Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോന്നിയിൽ കണ്ടത് മുൻപു പറഞ്ഞതൊക്കെ വിഴുങ്ങിയ സുധീരനെ: കോന്നിയിൽ മാത്രമല്ല തൃപ്പൂണിത്തുറയിലും പ്രചാരണത്തിന് പോകുമെന്ന് കെപിസിസി പ്രസിഡന്റ്: മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ അസഹിഷ്ണുത

കോന്നിയിൽ കണ്ടത് മുൻപു പറഞ്ഞതൊക്കെ വിഴുങ്ങിയ സുധീരനെ: കോന്നിയിൽ മാത്രമല്ല തൃപ്പൂണിത്തുറയിലും പ്രചാരണത്തിന് പോകുമെന്ന് കെപിസിസി പ്രസിഡന്റ്: മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ അസഹിഷ്ണുത

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്ഥാനാർത്ഥി നിർണയത്തിൽ ആദർശത്തിന്റെ അപ്പൊസ്തലനായി മാറിയ വി എം. സുധീരൻ ആ മുഖംമൂടി അഴിച്ചു വച്ചു. ഇന്നലെ കോന്നി മണ്ഡലത്തിലെ അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലും തുടർന്ന് പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിലും താൻ മുൻപു പറഞ്ഞതൊക്കെ വിഴുങ്ങിയ സുധീരൻ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ അസഹിഷ്ണുത കാട്ടുകയും ചെയ്തു. 

കോന്നി മണ്ഡലത്തിൽ അടൂർ പ്രകാശിന് വേണ്ടി സുധീരൻ പ്രസംഗിക്കാനെത്തിയ വള്ളിക്കോട് പഞ്ചായത്ത് ജങ്ഷനിലായിരുന്നു. ഇനി കൊച്ചു കൊച്ചു പിണക്കങ്ങൾക്കും പരിഭവങ്ങൾക്കും ്ഥാനമില്ല. ആഞ്ഞുപിടിച്ചാൽ വൻ ജയം നേടാമെന്നായിരുന്നു സുധീരന്റെ പ്രസംഗം. ദേശീയ രാഷ്ട്രീയം, സർക്കാരിന്റെ നേട്ടങ്ങൾ എന്നിങ്ങനെ പ്രസംഗിച്ചു വന്ന സുധീരൻ പക്ഷേ, ഒടുവിൽ ഒളിയമ്പെയ്യുക തന്നെ ചെയ്തു. അടൂർ പ്രകാശ് എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് നേരിട്ട് അറിയാവുന്നവരാണല്ലോ നിങ്ങൾ. അതു കൊണ്ട് അതിനെപ്പറ്റി കൂടുതലായി ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഏതു മണ്ഡലത്തിൽ ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെന്നാലും അവിടുത്തെ എംഎ‍ൽഎമാർ അവർ ചെയ്ത വികസനം നിരത്തും. അതു പോലെ തന്നെയാണ് ഇവിടെയും എന്നും സുധീരൻ പറഞ്ഞു.

തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാനുണ്ടായിരുന്നത് തന്റെ വോട്ടർമാർ മാത്രമായിരുന്നുവെന്ന് ഒരു കൊട്ടു കൊടുക്കാൻ അടൂർ പ്രകാശും മറന്നില്ല. തുടർന്നാണ് പ്രസ് ക്ലബിൽ മുഖാമുഖം നടന്നത്. ദേശീയ തലത്തിൽ മികച്ച വികസനത്തിനുള്ള പുരസ്‌കാരങ്ങൾ ഏറെ വാരിക്കൂട്ടിയ സർക്കാരാണ് ഉമ്മൻ ചാണ്ടിയുടേത് എന്ന് സുധീരൻ പറഞ്ഞു. അപ്പോൾ ബാർക്കോഴയും സരിതയും ഭൂമിദാനവുമൊക്കെ ജനങ്ങൾ തീർത്തും തള്ളിക്കളയുമോ എന്ന ചോദ്യം മാദ്ധ്യമപ്രവർത്തകരിൽ നിന്നുണ്ടായി.

അതെല്ലാം പ്രതിപക്ഷ സൃഷ്ടിയാണെന്ന് മറുപടിയും വന്നു. അപ്പോൾ കളങ്കിതരായ രണ്ടു മന്ത്രിമാർക്ക് സീറ്റ് കൊടുക്കരുതെന്ന് താങ്കൾ പറഞ്ഞത് എന്തിനായിരുന്നുവെന്ന ചോദ്യമാണ് കെപിസിസി പ്രസിഡന്റിനെ കുടുക്കിയത്. അസഹിഷ്ണുത കാണിച്ച സുധീരൻ ഞാൻ അങ്ങനെ പറഞ്ഞത് താങ്കൾ കേട്ടുവോ? എന്ന മറുചോദ്യം ഉന്നയിച്ചു. താൻ മാത്രമല്ല ഇന്നാട്ടിലെ ജനങ്ങൾ മുഴുവൻ കേട്ടു. ഹൈക്കമാൻഡിന് മുന്നിൽ താങ്കൾ നടത്തിയ സമ്മർദം ചാനലുകളും പത്രങ്ങളുമൊക്കെ റിപ്പോർട്ട് ചെയ്തിരുന്നില്ലേ? എന്ന് വീണ്ടും മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.

ഓരോ പാർട്ടിയുടെയും സീറ്റ് നിർണയ ചർച്ചയിൽ അങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അതെല്ലാം പരിഹരിച്ചാണ് അന്തിമ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്ന് സുധീരൻ പറഞ്ഞു. കളങ്കിത വ്യക്തിത്വങ്ങളെ ഒഴിവാക്കണമെന്ന് താങ്കൾ പറഞ്ഞില്ലെങ്കിൽ പിന്നെ സീറ്റ് നിർണയത്തിന് എന്തിനാണ് മൂന്നാഴ്ച സമയം എടുത്തത്? ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിക്ക് മുന്നിൽ കീഴടങ്ങിയില്ലേ എന്നും ചോദ്യം വന്നതോടെ താങ്കളുടെ അഭിപ്രായം എന്റെ വായിൽ തിരുകരുതെന്നായി പ്രതികരണം. പിന്നീട് മുതിർന്ന മാദ്ധ്യമപ്രവർത്തകനും സുധീരനുമായി കനത്ത വാക്കേറ്റം നടന്നു.

പ്രായത്തിന്റെ പക്വത കാണിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. വേറേ ചോദ്യങ്ങൾ വന്നിട്ടും അതിന് മറുപടി പറയാതെ മാദ്ധ്യമപ്രവർത്തകനെ ഉപദേശിക്കാനാണ് സുധീരൻ സമയം കണ്ടെത്തിയത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ വിമർശിച്ച സുധീരനോട് ധർമടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊലക്കേസ് പ്രതിയല്ലേ എന്ന ചോദ്യം വന്നപ്പോൾ താനിപ്പോഴാണ് അറിഞ്ഞതെന്ന് പ്രതികരിക്കുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP