Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി ഭരണത്തിൽ ഒരു ടേം എങ്കിലും തുടരുമെന്ന് ഉറപ്പാക്കിയ തെരഞ്ഞെടുപ്പ്; പതിറ്റാണ്ടുകൾ രാജ്യം കൈപ്പിടിയിലാക്കിയ കോൺഗ്രസ് അവശേഷിക്കുന്നതു മൂന്നു ചെറു സംസ്ഥാനങ്ങൾ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ മാത്രം; രാഹുലിനെ മാറ്റാതെ ഒന്നും ശരിയാകില്ലെന്നു വിശ്വസിച്ചു പ്രവർത്തകർ

മോദി ഭരണത്തിൽ ഒരു ടേം എങ്കിലും തുടരുമെന്ന് ഉറപ്പാക്കിയ തെരഞ്ഞെടുപ്പ്; പതിറ്റാണ്ടുകൾ രാജ്യം കൈപ്പിടിയിലാക്കിയ കോൺഗ്രസ് അവശേഷിക്കുന്നതു മൂന്നു ചെറു സംസ്ഥാനങ്ങൾ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ മാത്രം; രാഹുലിനെ മാറ്റാതെ ഒന്നും ശരിയാകില്ലെന്നു വിശ്വസിച്ചു പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ചു വർഷം മോദി അധികാരത്തിൽ തുടർന്നാൽ കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യം കൈവരിക്കുമോ? ഇതിനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസിന്റെ നേതൃചുമതല ഇപ്പോൾ രാഹുൽ ഗാന്ധിക്കാണ്. രാഹുലിന് കൃത്യമായി കാര്യങ്ങൾ ചെയ്യാനാകുന്നില്ല. ഹൈക്കമാണ്ടും വിവിധ സംസ്ഥാന നേതാക്കളും തമ്മിലുള്ള ഏകോപനവും പൊളിഞ്ഞു. കേരളത്തിൽ ഇത് ഏറെ ദോഷം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പോലും രാഹുൽ സജീവമായില്ല. സംസ്ഥാനങ്ങളിലെ നിലവിലുള്ള നേതൃത്വത്തെ തകർത്ത് പുതുമുഖങ്ങളെ പ്രതിഷ്ഠിക്കാനാണ് രാഹുലിന് താൽപ്പര്യം. എന്നാൽ ഇത് ഗുണം ചെയ്യില്ലെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം ഇതാണ് കോൺഗ്രസിന് തിരിച്ചിടയാകുന്നതെന്നാണ് വിലയിരുത്തൽ.

പാർലമെന്റിൽ വികാരപരമായി പ്രസംഗിക്കുന്നുണ്ട് രാഹുൽ. അതിനപ്പുറത്തേക്കൊരു പ്രവർത്തനം നടക്കുന്നില്ല. ഈ സാഹചര്യത്തിൽ രാഹുലിനെ നേതൃത്വത്തിൽ നിന്ന് മാറ്റണം. പ്രിയങ്കയെ പരീക്ഷിക്കാൻ സമയമായെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. സോണിയാ ഗാന്ധിക്ക് അസുഖമെത്തി വിശ്രമത്തിലേക്ക് മാറിയതോടെയാണ് കോൺഗ്രസിന്റെ കെട്ടുറപ്പിനെ ബാധിച്ചത്. ഇതിന് കാരണം രാഹുലിന്റെ ഏകപക്ഷീയ നിലപാടാണെന്ന പരാതിയാണ് സജീവമാകുന്നത്. എന്നാൽ രാഹുൽ അനുകൂല ലോബി ഇതിനെ എതിർക്കുന്നു. ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവെന്ന സ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്നും കൂടുതൽ ഊർജ്ജ്വസലമാക്കി മാറ്റണമെന്നുമാണ് ഈ വിഭാഗത്തിന്റെ ആവശ്യം. തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ ഈ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു.

എന്നാൽ അടിമുടി മാറിയില്ലെങ്കിൽ കോൺഗ്രസിന് വലിയ തിരിച്ചടി ഉറപ്പാണ്. അതിനിടെ ബംഗാളിലെ കോൺഗ്രസിന്റെ തിരിച്ചുവരവ് ചർച്ചയാക്കാനാണ് രാഹുലിന്റെ നീക്കം. തന്ത്രപരമായ സഖ്യങ്ങൾ കിട്ടിയാൽ എല്ലാം നേരെയാകുമെന്നാണ് രാഹുലിന്റെ പക്ഷം. ഏതായാലും വൻ തകർച്ച നേരിടുന്നതിനാൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി രാഹുലിന് സോണിയ ഉടൻ നൽകില്ല. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തുമ്പോൾ പത്ത് സംസ്ഥാനത്ത് കോൺഗ്രസ് ഭരണമായിരുന്നു. കേരളത്തിലും അസമിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഭരണം അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി. പതിനഞ്ച് വർഷം നീണ്ട കോൺഗ്രസ് ഭരണം അവസാനിപ്പിച്ചാണ് അസമിൽ ബിജെപി അധികാരം പിടിച്ചത്. ഇത് ആദ്യമായാണ് ഒരു വടക്ക് കിഴക്കൻ സംസ്ഥാനത്ത് ബിജെപി അധികാരം നേടുന്നത്. അസമിൽ ബിജെപി 88 സീറ്റ് നേടിയപ്പോൾ കോൺഗ്രസ് സഖ്യം 22 സീറ്റിൽ ഒതുങ്ങി.

നിലവിൽ അഞ്ച് സംസ്ഥാനങ്ങളിലാണ് കോൺഗ്രസിന് ഭരണമുള്ളത്. കർണാടക, ഹിമാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളലാണ് നിലവിൽ കോൺഗ്രസിന് ഭരണമുള്ളത്. 2018ലാണ് ഈ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ശക്തമായ തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പത്ത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിൽ എല്ലായിടത്തും കോൺഗ്രസ് സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിൽ ആറിൽ എൻ.ഡി.എയാണ് സർക്കാർ രൂപീകരിച്ചത്. 2014ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് കോൺഗ്രസിന്റെ പരാജയ പരമ്പര തുടങ്ങിയത്. ഇത് തുടർന്നാൽ 2018 ഓടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് തൂത്തെറിയപ്പെടും.

കർണ്ണാടകയിലെ ചിത്രവും അത്ര അനുകൂലമല്ല. ബിഎസ് യദിയൂരിയപ്പ ബിജെപിയിൽ തിരിച്ചെത്തിയതിന്റെ ഗുണം ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. പാർലമെന്റെ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ നേട്ടമുണ്ടാക്കി. ദേവഗൗഡയുടെ ജനതാദള്ളുമായി സഖ്യമുണ്ടാക്കിയാൽ മാത്രമേ കോൺഗ്രിസന് രക്ഷയുള്ളൂ. അസമിൽ ബിജെപി ചുവടുറപ്പിച്ചത് മണിപ്പൂർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിലും ഭീഷണിയാണ്. ഇവിടേയും ബിജെപി ജയിച്ചുകയറാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാകെ ആധിപത്യം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതോടെ രാജ്യത്താകെയുള്ള പാർട്ടിയായി ബിജെപി മാറുകയും ചെയ്യും. നരേന്ദ്ര മോദിയുടെ ഇടപെടലുകളാണ് ഈ വിജയങ്ങൾക്ക് കാരണമെന്നതും കോൺഗ്രസിന് അറിയാം.

ദേശീയതലത്തിൽ മോദിക്ക് ബദലാകാനുള്ള രാഹുലിന്റെ മോഹമാണ് പൊലിയുന്നത്. നിതീഷ് കുമാറും മമതാ ബാനർജിയുമെല്ലാം പ്രധാനമന്ത്രി പദത്തിൽ കണ്ണുവയ്ക്കുന്നവരാണ്. ഇത്തരം ഒരു കൂട്ടുകക്ഷിക്ക് മോദിയെ തോൽപ്പിക്കാൻ കഴിയുമോ എന്ന സംശയവും ഉയരുന്നുണ്ട്. ലോകനേതാവെന്ന പ്രതിച്ഛായയിൽ മൂന്ന് കൊല്ലത്തിന് ശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയം കൈവരിക്കുമെന്നാണ് ദേശീയതലത്തിലെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP