Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ എം മാണിയെയും ജോസ് കെ. മാണിയെയും ഒറ്റപ്പെടുത്തി കേരള കോൺഗ്രസിനെ പിളർത്താൻ ലക്ഷ്യമിട്ട് കരു നീക്കുന്നത് ഉമ്മൻ ചാണ്ടി പക്ഷം; ഇതര കേരള കോൺഗ്രസ് നേതാക്കളെ വരുതിയിലാക്കാനും തന്ത്രങ്ങൾ

കെ എം മാണിയെയും ജോസ് കെ. മാണിയെയും ഒറ്റപ്പെടുത്തി കേരള കോൺഗ്രസിനെ പിളർത്താൻ ലക്ഷ്യമിട്ട് കരു നീക്കുന്നത് ഉമ്മൻ ചാണ്ടി പക്ഷം; ഇതര കേരള കോൺഗ്രസ് നേതാക്കളെ വരുതിയിലാക്കാനും തന്ത്രങ്ങൾ

കോട്ടയം : കോൺഗ്രസിലെ ഉമ്മൻ ചാണ്ടിപക്ഷം ഉന്നംവയ്ക്കുന്നത് കേരളാ കോൺഗ്രസിന്റെ പിളർപ്പ്. കെ.എം മാണിയെയും മകൻ ജോസ് കെ മാണിയെയും മാത്രം ആക്രമിക്കുകയും ഇതര കേരളാ കോൺഗ്രസ് നേതാക്കളെ വരുതിയിലാക്കുകയും ചെയ്യാനുള്ള തന്ത്രങ്ങളിലാണ് നേതൃത്വം.

എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രത്തിൽ ഉമ്മൻ ചാണ്ടിയുടെ മൂക്കിനു താഴെ തങ്ങളുടെ നോമിനിയായ സണ്ണി പാമ്പാടിയെ തോൽപ്പിച്ച് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ഇടതു പിന്തുണയോടെ ജയിച്ചത് എ ഗ്രൂപ്പിനേറ്റ അപമാനമായാണ് അവർ കരുതുന്നത്. അതുകൊണ്ടുതന്നെ മാണി ഗ്രൂപ്പിന്റെ പിളർപ്പാണ് ഇവർ ലക്ഷ്യമിടുന്നത്. മാണി ഗ്രൂപ്പിനെ പിളർത്താൻ എ ഗ്രൂപ്പിന്റെ അനുഗ്രഹാശിസുകളോടെ നേതൃസംഘം കർമനിരതരായി കഴിഞ്ഞു. ഇതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാൻ ചില എ ഗ്രൂപ്പ് അനുകൂല മാധ്യമസിൽബന്തികളുടെ സഹായവും തേടിയിട്ടുണ്ട്.

ഇതിനെ നേരിടാൻ എ ഗ്രൂപ്പ് ഉറച്ച തീരുമാനമാണ് എടുത്തിരിക്കുന്നത്. ഇന്നലെ ചേർന്ന ജി്ല്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ കേരളാ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. തുടർന്ന് മാധ്യമങ്ങളെ കണ്ട ഉമ്മൻ ചാണ്ടി കെഎം മാണിക്ക് എതിരെ പൊട്ടിത്തെറിച്ചു. കെഎം മാണി വഞ്ചന കാട്ടി എന്നു തുറന്നടിച്ചു. മാണിയുടെ അവസരവാദപരവും അവിശുദ്ധവുമായ രാഷ്ട്രീയമാണെന്നുമാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചത്. കെ.എം മാണിയും പുത്രൻ ജോസ് കെ മാണിയുമായും ഒരു തരത്തിലുള്ള കൂട്ടുകെട്ടിനും തയാറല്ലെന്നും ഡിസിസി യോഗം പ്രമേയത്തിൽ കുറ്റപ്പെടുത്തി.

ജോഷി ഫിലിപ്പിനെ പ്രസിഡന്റ് പദത്തിലേക്ക് തീരുമാനിച്ചത് കെഎം മാണിയാണെന്നും അതിനുശേഷം പാലം വലിച്ചത് ശരിയായില്ലെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കോൺഗ്രസ് ആരെയും അവഹേളിച്ചിട്ടില്ലെന്നും യുഡിഎഫ് ഭരണകാലത്ത് കെ.എം മാണിയെ കൈവെള്ളയിൽ വച്ചാണ് കൊണ്ടു നടന്നതെന്നും ഉമ്മൻ ചാണ്ടി കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രസ്താവിച്ചു. ഉമ്മൻ ചാണ്ടിയുടെ വരികൾക്കിടയിലെ അർഥം മനസിലാക്കിയ അണികൾ കെഎം മാണിയെയും ജോസ് കെ മാണിയെയും കടന്നാക്രമിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇരുവരെയും ഒറ്റപ്പെടുത്താനും പാർട്ടിയിലുള്ള ഇതര എംഎൽഎമാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും കോൺഗ്രസിനോട് ചേർക്കാനുമാണ് നീക്കം. അതായത് പ്രാദേശിക തലത്തിലുള്ള കേരളാ കോൺഗ്രസ് നേതാക്കളെ കോൺഗ്രസ് പാളയത്തിലെത്തിക്കുക. അങ്ങനെ കേരളാ കോൺഗ്രസിനെ പ്രാദേശിക തലത്തിൽ ദുർബലമാക്കാനാണ് പരിപാടി. ഇതിനൊപ്പം യുഡിഎഫ് പക്ഷത്ത് നിലയുറപ്പിക്കാൻ ഇഷ്ടപ്പെടുന്ന എംഎൽഎമാരെ കഴിയുന്നത്ര പാട്ടിലാക്കുക. അങ്ങനെ പാർട്ടിയെ പിളർത്തുകയുമാണ് ലക്ഷ്യം.

ഉമ്മൻ ചാണ്ടിയെ കൂടാതെ എ ഗ്രൂപ്പ് നേതാക്കളായ കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.എം മാണിയെ അതിരൂക്ഷമായാണ് വിമർശിച്ചത്. കെ.എ മാണി ഇപ്പോൾ സാറല്ലെന്നും വെറും മാണി മാത്രമാണെന്നുമായിരുന്നു കെ.സി ജോസഫിന്റെ പരാമർശം. കോൺഗ്രസിന്റെ തലയിലെ നുകമായിരുന്നു കേരളാ കോൺഗ്രസ് എന്നായിരുന്നു തിരുവഞ്ചൂരിന്റെ വാക്കുകൾ. ചാനൽ ചർച്ചകളിൽ മാണിയെ ന്യായീകരിച്ചാണ് താൻ ഏറ്റവും അധികം നാറിയതെന്നായിരുന്നു ജോസഫ് വാഴയ്ക്കന്റെ അഭിപ്രായം.

എ ഗ്രൂപ്പ് നേതൃത്വം കെ.എം മാണിയെയും മകനെയും കടന്നാക്രമിക്കുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഡിസിസി യോഗം. മാണിയെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കുകയും ഇതരനേതാക്കളെ ഒപ്പം നിർത്തുകയും ചെയ്യുകയെന്നതാണ് എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കെ.എം മാണിക്ക് എതിരെ കടന്നാക്രമിക്കുന്ന ജില്ലാ കോൺഗ്രസ് നേതൃത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള അധികാര പങ്കിടലിനെക്കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല. ജില്ലയിൽ നാൽപതിടത്ത് ഇരുവരും തമ്മിൽ സഹകരണമുണ്ട്.

അതേസമയം ബാർക്കോഴ കേസിൽ കുടുക്കി അപമാനിച്ച് പുറത്താക്കിയവരോടുള്ള അടങ്ങാത്ത പ്രതികാരമാണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇടതു പിന്തുണ നൽകി കെഎം മാണിയും കൂട്ടരും വീട്ടിയത്. അതിനായുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു മാണി വിഭാഗം. അൻപതു വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തെ ബാർക്കോഴ കേസിൽപ്പെടുത്തി കെ എം മാണിയുടെ പ്രതിച്ഛായ തകർത്തതും മുഖ്യമന്ത്രി മോഹത്തെ തല്ലിക്കെടുത്തിയതും യുഡിഎഫ് നേതാക്കളാണെന്ന് പാർട്ടിക്ക് നന്നായി അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP