Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിത് ഷാ വന്നതുകൊണ്ട് സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ചലനവും ഉണ്ടാകില്ലെന്ന് കെഎം മാണി; തള്ളുന്നത് ബിജെപി ദേശീയ അധ്യക്ഷന്റെ എൻഡിഎയിലേക്കുള്ള സ്വാഗതമേകൽ; കേരളാ കോൺഗ്രസിന് താൽപ്പര്യം ഇടതു പക്ഷം തന്നെ; മുന്നണി വിപൂലീകരണത്തിൽ ഉറച്ച് സിപിമ്മും

അമിത് ഷാ വന്നതുകൊണ്ട് സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ചലനവും ഉണ്ടാകില്ലെന്ന് കെഎം മാണി; തള്ളുന്നത് ബിജെപി ദേശീയ അധ്യക്ഷന്റെ എൻഡിഎയിലേക്കുള്ള സ്വാഗതമേകൽ; കേരളാ കോൺഗ്രസിന് താൽപ്പര്യം ഇടതു പക്ഷം തന്നെ; മുന്നണി വിപൂലീകരണത്തിൽ ഉറച്ച് സിപിമ്മും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വന്നതുകൊണ്ട് സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ചലനവും ഉണ്ടാകില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി. മാണിയുടെ കേരളാ കോൺഗ്രസിനെ ബിജെപി മുന്നണിയിലെത്തിക്കാൻ കരുക്കൾ നീക്കണമെന്ന് കേരളാ ഘടകത്തിന് അമിത് ഷാ നിർദ്ദേശം നൽകിയിരുന്നു. ന്യൂനപക്ഷങ്ങളെ പാർട്ടിക്കൊപ്പം ചേർക്കാൻ മാണിയാണ് നല്ലതെന്നായിരുന്നു അമിത് ഷായുടെ നിലപാട്. ഇതു സംബന്ധിച്ച ചർച്ചകൾ സജീവമാകുമ്പോഴാണ് മാണി നിലപാട് വിശദീകരണവുമായെത്തുന്നത്. അതിനിടെ മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടു വരാൻ സി.പി.എം തീരുമാനിച്ചതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ ഉടൻ വിശദീകരണങ്ങളെത്തും.

അതേസമയം അമിത് ഷാ ചർച്ചയ്ക്ക് ക്ഷണിച്ചില്ലെന്നും ഏത് മുന്നണിയിൽ നിൽക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും മാണി വ്യക്തമാക്കി. അമിത് ഷായുടെ കേരള സന്ദർശനത്തിൽ ഭയപ്പെടാൻ ഒന്നുമില്ലെന്നും അദേഹത്തിന് ആരുമായും ചർച്ച നടത്താനും പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും മാണി കൂട്ടിച്ചേർത്തു. ജോസ് കെ മാണിയെ മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തി കേരളാ കോൺഗ്രസിനെ എൻ ഡി എയിൽ കൊണ്ടു വരാനാണ് നീക്കം. നേരത്തെ പിസി തോമസ് മൂവാറ്റുപുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. ഈ മാതൃക അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ജോസ് കെ മാണിയിലൂടെ സാധ്യമാക്കാനാണ് നീക്കം.

അതിനിടെയാണ് മാണി മനസ്സ് വ്യക്തമാക്കാതെ പ്രസ്താവനയുമായെത്തുന്നത്. ഇത് ബിജെപിക്ക് അനുകൂലമാണെന്നാണ് അവരുടെ പക്ഷം. അമിത് ഷാ ചർച്ചയ്ക്ക് ക്ഷണിച്ചില്ലെന്നും ഏത് മുന്നണിയിൽ നിൽക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും പറയുന്നതിനെ പ്രതീക്ഷയോടെയാണ് മാണി കാണുന്നത്. എന്നാൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ അവസരം നൽകാതിരിക്കാൻ മാണിയെ ഒപ്പം കൂട്ടണമെന്ന അഭിപ്രായം സിപിഎമ്മിൽ സജീവമാണ്. സിപിഐയുടെ എതിർപ്പിനെ ഈ വാദത്തിലൂടെ മറികടക്കും. മാണിയെ ഉൾപ്പെടുത്തി ഇടതു മുന്നണി വിപുലീകരിക്കാൻ തന്നെയാണ് സി.പി.എം തീരുമാനം.

മധ്യ കേരളത്തിൽ മാണിയുടെ സാന്നിധ്യം ഇടതിന് വലിയ ഗുണം ചെയ്യും. മാണിയെ മുന്നണിയിൽ എടുത്തില്ലെങ്കിൽ അത് ബിജെപിക്ക് ഗുണമാകും. ഇതിലൂടെ അവർക്ക് ലഭിക്കാൻ സാധ്യതയുള്ള രാഷ്ട്രീയ മുൻതൂക്കം ഇല്ലാതാക്കാനാണ് നീക്കം. കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരളാ കോൺഗ്രസ് ജയിച്ചത് സി.പി.എം പിന്തുണയോടെയാണ്. ഇതിനെ സംസ്ഥാന സഖ്യമാക്കി മാറ്റാനുള്ള ചർച്ചകൾ കോട്ടയത്ത് സജീവമാണ്. കോട്ടയത്തെ എംപിയായി ജോസ് കെ മാണിക്ക് തുടരാൻ ഏതെങ്കിലും മുന്നണിയുമായുള്ള സഹകരണം മാണിക്ക് അനിവാര്യമാണ്. യുഡിഎഫിലേക്ക് പോയാൽ കോൺഗ്രസുകാർ കാലുവാരും. ഇത് മനസ്സിലാക്കിയാണ് ഇടതുപക്ഷത്തെ പ്രധാനമായും മനസ്സിൽ മാണിയും കൂട്ടരും കാണുന്നത്.

അമിത്ഷായുടെ കേരള സന്ദർശനത്തിൽ ഏറിയ സമയവും ചെലവിട്ടത് സംസ്ഥാനത്തെ ക്രിസ്തുമത മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കായിരുന്നു. മാണിയെ എൻഡിഎയിലേക്ക് അടുപ്പിക്കാനുള്ള നീക്കമായിരുന്നു ഇത്. ഗോവൻ മോഡൽ പരീക്ഷണമാണ് കേരളത്തിൽ അമിത് ഷാ ലക്ഷ്യമിടുന്നത്. സംഘടനാപരമായ യോഗങ്ങൾക്കായി മൂന്നുദിവസം കേരളത്തിൽ തങ്ങിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പുത്തൻ പ്രതീക്ഷയും ആത്മവിശ്വാസവും നൽകിയാണ് മടങ്ങിയത്. ഒരു ദേശീയപാർട്ടിയുടെ അധ്യക്ഷൻ ഇത്തരത്തിൽ സംഘടനയെ ശക്തിപ്പെടുത്താനായി 22 യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാൻ സംസ്ഥാനത്ത് എത്തിയത് ആദ്യസംഭവമാണ്.

കേരളത്തിലെ ദേശീയ ജനാധിപത്യസഖ്യത്തിനും ബിജെപിക്കും വൻ കുതിച്ചുചാട്ടത്തിന് പശ്ചാത്തലമൊരുക്കാൻ അമിത് ഷായുടെ മൂന്നുദിവസത്തെ സാന്നിധ്യം സഹായകമായെന്നാണ് ബിജെപി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മതാദ്ധ്യക്ഷന്മാരോ സന്ന്യാസിശ്രേഷ്ഠരോ ബിജെപിക്ക് നികൃഷ്ടജീവികളല്ല. അവരെ കാണുന്നതും അവരുമായി ചർച്ച ചെയ്യുന്നതും പാർട്ടി വിലക്കിയിട്ടുമില്ല. തന്ത്രത്തിന്റെ ആവശ്യവുമില്ല. മാണിയുമായി ചർച്ചയൊന്നും നടത്തിയിട്ടില്ലെന്ന് ഷാ വ്യക്തമാക്കിയിട്ടും താൻ ആരുടെയും കൂടെ പോകുന്നില്ലെന്ന് മാണി വീമ്പിളക്കുന്നതിലും അർത്ഥമില്ല. ബിജെപിക്കെതിരെ മുസ്ലിംലീഗ് വർഗീയത ആരോപിക്കുന്നത് പരിഹാസ്യമാണെന്നും ബിജെപി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP