Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബന്ധു നിയമന വിവാദത്തിൽ ഇ പി ജയരാജനെ കൈവിട്ട പിണറായി കൊലക്കേസിൽ രണ്ടാം പ്രതിയായ എംഎം മണിയെ സംരക്ഷിക്കുമോ? പ്രതിയായിരിക്കേ തന്നെ മന്ത്രിയായി സ്ഥാനമേറ്റത് മണിക്ക് തുണയായേക്കും; പ്രതിപക്ഷത്തെ ചെറുക്കുമ്പോഴും വി എസ് ഉടക്കുമായി എത്തിയാൽ സർക്കാർ പ്രതിസന്ധിയിലാകും

ബന്ധു നിയമന വിവാദത്തിൽ ഇ പി ജയരാജനെ കൈവിട്ട പിണറായി കൊലക്കേസിൽ രണ്ടാം പ്രതിയായ എംഎം മണിയെ സംരക്ഷിക്കുമോ? പ്രതിയായിരിക്കേ തന്നെ മന്ത്രിയായി സ്ഥാനമേറ്റത് മണിക്ക് തുണയായേക്കും; പ്രതിപക്ഷത്തെ ചെറുക്കുമ്പോഴും വി എസ് ഉടക്കുമായി എത്തിയാൽ സർക്കാർ പ്രതിസന്ധിയിലാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയ ശേഷം മന്ത്രിസഭയിലെ രണ്ടാമത്തെ വിക്കറ്റും വീഴുമോ? ബന്ധു നിയമന വിവാദത്തിൽ കുരുങ്ങി ഇ പി ജയരാജൻ രാജിവച്ചതിന് പിന്നാലെയാണ് ഇപ്പോൾ അഞ്ചേരി ബേബി വധക്കേസിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വൈദ്യുതി മന്ത്രിയമായ എം.എം. മണിയുടെ രാജിക്ക് വേണ്ടി പ്രതിപക്ഷം മുറവിളി കൂട്ടുന്നത്. കേസിൽ രണ്ടാം പ്രതിയായ മണിയുടെ വിടുതൽ ഹർജി കോടതി തള്ളിയതോടെയാണ് അദ്ദേഹത്തിന്റെ രാജി ആവശ്യം കൂടുതൽ ശക്തമായി മുഴങ്ങിക്കേട്ടത്. ഇത് സർക്കാറിനെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. എന്നാൽ, ഈ കേസിൽ പ്രതിയായിരിക്കേ തന്നെയാണ് എംഎം മണിയെ സിപിഐ(എം) മന്ത്രി സ്ഥാനത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ മണിക്കെതിരായ ഇപ്പോഴ വിധി കൊണ്ട് മണി രാജിവെക്കേണ്ട സാഹചര്യം കുറവാണ്.

എന്നാൽ, രാഷ്ട്രീയ ധാർമ്മികത ഉയർത്തി പ്രതിപക്ഷം മണിയുടെ രാജി ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. സർക്കാറിനെയും സിപിഎമ്മിനെയും ഇത് പ്രതിരോധത്തിലാകുന്നുണ്ട്. എന്നാൽ, മറ്റു കേസുകളെ പോലെയല്ല, ഒരു പ്രസംഗത്തിന്റെ പേരിലാണ് കേസെന്ന കാര്യം ചൂണ്ടിക്കാട്ടി മണി തന്നെ സ്വയം പ്രതിരോധം തീർക്കുന്നുണ്ട്. മണി മന്ത്രിസ്ഥാനത്ത് എത്തിയിട്ട് കുറച്ചു നാളുകളായിട്ടേയുള്ളൂ. ബന്ധുനിയമന വിവാദത്തിൽ ഇ.പി.ജയരാജന്റെ രാജിയെ തുടർന്നാണ് മണി മന്ത്രിയായത്. ജയരാജൻ രാജിവച്ചത് കേസിൽ പ്രതിയായതു കൊണ്ട് ആയിരുന്നില്ല. വിചാരണ നേരിടേണ്ട ആവശ്യവും ഉയർന്നില്ല. എന്നാൽ, ജയരാജനെതിരെ രാഷ്ട്രീയമായ ചില നീക്കങ്ങളാണ് നടന്നതും. എന്നാൽ, മണിയുടെ കാര്യത്തിൽ അങ്ങനെയല്ല, മണി വിചാരണ നേരിടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇവിടെ കൊലക്കേസിൽ രണ്ടാംപ്രതിണ് മണിയെന്ന പ്രത്യേകതയുമുണ്ട്.

കേസിലെ വിചാരണ തുടങ്ങുമ്പോൾ മന്ത്രിയായ ഒരാൾ കോടതിയിൽ പോയി നിൽക്കേണ്ടി വരുമെന്നത് സർക്കാറിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഇത് അത് സ്വാഭാവികമായും സർക്കാരിനെയും ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കും. കോൺഗ്രസും പ്രതിപക്ഷ കക്ഷികളും മണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. സർക്കാരിനെ പ്രതിരോധത്തിലാക്കി ഈ ആവശ്യവുമായി ശക്തമായി മുന്നോട്ടുപോകാനാകും പ്രതിപക്ഷ കക്ഷികളുടെ ശ്രമം. ഉമ്മൻ ചാണ്ടിയും സുധീരനും ചെന്നിത്തലയും അടക്കമുള്ള കോൺഗ്രസ് നേതാക്കളും ലീഗ് നേതാക്കളും മാണിയുടെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി. ക്രിസ്തുമസിന്റെ ആഘോഷങ്ങൾ കഴിഞ്ഞാൽ പ്രതിപക്ഷം മാണിക്കെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങും.

പിണറായി സർക്കാർ അധികാരമേറ്റശേഷമുള്ള രണ്ടാമത്തെ വലിയ പ്രതിസന്ധിയാണ് മണിയിലൂടെ സിപിഎമ്മും സർക്കാരും നേരിടാൻ പേകുന്നത്. ആദ്യത്തേത് ബന്ധു നിയമന വിവാദമാണ്. അതിൽ ഇ.പി. ജയരാജന് രാജിവയ്‌ക്കേണ്ടിവന്നു. കേസ് വിജിലൻസ് അന്വേഷണ പരിധിയിലുമാണ്. പകരം മന്ത്രിയായി മണിയെ തീരുമാനിച്ചത് ജയരാജന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരു സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നുതന്നെ വിട്ട് നിന്നായിരുന്നു ജയരാജന്റെ പ്രതിഷേധം. ജയരാജനും പി.കെ. ശ്രീമതിയും ഉൾപ്പെട്ട ബന്ധു നിയമന വിവാദം അടുത്തമാസം ആദ്യം ചേരുന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യാനിരിക്കുകയാണ്. അതിനിടയിലാണ് പാർട്ടിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കി മണി വിഷയം കൂടി വന്നത്. ജയരാജൻ ധാർമ്മിതകയുടെ പേരിൽ രാജിവച്ചതുപോലെ ഇക്കാര്യത്തിൽ മണിയും മാതൃക കാണിക്കണമെന്ന ആവശ്യമാകും ഉയരുക. ഇടുക്കിയിലെ പാർട്ടിയുടെ പ്രബലനായ നേതാവാണ് മണി.

രാഷ്ട്രീയ ധാർമ്മികത തന്നെയാണ് ഇവിടെയും മണിക്ക് ഭീഷണിയായി ഉയരുന്ന കാര്യം. മാണിയുമായി മുൻകാലങ്ങളിൽ തന്നെ ഉടക്കി നിൽക്കുന്ന ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാന് വിഎസിന്റെ അഭിപ്രായമാകും ഇതിൽ നിർണായകമാകുക. ധാർമ്മിക വിഷയം ഉയർത്തി വി എസ് മാണിക്കെതിരെ പ്രതികരിക്കുമോ എന്ന ആശങ്ക സിപിഎമ്മിൽ ശക്തമാണ്. വി എസ് നിലപാട് കടുപ്പിച്ചാൽ അത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുമെന്നത് തീർച്ചയാണ്.

പ്രതിപക്ഷത്തായിരുന്നപ്പോൾ ധാർമ്മികതയെക്കുറിച്ച് മുറവിളികൂട്ടിയവരുടെ തനിനിറം വ്യക്തമായെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. ധാർമ്മികത ആരുടെയും മേൽ അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോൾ ചെറിയ ആരോപണങ്ങൾക്ക് പോലും രാജി ആവശ്യപ്പെട്ട കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ നിലപാട് മാറ്റുകയാണ്. രാഷ് ട്രീയ എതിരാളിയെ കൊലപ്പെടുത്തിയെന്ന മണിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അല്ലാതെ കേസ് രാഷ് ട്രീയപ്രേരിതമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ വ്യക്തമാകുന്നത് സിപിഐ(എം) നേതൃത്വത്തെ തന്നെയാണ് പ്രതിപക്ഷം ലക്ഷ്യമിടുക എന്നതാണ്. എം എം മണിയുമായി പ്രതിപക്ഷ നേതാക്കൾക്ക് അടക്കം നല്ലബന്ധമുണ്ട്. എന്നാൽ, ഈ ബന്ധത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ ചുരുക്കുമെന്ന വിശ്വാസം ആർക്കുമില്ല. ഇ പി ജയരാജൻ വിഷയത്തെ പോലെ അണികളിൽ മണിക്കെതിരായ വികാരം ഇല്ലെന്നതാണ് സിപിഎമ്മിന് അനുകൂലമാകുന്ന ഘടകം. മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളവും മണിയുടെ കേസ് നിർണായകമാണ്. ലാവലിന് കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിൽ നിൽക്കുകയാണ് ഈ സാഹചര്യത്തിൽ മണി രാജിവച്ചാൽ ലാവലിൻ കേസിലെ വിധി പ്രതികൂലമായാൽ പിണറായിയെ സംബന്ധിച്ച് അതും വലിയ കുരുക്കായി മാറും.

ബന്ധു നിയമന വിവാദത്തിൽ ഉമ്മൻ ചാണ്ടി അടക്കം പത്ത് യു.ഡി.എഫ് നേതാക്കൾക്കെതിരെ പ്രഥാമികാന്വേഷണത്തിന് വിജിലൻസ് കോടതി ഇന്നലെ ഉത്തരവിട്ടതോടെ കോൺഗ്രസ് അടക്കം പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് മണി വിഷയം വന്നത്. അത് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാകും ഇനി യുഡിഎഫ് ഭാഗത്തുനിന്നുണ്ടാകുക. എന്നാൽ, ഇക്കാര്യത്തിൽ എൽ.ഡി.എഫ് കക്ഷികളും സിപിഐ(എം) സ്വീകരിക്കുന്ന നിലപാട് അടുത്ത ദിവസങ്ങളിൽ വ്യക്തമാകും. മണി രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഐ(എം) വ്യക്തമാക്കി കഴിഞ്ഞു. ഇടതുമുന്നണിയാണ് തന്നെ മന്ത്രിയാക്കിയതെന്നും മുന്നണി പറയാതെ രാജി വയ്ക്കില്ലെന്നും മണിയും പറഞ്ഞു. എന്തായാലും രാഷ്ട്രീയ കേരളത്തിൽ ഇനിയുള്ള ദിവസങ്ങൾ മണി വിഷയം കത്തിക്കയറുമെന്നത് ഉറപ്പാണ്.

യുഡിഎഫ് സർക്കാറിന്റെ കെടുകാര്യസ്ഥതയിൽ മനം മടുത്താണ് സിപിഎമ്മിനെ ജനങ്ങൾ അധികാരത്തിലേറ്റിത്. രാഷ്ട്രീയ ധാർമ്മികതയ്ക്ക് പ്രാധാന്യം കൊടുക്കുമെന്ന് സിപിഐ(എം) നേതാക്കൾ തന്നെ പലതവണ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കെങ്കിൽ സിപിഐ(എം) കൂടുതൽ പ്രതിരോധത്തിലാകുമെന്നത് തീർച്ചയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP