Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാർ കോഴയിലെ ചതിയുടെ തിരക്കഥ ആദ്യം പുറം ലോകം അറിയിച്ചത് മറുനാടൻ; പുറത്ത് പോവേണ്ട സാഹചര്യങ്ങളിൽ എല്ലാം പേടിച്ച് പിൻവലിഞ്ഞ മാണി ഒടുവിൽ നിലപാട് കടുപ്പിച്ചത് അണികൾ ഒരുപോലെ തിരിഞ്ഞപ്പോൾ; അവസാനിക്കുന്നത് മൂന്നര പതിറ്റാണ്ട് നീണ്ട ബന്ധം

ബാർ കോഴയിലെ ചതിയുടെ തിരക്കഥ ആദ്യം പുറം ലോകം അറിയിച്ചത് മറുനാടൻ; പുറത്ത് പോവേണ്ട സാഹചര്യങ്ങളിൽ എല്ലാം പേടിച്ച് പിൻവലിഞ്ഞ മാണി ഒടുവിൽ നിലപാട് കടുപ്പിച്ചത് അണികൾ ഒരുപോലെ തിരിഞ്ഞപ്പോൾ; അവസാനിക്കുന്നത് മൂന്നര പതിറ്റാണ്ട് നീണ്ട ബന്ധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഘടകകക്ഷികളെ കാൽക്കീഴിൽ കൊണ്ടുവരാൻ ആഭ്യന്തരമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല കളിച്ച കളിയായിരുന്നു ബാർ കോഴ ആരോപണം. കോൺഗ്രസിലെ അന്നത്തെ തന്റെ വിശ്വസ്തനായ റവന്യൂമന്ത്രി അടൂർ പ്രകാശിനെ കൂട്ടുപിടിച്ച് നടപ്പാക്കിയ തിരക്കഥ. പിസി ജോർജും ഇവർക്കൊപ്പമുണ്ടായിരുന്നു. അടൂർ പ്രകാശിന്റെ സുഹൃത്തും ബന്ധുവാകാൻ പോകുന്ന ബിജു രമേശ് അങ്ങനെ മാണിയെ മുൾമുനയിൽ നിർത്തി ബാർകോഴ ആരോപണം ഉന്നയിച്ചു. ഈ ഗൂഢാലോചന തുറന്ന് പറഞ്ഞത് മറുനാടൻ മലയാളി മാത്രമായിരുന്നു. ബിജു രമേശിന്റേയും അടൂർ പ്രകാശിന്റേയും മക്കൾ തമ്മിലെ വിവാഹ വാർത്തയും നൽകി. എന്നാൽ അന്നൊന്നും കെഎം മാണി കടുത്ത നടപടികളെടുത്തില്ല. പിസി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ മാണി പക്ഷേ യുഡിഎഫ് വിടാൻ ഒരു ഘട്ടത്തിലും തയ്യാറായില്ല. ധനമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് അപമാനിതനായിട്ടും യുഡിഎഫിൽ തുടർന്നു. അസംബ്ലി തെരഞ്ഞെടുപ്പിൽ പലയിടത്തും കേരളാ കോൺഗ്രസിനെ കാലുവാരാനും ശ്രമിച്ചു. ഇതു അണികളിൽ വികാരമായപ്പോൾ മുന്നണി വിടുകയാണ് മാണി. മുന്നരപതിറ്റാണ്ടോളം യുഡിഎഫിന്റെ ശബ്ദമായിരുന്ന മാണി ഇനി നിയമസഭയിൽ സ്വതന്ത്രന്റെ റോളിലാകും എത്തുക.

യു.ഡി.എഫുമായും എൽ.ഡി.എഫുമായി സമദൂരം പ്രഖ്യാപിച്ച പാർട്ടി ചെയർമാൻ കെ.എം. മാണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അണികൾക്കു ശരിദൂരമെന്നു നിർദ്ദേശം നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് വേളയിലെ ധാരണയനുസരിച്ചാണു തദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനമെടുത്തതെന്നു കെ.എം. മാണി പറയുന്നു. ചരൽക്കുന്ന് ക്യാമ്പിൽ പങ്കെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളായ നേതാക്കൾ നിലവിലുള്ള മുന്നണി സംവിധാനം പഞ്ചായത്ത് തലത്തിൽ തുടരണമെന്ന ഉറച്ചനിലപാട് സ്വീകരിച്ചതോടെയാണു പുതിയ രാഷ്ട്രീയ പരീക്ഷണം അവതരിപ്പിച്ചത്. ഏതായാലും ബിജെപിയിൽ പോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മാണിയുടെ മനസ്സ് ഇടതുപക്ഷത്തേക്കാണെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. ഏതായാലും സമദൂരത്തിനിടയിലെ തദ്ദേശത്തിലെ ശരിദൂരം ചർച്ചയാവുകയാണ്. പിളരും തോറും കേരളാ കോൺഗ്രസ് വളരുമെന്ന മാണി സിന്താദ്ധത്തിന് സമാനമാണ് ഇതും. മാണി ഗ്രൂപ്പ് യു.ഡി.എഫ്‌വിട്ട സാഹചര്യത്തിൽ പഞ്ചായത്ത് തലങ്ങളിലും മുന്നണി ബന്ധം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ ഒത്തുപോകുമോ എന്നതാണു അറിയേണ്ടത്.

കോട്ടയം, ഇടുക്കി ജില്ലകളിലായി നാൽപതോളം തദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം നടത്തുന്നതു കോൺഗ്രസും മാണി ഗ്രൂപ്പും ചേർന്നാണ്. അമ്പതോളം ബാങ്കുകളുടെ ഭരണം നിയന്ത്രിക്കുന്നതും ഇരു പാർട്ടികളും ചേർന്നാണ്. ഇവിടങ്ങളിലെ ഭരണം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഇരുപാർട്ടികളും നേരിടുന്ന വെല്ലുവിളി.ചരൽകുന്ന് ക്യാമ്പിനു മുമ്പുതന്നെ നിയമസഭയിൽ പ്രത്യേക ബ്ലോക്കാകാനും സഭയ്ക്കു പുറത്ത് സമദൂരം പാലിക്കാനും മാണി ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ യു.ഡി.എഫ്. തുടരുന്നതു സംബന്ധിച്ച തീരുമാനം മാത്രമാണു ചരൽക്കുന്ന് ക്യാമ്പിൽ പുതുതായി ഉണ്ടായത്. എൽ.ഡി.എഫിലേക്കോ എൻ.ഡി.എയിലേക്കോ ഇല്ലെന്നു പറഞ്ഞ കെ.എം. മാണി ദേശീയതലത്തിൽ യു.പി.എക്കു പ്രശ്‌നാധിഷ്ഠിത പിന്തുണ നൽകുമെന്നും പറയുന്നു. അതായത് ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കാൻ കൂടിയാണ് ഈ നീക്കം. ഒരു പക്ഷേ ബാർ കോഴയിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ ഉറച്ച നിലപാട് എടുത്തിരുന്നുവെങ്കിൽ ഈ പ്രതിസന്ധികൾ മാണിക്ക് ഒഴിവാക്കാമായിരുന്നു.

ധനമന്ത്രിയായിരിക്കെയാണ് ബാർ കോഴയിൽ ആരോപണമെത്തുന്നത്. വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ട് എതിരായിരുന്നു. അപ്പോൾ തന്നെ ഗൂഢാലോചന വ്യക്തവുമായി. എന്നാൽ ബജറ്റ് അവതരിപ്പിച്ച് ജയിക്കാനായിരുന്നു ശ്രമം. ബഹളങ്ങൾക്കിടയിൽ അത് നടന്നുവെങ്കിലും യുഡിഎഫ് പക്ഷത്ത് തന്നെ തുടർന്നു. പിസി ജോർജിനെ പുറത്താക്കാനുള്ള നീക്കത്തിലും കോൺഗ്രസ് ആദ്യ ഘട്ടത്തിൽ പിന്തുണച്ചില്ല. കെ ബാബുവിനെതിരെ എഫ്‌ഐആർ ഇടാത്തതും മാണിക്ക് സുവർണ്ണാവസരമായി മുന്നിലെത്തി. അപ്പോഴും രാജിവച്ചില്ല. കോടതി പരാമർശത്തെ തുടർന്ന് നാണം കെട്ട് ധനമന്ത്രിസ്ഥാനം ഒഴിഞ്ഞു. കോടതി ബാബുവിനെതിരെ പരാമർശം ഉയർത്തിയപ്പോൾ സംഭവിച്ചത് മറിച്ചായിരുന്നു. ബാബു രാജി കൊടുത്തെങ്കിലും മുഖ്യമന്ത്രി അത് അംഗീകരിച്ചില്ല. പിന്നീട് ബാബു മന്ത്രിയായി തുടരുകയും ചെയ്തു. ഇതൊന്നും മാണിയുടെ കാര്യത്തിൽ സംഭവിച്ചില്ല. സമ്മർദ്ദത്തിലൂടെ മാണിയുടെ രാജി ചോദിച്ചു വാങ്ങി. അതുകൊടുത്തപ്പോൾ തന്നെ ഗവർണ്ണറുടെ അംഗീകരാത്തിന് അയക്കുകയും ചെയ്തു. ഈ വേദനകളെല്ലാം ഉള്ളിലമർത്തി നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പക്ഷത്ത് തുടർന്നു.

മറുനാടൻ നൽകിയ വാർത്തകൾ ശരിവച്ച് അടൂർ പ്രകാശിന്റെ മകനും ബിജു രമേശ് എന്ന ബാറുടമയുടെ മകളും വിവാഹിതരാകുന്നു. വിവാഹ നിശ്ചയ ചടങ്ങിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു. കെപിസിസി അധ്യക്ഷൻ വി എം സുധീരനെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതുമില്ല. യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാക്കളാരും ഈ വിവാഹ നിശ്ചയത്തിന് എത്തിയില്ല. എന്നാൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അതീവ രഹസ്യമായി പോയത് മാണിയെ വേദനിപ്പിച്ചു. ഈ വാർത്തയും മറുനാടനാണ് പുറത്തുകൊണ്ടുവന്നത്. ഇതോടെ മാണി കോൺഗ്രസ് നേതൃത്വവുമായി അകന്നു. അണികളുടെ വികാരം മാനിച്ച് പടിയിറക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടത് ക്യാമ്പാണ് ലക്ഷ്യമിടുന്നത്. അത് തന്നെയാണ് അണികളുടെ വികാരമെന്നും മാണി തിരിച്ചറിയുന്നു. ഏതായാലും മൂന്നര പതിറ്റാണ്ട് നീണ്ട ഇടതു ബന്ധമാണ് പാലയിലെ മാണിക്യം ഉപേക്ഷിക്കുന്നത്.

1981 ഒക്‌ടോബർ 29ന് ഇ.കെ. നായനാർ സർക്കാരിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ്(എം) ആ മന്ത്രിസഭയിൽനിന്നും രാജിവച്ചു പുറത്തുവന്നതോടെയാണ് പുതിയ യു.ഡി.എഫ്. രൂപംകൊണ്ടത്. 1964ലാണു കേരള രാഷ്ട്രീയത്തിലെ രണ്ടു നിർണായക പിളർപ്പുകൾ നടക്കുന്നത്. സിപിഐ. പിളർന്നു സിപിഎമ്മും കോൺഗ്രസ് പിളർന്നു കേരളാ കോൺഗ്രസും ഉണ്ടായി. മുന്നണി സംവിധാനം എന്നത് ഇന്ത്യൻ ജനാധിപത്യത്തിനു കേരളത്തിന്റെ സംഭാവനയാണ്. 1957ലെ ആദ്യ സർക്കാർ മാത്രമായിരുന്നു വ്യത്യാസം. 1960 മുതൽ ഇവിടെ മുന്നണിയുടെ പരീക്ഷണം തുടങ്ങി. എന്നാൽ ഏറ്റവും പ്രശസ്തം 1967ലെ സപ്തകക്ഷി മുന്നണിയാണ്. സിപിഐ(എം)., സിപിഐ, ആർ.എസ്‌പി, മുസ്ലിംലീഗ്, ഐ.എസ്‌പി, കെ.എസ്‌പി, കെ.ടി.പി, എന്നിവ ഉൾപ്പെട്ടതായിരുന്നു അത്. മൃഗീയഭൂരിപക്ഷത്തോടെ ആ മുന്നണി അധികാരത്തിൽവരികയും ചെയ്തു. കോൺഗ്രസും കേരളാ കോൺഗ്രസുമായിരുന്നു പ്രതിപക്ഷത്ത്.

ആ മുന്നണിയുടെ ആയുസ് രണ്ടുവർഷം മാത്രമായിരുന്നു. വെല്ലിങ്ടൺ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെത്തുടർന്നു സിപിഐ, ആർ.എസ്‌പി. എന്നിവർ ഇടഞ്ഞു. അധികാരമേറ്റ് 30 മാസം കഴിഞ്ഞ് 1969 ഒക്‌ടോബർ 24ന് ഇ.എം.എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ രാജിവച്ചു. അന്നു ഭരണമുന്നണിവിട്ട സിപിഐ, ആർ.എസ്‌പി, മുസ്ലിംലീഗ്, ഐ.എസ്‌പി. കക്ഷികൾ കോൺഗ്രസും കേരളാ കോൺഗ്രസുമായി ചേർന്നു പുതിയ സർക്കാർ ഉണ്ടാക്കിയതോടെയാണ് പുതിയ മുന്നണി പരീക്ഷണം തുടങ്ങുന്നത്. 1969 നവംബർ ഒന്നിന് അധികാരമേറ്റ ആ സർക്കാർ 1970 ഓഗസ്റ്റ് ഒന്നിനു രാജിവച്ചു. തുടർന്നു സെപ്റ്റംബർ 17ന് തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഐക്യമുന്നണി ഭൂരിപക്ഷം നേടി സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽവന്നു. ഏഴുവർഷം ആ സർക്കാർ കേരളം ഭരിച്ചു.

1977ൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിലും ഈ മുന്നണി അധികാരത്തിൽ വന്നു. രണ്ടുവർഷത്തിനിടയിൽ മുന്നണി ബന്ധങ്ങൾ മാറിമറിഞ്ഞു. ഇടതുപക്ഷ ഐക്യത്തിനുവേണ്ടി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ചു സിപിഎമ്മിനോടൊപ്പം സിപിഐ. ചേർന്നു. ആർ.എസ്‌പിയും ഒപ്പം കൂടി. ലീഗിലെ ഒരു വിഭാഗം പിളർന്ന് അഖിലേന്ത്യാ ലീഗായി സിപിഎമ്മിനൊപ്പം നിന്നു. ഒപ്പം എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽനിന്നു പിളർന്നുപോയവരുടെ ഗ്രൂപ്പും. കേരളാ കോൺഗ്രസും(എം) ഈ മുന്നണിയിലെത്തി. 1980ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നു. രണ്ടുവർഷത്തിനുള്ളിൽ കോൺഗ്രസിൽ ദേശീയമായുണ്ടായ ചില മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ എ.കെ. ആന്റണിയും ക്രമസമാധാന പ്രശ്‌നം പറഞ്ഞു മാണി ഗ്രൂപ്പും യു.ഡി.എഫിനൊപ്പമെത്തി. അങ്ങനെ ഇ.കെ. നായനാർ സർക്കാർ നിലംപതിച്ചു. ഇതോടെ യുഡിഎഫ് സംവിധാനമായി.

പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് തുടങ്ങിയവരുമായി ചേർന്നു കെ. കരുണാകരൻ ഉണ്ടാക്കിയ ഐക്യജനാധിപത്യമുന്നണി നിർണ്ണായക ശക്തിയായി ഇതോടെ മാറി. ചെറി മാറ്റങ്ങൾ മുന്നണിയിൽ ഉണ്ടായെങ്കിലും കോൺഗ്രസും ലീഗും കേരളാ കോൺഗ്രസും യുഡിഎഫിലെ നെടുതൂണുകളായി. അതിൽ ഒന്നാണ് ബാർ കോഴയിൽ മുന്നണി വിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP