Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

35 കൊല്ലത്തെ ഏറ്റവും മികച്ച പ്രകടനവുമായി കോൺഗ്രസ്; മോദിയുടെ ഗുജറാത്ത് മോഡൽ ഇനി രാഹുലിന്റെ സ്വന്തം; 2019ൽ കളം പിടിക്കാൻ രാഹുൽ ഗാന്ധി ഇറങ്ങുന്നത് ഗുജറാത്ത് മോഡലിന്റെ പിശകുകൾ തിരുത്തിയും നേട്ടങ്ങൾ ആവർത്തിച്ചും; തീവ്ര ഹിന്ദുത്വം പറയുന്ന ബിജെപിയെ നേരിടാൻ മൃദു ഹിന്ദുത്വം ആവശ്യമെന്ന് തിരിച്ചറിഞ്ഞു; മുസ്ലിംങ്ങളെ പിണക്കാതെ ഹിന്ദി ഹൃദയഭൂമിയിൽ കരുത്താർജ്ജിക്കാൻ കോൺഗ്രസ്

35 കൊല്ലത്തെ ഏറ്റവും മികച്ച പ്രകടനവുമായി കോൺഗ്രസ്; മോദിയുടെ ഗുജറാത്ത് മോഡൽ ഇനി രാഹുലിന്റെ സ്വന്തം; 2019ൽ കളം പിടിക്കാൻ രാഹുൽ ഗാന്ധി ഇറങ്ങുന്നത് ഗുജറാത്ത് മോഡലിന്റെ പിശകുകൾ തിരുത്തിയും നേട്ടങ്ങൾ ആവർത്തിച്ചും; തീവ്ര ഹിന്ദുത്വം പറയുന്ന ബിജെപിയെ നേരിടാൻ മൃദു ഹിന്ദുത്വം ആവശ്യമെന്ന് തിരിച്ചറിഞ്ഞു; മുസ്ലിംങ്ങളെ പിണക്കാതെ ഹിന്ദി ഹൃദയഭൂമിയിൽ കരുത്താർജ്ജിക്കാൻ കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്ക്

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ശരിക്കുമൊരു പരീക്ഷണ ശാലയായിരുന്നു. ജാതി സമാവാക്യങ്ങൾ അടക്കം സങ്കീർണമായ ഒട്ടനവധി ഘടകങ്ങളെ ചേർത്തുകെട്ടി കൊണ്ടായിരുന്നു രാഹുൽ ഗാന്ധി ഇവിടുത്തെ പോരാട്ടം നയിച്ചത്. അത് പൂർണമായും വിജയത്തിൽ എത്തിയില്ലെങ്കിലും ഒട്ടനവധി നേട്ടങ്ങൾ ഉണ്ടായി. ഗുജറാത്തിൽ വിജയതുല്യമായ പരാജയം ഏറ്റുവാങ്ങിയപ്പോൾ തന്നെ ഹിമാചൽ പ്രദേശിൽ മികച്ച വോട്ട് ശതമാനവും നേടാൻ പാർട്ടിക്ക് സാധിച്ചു. ഇവിടെ നേരിയ മാർജ്ജിനിലാണ് കോൺഗ്രസിന് പല മണ്ഡലങ്ങളും കൈവിട്ടു പോയത്.

ഗുജറാത്തിൽ കഴിഞ്ഞ 35 വർഷത്തേ ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്‌ച്ചവെച്ചത്. 77 സീറ്റുകളിൽ വിജയിച്ചു കയറി എന്നത്് വലിയ നേട്ടം തന്നെയാണ്. രാഹുലിന്റെ പ്രയത്ന്നം തന്നെയാണ് ഇവിടെ വിജയം കൊയ്തത്. 1985ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസിന്റേത്. മോദിയുടെ ഗുജറാത്തിൽ രാഹുൽ അദ്ദേഹത്തിന്റെ സ്വന്തം മോഡൽ പരീക്ഷിച്ചു വിജയിപ്പിച്ചു എന്നതാണ് നേട്ടം. ഗുജറാത്തിൽ ഇത്തവണ ജയിച്ചെങ്കിലും ബിജെപിക്ക് 2014ലെ ലോക്‌സഭതെരഞ്ഞെടുപ്പിലേതിനെക്കാൾ വോട്ട് കുറഞ്ഞത് അവർക്കേറ്റ പ്രഹരവുമായി.

2014ൽ ബിജെപിക്ക് 60 ശതമാനത്തിനടുത്ത് വോട്ടുണ്ടായിരുന്നു. എന്നാൽ, ഇത്തവണ 49.1 ശതമാനമായി കുറഞ്ഞു. 2012ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ വർധന. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ 48 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്. അതേസമയം, കോൺഗ്രസിന്റെ വോട്ട്ശതമാനത്തിൽ വർധനയുണ്ട്. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 33 ശതമാനവും 2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 39 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. ഇത്തവണ 41.4 ശതമാനമായി ഉയർന്നു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ടിങ് വ്യത്യാസം 7.7 ശതമാനം. സ്വതന്ത്രർ 4.3 ശതമാനം വോട്ട് നേടി. 'നോട്ട' പിടിച്ചത് 1.8 ശതമാനവുമായിരുന്ു.

അതേസമയം രാഹുൽ ഹിമാചലിലും കൂടുതൽ ശ്രദ്ധ പതിച്ചിരുന്നെങ്കിൽ റിസൽട്ട് വേറെ ആയേനെ എന്നാണ് അവിടുത്തെ നേതാക്കൾ പറയുന്നത്. കേന്ദ്ര നേതൃത്വം കൂടുതൽ ഇടപെടൽ നടത്താത്തിലെ പരിഭവവും അവർ പറഞ്ഞുവെച്ചു. ജാതി രാഷ്ട്രീയം തന്നെയാണ് രണ്ടിടത്തും കോൺഗ്രസ് പയറ്റിയത്. എന്നാൽ, ഹിമാചലിൽ ഭരണ വിരുദ്ദ വികാരം തിരിച്ചടിയായി. ഇതുവരെ ബിജെപിയുടെ കുത്തക ആയിരുന്നു ഗുജറാത്തിലെ ജാതി രാഷ്ട്രീയം അവിടേക്കാണ് രാഹുൽ ഇറങ്ങി ചെന്നത്. മൃദുഹിന്ദുത്വ സമീപനം തന്നെ ഇതിന് വേണ്ടി സ്വീകരിച്ചു. എന്നാൽ, മുസ്ലിംങ്ങൾ കൈവിട്ടു പോകാതിരിക്കാനും ശ്രദ്ധിച്ചു. ഹിന്ദി ഹൃദയ ഭൂമികയിൽ ഇതാണ് വേണ്ടതെന്ന തിരിച്ചറിവ് കോൺഗ്രസിന് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മധ്യപ്രദേശിലും കോൺഗ്രസ് കാര്യമായ പരിശ്രമങ്ങളുായി രംഗത്തെത്തുമെന്നത് ഉറപ്പാണ്.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും ജിഗ്‌നേഷ് മേവാനിയും ലക്ഷ്യമിട്ടത് ബിജെപിയുടെ തോൽവി തന്നെയായിരുന്നുവെങ്കിൽ പ്രചാരണത്തിലും തന്ത്രങ്ങളിലും ഇരുവരും വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. കോൺഗ്രസിൽ ചേർന്ന അൽപേഷ് താകോറിൽനിന്ന് ഭിന്നനായി സ്വതന്ത്രനായി മത്സരിച്ച മേവാനിയെ ഇങ്ങോട്ട് പിന്തുണക്കുകയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും എല്ലാം ചെയ്തത്. തന്റെ ക്യാമ്പ് ഓഫിസ് സ്ഥിതിചെയ്യുന്ന പാലൻപുരിൽ രാഹുൽ ഗാന്ധി വേദി പങ്കിടാൻ ക്ഷണിച്ചപ്പോൾ സഹപ്രവർത്തകരായ ആക്ടിവിസ്റ്റുകളുമായി ഏറെനേരം കൂടിയാലോചന നടത്തിയശേഷം അവസാന നിമിഷമാണ് മേവാനി സമ്മതിച്ചത്.

ക്ഷേത്രദർശനം പതിവാക്കിയും തൊപ്പിയും താടിയുംവെച്ച മുസ്‌ലിംകളെ റോഡ്‌ഷോ വാഹനങ്ങളിൽനിന്നും കോൺഗ്രസ് സമ്മേളനവേദികളിൽനിന്നും മാറ്റിനിർത്തിയും പരമാവധി ഹിന്ദുവോട്ട് വശീകരിക്കാനായിരുന്നു രാഹുൽ ഗാന്ധി ശ്രമിച്ചത്. മുസ്‌ലിം വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിൽപോലും ഈ സൂക്ഷ്മത രാഹുൽ കാണിച്ചത് അതിന്റെ പ്രത്യാഘാതം മറ്റു മണ്ഡലങ്ങളിൽ എത്താതിരിക്കാനായിരുന്നു.

എന്നാൽ, ഇതിന് നേർവിപരീതമായിരുന്നു നാമനിർദ്ദേശപത്രിക സമർപ്പിച്ചതു മുതൽ മേവാനി കൈക്കൊണ്ട സമീപനം. താടിയും തൊപ്പിയും ധരിച്ച മുസ്‌ലിം സുഹൃത്തുക്കളെ കൂടെ തുറന്ന വാഹനത്തിൽ കയറ്റിയാണ് ആദ്യവസാനം അദ്ദേഹം റോഡ്‌ഷോ നടത്തിയത്. മേവാനിയെ സഹായിക്കുന്നത് മുസ്‌ലിംകളാണെന്നും അതിനാൽ അയാൾ ഹിന്ദുവിരോധിയാണെന്നും ദലിതുകൾക്കിടയിൽ പ്രചാരണം നടത്തിയ ബിജെപി മേവാനിക്കെതിരെ ഹിന്ദുവിരുദ്ധനെന്ന പോസ്റ്ററുകളിറക്കുകയും ചെയ്തു.

മണ്ഡലത്തിൽ നിർണായകമായ ദലിതുകളുടെയും ഠാകുർമാരുടെയും വോട്ട് പിടിക്കാമെന്നാണ് ഇതുവഴി ബിജെപി കരുതിയതെങ്കിലും അൽപേഷിന്റെ കീഴിലുള്ള ഠാകുർസേനയെയും പ്രാദേശിക ദലിത് നേതാക്കളെയും മുസ്‌ലിംകളോടൊപ്പം ചേർത്തുനിർത്തിയെങ്കിൽ മാത്രമേ ലക്ഷ്യമിടുന്ന രാഷ്ട്രീയമാറ്റം സാധ്യമാകൂ എന്ന് ബോധ്യപ്പെടുത്തുന്നതിൽ മേവാനി വിജയിച്ചുവെന്നുവേണം പറയാൻ. ന്യൂനപക്ഷം അദൃശ്യരായി നിന്ന ഗുജറാത്തിലെ 181 മണ്ഡലങ്ങളിൽനിന്ന് വഡ്ഗാമിനെ വ്യത്യസ്തമാക്കിയതും ഇതായിരുന്നു. ഈ വിഷയത്തിൽ മേവാനിക്കൊപ്പംനിന്ന് വഡ്ഗാമിനായി പ്രത്യേകം പ്രചാരണം നടത്തിയ അൽപേഷിന് തന്റെ മണ്ഡലമായ രാധൻപുരിൽ ഇതിന് ദലിതുകളിൽനിന്നും മുസ്‌ലിംകളിൽനിന്നും പ്രത്യുപകാരവും ലഭിച്ചു.

കോൺഗ്രസിന് ഗുജറാത്തി ഭാഷ നന്നായി സംസാരിക്കാൻ ആളില്ലാത്തതിന്റെ കുറവ് സ്വന്തം റാലികളിലൂടെ നികത്തിയ ഹാർദിക് പട്ടേലും രാഹുലിന്റെ മൃദുഹിന്ദുത്വത്തെ പിന്തുടർന്നില്ല. മോദിക്കും അമിത് ഷാക്കും ബിജെപിക്കുമെതിരായ പരിഹാസങ്ങളെ ഗുജറാത്ത് ജനത സ്വീകരിച്ചുതുടങ്ങിയത് ഹാർദികിന്റെ റാലികളിലൂടെയായിരുന്നു. മുസ്‌ലിംവിരുദ്ധരായ പാട്ടീദാറുമാരെ ബിജെപി വിരുദ്ധരാക്കുന്നതെന്തിന് എന്ന ചോദ്യത്തിന് മുസ്‌ലിംകളല്ല ബിജെപിയാണ് ഗുജറാത്തിന്റെ ശത്രു എന്ന് തുറന്നുപറയാനും ധൈര്യം കാണിച്ചിരുന്നു ഹാർദിക് പട്ടേൽ.

കോൺഗ്രസിന്റെ ശക്തരായ തുഷാർ ചൗധരി, ശക്തി സിങ് ഗോഹിൽ, അർജുൻ മൊദ്‌വാദിയ, സിദ്ധാർഥ് പട്ടേൽ എന്നിവരേക്കാൾ മുമ്പേ അൽപേഷ് തോൽക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ ബിജെപി നേതാക്കളെ ഞെട്ടിച്ചാണ് അവർ തോറ്റിട്ടും മേവാനിക്കൊത്ത് അൽപേഷ് കളിച്ച സഹവർത്തിത്വത്തിന്റെ രാഷ്ട്രീയംകൊണ്ട് രാഥൻപുർ കോൺഗ്രസ് സ്വന്തമാക്കിയത്. കോൺഗ്രസിൽ ചേർന്നതോടെ അൽപേഷിനെ ഠാകുർമാർ കൈയൊഴിഞ്ഞുവെന്ന പ്രചാരണത്തിനും ഇത് അറുതിവരുത്തി.

എന്തായാലും ഗുജാറാത്ത്് തെരഞ്ഞെടുപ്പിലെ ഊർജ്ജം മുതലാക്കി രാഹുൽ പാർട്ടിയെ കെട്ടിപ്പെടുക്കാനുള്ള കൂടുതൽ ശ്രമങ്ങളുമായി രംഗത്തെത്തുമെന്നത് ഉറപ്പാണ്. വരാനിരിക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പിലും രാജസ്ഥാനിലും കോൺഗ്രസിന് പ്രതീക്ഷകൾ ഏറെയാണ്. ഹിന്ദി ഹൃദയ ഭൂമികയായ ഇവിടങ്ങളിലും രാഹുൽ ബിജെപിയെ വെല്ലുവിളിക്കാൻ മൃദുഹിന്ദുത്വ സമീപനം പുറത്തെടുക്കുമെന്നത് ഉറപ്പാണ്. അധ്യക്ഷ പദവി കൂടി ഏറ്റെടുത്ത സാഹചര്യത്തിൽ അദ്ദേഹത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങളും നിലനിൽക്കുന്നു. എന്നാൽ, പരമ്പരാഗതമായി ഒപ്പം നിൽക്കുന്ന മുസ്ലിം, ദളിത് വിഭാഗങ്ങൾ അകന്നു പോകാതിരിക്കാൻ ശ്രമിക്കുക എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയായി മാറുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP