Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരിച്ചടിക്ക് ഇടയാക്കിയെങ്കിലും കോൺഗ്രസ് മുഖം രക്ഷിച്ചത് ഉമ്മൻ ചാണ്ടിയുടെ ഗ്ലാമറിൽ; മന്ത്രിസ്ഥാനം നൽകി മുൻപിൽ നിർത്തിയെങ്കിലും വടക്കു കിഴക്കൻ കൊടുങ്കാറ്റ് പൂർത്തിയാക്കാൻ അൽഫോൻസ് കണ്ണന്താനത്തിന് കഴിഞ്ഞില്ല; ഉമ്മൻ ചാണ്ടിയും കണ്ണന്താനവും ഏറ്റുമുട്ടിയപ്പോൾ വിജയം ഉമ്മൻ ചാണ്ടിക്ക് തന്നെ

തിരിച്ചടിക്ക് ഇടയാക്കിയെങ്കിലും കോൺഗ്രസ് മുഖം രക്ഷിച്ചത് ഉമ്മൻ ചാണ്ടിയുടെ ഗ്ലാമറിൽ; മന്ത്രിസ്ഥാനം നൽകി മുൻപിൽ നിർത്തിയെങ്കിലും വടക്കു കിഴക്കൻ കൊടുങ്കാറ്റ് പൂർത്തിയാക്കാൻ അൽഫോൻസ് കണ്ണന്താനത്തിന് കഴിഞ്ഞില്ല; ഉമ്മൻ ചാണ്ടിയും കണ്ണന്താനവും ഏറ്റുമുട്ടിയപ്പോൾ വിജയം ഉമ്മൻ ചാണ്ടിക്ക് തന്നെ

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: നോർത്ത് ഈസ്റ്റിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തന്നെയാണ് മുൻതൂക്കം. കോൺഗ്രസിന് വലിയ തിരിച്ചടിയും. മേഘാലയയിൽ ഏറ്റവും വലിയ ഒറ്റ പാർട്ടിയാകാൻ കഴിഞ്ഞതു മാത്രമാണ് ഏക ആശ്വാസം. 59 സീറ്റുള്ള മേഘാലയയിൽ 23 സീറ്റ് കോൺഗ്രസിന് കിട്ടും. പക്ഷേ അധികാരത്തിലെത്തിയാൽ 30 സീറ്റ് വേണം. ബിജെപി വിരുദ്ധ വികാരം ഉയർത്തി അത് നേടാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിനിടെയിലും മേഘാലയിയിൽ ബിജെപി അധികാരം പിടിക്കുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ കോൺഗ്രസിന് കഴിഞ്ഞു.

നോർത്ത് ഈസ്റ്റിലെ ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് അതിനിർണ്ണായകമായിരുന്നു. തന്ത്രങ്ങൾ ഒരുക്കിയത് കരുതലോടെയും. മലയാളികളായ കോൺഗ്രസ് നേതാക്കളെ നിറച്ചായിരുന്നു മേഘാലയയിലെ കോൺഗ്രസിന്റെ പ്രചരണം. മേഘാലയയിൽ ക്രിസ്ത്യൻ വോട്ടുകൾ ഏറെയാണ്. ഇവരാണ് വിജയിയെ നിശ്ചയിക്കുന്നത്. ഇത് മനസ്സിലാക്കി ബിജെപി തന്ത്രപരമായ ഇടപെടൽ നേരത്തെ നടത്തിയിരുന്നു. മേഘാലയയിലെ ക്രൈസ്തവ നേതൃത്വവുമായി വളരെ അടുത്ത ബന്ധമായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന് ഉണ്ടായിരുന്നത്. കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതും ടൂറിസം വകുപ്പ് കൊടുത്തതുമെല്ലാം മേഘാലയയെ ലക്ഷ്യമിട്ടായിരുന്നു. ഇവിടെയുള്ള പല ബിഷപ്പുമാരും കണ്ണന്താനത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സ്വാധീനത്തിലൂടെ മേഘാലയയിലെ ക്രിസ്ത്യൻ വോട്ടുകൾ താരയ്ക്ക് അനുകൂലമാക്കാനായിരുന്നു നീക്കം. ഇതാണ് മേഘാലയയിൽ നടക്കാതെ പോയത്.

ഇതിന് കാരണം ഉമ്മൻ ചാണ്ടി ഇഫക്ടായിരുന്നു. മേഘാലയയിലെ ക്രൈസ്തവ നേതൃത്വത്തെ കാര്യങ്ങൾ വിശദീകരിക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് മേഘാലയയിൽ എത്തി. ഷില്ലോങിൽ തമ്പടിച്ചു. കേരളത്തിലെ ക്രൈസ്തവരായ നേതാക്കൾ മുഴുവൻ ഇവിടെ തമ്പടിച്ചു. ബിഷപ്പുമാരെയെല്ലാം വിശ്വാസത്തിലെടുത്ത് പ്രവർത്തിച്ചു. പള്ളികളിലൂടെ ബിജെപി അനുകൂല പ്രസ്താവനകൾ വികാരിമാർ നടത്തുന്നില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെ ഓർത്തഡോക്‌സ് സഭ ബിജെപിയെ പിന്തുണയ്ക്കുന്നതായുള്ള പ്രസ്താവനയും എത്തി. ഇതും കോൺഗ്രസിനാണ് ഗുണം ചെയ്തത്. കത്തോലിക്ക സഭയെ കൈവിടാതെ നോക്കാൻ ഓർത്തഡോക്‌സ് പിന്തുണ പ്രഖ്യാപിക്കലിലൂടെ കോൺഗ്രസിന് കഴിഞ്ഞു. അതുകൊണ്ടാണ് സീറ്റുകൾ കുത്തനെ കുറയുമ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് മാറിയത്.

ക്രൈസ്തവർ വിധിനിർണയിക്കുന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ തീപാറിക്കാൻ കോട്ടയത്തിന്റെ തലയെടുപ്പുള്ള നേതാക്കൾ എത്തിയത് തന്നെയാണ് നിർണ്ണായകമായത്. ഉമ്മൻ ചാണ്ടിക്കൊപ്പം കോട്ടയംകാരായ മുൻ മന്ത്രി കെ.സി. ജോസഫ് എംഎ‍ൽഎ, ആന്റോ ആന്റണി എംപി, ജോസഫ് വാഴയ്ക്കൻ, അഡ്വ. ടോമി കല്ലാനി, മധു ഏബ്രഹാം, സുനു ജോർജ് എന്നിവരെയും പ്രചാരണത്തിനായി എ.ഐ.സി.സി. ചുമതലപ്പെടുത്തി. ഇതിനു പുറമെ, ലാലി വിൻസന്റ്, ഡൊമനിക് പ്രസന്റേഷൻ, അഡ്വ. ജോർജ് മേഴ്സിയർ, ഇ.എം. അഗസ്തി എന്നിവരോടും മേഘാലയയിൽ എത്തണമെന്നു പാർട്ടി നിർദ്ദേശിച്ചു. ഇവരെല്ലാം വളരെ സജീവമായി പ്രചരണത്തിൽ നിറഞ്ഞു. മേഘാലയയിലെ ക്രൈസ്തവ രാഷ്ട്രീയം ബിജെപിക്ക് അനുകൂലമാകാതിരിക്കാൻ ഇതിലൂടെ കോൺഗ്രസിന് കഴിഞ്ഞു.

മേഘാലയിലെ ജനസംഖ്യയിൽ 74.59 ശതമാനം ക്രൈസ്തവരാണ്; ഇതിൽ 70 ശതമാനവും കത്തോലിക്കരും. ഇതു മുന്നിൽക്കണ്ടാണു ക്രൈസ്തവ നേതാക്കളെ പ്രചാരണത്തിറക്കാൻ ബിജെപിയും തീരുമാനിച്ചത്. മുകുൾ എം. സാംഗ്മയുടെ നേത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണു മേഘാലയ ഭരിച്ചിരുന്നത്. 29 എംഎ‍ൽഎമാരാണു പാർട്ടിക്കുണ്ടായിരുന്നത്. സ്വതന്ത്ര എംഎ‍ൽഎമാരുടെ പിന്തുണയോടെയായിരുന്നു ഭരണം. ഇത്തവണ 23 സീറ്റ് കിട്ടുന്നു. അതായത് ആറു സീറ്റുകൾ മാത്രമാണ് കൂടിയത്. രണ്ട് എംഎ‍ൽഎമാരാണു ബിജെപിക്കുണ്ടായിരുന്നത്. അടുത്തകാലത്തു കുടുംബാസൂത്രണ മന്ത്രിയായിരുന്ന അലക്സാണ്ടർ ഹെക് ബിജെപിയിൽ ചേർന്നിരുന്നു. എന്നിട്ടും വലിയ മുന്നേറ്റം ബിജെപിക്കുണ്ടാക്കാനാകാത്തത് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്ക് കത്തോലിക്കാ സഭയിലുണ്ടായിരുന്ന സ്വാധീനത്തിന് തെളിവാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പായി അവിടെ എത്തിയ കണ്ണന്താനം, 70 കോടി രൂപയുടെ തീർത്ഥാടന ടൂറിസം പദ്ധതി പ്രഖ്യാപിച്ചത് ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു. പള്ളികളുമായി ബന്ധപ്പെടുത്തിയുള്ള പദ്ധതിയിലൂടെ ക്രൈസ്തവരെ എല്ലാം ഒപ്പം നിർത്താനായിരുന്നു കണ്ണന്താനത്തിന്റെ പദ്ധതി. ത്രിപുരയിൽ ബിജെപി ഒറ്റയ്ക്ക് ഭരണം പിടിക്കുന്നു. നാഗാലാണ്ടിലും വലിയ മുന്നേറ്റമുണ്ടാക്കുന്നു. ഈ അനുകൂല സാഹചര്യങ്ങൾ നോർത്ത് ഇസ്റ്റിൽ ഉണ്ടായിട്ടു പോലും മേഘാലയയിൽ വലിയ ചലനമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. കത്തോലിക്കർ കോൺഗ്രസിനെ കൈവിടാൻ മടിച്ചത് മാത്രമാണ് ഇതിന് കാരണം.

ഓർത്തഡോക്‌സുകാരേയും മറ്റും കണ്ണന്താനം അനുകൂലമാക്കിയപ്പോഴും ബഹുഭൂരിപക്ഷത്തെ കോൺഗ്രസിന് ഒപ്പം അടുപ്പിച്ച് നിർത്തയത് ഉമ്മൻ ചാണ്ടി ഘടകമാണ്. ക്രൈസ്തവരുടെ പാർട്ടിയാണ് കോൺഗ്രസെന്ന സന്ദേശം മേഘാലയയിൽ സജീവമാക്കാൻ ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP