Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരഞ്ഞെടുപ്പുകളിൽ എല്ലാം ലഭിക്കുന്ന ഉഗ്രൻ വിജയം ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു; ആക്കൗണ്ട് തുറക്കാത്ത സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക പാക്കേജ്; ഡൽഹി കൂടി ഉറപ്പിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാട് കർശനമായി; മോഹൻ ഭാഗവതിനെ പ്രസിഡന്റാക്കാൻ ആർ എസ് എസും സജീവം

തെരഞ്ഞെടുപ്പുകളിൽ എല്ലാം ലഭിക്കുന്ന ഉഗ്രൻ വിജയം ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു; ആക്കൗണ്ട് തുറക്കാത്ത സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക പാക്കേജ്; ഡൽഹി കൂടി ഉറപ്പിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാട് കർശനമായി; മോഹൻ ഭാഗവതിനെ പ്രസിഡന്റാക്കാൻ ആർ എസ് എസും സജീവം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തരേന്ത്യയുടെ മനസ്സ് കൂടെ നിർത്തിയായിരുന്നു നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി കസേരയിലേക്കുള്ള തേരോട്ടം. ഡൽഹിയിലേയും ബീഹാറിലേയും പിഴവുകൾ ബിജെപിയുടെ ശോഭ കെടുത്തി. എന്നാൽ സർജിക്കൽ സ്‌ട്രൈക്കും നോട്ട് നിരോധനവുമായി മോദി തിരിച്ചടിച്ചു. ഈ രണ്ട് തീരുമാനങ്ങളിലൂടെ കരുത്തനായ ഭരണാധികാരിയെന്ന് മോദി തെളിയിച്ചു. ഉത്തർപ്രദേശായിരുന്നു പിന്നീടെത്തിയ വലിയ പരീക്ഷണ ശാല. അവിടെ മോദി തരംഗം ആഞ്ഞടിച്ചു. ആർക്കും പ്രവചിക്കാനാവാത്ത വിജയം ബിജെപി യുപിയിൽ നേടി. മണിപ്പൂരും പിടിച്ചു. ഗോവയിലും തന്ത്രങ്ങളിലൂടെ ഭരണം നിലനിർത്തി. ഉത്തരാഖണ്ഡിലും തൂത്തുവാരൽ. ഇങ്ങനെ ബിജെപിയും മോദി കരുത്ത് കാട്ടി. അതിന് ശേഷം ചില ഉപതെരഞ്ഞെടുപ്പുകൾ. അതിൽ ഡൽഹി രജൗജി ഗാർഡനിലെ ഫലം ബിജെപി പോലും പ്രതീക്ഷച്ചതിന് അപ്പുറമായിരുന്നു. അങ്ങനെ ഡൽഹിയിലും ബിജെപി ചുവടുറപ്പിച്ചു. ഇപ്പോഴിതാ എംസിഡി തെരഞ്ഞെടുപ്പിലൂടെ ഡൽഹിയും പൂർണ്ണമായും മോദിയുടേതാകുന്നു.

കേരളവും തമിഴ്‌നാടുമാണ് ബിജെപിക്ക് ഇനിയും വഴങ്ങാത്ത സംസ്ഥാനങ്ങൾ. ഇവിടേയും ശക്തി കൂട്ടാനാണ് മോദിയുടെ തീരുമാനം. ബിജെപി പ്രസിഡന്റ് അമിത് ഷാ ഇതിനായി പ്രത്യേക പാക്കേജുകൾ തയ്യാറാക്കും. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനാണ് നീക്കം. കോൺഗ്രസിൽ നിന്ന് മികച്ച നേതാക്കളെ അടർത്തിയെടുക്കാനാണ് ശ്രമം. ഇതിനൊപ്പം കേരളാ കോൺഗ്രസ് പോലുള്ള പ്രമുഖരെ എൻഡിഎ പാളയത്തിലെത്തിക്കാനും നീക്കമുണ്ട്. തമിഴ്‌നാട്ടിൽ ജയലളിതയുടെ മരണമുണ്ടാക്കിയ വിടവ് പരമാവധി അനുകൂലമാക്കാനാണ് നീക്കം. ഇതിനായി അണ്ണാ ഡിഎംകെയിലെ വിവിധ വിഭാഗങ്ങളുമായി ചർച്ച പുരോഗമിക്കുന്നുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും അടുത്ത വർഷം തെരഞ്ഞെടുപ്പാണ്. ഇവിടെ അധികാരം നിലനിർത്തണം. ഒപ്പം കർണ്ണാടകയിൽ കോൺഗ്രസിനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുക്കണം. ഇതിനും വ്യക്തമായ പദ്ധതി ബിജെപി ഒരുക്കുന്നുണ്ട്.

അതിന് മുമ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ബിജെപിക്കെതിരെ പ്രതിപക്ഷം കരുക്കൾ നീക്കുന്നുണ്ട്. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജിലെ വോട്ടുകണക്കിൽ ഇപ്പോൾ എൻഡിഎയും പ്രതിപക്ഷവും ഒപ്പത്തിനൊപ്പമാണ്. എന്നാൽ, വിഘടിച്ചു നിൽക്കുന്ന പ്രതിപക്ഷത്തെ 'കൈകാര്യം' ചെയ്യുന്നതിൽ ബിജെപി വിജയിച്ചാൽ മത്സരം ഏകപക്ഷീയമാകും. വിജയം ഉറപ്പിക്കാൻ 5,49,442 വോട്ടാണു വേണ്ടത്. എൻഡിഎയ്ക്കു കുറവു പതിനയ്യായിരത്തോളം വോട്ട്. ഈ കുറവുള്ളപ്പോഴും പ്രതിപക്ഷത്തിന് കീഴടങ്ങേണ്ടതില്ലെന്നാണ് ബിജെപിയുടേയും മോദിയുടേയും തീരുമാനം. യുപിയിലും ഉത്തരാഖണ്ഡിലും ഡൽഹിയിലും നേടി വിജയത്തിന്റെ കരുത്തിൽ ചെറുകക്ഷികളെല്ലാം ബിജെപിക്ക് പിറകേ എത്തുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഓഗസ്റ്റിൽ നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി ആരുമായും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ആർ എസ് എസുമായി മാത്രം ആലോചിച്ച് സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കും.

മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ അയോധ്യ കേസിലെ വിചാരണ ഇവരുടെ സാധ്യത മങ്ങി. അമിതാഭ് ബച്ചന്റെ പേരും കേട്ടിരുന്നു എങ്കിലും പനാമ പേപ്പർ കേസ് ആ സാധ്യതയും മടക്കി. വിദേശകാര്യ മന്ത്രിയായ സുഷമാ സ്വരാജിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാൽ മന്ത്രിയായി തുടരാൻ സുഷമ തയ്യാറാണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതിന്റെ പേര് ചർച്ചയാക്കിയത്. ഇതിനെ ശിവസേനയും പിന്തുണയ്ക്കുന്നു. ആർഎസ്എസ് തലവനെ എന്തുകൊണ്ട് രാഷ്ട്രപതിയാക്കി കൂടായെന്നതാണ് ഉയരുന്ന ചോദ്യം. ആർ എസ് എസുകാരെ വ്യാപകമായി ഗവർണ്ണർമാരായി മോദി സർക്കാർ നിയമിക്കുന്നുണ്ട്. ഗവർണ്ണറും ഭരണഘടാനാ പദവിയാണ്. അതുകൊണ്ട് ഗവർണ്ണറായി ആർഎസ്എസ് നേതാക്കൾക്ക് എത്താമെങ്കിൽ മോഹൻ ഭാഗവതിന് രാഷ്ട്രപതിയാകാമെന്നാണ് തീവ്ര നിലപാടുകാരുടെ പക്ഷം.

നിലവിലുള്ള പ്രസിഡന്റ് പ്രണബ് മുഖർജിയുടെ അഞ്ചു വർഷ കാലാവധി ജൂലൈയിലാണ് പൂർത്തിയാകുന്നത്. ഉത്തർപ്രദേശ് നിയമസഭയിലുൾപ്പെടെ നേടിയ കൂടുതൽ അംഗബലം ബിജെപിക്ക് അനുകൂലമാണെന്നത് ഉറപ്പാണെങ്കിലും രാഷ്ട്രപതി ഭവനിലേയ്ക്ക് സ്വന്തം പ്രതിനിധിയെ എത്തിക്കുക എന്നത് പ്രയാസകരമായിരിക്കും. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ശിവസേനയാണ് ആദ്യമായി ഒരു പേർ നിർദ്ദേശിച്ചിരിക്കുന്നത്. ശിവസേന വക്താവ് സഞ്ജയ് റാവത്തായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്തിന്റെ പേര് ഉയർത്തിക്കാട്ടിയിട്ടുണ്ട്. അദ്ദേഹമായിരിക്കും യുക്തമായ സ്ഥാനാർത്ഥിയെന്നാണ് റാവത്തിന്റെ വാദം. എന്തുകൊണ്ടെന്നു ചോദിച്ചാൽ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേയ്ക്ക് വളരെ എളുപ്പമെത്തിക്കാൻ പരിശ്രമിക്കുന്ന ഒരാളെന്നതായിരിക്കും അതിനുള്ള ഉത്തരം.

ഭഗവത്ത് ശക്തമായി അത് നിരസിച്ചിട്ടുണ്ട്. 'അത്തരത്തിലൊരു സ്ഥാനവും സ്വീകരിക്കാൻ താൻ ഒരുക്കമല്ല. ആത്യന്തികമായി താനൊരു സ്വയം സേവകനാണ്, അവിടെ ഭാരിച്ച ഉത്തരവാദിത്തവുമുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ആർഎസ്എസ് നേതൃത്വത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും മോഹൻ ഭാഗവതിനായി ചരടു വലി നടത്തുണ്ട്. അതുകൊണ്ടാണ് സുഷമ്മാ സ്വരാജും മറ്റും മനസ്സ് തുറക്കാതെ മാറി നിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ പ്രതിപക്ഷ പാർട്ടികൾ ചർച്ചകൾ സജീവമാക്കിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറും കൂടിക്കാഴ്ച നടത്തി. ബിജെപി വിരുദ്ധ കൂട്ടായ്ക്ക് നേതൃത്വം നൽകാൻ സോണിയാ ഗാന്ധിയോട് ഇരു നേതാക്കളും ആവശ്യപ്പെട്ടു.

മോഹൻ ഭാഗവത്തിനെ പോലുള്ളവരെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ ബിജെപിയിൽ സമ്മർദ്ദം ശക്തമാക്കാനാണ് ഈ നീക്കം. ഇത് മനസ്സിലാക്കിയാണ് വിട്ടുവീഴ്ചയ്‌ക്കോ ചർച്ചയ്‌ക്കോ വേണ്ടെന്ന നിലപാടിലേക്ക് ബിജെപി എത്തുന്നത്. ലോക്സഭയിലേയും രാജ്യസഭയിലെയും അംഗങ്ങളും സംസ്ഥാന നിയമസഭാ അംഗങ്ങളും ചേർന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 4120 എംഎൽഎമാരും 776 എംപിമാരും ഉൾപ്പെടുന്ന 4896 ഇലക്ടറൽ വോട്ടർമാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഒരു എംപിയുടെ വോട്ടിന് 708 ആണ് മൂല്യം. ആകെ ജയിക്കാൻ 5,49,001 മൂല്യം വോട്ട് വേണം. 338 എംപിമാരും 1126 എംഎൽഎമാരുമാണ് 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപുണ്ടായിരുന്നത്. അതായത് ഒറ്റക്ക് ജയിക്കാൻ 75,000 മൂല്യം വോട്ട് കൂടി വേണമായിരുന്നു. ഉത്തർപ്രദേശിൽ നേടിയ 324 പേരുടെ പിന്തുണകൂടി കിട്ടുമ്പോൾ 67,392 വോട്ട് മൂല്യം കൂടി കിട്ടും.

പഞ്ചാബിലെ തിരിച്ചടി മൂലം കുറയുന്ന വോട്ടുകൾ എൻഡിഎക്ക് പുറത്ത് നിന്ന് പ്രമുഖപ്രദേശികപാർട്ടിയിലൂടെ നികത്താനാണ് ആലോചന. തെലുങ്കാനയിലെ ടി ആർ എസ്, ഒഡീഷയിലെ ബിജു ജനതാദൾ എഐഎഡിഎംകെ തുടങ്ങിയ പാർട്ടികളിലേതെങ്കിലും പിന്തുണയാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP