Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാ'..! ചാണക്യതന്ത്രങ്ങളുടെ രാജാവായ ഉമ്മൻ ചാണ്ടിയുടെ ചൂണ്ടയിൽ മുരളീധരൻ കുടുങ്ങിയതോ? ഉണ്ണിത്താനെ നേരിടാൻ കെ സി ജോസഫു പോലും ഇറങ്ങാത്തതിൽ കോൺഗ്രസുകാർക്കു തന്നെ സംശയം; ഉമ്മൻ ചാണ്ടി ആരാധകരാരും രംഗത്തില്ല; തിരക്കഥയിൽ ഇനിയും സസ്‌പെൻസ് ഒളിപ്പിച്ച് എ വിഭാഗം

'പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാ'..! ചാണക്യതന്ത്രങ്ങളുടെ രാജാവായ ഉമ്മൻ ചാണ്ടിയുടെ ചൂണ്ടയിൽ മുരളീധരൻ കുടുങ്ങിയതോ? ഉണ്ണിത്താനെ നേരിടാൻ കെ സി ജോസഫു പോലും ഇറങ്ങാത്തതിൽ കോൺഗ്രസുകാർക്കു തന്നെ സംശയം; ഉമ്മൻ ചാണ്ടി ആരാധകരാരും രംഗത്തില്ല; തിരക്കഥയിൽ ഇനിയും സസ്‌പെൻസ് ഒളിപ്പിച്ച് എ വിഭാഗം

തിരുവനന്തപുരം: കെ കരുണാകരനുശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തന്ത്രശാലിയായ നേതാവ് ആരെന്നു ചോദിച്ചാൽ ഏതൊരു രാഷ്ട്രീയ നിരീക്ഷകനും കണ്ണുമടച്ചു പറയും. 'അത് ഉമ്മൻ ചാണ്ടി തന്നെ'. കൂടെ നിൽക്കുന്നവർക്കെന്നും ആശ്രിതവൽസലനായ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തേരോട്ടത്തിനു പിന്നിൽ ചാണക്യതന്ത്രങ്ങളുടെ ഉസ്താദ് ആയിരുന്ന സാക്ഷാൽ കെ കരുണാകരൻതന്നെ കടപുഴകി വീണ കഥ കേരളീയർക്ക് അറിയാം.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടപ്പോൾ, അതിന്റെ കുറ്റം സ്വയം ഏറ്റെടുത്ത്, നേതൃപദവികളിൽനിന്നൊഴിഞ്ഞ് മാറിനിന്ന ഉമ്മൻ ചാണ്ടി കുറ്റബോധത്താൽ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്ന് ചിന്തിക്കാൻ ആരും തയാറായിട്ടില്ല. 'പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാ'- എന്ന പ്രയോഗംപോലെയാണ് ഉമ്മൻ ചാണ്ടിയുടെ പിന്മാറ്റം എന്നുതന്നെ എല്ലാവരും ഉറപ്പിച്ചിരുന്നു.

അതിപ്പോൾ സത്യമാകുകയാണ്. ആറുമാസത്തോളമായി നേരിട്ടു രംഗത്തുവരാതെ, എല്ലാവരിൽനിന്നും ഒഴിഞ്ഞുജീവിച്ച മുന്മുഖ്യമന്ത്രി ഇപ്പോൾ വീണ്ടും അങ്കം കുറിച്ചിരിക്കുകയാണ്. പക്ഷേ, പഴയതുപോലെ ഇക്കുറി നേരിട്ടല്ല. സ്ഥിരം പോരാളികളെയെല്ലാം കരയ്ക്കിരുത്തി, എതിർചേരിയിലെ തണ്ടുംതടിയും, തിണ്ണമിടുക്കുമുള്ള ഉശിരൻ പോരാളിയെത്തന്നെ തന്നോടൊപ്പം ചേർത്തുപിടിച്ച് അദ്ദേഹം രംഗത്തിറക്കിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയോടൊപ്പം എന്നും ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന കെ മുരളീധരൻ ഉമ്മൻ ചാണ്ടിക്കുവേണ്ടി പോരാട്ടത്തിനിറങ്ങുമ്പോൾ അതിന്റെ പിന്നിലെ തിരക്കഥയിൽ എന്തെല്ലാം സസ്‌പെൻസുകൾ ഒളിഞ്ഞിരിപ്പുണ്ടെന്നു ചിന്തിക്കാൻ പ്രമുഖ ഗ്രൂപ്പ് നേതാക്കൾക്കുപോലും കഴിയുന്നില്ല.

എന്തായാലും കരുണാകരനൊപ്പം, പിന്നീട് ചെന്നിത്തലയ്‌ക്കൊപ്പം ഐ ഗ്രൂപ്പിന്റെ പോരാളിയായി വളർന്ന്, പിന്നീട് നല്ലനടപ്പ് പ്രഖ്യാപിച്ച മുരളീധരനെ ഉമ്മൻ ചാണ്ടി വശത്താക്കിയതിനു ിന്നിൽ ഒന്നൊന്നര ലക്ഷ്യങ്ങൾ ന്നെയുണ്ടെന്ന് എല്ലാവരും ഉറപ്പിച്ചുകഴിഞ്ഞു. കെ മുരളീധരന്റെ ഒറ്റ പ്രസംഗംകൊണ്ടുതന്നെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. തുടർന്ന് ഉണ്ണിത്താനും, മുരളിയും തമ്മിലുള്ള അടി തെരുവിലെത്തി നിൽക്കുകയാണ്. അതുതന്നെയാണ് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചതും.

കെ സി ജോസഫ്, ടി സിദ്ദിഖ് എന്നിവരേപ്പോലുള്ള തന്റെ സ്ഥിരം പോരാളികൾക്ക് ഇത്രയും ശക്തിയില്ലെന്നു മനസിലാക്കിയാണ് ഉമ്മൻ ചാണ്ടി കെ മുരളീധരനെ രംഗത്തിറക്കിയതെന്നാണ് സൂചന. മുരളി പറഞ്ഞപ്പോൾ കൊള്ളേണ്ടവർക്കുകൊണ്ടു. ഡിസിസി പുനഃസംഘടനയിലൂടെ അജയ്യനായി നിലകൊണ്ട സുധീരന്റെ നേർക്കാണ് മുരളി അമ്പെയ്തത്. സോളാർകേസിൽ ഉമ്മൻ ചാണ്ടിക്കുവേണ്ടി അടിയുറച്ചു പോരാടിയ എ ഗ്രൂപ്പ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ സുധീരണനുവേണ്ടി മുരളീധരൻ തൊടുത്ത അമ്പ് ഏറ്റുവാങ്ങിയപ്പോൾ എല്ലാരും ഞെട്ടി.

ഞെട്ടൽ മാറുംമുമ്പേ, ഉമ്മൻ ചാണ്ടിയെ കടന്നാക്രമിച്ച് ഉണ്ണിത്താന്റെ അടുത്ത പ്രകടനവും വന്നതോടെയാണ് കാര്യങ്ങളുടെ പോക്ക് കേരളീയർക്ക് മനസിലായത്. ഉമ്മൻ ചാണ്ടിയുടെ ആളായിരുന്ന ഉണ്ണിത്താൻ സുധീരന്റെയാളും, സുധീരനോട് അടുപ്പമുണ്ടായിരുന്ന മുരളീധരൻ ഉമ്മൻ ചാണ്ടിയുടെ ആളുമായി മാറിയിരിക്കുന്നു.

എന്തും വിളിച്ചുപറയാൻ അറപ്പില്ലാത്ത ഉണ്ണിത്താനെ രക്ഷിക്കാൻ ആരും എത്തിയില്ല. പക്ഷേ മുരളീധരനെ അനുകൂലിച്ച് പലരും ഒളിഞ്ഞുംതെളിഞ്ഞും രംഗത്തുവരുന്നുണ്ട്. തന്റെ അടുത്ത പോരാളിയായി ഉമ്മൻ ചാണ്ടി മുരളീധരനെ ഉയർത്തിക്കൊണ്ടുവരുന്നുവെന്നുതന്നെയാണ് കോൺഗ്രസിനുള്ളിലെയും, പുറത്തേയും കണക്കുകൂട്ടൽ. കേരളത്തിലെ പോര് മൂർച്ഛിക്കുകയാണെന്ന് മനസിലാക്കി ഹൈക്കമാൻഡ് ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. പോര് ഉണ്ണിത്താനും, മുരളിയും തമ്മിലല്ലെന്നും സുധീരനും, ഉമ്മൻ ചാണ്ടിയും തമ്മിലാണെന്നും ദേശീയനേതൃത്വം മനസിലാക്കിക്കഴിഞ്ഞു.
ഈ പോര് ഇല്ലാതാക്കാനുള്ള ഇടപെടലുമായി കേന്ദ്രനേതൃത്വം രംഗത്തുവരുമ്പോഴാണ് സാക്ഷാൽ ഉമ്മൻ ചാണ്ടി അവതരിക്കുന്നത്.

ഡിസിസി മുതൽ, കെപിസിസിവരെ ഒരു പൊളിച്ചെഴുത്ത് ഉടനുണ്ടാകുമെന്നുതന്നെയാണ് സൂചന. അതിൽ ഉമ്മൻ ചാണ്ടിക്കുതന്നെ മുൻതൂക്കം ലഭിക്കുമെന്നും പലരും കരുതുന്നു. ഒറ്റയാനെന്നു വിശേഷിപ്പിക്കപ്പെടുന്ന സുധീരനേക്കാൾ, എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകാൻ കഴിവുള്ള ഉമ്മൻ ചാണ്ടിയെ പ്രീതിപ്പെടുത്താനാകും സോണിയാ ഗാന്ധിയും, എ കെ ആന്റണിയും ഉൾപ്പെടെയുള്ളവർ ശ്രമിക്കുക. അങ്ങനെയെങ്കിൽ സുധീരനുപകരം കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് കെ മുരളീധരന്റെ പേര് ഉമ്മൻ ചാണ്ടി നിർദ്ദേശിക്കുമെന്നും എ ഗ്രൂപ്പുകാർ പറയുന്നു.

ഗ്രൂപ്പ് രാഷ്ട്രീയത്തിനില്ലെന്നുപറഞ്ഞ് കോൺഗ്രസിലേക്കു മടങ്ങിയെത്തിയ മുരളീധരൻ പിന്നീട് ഐ ഗ്രൂപ്പിനുവേണ്ടി ശബ്ദിച്ചു. പക്ഷേ, കാര്യമായ ഗുണമൊന്നും ലഭിച്ചില്ല. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐഗ്രൂപ്പ് ശോഷിക്കുന്നതിന്റെ ലക്ഷണം മനസിലാക്കിയാണ് മുരളി എ ഗ്രൂപ്പിലേക്ക് ചേക്കേറുന്നതെന്നും കരുതപ്പെടുന്നു. 'സിപിഐ- എം തന്നെ ഭരണപക്ഷവും, സിപിഐ- എം തന്നെ പ്രതിപക്ഷവും'-- എന്ന മുരളിയുടെ ആരോപണം ചെന്നിത്തലയ്ക്കുകൂടിയുള്ള മറുപടിയാണെന്ന് വ്യക്തമായിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP