Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഹാർ വിജയത്തിൽ ജനിച്ചത് നരേന്ദ്ര മോദിക്ക് ഒത്ത എതിരാളി; നിതീഷ് കുമാറിന്റെ അടുത്ത നോട്ടം ഇന്ദ്രപ്രസ്ഥത്തിലേക്ക്; മുലായവും മമതയും സഖ്യത്തിലേക്ക് വന്നാൽ ദേശീയ രാഷ്ട്രീയത്തിന്റെ ചിത്രം മാറും; നിതീഷ് സ്വപ്‌നം കാണാൻ പഠിപ്പിക്കുന്നത് ബിജെപി വിരുദ്ധരെ മുഴുവൻ

ബിഹാർ വിജയത്തിൽ ജനിച്ചത് നരേന്ദ്ര മോദിക്ക് ഒത്ത എതിരാളി; നിതീഷ് കുമാറിന്റെ അടുത്ത നോട്ടം ഇന്ദ്രപ്രസ്ഥത്തിലേക്ക്; മുലായവും മമതയും സഖ്യത്തിലേക്ക് വന്നാൽ ദേശീയ രാഷ്ട്രീയത്തിന്റെ ചിത്രം മാറും; നിതീഷ് സ്വപ്‌നം കാണാൻ പഠിപ്പിക്കുന്നത് ബിജെപി വിരുദ്ധരെ മുഴുവൻ

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പ് വിജയത്തോടെ നിതീഷ് കുമാർ വീണ്ടും ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം ആകുകയാണ്. നരേന്ദ്ര മോദിയോട് തുറന്നെതിർത്ത് ബിജെപി സഖ്യത്തിന് പുറത്തുപോയ നിതീഷ് കുമാർ ബിഹാറിൽ നേടിയത് ഹാട്രിക് വിജയമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യാദവപാർട്ടികൾ വിഘടിച്ചു നിന്ന് മത്സരിച്ചപ്പോൾ ജനതാദളിനെ വിജയം കൈവിട്ടിരുന്നു. എന്നാൽ, അവിടെ ഇന്നും മഹാസഖ്യമെന്ന കൂട്ടായ്മ രൂപീകരിച്ചാണ് ശക്തമായി തിരിച്ചു വന്ന നിതീഷ് കുമാർ വീണ്ടും ബിഹാറിന്റെ നായകനായിരിക്കയാണ്. ബിഹാറിന്റെ അമരക്കാരനായത് കൂടാതെ ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിക്ക് ശക്തനായ ഒരു എതിരാളി കൂടി ജനിക്കുകയായിരുന്നു അവിടെ.

വികസന നായകനെന്ന പ്രതിച്ഛായ തന്നെയാണ് നിതീഷ് കുമാറിന് ഗുണകരമായത്. നഗരകേന്ദ്രങ്ങളിൽ ബിജെപി നേട്ടം ഉണ്ടാക്കിയപ്പോൾ മഹാസഖ്യത്തെ പിന്തുണച്ചത് ഗ്രാമങ്ങൾ തന്നെയായിരുന്നു. തീർത്തും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിൽ നിന്നും ബിഹാറിലെ ഗ്രാമങ്ങളെ കൈപിടിച്ചുയർത്തിയ നേതാവായിരുന്നു നിതീഷ്. ഗ്രാമങ്ങളെ വികസിപ്പിക്കാൻ വേണ്ടി അദ്ദേഹം കൈക്കൊണ്ട നടപടികൾ തന്നെയാണ് അദ്ദേഹത്തിന്റെ സഖ്യത്തെ ബിഹാറികൾ തേരിലേറ്റാൻ കാരണം ആയതും. ബിഹാറികളെ അവഹേളിച്ചും പശുരാഷ്ട്രീയം ഉയർത്തിയുമുള്ള ബിജെപിയുടെ തന്ത്രങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണ് മഹാസഖ്യത്തിന്റെ വിജയം.

സ്വന്തമായി മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടാതെ ഹിന്ദി ഹൃദയഭൂമി എന്ന നിലയിൽ മോദിയെ മുൻനിർത്തിയുള്ള പ്രചരണങ്ങൾക്കും ഇവിടെ കനത്ത തിരിച്ചടിയേറ്റും. ബിഹാറുകാരൻ വേണോ അതോ പുറത്തുനിന്നൊരാൾ വേണോ എന്ന മുദ്രാവാക്യവും കുറിക്കു കൊണ്ടാപ്പോൾ ബിഹാറി മതിയെന്ന് വിധിയെഴുതുകയും ചെയ്തു. ഇവിടെയാണ് നിതീഷ് കുമാർ എന്ന രാഷ്ട്രീയക്കാരൻ വിജയിച്ചത്. രണ്ടാം യുപിഎ സർക്കാർ അധികാരത്തിൽ എത്തിയ വേളയിലായിരുന്നു ഗുജറാത്തിൽ നിന്നും നരേന്ദ്ര മോദിയുടെ ശബ്ദം രാജ്യം കൂടുതൽ വിലകൊടുത്തു തുടങ്ങിയത്. അന്ന് വികസന നായകന്റെ പ്രതിച്ഛായയായിരുന്നു മോദിക്ക് ഉണ്ടായത്. ഈ പ്രതിച്ഛായ കൊണ്ടാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നതും. ഇപ്പോൾ നിതീഷ് കുമാർ ബിജെപി വിരുദ്ധരായ പാർട്ടികളെ എല്ലാം മോഹിപ്പിക്കുന്നതും വികസന നായകനെന്ന പ്രതിച്ഛായ കൊണ്ടാണ്.

പട്‌നയിലെ എൻഐടിയിൽ നിന്നും എൻജിനീയറിങ് ബിരുദം നേടിയ നിതീഷ് ബിഹാർ ഇലക്ട്രിസിറ്റി ബോർഡിലെ മുൻ ഉദ്യോഗസ്ഥനുമായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായാണ് രാഷ്ട്രീയത്തിൽ വന്നത്. ലാലു പ്രസാദ് യാദവിന്റെ ഭരത്തിലുണ്ടായ വികസന മുരടിപ്പ് മാറ്റി ഗ്രാമങ്ങളിലേക്ക് വികസന വെളിച്ചം എത്തിച്ചത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു. ബിഹാറിന്റെ പ്രതിച്ഛായ തന്നെ മാറ്റാൻ അദ്ദേഹം നന്നേ പ്രയത്‌നിച്ചു. അതുകൊണ്ടാണ് വീണ്ടും ജനവിധി അനുകൂലമായത്.

കോൺഗ്രസ് തീർത്തും ക്ഷീണിച്ചിരിക്കുന്ന സാഹചര്യത്തിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിന് കീഴിൽ മോദി-ബിജെപി വിരുദ്ധർ അണി നിരന്നാൽ ദേശീയ രാഷ്ട്രീയത്തിന് പുതിയ ഹീറോയെ ലഭിക്കും എന്നകാര്യം ഉറപ്പാണ്. ഒരുകാലത്ത് കോൺഗ്രസ് വിരുദ്ധ ചേരിയെ വി പി സിങ് എന്ന നേതാവ് ഒരുമിപ്പിച്ചിരുന്നു. വി പി സിങിന്റെ ശിഷ്യനായ നിതീഷ് കുമാറിന് ഇപ്പോൾ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്. രാജീവ് ഗാന്ധിക്കെതിരെയായിരുന്നു അന്ന് വി പി സിങ് പട നയിച്ചത്. അന്ന് ഇടതുപക്ഷത്തേയും ബിജെപിയേയും ഒന്നിച്ച് ഒരുകുടക്കീഴിൽ അണിനിരത്തിയാണ് വി പി സിങ് പ്രധാനമന്ത്രി പദവം വരെ എത്തിയത്.

ആ ചരിത്രം ഇപ്പോൾ ആവർത്തിക്കാൻ നിതീഷ് കുമാറിന് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മുലായം സിംഗും മമത ബാനർജിയും ഇടതു നേതാക്കളുമായും നിതീഷിന് അടുത്ത ബന്ധമാണ് നിലവിലുള്ളത്. ഈ ബന്ധം സഖ്യരൂപത്തിലേക്ക് മാറിയാൽ സ്വാതന്ത്ര്യ സമര സേനാനിയുടെ പുത്രനായ നിതീഷിന് ദേശീയ രാഷ്ട്രീയത്തിലെ പുതിയ ഹീറോ ആകാൻ സാധിക്കും. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും നിതീഷിനെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിലാണ്.

2013 ൽ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നിതീഷ് ദ്വീർഘകാലത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചത്. ഗുജറാത്ത് കലാപത്തിന് കാരണക്കാരനായ മോദിയെ പിന്തുണക്കാനാകില്ലെന്നാണ് അന്ന് നിതീഷ് അസന്നിഗ്ധമായി വ്യക്തമാക്കിയത്. അതോടെ മോദിക്കും നിതീഷ് പ്രഖ്യാപിത ശത്രുവായി. ഈ ശത്രുതയുടെ കൂടി സാഹചര്യത്തിലാണ് ബിഹാർ തിരഞ്ഞെടുപ്പ് വിജയം വിലയ്ിരുത്തുപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബിഹാർ തൂത്തുവാരിയപ്പോൾ ഒന്നാമത്തെ പോരിൽ മോദിക്കൊപ്പമായിരുന്നു വിജയം. എന്നാൽ, അവിടെ നിന്നും ഗൃഹപാഠം ഉൾക്കൊണ്ട് പ്രവർത്തിച്ച് സഖ്യം കോർത്തിണക്കി ബിഹാറിലെ നേതാവായി വളരുകയും ചെയ്തു.

ജിതിൻ റാം മഞ്ജി മുഖ്യമന്ത്രിയാക്കിയുള്ള പരീക്ഷണം പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തെ പുറത്താക്കി വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. തുടർന്നായിരുന്നു തന്റെ ബന്ധശത്രുവായിരുന്ന ലാലു പ്രസാദ് യാദവുമായി സഖ്യത്തിലേർപ്പെട്ടത്. ഡൽഹിയിലെത്തി രാഹുൽഗാന്ധിയെ കണ്ട് കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കി. ഈ വിശാലമതേതര ചേരിയിലേക്ക് സമാജ് വാദി പാർട്ടിയേയും ഇടതുപക്ഷത്തേയും എൻ.സി.പിയേയും അണിനിരത്താൻ നിതീഷ് ശ്രമിച്ചെങ്കിലും അവർ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വേർപിരിഞ്ഞ് മൂന്നാം ചേരിയുണ്ടാക്കി. എങ്കിലും വിജയം വന്നപ്പോൾ ചിരിക്കുന്നത് നിതീഷ് തന്നെയാണ്.

എല്ലാവർക്കും സീറ്റ് നൽകിയതിലും നിതീഷ് മഹാമനസ്‌ക്കനായി നിലനിന്നു. ജെ.ഡി.യുവും ആർ.ജെ.ഡിയും 100 സീറ്റുകളിൽ വീതം മത്സരിച്ചു. 43 സീറ്റ് കോൺഗ്രസിനും നൽകിയാണ് അദ്ദേഹം താൻസഖ്യം നിലനിൽത്താൻ മിടുക്കനാണെന്ന് അദ്ദേഹം തെളിയിച്ചത്. ലാലുവിനൊപ്പം നിന്ന യാദവ-മുസ്‌ലിം വോട്ട് കോൺഗ്രസ് കൂടി ചേരുന്നതോടെ ഒന്നാകെ നിതീഷ് ഉറപ്പിച്ചു. അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിൽ മോദി തരംഗത്തെ പിടിച്ചുനിർത്തിയെങ്കിൽ ബിഹാറിൽ ബിജെപി തരംഗം നിതീഷ് എന്ന പരിചയിലും തന്ത്രത്തിലും തകർന്നു. ബിജെപിയുടെ അടുത്ത ലക്ഷ്യം അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന കേരളവും അസാമും ആകും. എന്നാൽ, ഇവിടങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന് ഭാവിയിൽ തിരിച്ചടിയേൽക്കുമെന്ന സൂചനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP