Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോട്ട് നിരോധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ദേശീയ നേതൃത്വത്തിനെതിരെയുള്ള സമീപനത്തിന്റെ ഭാഗം തന്നെ; ഉമ്മൻ ചാണ്ടിയുടെ ഇപ്പോഴത്തെ നീക്കങ്ങളെല്ലാം ദേശീയ നേതൃത്വം കണ്ണുവച്ച്; ലക്ഷ്യമിടുന്നത് രാഹുൽ വിരുദ്ധ നേതാക്കളുടെ കൂട്ടായ്മ

നോട്ട് നിരോധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ദേശീയ നേതൃത്വത്തിനെതിരെയുള്ള സമീപനത്തിന്റെ ഭാഗം തന്നെ; ഉമ്മൻ ചാണ്ടിയുടെ ഇപ്പോഴത്തെ നീക്കങ്ങളെല്ലാം ദേശീയ നേതൃത്വം കണ്ണുവച്ച്; ലക്ഷ്യമിടുന്നത് രാഹുൽ വിരുദ്ധ നേതാക്കളുടെ കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ രമേശ് ചെന്നിത്തലയ്ക്ക് യഥാർത്ഥ പ്രതിപക്ഷമാകാനാകുന്നില്ലെന്നാണ് വിമർശനം. ഇതിന് സമാനമാണ് ഡൽഹിയിലെ അവസ്ഥയും. ഒന്നും ചെയ്യാനാകാതെ നട്ടം തിരിയുകയാണ് രാഹുൽ ഗാന്ധി. മണ്ടൻ തീരുമാനങ്ങളുമായി പാർട്ടിയെ നശിപ്പിക്കുകയാണ്. ദേശീയ തലത്തിലെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും ഈ വിലയിരുത്തലുമായി നടക്കുന്നവരാണ്. എന്നാൽ ആരും ഒന്നും മിണ്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ. കേരളത്തിൽ തന്നേയും തന്റെ എ ഗ്രൂപ്പിനേയും വെട്ടുന്ന രാഹുൽ ഗാന്ധിക്ക് പണികൊടുക്കാൻ പ്രതിപക്ഷ പ്രവർത്തനം എങ്ങനെയാകണമെന്ന് തെളിയിക്കുകയാണ് ഉമ്മൻ ചാണ്ടി. ലക്ഷ്യമിടുന്നത് ദേശീയ തലത്തിലെ രാഹുൽ വിരുദ്ധ നേതാക്കളുടെ കൂട്ടായ്മായാണെന്നാണ് സൂചന.

ഇതിനായി ദേശീയ തലത്തിൽ നിറയാനാണ് ശ്രമം. ഇന്ത്യയിൽ വിലക്കു നേരിട്ട ബ്രിട്ടീഷ് കമ്പനിയായ ഡി ലാ റ്യൂവിനു പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാൻ ബിജെപി സർക്കാർ കരാർ നൽകാൻ പോകുന്നുവെന്ന തന്റെ ആരോപണത്തിനു പിന്നാലെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് ഈ കമ്പനിയുടെ പേര് അപ്രത്യക്ഷമായതു ദുരൂഹമാണെന്നു നിലപാടുമായി ഉമ്മൻ ചാണ്ടി എത്തിയത് ഇതിന്റെ ഭാഗമാണ്. മോദിക്കെതിരെ എങ്ങനെ വിമർശനം ഉയർത്തണമെന്നും കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്നും രാഹുലിനെ പഠിപ്പിച്ചു കൊടുക്കാൻ കൂടി വേണ്ടിയാണ് ഇത്. ഇതിലൂടെ മറ്റ് ദേശീയ നേതാക്കളുടെ ശ്രദ്ധയും നേടാനാകുമെന്ന് ഉമ്മൻ ചാണ്ടി കരുതുന്നു. ഇതിന് വേണ്ടിയാണ് നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിനെ വെട്ടിലാക്കുന്ന നടപടികളെടുക്കുന്നത്.

ഇന്ത്യയിലെയും വിദേശത്തെയും നോട്ടുകൾ അച്ചടിക്കാൻ മഹാരാഷ്ട്രയിൽ 700 കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിക്കാൻ ഡി ലാ റ്യൂ കമ്പനിക്കു 10 ഏക്കർ ബിജെപി സർക്കാർ അനുവദിച്ചു കരാർ ഒപ്പിട്ട വിവരം തന്റെ ആരോപണങ്ങൾക്കു പിന്നാലെ പുറത്തു വന്നെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. നോട്ട് അച്ചടി വിദേശ കമ്പനിക്കു നൽകുന്നതിനെതിരെ പാർലമെന്റിന്റെ പബ്ലിക് അണ്ടർടേക്കിങ്‌സ് കമ്മിറ്റി 2013ൽ സമർപ്പിച്ച ശുപാർശകൾക്കു വിരുദ്ധമായുള്ള ഈ നീക്കം വൻ അഴിമതി ലക്ഷ്യമിട്ടാണെന്നും അടിയന്തര അന്വേഷണം വേണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കു കത്തയച്ചു. ഇത് ദേശീയ മാദ്ധ്യമങ്ങളും വാർത്തയാക്കി. നോട്ട് നിരോധനത്തിൽ മോദിക്കെതിരെ ക്രിയാത്മകമായി അഞ്ഞെടിച്ച ഏക നേതാവ് ഉമ്മൻ ചാണ്ടിയാണെന്നതാണ് വസ്തുത. രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ഉയർത്തിയ അഴിമതി ആരോപണം നനഞ്ഞ പടക്കമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മോദിക്കെതിരെ അഴിമതിയുടെ പരോക്ഷ സൂചനകളുള്ള കൃത്യമായ ആക്രമണം ഉമ്മൻ ചാണ്ടി നടത്തുന്നത്.

1997-98 കാലത്ത് 100, 500 രൂപയുടെ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള 360 കോടി നോട്ടുകൾ അച്ചടിക്കാൻ ഡി ലാ റ്യൂ ഉൾപ്പെടെ മൂന്നു വിദേശ കമ്പനികൾക്കു കരാർ നൽകിയിരുന്നെങ്കിലും ഇത്തരം വിദേശ കരാറുകൾ തീവ്രവാദികളിലേക്കും കുറ്റവാളികളിലേക്കും പണം എത്തുന്നതിനു കാരണമാകുമെന്നു കണ്ട് ഒഴിവാക്കിയിരുന്നു. ഭാവിയിൽ ഇന്ത്യൻ കറൻസി അച്ചടി വിദേശ കമ്പനികളെ ഏൽപിക്കരുതെന്നു പാർലമെന്റ് സമിതിയും ശുപാർശ നൽകി. ഡി ലാ റ്യൂവിനു കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയെന്നും വിവരമുണ്ട്. എന്നാൽ, ബിജെപി സർക്കാർ എത്തിയതോടെ മെയ്‌ക് ഇൻ ഇന്ത്യ അടക്കം പദ്ധതികളിൽ പങ്കാളിയായി രംഗപ്രവേശം ചെയ്ത ഈ കമ്പനി നവംബർ ഏഴു മുതൽ ഒൻപതു വരെ ഡൽഹിയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ സ്‌പോൺസർമാരിൽ ഒരാളായിരുന്നു-ഇങ്ങനെ പോകുന്നു ഉമ്മൻ ചാണ്ടിയുടെ ആരോപണം

ഇതു തെളിയിക്കുന്ന വെബ്‌സൈറ്റിന്റെ പകർപ്പ് കഴിഞ്ഞ 31നു താൻ പുറത്തുവിട്ടതിനു പിന്നാലെയാണു സൈറ്റിൽ നിന്നു പേജ് അപ്പാടെ മാറ്റിയത്. കേന്ദ്ര ധനമന്ത്രി ആരോപണം നിഷേധിച്ചപ്പോൾ, കമ്പനിയുമായി സഹകരിച്ച കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും വ്യവസായ വാണിജ്യ വകുപ്പും മിണ്ടിയിട്ടില്ല. കേന്ദ്ര സർക്കാരും ഡി ലാ റ്യൂ കമ്പനിയും തമ്മിൽ സാമ്പത്തിക സഹകരണം ഉണ്ടായിട്ടുണ്ടോ എന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ആരോപണങ്ങൾ കോൺഗ്രസ് ദേശീയതലത്തിൽ ഏറ്റെടുക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന്, ആരോപണം ആര് ഉന്നയിക്കുന്നു എന്നതല്ല എന്ത് ഉന്നയിക്കുന്നു എന്നതാണു പ്രധാനമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കോൺഗ്രസ് ദേശീയതലത്തിൽ വിഷയം ഉന്നയിക്കുമെന്നു നോട്ട് പിൻവലിക്കൽ പദ്ധതിക്കെതിരായ പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി കൂടിയായ കെ.വി.തങ്കബാലു പ്രതികരിക്കുകയും ചെയ്തു.

ഡിസിസി പ്രസിഡന്റുമാരുടെ വീതം വയ്‌പ്പിൽ ഉടക്ക് ശക്തമായതോടെയാണ് ഉമ്മൻ ചാണ്ടി കരുനീക്കവുമായി എത്തിയത്. എ ഗ്രൂപ്പിനെ പൂർണ്ണമായും തഴഞ്ഞാണ് രാഹുൽ ഗാന്ധി കേരളത്തിലെ ലിസ്റ്റ് പ്രഖ്യാപിച്ചത്. ഇതോടെയാണ് ഉമ്മൻ ചാണ്ടി സ്വന്തം വഴിക്ക് യാത്ര തുടങ്ങിയത്. ഇനി കോൺഗ്രസുമായി വേദി പങ്കിടാനില്ലെന്ന കടുത്ത നിലപാടും എടുത്തു. കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയോഗം പോലും പ്രതിസന്ധിയിലായി. എന്നാൽ യുഡിഎഫ് വേദികളിൽ സജീവവുമാണ്. മുസ്ലിം ലീഗിനേയും മറ്റ് ചെറു കക്ഷികളേയും ഒപ്പം നിർത്തി യുഡിഎഫിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ വെട്ടാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വത്തെ വെല്ലുവിളിക്കുന്ന നിലപാടും നടപടികളും എടുക്കുന്നത്. നോട്ട് നിരോധനത്തിൽ കേന്ദ്ര നേതൃത്വം പോലും ഉന്നയിക്കാത്ത ഗൗരവമായ വിഷയങ്ങൾ ഉയർത്തുന്നതും അതുകൊണ്ട് തന്നെയാണ്. രാഹുൽ ഗാന്ധിയോട് അതൃപ്തിയുള്ള കേന്ദ്ര നേതാക്കളുമായും ഉമ്മൻ ചാണ്ടി സംസാരിക്കുന്നുണ്ട്.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണ്ണായകമാണ്. ഇവിടെ പാർട്ടിക്ക് സമ്പൂർണ്ണ പരാജയമുണ്ടാകുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. ഗോവയിലും ഭരണം പിടിക്കാൻ കഴിയില്ല. പഞ്ചാബിലെ കോൺഗ്രസ് നേതൃത്വം രാഹുൽ ഗാന്ധിയോട് അടുപ്പമുള്ളവരല്ല. അതുകൊണ്ട് തന്നെ ഇവിടെ കോൺഗ്രസ് വിജയിച്ചാലും രാഹുൽ വിരുദ്ധ വികാരം ആളിക്കത്തിക്കാനാകും. മണിപ്പൂരിൽ മാത്രമാണ് പ്രതീക്ഷ. വടക്ക് കിഴക്കൻ സംസ്ഥാന പാർട്ടിയായി കോൺഗ്രസിനെ രാഹുൽ ഇല്ലായ്മ ചെയ്യുമെന്ന ചർച്ച സജീവമാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. കേരളത്തിൽ തന്റെ വാക്കിന് വില നൽകാത്ത കോൺഗ്രസ് ഉപാധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള സാഹചര്യം ഒരുക്കിയെടുക്കുകയാണ് മുൻ മുഖ്യമന്ത്രി. കേരളത്തിലെ എ ഗ്രൂപ്പ് മുഴുവൻ ഉമ്മൻ ചാണ്ടിയുടെ പിന്നിലുണ്ട്.

കേരളത്തിലെ കോൺഗ്രസിലെ അണികളും രാഹുലിന്റെ നിലപാടുകളെ സംശയത്തോടെയാണ് കാണുന്നത്. യുപി തെരഞ്ഞെടുപ്പിന് ശേഷം ഈ അതൃപ്തി കൂടും. ഇതും എ ഗ്രൂപ്പിന്റെ അക്കൗണ്ടിലെത്തിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP