച്ചും പ്രതികരണങ്ങൾ വന്നതോടെ നിഷേധക്കുറിപ്പുമായി ഫ്രാൻസിസ് ജോർജും രംഗത്തെത്തി. ജോണി നെല്ലൂരിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ പള്ളിയിൽ വച്ച് കണ്ടെങ്കിലും പൊതുവിഷയങ്ങൾ മാത്രമാണ് സംസാരിച്ചത്. ഇടതുമുന്നണിയിൽ പാർട്ടിക്ക് അതൃപ്തിയില്ല. അതിനാൽത്തന്നെ മറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ലെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP