Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് സീറ്റുകൾ കൂടി നേടിയില്ലെങ്കിൽ ജോസഫ് ഫ്രാക്ഷൻ പിളരുമെന്ന് ഉറപ്പായി; കൂടുതൽ ചോദിച്ച് കാത്തിരിക്കുന്ന കേരള കോൺഗ്രസ്സിനോട് രണ്ട് സീറ്റ് കൂടി കുറക്കുമെന്ന് കോൺഗ്രസ്സ്: കുഴപ്പത്തിയാലത് യുഡിഎഫ് വിടാൻ മനസ്സില്ലാത്ത പി ജെ ജോസഫ്

രണ്ട് സീറ്റുകൾ കൂടി നേടിയില്ലെങ്കിൽ ജോസഫ് ഫ്രാക്ഷൻ പിളരുമെന്ന് ഉറപ്പായി; കൂടുതൽ ചോദിച്ച് കാത്തിരിക്കുന്ന കേരള കോൺഗ്രസ്സിനോട് രണ്ട് സീറ്റ് കൂടി കുറക്കുമെന്ന് കോൺഗ്രസ്സ്: കുഴപ്പത്തിയാലത് യുഡിഎഫ് വിടാൻ മനസ്സില്ലാത്ത പി ജെ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ്സിലെ കഴുപ്പങ്ങൾ മാണിയെ ദുർബലമാക്കുമെന്ന പ്രചരണങ്ങൾക്കിടെ തന്റെ ഗ്രൂപ്പ് അന്യം നിന്നു പോകുമെന്ന് ഭയന്ന് മന്ത്രി പി. ജെ. ജോസഫ്. നിലവിലുള്ള നാല് സീറ്റിൽ ഒരു സീറ്റ് പോലും കൂടുതൽ നൽകാൻ സാധിക്കില്ലെന്ന് മാണി വ്യക്തമാക്കവെ ചെകുത്താനും കടലിനും ഇടയിൽ കിടന്ന് കറങ്ങുകയാണ് ജോസഫ്. നിലവിലുള്ള 15 സീറ്റിൽ പൂഞ്ഞാർ അടക്കം രണ്ടെണ്ണം കൂടി ഏറ്റെടുക്കുമെന്ന് ഉറച്ച് കോൺഗ്രസ്സ് രംഗത്ത് വന്നതോടെ മാണിക്ക് ഒരു തരത്തിലും തന്റെ സീറ്റുകൾ നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അങ്ങനെയെങ്കിൽ ജോസഫ് വിഭാഗത്തിൽ നേതാക്കൾ ഇടത് മുന്നണിയേലക്ക് പോകുമെന്നതാണ് ജോസഫിനെ കുഴക്കുന്നത്. മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ ഫ്രാൻസിസ് ജോർജും ആന്റണി രാജുവും യുഡിഎഫ് വിടുമെന്ന പക്ഷക്കാരാണ്. എന്നാൽ ജോസഫിന് യുഡിഎഫിനോടാണ് താൽപ്പര്യം.

മോൻസ് ജോർജും ടിയു കുരുവിളയുമാണ് ജോസഫ് ഗ്രൂപ്പിലെ മറ്റ് എംഎൽഎമാർ. ഇരുവർക്കും സീറ്റ് ഉറപ്പാണ്. അതുകൊണ്ട് തന്നെ ജോസഫ് പക്ഷം കേരളാ കോൺ്ഗ്രസിനെ പിളർത്തിയാലും മോൻസും കുരുവിളയും യുഡിഎഫിൽ തുടരും. മാണിയെ ഇക്കാര്യം അവർ അറിയിച്ചിട്ടുമുണ്ട്. നിലവിലെ 15 സീറ്റിൽ പൂഞ്ഞാർ കോൺഗ്രസിന് നൽകേണ്ടി വരുമെന്ന് മാണി പറയുന്നു. ഡിസിസി പ്രസിഡന്റായി ടോമി കല്ലാനി അവിടെ പ്രചരണവും തുടങ്ങി. പിസി ജോർജിന്റെ പേരിലാണ് ആ സീറ്റ് അനുവദിച്ച് കിട്ടിയത്. അതുകൊണ്ട് തന്നെ ജോർജ്ജ് പോയതിനാൽ ആ സീറ്റ് കോൺഗ്രസിന് നൽകണമെന്നാണ് മാണിയുടെ നിലപാട്. പിന്നെ 14 സീറ്റുകളേ ഉള്ളൂ. ജോസഫിന് ഒപ്പമുള്ളവർക്ക് കൂടുതൽ സീറ്റ് നൽകിയാൽ തനിക്കൊപ്പമുള്ളവർ എന്തു ചെയ്യുമെന്നാണ് മാണിയുടെ ചോദ്യം. ഇതോടെ ജോസഫ് വെട്ടിലായി. സ്ഥിരമായി തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറുന്നുവെന്ന പേരു ദോഷം ജോസഫിനുണ്ട്. ഇത്തവണ അത് ഒഴിവാക്കാനാണ് ആഗ്രഹം. ഇതിനൊപ്പമാണ് മോൻസും കുരുവിളയും മാണിയോട് അടുക്കുന്നതും. ഈ സാഹചര്യത്തിൽ ജോസഫ് തീർത്തും വെട്ടിലാണ്.

പിസി ജോസഫാണ് കലാപങ്ങൾക്ക് തുടക്കമിട്ടത്. ഇടുക്കി സീറ്റ് നോട്ടമിട്ടാണ് ഇത്. എന്നാൽ ജോസഫിന് ഒരു സാഹചര്യത്തിലും യുഡിഎഫ് സീറ്റ് നൽകില്ല. ഒരുപക്ഷേ പൂഞ്ഞാർ കിട്ടിയാൽ ഫ്രാൻസിസ് ജോർജിന് നൽകിയാലും പിസി ജോസഫിന് മത്സരിക്കാൻ മാണി അവസരം ഒരുക്കില്ല. ബാർ കോഴയിൽ മാണിയെ പി്ന്തുണച്ച് നേതാവാണ് ആന്റണീ രാജു. പക്ഷേ ആന്റണീ രാജുവിന് നൽകാൻ സീറ്റില്ലാത്ത അവസ്ഥയാണ്. എന്നാൽ വിമർക്കൊപ്പം ഉണ്ടെന്ന് പറയുന്ന കെസി ജോസഫിന് കുട്ടനാട്ടിൽ മത്സരിക്കാൻ മാണി അവസരമൊരുക്കും. അതായത് കേരളാ കോൺഗ്രസ് പിളർന്നാൽ ഫ്രാൻസിസ് ജോർജും ആന്റണി രാജുവും മാത്രമേ മാണിയെ ഉപേക്ഷിക്കാൻ സാധ്യതയുള്ളൂ. പിസി ജോസഫിനെ വലിയൊരു ശക്തിയായി മാണി കാണുന്നുമില്ല. ഫ്രാൻസിസ് ജോർജ്ജിനും ആന്റണി രാജുവിനേയും പിണക്കാനാണ് പിജെ ജോസഫിനും വിഷമം. ഇവർക്ക് വേണ്ടി മാത്രമാണ് കൂടുതലായി രണ്ട് സീറ്റുകൾ പിജെ ചോദിക്കുന്നതും.

ഈ സാഹചര്യത്തിലാണ് നിലവിലെ നാലെണ്ണം കൂടാതെ രണ്ടു സീറ്റു കൂടി വേണമെന്ന് മാണിയെ നേരിൽ കണ്ടു ജോസഫ് അറിയിച്ചത്. പാർട്ടിയിലെ ഭിന്നത പുറത്തായശേഷം ആദ്യമായാണ് ഇന്നലെ തൈക്കാട് ഗസ്റ്റ് ഹൗസിൽ കെ.എം. മാണിയും പി.ജെ. ജോസഫും തമ്മിൽ ചർച്ച നടത്തിയത്. പൂഞ്ഞാർ അടക്കം രണ്ടു സീറ്റുകളുമായി ആറു സീറ്റ് വേണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. യു.ഡി.എഫ്. സീറ്റ് ചർച്ച കഴിഞ്ഞു മറുപടി പറയാമെന്നായിരുന്നു മാണിയുടെ പ്രതികരണം. സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും തനിക്കൊപ്പമുള്ളവർക്ക് അർഹമായ പരിഗണന വേണമെന്നും ജോസഫ് പറഞ്ഞു. പൂഞ്ഞാർ സീറ്റിന്റെ കാര്യത്തിൽ ഉറപ്പുപറയാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മാണി. പി.സി. ജോർജിനായിട്ടാണ് ആ സീറ്റ് കിട്ടിയത്. ജോർജ് ഇല്ലാത്ത സാഹചര്യത്തിൽ യു.ഡി.എഫുമായി ചർച്ച നടത്താമെന്നും മാണി പറഞ്ഞു. കോഴിക്കോട് കേരളാ കോൺഗ്രസ് മത്സരിക്കുന്ന സീറ്റും ഇത്തവണ നഷ്ടപ്പെടാനാണ് സാധ്യത. ഇതും കോൺഗ്രസ് ഏറ്റെടുത്തേക്കും.

എന്നാൽ ഫ്രാൻസിസ് ജോർജ്, ആന്റണി രാജു എന്നിവർക്ക് സീറ്റുകൾ ലഭിച്ചേ തീരൂവെന്ന നിലപാടിലായിരുന്നു ജോസഫ്. ഫ്രാൻസിസ് ജോർജ്, ആന്റണി രാജു, ഡോ: കെ.സി. ജോസഫ് എന്നിവർക്ക് സീറ്റ് ലഭിച്ചില്ലെങ്കിൽ അവർ ഇടതുമുന്നണിയുമായി ചേർന്ന് മത്സരിക്കുമെന്ന അഭ്യൂഹം പരക്കുന്നുണ്ടെന്നും പറഞ്ഞു. ഫ്രാൻസിസ് ജോർജിന് മൂവാറ്റുപുഴ, ഡോ: കെ.സി. ജോസഫിന് ചങ്ങനാശേരി, പി.സി. ജോസഫിന് ഇടുക്കി സീറ്റുകൾ നൽകാമെന്ന് ഇടതുമുന്നണിയിൽനിന്നു വാഗ്ദാനമുണ്ടെന്നാണ് സൂചന. യുഡിഎഫിൽ പ്രത്യേക ബ്ലോക്കായി മാറാനുള്ള ജോസഫ് ഗ്രൂപ്പിന്റെ ശ്രമത്തെ കോൺഗ്രസ് പിന്തുണക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മാണിയുമായി ജോസഫ് ചർച്ച നടത്തിയത്. മോൻസും കുരുവിളയും ജോസഫുമായി അകന്നു നിൽക്കുന്നതും മാണിയെ കരുത്തനാക്കുന്നു. പിളരുന്നവർ പോകട്ടെ എന്ന നിലപാടിലേക്ക് കേരളാ കോൺഗ്രസ് എത്തുമെന്നാണ് സൂചന.

യുഡിഎഫുമായുള്ള സീറ്റ് വിഭജനചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാമെന്നും അങ്ങനെ കിട്ടുന്നത് ഇരുവിഭാഗവും പങ്കിട്ടെടുക്കാമെന്നും ജോസഫും മാണിയും ധാരണയായെന്നാണ് കേരളാ കോൺഗ്രസ് നൽകുന്ന വിശദീകരണം. ജോസഫ് മുന്നണി വിടില്ലെന്നും ഇവർ കരുതുന്നു. അതിനിടെ പ്രശ്‌നപരിഹാരത്തിനു കോൺഗ്രസ് നേതൃത്വവും ഇടപെടുന്നുണ്ട്. ഇരുവിഭാഗവും വിട്ടുവീഴ്ചകൾക്കു തയാറാകണമെന്നും ജോസഫ് വിഭാഗത്തിലെ ചില നേതാക്കൾക്കു സീറ്റ് ലഭിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നുമാണു കോൺഗ്രസ് കരുതുന്നത്. പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ലെന്നും ഒറ്റക്കെട്ടായി നീങ്ങുമെന്നും കേരള കോൺഗ്രസ് നേതാവായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.

പ്രശ്‌നമുണ്ടെങ്കിൽ പറഞ്ഞുതീർക്കാനാണു കെ.എം. മാണിയും ജോസഫും കണ്ടത്. എല്ലാം രമ്യമായി പരിഹരിക്കും. യുഡിഎഫിന്റെ സീറ്റ് വിഭജനചർച്ചകളിൽ മാണിയും ജോസഫും ഒരുമിച്ചു പങ്കെടുക്കും- ഉണ്ണിയാടൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP