Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഡിഎഫ് എന്ന സേഫ് സോണിൽ നിന്നും മാണിയെ പ്രലോഭിപ്പിച്ച് പുറത്തിറക്കി; ബിജെപി വലവിരിച്ചപ്പോൾ ഉറപ്പ് നൽകി തെറി പറയിച്ചു; ഇടത് പ്രവേശനത്തിൽ യെച്ചൂരി തടസം പറഞ്ഞപ്പോൾ വീണ്ടും ബാർ കോഴ ഉണർന്നു; കെഎം മാണിയും കേരളാ കോൺഗ്രസും നേരിടുന്നത് കടുത്ത പരീക്ഷണം

യുഡിഎഫ് എന്ന സേഫ് സോണിൽ നിന്നും മാണിയെ പ്രലോഭിപ്പിച്ച് പുറത്തിറക്കി; ബിജെപി വലവിരിച്ചപ്പോൾ ഉറപ്പ് നൽകി തെറി പറയിച്ചു; ഇടത് പ്രവേശനത്തിൽ യെച്ചൂരി തടസം പറഞ്ഞപ്പോൾ വീണ്ടും ബാർ കോഴ ഉണർന്നു; കെഎം മാണിയും കേരളാ കോൺഗ്രസും നേരിടുന്നത് കടുത്ത പരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിന്റെ അനുമതിയില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിയിൽ സ്വകാര്യ ഹർജികൾ നൽകാനാകില്ല. ഈ സാഹച്യത്തിലാണ് വിജിലൻസ് എസ് പി സുകേശന്റെ നീക്കത്തിന് പ്രസക്തി ഏറുന്നത്. സിപിഐ(എം) നേതൃത്വത്തിന്റെ അറിവോടെ നടന്ന രാഷ്ട്രീയ നീക്കമാണ് സുകേശിന്റേതെന്നാണ് വിലയിരുത്തൽ. കേരളാ കോൺഗ്രസിനെ കേരള രാഷ്ട്രീയത്തിൽ നിന്നും അപ്രസക്തമാക്കാനുള്ള സിപിഐ(എം) നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിൽ ഉറച്ചു നിന്ന കെഎം മാണിയെ കണ്ണും കലാശവും കാട്ടിയാണ് യുഡിഎഫിൽ നിന്ന് സിപിഐ(എം) പുറത്തുകൊണ്ടു വന്നത്. യുഡിഎഫ് ബന്ധം അവസാനിപ്പിച്ചപ്പോൾ മാണിക്ക് പിന്നാലെ ബിജെപിയുമെത്തി. എന്നാൽ ഇടതുപക്ഷത്തേക്ക് എടുക്കുമെന്ന പരോക്ഷ ഉറപ്പ് കിട്ടിയപ്പോൾ പ്രധാനമന്ത്രി മോദിയേയും ബിജെപിയേയും മാണി തള്ളി പറഞ്ഞു. ഈ വാതിൽ മാണി സ്വയം കെട്ടിയടച്ചതിന് ശേഷം ബാർ കോഴ ആയുധമാക്കിയുള്ള രാഷ്ട്രീയ നീക്കവും തുടങ്ങുന്നു.

മാണിക്കെതിരെ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിടുന്നത് എല്ലാ അർത്ഥത്തിലും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് തിരിച്ചടിയാണ്. യുഡിഎഫിനെ തള്ളിപ്പറഞ്ഞ മാണിക്ക് ഇടതുപക്ഷം നൽകിയ പണികൊടുക്കലായി കോൺഗ്രസ് ഇതിനെ വിലയിരുത്തുന്നു. മാണിയെ പരിഹസിക്കാനുള്ള അവസരമായി അതിനെ അവർ ചാനൽ ചർച്ചകളിൽ വിഷയമാക്കുന്നു. ബാർ കോഴയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ നടത്തിയ വിജിലൻസ് അന്വേഷണത്തിൽ മാണിക്ക് പോലും വിശ്വാമില്ല. ഇടത് സർക്കാരിന്റെ അന്വേഷണം നടക്കുമ്പോൾ മാണിയെ കുടുക്കാൻ കോൺഗ്രസ് എന്തെങ്കിലും ചെയ്‌തോയെന്ന് വ്യക്തമാകുമെന്ന് കോൺഗ്രസ് വക്താവ് രാജ്‌മോഹൻ ഉണ്ണിത്താനും പറഞ്ഞു. അതായത് മാണിയെ ഇടതുപക്ഷം ചതിക്കുന്നുവെന്ന് പറയാതെ പറയുകയാണ് കോൺഗ്രസും. ഇതൊരു വലിയ അഗ്നിപരീക്ഷയാണെന്ന് കേരളാ കോൺഗ്രസും വിലയിരുത്തുന്നു.

ബാർ കോഴക്കേസിൽ മുൻ വിജിലൻസ് ഡയറക്ടർ എൻ.ശങ്കർ റെഡ്ഡിക്കെതിരെ വിജിലൻസ് എസ്‌പി ആർ.സുകേശൻ കോടതിയെ സമീപിച്ചത് ഇതിന്റെ വ്യക്തമായ സൂചനയാണ്. കേസ് അട്ടിമറിച്ചത് ശങ്കർ റെഡ്ഡിയാണ്. കേസ് ഡയറിയിൽ നിർബന്ധിച്ചു ക!ൃത്രിമം കാട്ടി. ധനമന്ത്രിയായിരുന്ന കെ.എം.മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോർട്ട് അംഗീകരിച്ചില്ല. കേസിൽ തുടരന്വേഷണം വേണമെന്നു സുകേശൻ ആവശ്യപ്പെടുന്നു. മാണിയെ ബാർ കോഴയിൽ തളയ്ക്കാനാണ് ഈ നീക്കം. ഇതോടെ മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ റിപ്പോർട്ടിലെ പ്രസക്തിയും അടയുകയാണ്. ബാർ കോഴയിലൂടെ മാണിയുടെ വിലപേശൽ ശക്തി കുറയ്ക്കുകയാണ് സിപിഐ(എം). മകൻ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കി ബിജെപിയോട് അടുക്കാനുള്ള നീക്കവും ഉടനൊന്നും ഇനി നടക്കില്ലെന്നും ഇതോടെ തളിയുകയാണ്. സിപിഐ(എം) കേന്ദ്ര നേതൃത്വം മാണിക്ക് എതിരാണെന്ന് വ്യക്തമായതോടെയാണ് ഈ നീക്കങ്ങളുണ്ടായിരിക്കുന്നത്.

കേരളാ കോൺഗ്രസിന് ആറ് എംഎൽഎമാരാണുള്ളത്. ഇതിൽ പിജെ ജോസഫിന്റെ നിലപാട് മാണിക്ക് പൂർണ്ണമായും അനുകൂലമല്ല. ബിജെപിക്കൊപ്പം പോയാൽ പാർട്ടി വിടുമെന്ന് മോൻസ് ജോസഫും സിഎഫ് തോമസും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് പുതിയ രാഷ്ട്രീയ നീക്കം. ഇതിൽ ഡിജിപി ശങ്കർ റഡ്ഡിയും പ്രതിസ്ഥാനത്ത് നിൽക്കുന്നു. ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം ശങ്കർ റെഡ്ഡിക്ക് ഉചിതമായ സ്ഥാനമൊന്നും നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സുകേശന്റെ ഹർജിയും. ഇതോടെ ശങ്കർ റെഡ്ഡിയുടെ സാധ്യതകൾക്കും മങ്ങലേൽക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് സൂചന. മാണിയെ മുന്നണിയിലെടുത്താൽ പേരുദോഷമാകുമെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തിയതായാണ് സൂചന.

ഫലത്തിൽ എങ്ങുമില്ലാത്ത അവസ്ഥയിലേക്ക് മാണി എത്തുകയാണ്. കേരള കോൺഗ്രസ് എമ്മിനെ ഇടതു പാളയത്തിലെത്തിക്കാൻ സ്‌കറിയാ തോമസ് വിഭാഗം ഇടനിലക്കാരായി നിൽക്കുമ്പോൾ മാണി ഗ്രൂപ്പിനെ ഇടതു മുന്നണിയിലെടുക്കരുതെന്ന സി.പിഐ നിലപാടിനെ പിന്തുണച്ച് ഫ്രാൻസിസ് ജോർജ് വിഭാഗം രംഗത്ത് എത്തിയിരുന്നു. സിപിഐ ഈ നീക്കത്തിന് അനുകൂലമായിരുന്നു. ലോക്‌സഭാ സീറ്റ് വിറ്റ പാർട്ടിയാണ് സിപിഐയെന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ പരിഹാസത്തിന് മറുപടിയായി യു.ഡി.എഫ് നൽകിയ രണ്ടു ലോക്‌സഭാ സീറ്റിൽ ഒന്നു വേണ്ടെന്നു വച്ച മാണി ഗ്രൂപ്പിന് സിപിഐയെ പരിഹസിക്കാൻ അവകാശമില്ലെന്നും ലോക്‌സഭാ സീറ്റിൽ ഒന്ന് കച്ചവടം നടത്തിയതാണോ എന്നു മാണി വ്യക്തമാക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടതോടെ പോര് മുറുകി. ഇതിനിടെയാണ് സിപിഐ(എം) കേന്ദ്ര നേതൃത്വം മാണിയുമായി കൂട്ടുവേണ്ടെന്ന സന്ദേശം നൽകിയത്. ഇതോടെ ബാർ കോഴയിൽ വീണ്ടും മാണിയെ തളയ്ക്കാൻ സിപിഐ(എം) തയ്യാറാവുകയായിരുന്നു. യുഡിഎഫിൽ നിന്ന് തൽക്കാലം മാറി നിൽക്കുകയാണ് മാണി. ഇരു മുന്നണികളോടും സമദൂരമെന്നായിരുന്നു പറഞ്ഞത്.

എന്നാൽ മാണിയെ തിരിച്ചെത്തിക്കാൻ കേരളത്തിലെ കോൺഗ്രസുകാർക്ക് തൽക്കാലം താൽപ്പര്യമില്ല. കേസിൽ കുടുങ്ങിയ മാണിയെ അടുപ്പിക്കാൻ അവർ തൽക്കാലം തയ്യാറാകില്ല. മാണിയുമായി ചർച്ച വേണ്ടെന്ന് കോൺഗ്രസ് നിലപാട് എടുത്തിട്ടുമുണ്ട്. മാണി ഇങ്ങോട്ട് വന്നാൽ മാത്രം ചർച്ചയെന്നാണ് അവരുടെ പക്ഷം. മുസ്ലിം ലീഗിനോടും അനുകൂല നിലപാട് വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മാണിയെ എല്ലാ അർത്ഥത്തിലും സ്വാഗതം ചെയ്തത് ബിജെപിയാണ്. മാണിക്ക് ഗവർണ്ണർ സ്ഥാനവും ജോസ് കെ മാണിക്ക് സഹമന്ത്രിസ്ഥാനവും വരെ നൽകാമെന്ന് പറഞ്ഞു. എന്നാൽ ഉപരാഷ്ട്രപതി പദമായിരുന്നു മാണിയുടെ ആവശ്യം. ഇത് മനസ്സിലാക്കിയാണ് മാണിയേയും ബിജെപിയേയും അടുപ്പിക്കാൻ സിപിഐ(എം) കരുക്കൾ നീക്കിയത്. ഇതിനായി മാണിയെ ഉടൻ ഇടതുപക്ഷത്ത് എടുക്കമെന്ന വാഗ്ദാനവും നൽകി. കോടിയേരിയും പിണറായിയും അനുകൂല പ്രസ്താവനയുമായെത്തിയതോടെ മാണിയും വീണു. ബിജെപിയെ പരസ്യമായി തള്ളിപ്പറഞ്ഞു.

അണികൾക്കുള്ള സന്ദേശമെന്ന നിലയിലായിരുന്നു മാണി ബിജെപി ബന്ധത്തെ തള്ളിപ്പറഞ്ഞത്. ഒരു കാരണവശാലും ബിജെപിക്കൊപ്പം പോകില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഇനി ബിജെപിയിലേക്ക് പോയാൽ കൂടെയുള്ള അഞ്ച് എംഎൽഎമാരും മാണിയെ കൈവിടും. ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധിയുമാകും. ഇത്തരത്തിൽ മാണിയുടെ രാഷ്ട്രീയക്കരുത്ത് ഇല്ലാതാക്കാനാണ് സിപിഐ(എം) ശ്രമിക്കുന്നത്. അതിനിടെ മാണിക്കെതിരായ നീക്കത്തിന് പിന്നിൽ സിപിഐയുടെ കരുതലോടെയുള്ള നീക്കമാണെന്നതാണ് യാഥാർത്ഥ്യം. പിണറായിയും കോടിയേരിയും മാണിക്കും ലീഗിനും അനുകൂലമായിരുന്നു. ഇതോടെ വി എസ് അച്യുതാനന്ദന്റെ പിന്തുണയോടെ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തു. ദേശീയതലത്തിലെ ഇടത് ഐക്യത്തിനായി മാണിയെ കൈവിടാൻ കോടിയേരിയോട് യെച്ചൂരി ആവശ്യപ്പെട്ടു. ഫലത്തിൽ ബാർ കോഴയിൽ ധനമന്ത്രി സ്ഥാനം രാജിവച്ചതിനേക്കാൾ വലിയ പ്രതിസന്ധിയിൽ മാണി എത്തുകയാണ്.

പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമകളിൽനിന്ന് മന്ത്രി കെ.എം മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് ബോർ കോഴയ്ക്ക് അടിസ്ഥാനം. ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിജിലൻസിന് വിടുമെന്ന് അന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. എന്നാൽ ഇതിന് പിന്നിൽ മന്ത്രിയായിരുന്ന അടൂർ പ്രകാശും ബിജു രമേശും തമ്മിലെ സൗഹൃദമാണെന്നായിരുന്നു മാണിയുടെ നിലപാട്. കോടതി ഉത്തരവിനെ തുടർന്ന് മാണി ധനമന്ത്രി സ്ഥാനം രാജിവച്ചു. ഈ ആരോപണമാണ് പിസി ജോർജിനേയും മാണിയേയും അകറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന് ഭരണം നഷ്ടമായി. ഇതിനിടെ അടൂർ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലെ വിവാഹ നിശ്ചയവും നടന്നു. ഈ ചടങ്ങിന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പോയത് രാഷ്ട്രീയ വിവാദമായി. അങ്ങനെ മാണി യുഡിഎഫിന് പുറത്തുവന്നു.

ഭരണം മാറിയ ശേഷം ബാർ കോഴ കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ മാണിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന പരാമർശമൊന്നും ഉണ്ടായില്ല. മറിച്ച് പുതിയ തെളിവുകൾ ഉണ്ടായാലേ പുനരന്വേഷണം ഉണ്ടാകൂവെന്നായിരുന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതികരിച്ചത്. ഇതോടെ ബാർ കോഴ അവസാനിച്ചെന്ന വിലയിരുത്തലുമെത്തി. ഇതിനിടെയാണ് സുകേശൻ തന്നെ പുതിയ തെളിവും വെളിപ്പെടുത്തലുമായെത്തുന്നത്. ശങ്കർ റെഡ്ഡിയെ മുന്നിൽ നിർത്തി മാണിയെ വെട്ടിവീഴ്‌ത്തുകയായിരുന്നു ലക്ഷ്യം. വിജിലൻസ് കോടതിയുടെ തുടരന്വേഷണ ഉത്തരവിലൂടെ ഈ നീക്കം ഭാഗീകമായി വിജയിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP