Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ രാജേട്ടൻ വന്നപ്പോൾ പഴയ രാജേട്ടനെ ബിജെപി നേതൃത്വവും കൈവിട്ടോ? നേമത്ത് മത്സരിച്ചാൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന ഒ രാജഗോപാലിന്റെ പേര് പാർട്ടി വൃത്തങ്ങൾ മറച്ചുവക്കുന്നു; ഒഴിവാക്കുന്നത് പലവട്ടം പറഞ്ഞുപറ്റിച്ച ഗവർണ്ണർ പദവിയുടെ പേര് പറഞ്ഞ്

പുതിയ രാജേട്ടൻ വന്നപ്പോൾ പഴയ രാജേട്ടനെ ബിജെപി നേതൃത്വവും കൈവിട്ടോ? നേമത്ത് മത്സരിച്ചാൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന ഒ രാജഗോപാലിന്റെ പേര് പാർട്ടി വൃത്തങ്ങൾ മറച്ചുവക്കുന്നു; ഒഴിവാക്കുന്നത് പലവട്ടം പറഞ്ഞുപറ്റിച്ച ഗവർണ്ണർ പദവിയുടെ പേര് പറഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയിൽ എൺപത് വയസ്സുകഴിഞ്ഞവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപ്പര്യക്കുറവാണ്. എൽകെ അദ്വാനിയും മുരളീമനോഹർ ജോഷിയുമെല്ലാം പാർട്ടിയുടെ മുഖ്യമുഖങ്ങൾ അല്ലാതായത് അതുകൊണ്ട് മാത്രമാണ്. 75 വയസ്സ് കഴിഞ്ഞ ആരേയും തന്റെ മന്ത്രിസഭയിലും മോദി ഉൾപ്പെടുത്തിയില്ല. ഈ ഫോർമുല കേരളത്തിലേക്കും വ്യാപിപ്പിക്കുകയാണോ ബിജെപി? ജനകീയ നേതാവായ ഒ രാജഗോപാലിനെ പതുക്കെ തഴയാനാണോ നീക്കം? ബിജെപി അണികളിലാണ് ഇതെല്ലാം ചർച്ചയാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് രാജഗോപാലിനെ മാറ്റി കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് ഈ അഭ്യൂഹത്തിന കാരണം. രാജഗോപാലിനെ ഉടൻ ഗവർണ്ണറാക്കുമെന്ന പ്രചരണവും ബിജെപിയിൽ സജീവമാകുന്നു.

ബിജെപിക്കാരുടെ രാജേട്ടനായിരുന്നു ഒ രാജഗോപാൽ. എന്നാൽ സംഘപരിവാറിലെ രാജേട്ടനാണ് കുമ്മനം രാജശേഖരൻ. കുമ്മനം ബിജെപി പ്രസിഡന്റായതോടെ പാർട്ടിയിൽ രണ്ട് രാജേട്ടനായി. ബിജെപിയുടെ ജനകീയ മുഖമായി മാറിയ രാജഗോപാലിന് പാർട്ടിയിൽ സ്വാധീനം കുറയുകയും ചെയ്തു. ആർഎസ്എസ് ഉയർത്തികൊണ്ടു വന്ന കുമ്മനത്തിനെതിരെ രാജഗോപാൽ നിലകൊണ്ടുവെന്ന റിപ്പോർട്ടുകളുമെത്തി. ബാലശങ്കറിനെ ബിജെപി അധ്യക്ഷനാക്കാൻ രാജഗോപാൽ ശ്രമിച്ചെന്നും വാർത്തയെത്തി. ഇതിനുള്ള പ്രതികാരമെന്നോണം നേമത്ത് നിന്ന് രാജഗോപാലിന്റെ പേര് ആർഎസ്എസ് വെട്ടിയെന്ന് കരുതുന്നവരുമുണ്ട്. ഇതാണ് ചർച്ചകൾ സജീവമാക്കുന്നത്. എന്നാൽ നേമത്ത് കുമ്മനത്തിനും ജയസാധ്യത ഏറെയുണ്ടെന്നാണ് ആർഎസ്എസ് പക്ഷം.

ഇക്കുറി സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം മത്സരിക്കണമെന്ന് കഴിഞ്ഞദിവസം ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ ധാരണയായിരുന്നു. അതോടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തുവന്നു. നേമം മണ്ഡലത്തിൽ നിന്നാകും മത്സരിക്കുക എന്നും പറയപ്പെടുന്നു. രാജഗോപാൽ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ് നേമം. അദ്ദേഹത്തിന് ഇക്കുറി വിജയസാധ്യത ഏറെയാണെന്നും വിലയിരുത്തുന്നു. അതിനിടയിലാണ് സംസ്ഥാന പ്രസിഡന്റിന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹം ശക്തമായത്. ഇതോടെയാണ് പല ചർച്ചകളും ഉയരുന്നത്. രാജഗോപാൽ മത്സരിക്കുമെന്ന് ഒരു വിഭാഗം ഉറച്ചുവിശ്വസിക്കുമ്പോൾ മറ്റൊരു വിഭാഗം പ്രചരിപ്പിക്കുന്നത് രാജഗോപാലിനെ കേന്ദ്രസർക്കാർ ഗവർണറായി പരിഗണിക്കുമെന്നാണ്.

മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ ഗവർണ്ണറായി രാജഗോപാലിനെ പരിഗണിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ബിജെപിയിലെ മുരളീധര വിഭാഗം അതിനെ അനുകൂലിച്ചില്ല. ഇതോടെ നടക്കാതെ പോയി. ഈ ഗവർണ്ണർ പദവി രാജഗോപാലിനെ തേടി ഉടനെത്തുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇതുസംബന്ധിച്ച തീരുമാനം വരുമെന്നും അവർ പറയുന്നു. അത്തരമൊരു തീരുമാനം ഉണ്ടായില്ലെങ്കിൽ രാജഗോപാൽ മത്സരംഗത്തുണ്ടാകുമെന്നും ആ വിഭാഗം ഉറച്ചുവിശ്വസിക്കന്നു. അതേസമയം, കുമ്മനം നേമത്ത് മത്സരിച്ചാൽ രാജഗോപാൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഇനി താൻ മത്സരിക്കാനില്ലെന്ന് രാജഗോപാൽ പറഞ്ഞിട്ടുണ്ടെന്നും ചില നേതാക്കൾ പറയുന്നുണ്ട്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമാണ് ഇത്തരമൊരു അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചത്.

പുതിയ തലമുറ മത്സരിക്കട്ടെയെന്നും തന്നെ ഒഴിവാക്കണമെന്നുമുള്ള നിലപാടും അദ്ദേഹം സ്വീകരിച്ചുവത്രേ. പാർട്ടി നേതാക്കളോട് ഈ അഭിപ്രായം പങ്കുവച്ചുവെന്നും പറയപ്പെടുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ അദ്ദേഹം മത്സരിക്കണമെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരും പാർട്ടിയിലുണ്ട്. പാർട്ടി നിർദ്ദേശിച്ചാൽ അദ്ദേഹം വീണ്ടും മത്സരിക്കും. കുമ്മനം രാജശേഖരൻ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹമുണ്ടെങ്കിലും ആറന്മുളയിലും അദ്ദേഹത്തിന് സാധ്യത കൽപ്പിക്കുന്നവരുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിൽ മത്സരിക്കുമെന്നാണ് പ്രചാരണം. കുമ്മനം ആറന്മുളയിൽ പോയാൽ രാജഗോപാൽ നേമത്ത് മത്സരിക്കും. കുമ്മനത്തിന്റെ വിമോചനയാത്ര കഴിഞ്ഞ ശേഷമേ ഇക്കാര്യത്തിൽ എല്ലാം അന്തിമ തീരുമാനം ഉണ്ടാകൂ.

എന്തായാലും പ്രധാന നേതാക്കളെ രംഗത്തിറക്കി പരമാവധി വിജയമാണ് പാർട്ടി ലക്ഷ്യമിടുന്നത്. വിജയിക്കണമെന്ന ദൃഢനിശ്ചയത്തോടെ തിരഞ്ഞെടുപ്പിന് സജ്ജരാകുക എന്നാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം നൽകിയ പ്രധാന നിർദ്ദേശം. സംസ്ഥാനത്ത് 30 സീറ്റുകളിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. പത്തിടത്ത് ജയിക്കുകയാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP