Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദി അധികാരം ഏറ്റ ശേഷം നടന്ന 27 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ജയിക്കാനായത് വെറും ആറിടത്ത് മാത്രം; 11 സിറ്റിങ് സീറ്റുകളിൽ ആറും നഷ്ടപ്പെട്ടത് ചൂണ്ടുപലക; രണ്ടെണ്ണം പിടിച്ചെടുത്തുവെങ്കിലും മോദിയെ പേടിപ്പെടുത്തുന്നത് യുപിയും ബീഹാറും മഹാരാഷ്ട്രയും; രാജസ്ഥാനിലും മധ്യപ്രദേശിലും പ്രതീക്ഷയും പോയി; മോദി പേടിയിൽ പ്രതിപക്ഷ ഐക്യം വളർന്നതോടെ ഇനി ബിജെപിക്ക് കണ്ടം വഴി ഓടേണ്ടി വരുമോ?

മോദി അധികാരം ഏറ്റ ശേഷം നടന്ന 27 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ജയിക്കാനായത് വെറും ആറിടത്ത് മാത്രം; 11 സിറ്റിങ് സീറ്റുകളിൽ ആറും നഷ്ടപ്പെട്ടത് ചൂണ്ടുപലക; രണ്ടെണ്ണം പിടിച്ചെടുത്തുവെങ്കിലും മോദിയെ പേടിപ്പെടുത്തുന്നത് യുപിയും ബീഹാറും മഹാരാഷ്ട്രയും; രാജസ്ഥാനിലും മധ്യപ്രദേശിലും പ്രതീക്ഷയും പോയി; മോദി പേടിയിൽ പ്രതിപക്ഷ ഐക്യം വളർന്നതോടെ ഇനി ബിജെപിക്ക് കണ്ടം വഴി ഓടേണ്ടി വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തരേന്ത്യയുടെ കരുത്തിലാണ് മോദി ഒറ്റയ്ക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം നേടിയത്. യുപിയും ബീഹാറും മഹാരാഷ്ട്രയും രാജസ്ഥാനും ഗുജറാത്തും മധ്യപ്രദേശും മോദിക്ക് പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്നു. നാല് കൊല്ലം കഴിയുമ്പോൾ കഥ മാറുകയാണ്. തുടർഭരണം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന മോദിയുടെ പ്രതീക്ഷകളെ തളർത്തി ഹിന്ദി മേഖല ബിജെപിയിൽ നിന്ന് അകലുകയാണ്. പഴയ പ്രതാപത്തിന്റെ കഥ ഇവിടെയൊന്നും ബിജെപിക്ക് പറയാനില്ല. പ്രതിപക്ഷ ഐക്യമാണ് ഇതിൽ പ്രധാനം. ഘടകകക്ഷികൾ ഒന്നൊന്നായി മോദിയെ വിട്ടു പോവുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പിലും മോദി പ്രഭാവം ഉണ്ടായില്ല. ഇതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നോട്ട് പോകാനാവില്ലെന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്.

ബിജെപിയെ തോൽപ്പിക്കുകയെന്ന പൊതുലക്ഷ്യത്തിനായി ബദ്ധവൈരികൾ കൈകോർക്കുകയാണ്. ഉത്തർപ്രദേശ് മാജിക് രാജ്യവ്യാപകമായി നടപ്പിലാക്കിയാൽ മോദിയുടെ പിടി അയയും. കഴിഞ്ഞ ദിവസം നാല് ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും മാത്രമാണ് എൻ.ഡി.എ. സഖ്യത്തിന് ജയിക്കാനായത്. അതിൽ ത്തന്നെ ബിജെപി.ക്കു ലഭിച്ചത് മഹാരാഷ്ടയിലെ പാൽഘർ ലോക്സഭാ മണ്ഡലവും ഉത്തരാഖണ്ഡിലെ ഥരാലി നിയമസഭാ മണ്ഡലവും മാത്രം. എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായ പീപ്പിൾസ് ഡെമോക്രാറ്റിക് അലയൻസ് പിടിച്ച നാഗാലാൻഡ് ലോക്സഭാ സീറ്റാണ് മറ്റൊരാശ്വാസം. ബിജെപി. ജയിച്ച പാൽഘറിൽ തോൽപിച്ചത് സ്വന്തം സഖ്യകക്ഷിയായ ശിവസേനയെയാണെന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം കഴിഞ്ഞ നാലുവർഷത്തിനിടയിൽ രാജ്യത്ത് 27 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടന്നു. മോദി തരംഗത്തിന്റെ തണലിൽ അമിത് ഷായുടെ ചാണക്യതന്ത്രങ്ങളുടെ അകമ്പടിയിൽ മത്സരിച്ചിട്ടും ജയിച്ചത് ആറ് സീറ്റിൽ മാത്രം. പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ 2014ലെ വിജയം ആവർത്തിക്കാമെന്ന് പ്രതീക്ഷിക്കുന്ന ബിജെപിയെ ആശങ്കയിലാക്കുകയാണ് ഈ കണക്കുകൾ. പഴയ ജനകീയ അടിത്തറ മോദിക്കില്ല. പെട്രോൾ-ഡീസൽ വില കുത്തനെ ഉയരുന്നത് മോദി സർക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തുന്നു. കർണ്ണാടകയിലെ തിരിച്ചടിയും ദേശീയ തലത്തിൽ ചർച്ചയായി. ഇതോടെ അമിത് ഷായുടെ തന്ത്രങ്ങൾക്കും ജനമനസ്സുകളിലേക്ക് അടുക്കാൻ എത്താത്ത സാഹചര്യം ഉണ്ടാകുന്നു. ഇതാണ് കഴിഞ്ഞ ദിവസവും മോദിയുടെ പ്രകടനത്തെ ബാധിക്കുന്നത്.

2014 മുതൽ ഈ വർഷം മാർച്ച് വരെ 23 ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ 5 സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. അഞ്ച് സീറ്റുകളാണ് കോൺഗ്രസും നേടിയത്. തൃണമൂലിന് നാല് സീറ്റാണുള്ളത്. എസ്‌പി മൂന്ന് സീറ്റും ടി.ആർ.എസ്. രണ്ടും എൻ.പി.പി, എൻ.സി., മുസ്ലിം ലീഗ്, ആർ.ജെ.ഡി, എൻ.ഡി.പി.പി, ആർ.എൽ.ഡി, എൻ.സി.പി. എന്നിവർ ഓരോ സീറ്റീലും വിജയിച്ചു. 2014 മുതൽ ഉപതിരഞ്ഞെടുപ്പു നടന്ന 27 സീറ്റുകളിൽ 11 എണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. ഇതിൽ ആറും അവർക്ക് നഷ്ടപ്പെട്ടു. എന്നാൽ 2014ലും 2016ലുമായി രണ്ട് വീതം സീറ്റുകൾ അവർ നേടി. 2018 ൽ ഒന്ന് നിലനിർത്തി. മോദിയുടെ പ്രഭാവം നഷ്ടമാകുന്നതിന് തെളിവുകളാണ് ഇത്. 2014ൽ അഞ്ച് ലോക്സഭ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പൊതു തിരഞ്ഞെടുപ്പ് വിജയിച്ച പാർട്ടികൾ തന്നെ സീറ്റുകൾ നിലനിർത്തി. 2015ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ രത്ലം മണ്ഡലം അവർക്ക് നഷ്ടപ്പെട്ടു. 2016ൽ. അസാമിലെ ലക്ഷിംപുർ, മധപ്രദേശിലെ സഹ്ഡോൽ എന്നിവിടങ്ങളിൽ വിജയിക്കാനായി. മേഘാലയിൽ സഖ്യകക്ഷിയായ എൻ.പി.പിയും വിജയിച്ചു. 2017ൽ ബിജെപിക്ക് പഞ്ചാബിലെ ഗുരുദാസ്പുർ മണ്ഡലം നഷ്ടപ്പെട്ടു. ശ്രീനഗർ സഖ്യകക്ഷിയായ പി.ഡി.പിക്കും നഷ്ടപ്പെട്ടു. 2018ൽ രാജസ്ഥാനിലെ അജ്മീർ, അൽവാർ മണ്ഡലങ്ങൾ ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു.

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പുരും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫൂൽപുരും നഷ്ടമായി. ഇങ്ങനെ അടിമുടി തിരിച്ചടിയാണ് ബിജെപിക്ക് ലഭിച്ചത്. മഹാരാഷ്ട്രയിലെ പാൽഘറിൽ സീറ്റ് നിലനിർത്തി. നാഗാലാൻഡിൽ ബിജെപിയുടെ സഖ്യകക്ഷിയായ എൻ.ഡി.പി.പിയാണ് എൻ.പി.എഫിന്റെ കൈയിലുണ്ടായിരുന്ന സീറ്റ് പിടിച്ചെടുത്തത്. ഉത്തർപ്രദേശിലെ കൈറാനയിൽ ആർ.എൽ.ഡി സ്ഥാനാർത്ഥിയായിരുന്ന തബസും ബീഗമാണ് വിജയിച്ചത്. ഇതോടെ അവർ ഈ സർക്കാരിന്റെ കാലത്ത് യു.പിയിൽ നിന്നുള്ള ആദ്യത്തെ മുസ്ലിം എംപിയായി. മഹാരാഷ്ട്രയിലെ ബാന്ദ്ര ഗോണ്ടിയയിൽ എൻ.സി.പിയും വിജയിച്ചു.

പ്രതിപക്ഷം ഒന്നിച്ചാൽ ഹിന്ദി മേഖലയിലും മോദി വീഴും

ഒന്നിച്ചുനിന്നാൽ മോദിയെ പ്രതിരോധിക്കാമെന്ന തന്ത്രം 2019 -ലേക്കുള്ള ചൂണ്ടുപലകയാണ്. ഹൈന്ദവ വോട്ടുകളുടെ ഏകീകരണമെന്ന ബിജെപി. തന്ത്രത്തെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണംകൊണ്ട് തകർക്കാനുള്ള രാഷ്ട്രീയ നീക്കമാണ് പ്രതിപക്ഷം പയറ്റുന്നത്.

ഉത്തർപ്രദേശിലും ബിഹാറിലുമേറ്റ പരാജയമാണ് ബിജെപി.യെ നടുക്കുന്നത്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടിയുണ്ടാകുന്നു. മാസങ്ങൾക്ക് മുമ്പ് നടന്ന രാജസ്ഥാനിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പുകളിലും തോറ്റു. ഉത്തർപ്രദേശിൽ ബിജെപി.യുടെ കൈവശമിരുന്ന കൈരാന ലോക്സഭാ മണ്ഡലവും നൂർപുർ നിയമസഭാ മണ്ഡലവും വൻ ഭൂരിപക്ഷത്തോടെയാണ് പ്രതിപക്ഷം കൈക്കലാക്കിയത്. ബിജെപി. സ്ഥാനാർത്ഥിയെ ബി.എസ്‌പി., എസ്‌പി., ആർ.എൽ.ഡി., കോൺഗ്രസ് സഖ്യത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മാർച്ചിൽ ഗോരഖ്പുരും ഫൂൽപുരും പ്രതിപക്ഷം പിടിച്ചതും ഇതേ തന്ത്രത്തിലൂടെയാണ്.

ബിഹാറിലെ ജോക്കിഹാട്ട് നിയമസഭാ മണ്ഡലത്തിലും തോറ്റു. ബിജെപിയുടെ ഭാഗമായ ജെ.ഡി.യു.വിനെ ആർ.ജെ.ഡി.യുടെ നേതൃത്വത്തിൽ സംയുക്തപ്രതിപക്ഷം നേരിട്ടു. വിജയം ആർ.ജെ.ഡി.ക്കൊപ്പമായി. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ ലോക്സഭാ മണ്ഡലത്തിൽ എൻ.സി.പി-കോൺഗ്രസ് സഖ്യം സ്ഥാനാർത്ഥി നേടിയ വിജയവും പറയുന്നത് പ്രതിപക്ഷ ഐക്യത്തിന്റെ കഥ തന്നെ. ഉത്തർപ്രദേശിലും ബിഹാറിലും പ്രതിപക്ഷം ഈ സമവാക്യം തുടരുകയാണെങ്കിൽ ബിജെപിയുടെ പ്രതീക്ഷകൾ തീരും. കുറഞ്ഞത് 60 സീറ്റുകളെങ്കിലും രണ്ടിടത്തുമായി ബിജെപിക്ക് നഷ്ടമാകും.

ബീഹാറിൽ നിതീഷ് തളരുന്നു

ബിഹാറിലെ ജോകിഹത് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആർജെഡി വൻഭൂരിപക്ഷത്തിൽ വിജയിച്ചതു മുഖ്യമന്ത്രി നിതീഷ് കുമാറിനു കനത്ത തിരിച്ചടിയായി. ജെഡിയു സ്ഥാനാർത്ഥി മുർഷിദ് ആലത്തെ 41,000 വോട്ടുകൾക്കാണ് ആർജെഡി സ്ഥാനാർത്ഥി ഷാനവാസ് ആലം പരാജയപ്പെടുത്തിയത്. ആർജെഡിയുമായി സഖ്യമുണ്ടായിരുന്നപ്പോൾ ജെഡിയു വിജയിച്ച സീറ്റിലാണു ബിജെപി സഖ്യത്തിൽ മൽസരിച്ചപ്പോൾ പരാജയം. ഇത് നിതീഷിനേയും ചിന്തിപ്പിക്കും. ബിജെപിയുമായി കൂട്ടുകൂടിയതോടെ നിതീഷിന്റെ ജനപ്രിയത ബീഹാറിൽ കുറയുകയാണ്.

ജെഡിയു എംഎൽഎയായിരുന്ന സർഫറാസ് ആലം അരാരിയ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ആർജെഡി സ്ഥാനാർത്ഥിയായി മൽസരിച്ചു വിജയിച്ചതിനെത്തുടർന്നാണു ജോകിഹതിൽ ഉപതിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസിൽ ജയിൽവാസത്തിലായതു പാർട്ടിയെ തളർത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു ഫലം. ലാലുവിന്റെ മകൻ തേജസ്വി ജനപ്രിയ നേതാവായി വളരുന്നു. ഇതും ബീഹാറിൽ ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. 2014ൽ മോദി തരംഗത്തിൽ ഭിന്നിച്ചു നഷ്ടപ്പെട്ട യാദവ, ന്യൂനപക്ഷ വോട്ടുകൾ ആർജെഡിയിലേക്കു തിരിച്ചുവരുന്നതായാണു വിലയിരുത്തൽ.

ശിവസേനയും ബിജെപിയും രണ്ട് വഴിക്ക്

എൻഡിഎയ്‌ക്കൊപ്പമായിരുന്നിട്ടും മഹാരാഷ്ട്രയിൽ സഖ്യം വിട്ടു മത്സരിച്ച ശിവസേനയ്ക്കു ബിജെപിയുടെ മുന്നിൽ വൻ തോൽവി. പാൽഘർ ലോക്‌സഭാ മണ്ഡലത്തിലാണു ശിവസേനയ്ക്കു തോൽവി പിണഞ്ഞത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഉപേക്ഷിച്ചു മഹാരാഷ്ട്രയിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന ശിവസേനയുടെ 'തലക്കന'ത്തിനു കൂടിയാണു പാൽഘറിൽ തിരിച്ചടിയേറ്റിരിക്കുന്നത്.

കഴിഞ്ഞ തവണ മണ്ഡലത്തിൽ ശിവസേന പിന്തുണ ബിജെപിക്കായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ 29,572 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി രാജേന്ദ്ര ഗാവിത് ജയിച്ചു. മുന്മന്ത്രി കൂടിയായ രാജേന്ദ്ര ഗാവിത് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സമയത്താണു കോൺഗ്രസ് വിട്ടു ബിജെപിയിലേക്കെത്തിയത്. ഗാവിത്തിന് 2,72,782 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ശിവസേനയുടെ ശ്രീനിവാസ് വൻഗയ്ക്കു ലഭിച്ചത് 2,43,210 വോട്ട്. കോൺഗ്രസ് സ്ഥാനാർത്ഥി ദാമു ഷിൻഗഡെയ്ക്കാകട്ടെ കെട്ടിവച്ച കാശും പോയി. . കോൺഗ്രസിന് ആകെ ലഭിച്ചതാകട്ടെ 47,714 വോട്ടും. അഞ്ചുവട്ടം എംപിയായിരുന്നുന്നു ഷിൻഗഡെ.

'ഭരിക്കുന്ന പാർട്ടിയുടെ എംപി ആയാൽ, പാൽഘർ ജില്ലയ്ക്കുവേണ്ടി പല പദ്ധതികളും നടപ്പാക്കാൻ കഴിയും. അതുകൊണ്ടാണു കോൺഗ്രസിൽനിന്നു ബിജെപിയിൽ എത്തി സ്ഥാനാർത്ഥിയായത്' എന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തു തന്നെ പാർട്ടി വിട്ടതിനെപ്പറ്റി രാജേന്ദ്ര ഗാവിതിന്റെ ന്യായീകരണം. സ്വപ്നം കണ്ടതുപോലെ വിജയം കൂടെപ്പോരുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകനായി പൊതുരംഗത്തു ചുവടുവച്ച ഗാവിത് കഴിഞ്ഞ മന്ത്രിസഭയിൽ ആദിവാസിക്ഷേമ മന്ത്രിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP