Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരഞ്ഞെടുപ്പിലൂടെ ഉമ്മൻ ചാണ്ടിയെ പ്രസിഡന്റാക്കാൻ ആലോചിച്ച് എ ഗ്രൂപ്പ്; ഉമ്മൻ ചാണ്ടി വിരുദ്ധരെ ആരെയെങ്കിലും പദവിയിൽ എത്തിക്കാൻ ഐ ഗ്രൂപ്പും; സംഘടനാ തെരഞ്ഞെടുപ്പ് എങ്കിലും തന്റെ നേതൃത്വത്തിൽ നടത്തണമെന്ന് ആഗ്രഹിച്ച് കസേരയിൽ കടിച്ചു തൂങ്ങാൻ ശ്രമം നടത്തി ഹസ്സനും; മലപ്പുറം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിൽ ഉഗ്രൻ വടംവലി

തെരഞ്ഞെടുപ്പിലൂടെ ഉമ്മൻ ചാണ്ടിയെ പ്രസിഡന്റാക്കാൻ ആലോചിച്ച് എ ഗ്രൂപ്പ്; ഉമ്മൻ ചാണ്ടി വിരുദ്ധരെ ആരെയെങ്കിലും പദവിയിൽ എത്തിക്കാൻ ഐ ഗ്രൂപ്പും; സംഘടനാ തെരഞ്ഞെടുപ്പ് എങ്കിലും തന്റെ നേതൃത്വത്തിൽ നടത്തണമെന്ന് ആഗ്രഹിച്ച് കസേരയിൽ കടിച്ചു തൂങ്ങാൻ ശ്രമം നടത്തി ഹസ്സനും; മലപ്പുറം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിൽ ഉഗ്രൻ വടംവലി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോരിന്റെ സാഹചര്യം തെളിയുന്നു. ഉമ്മൻ ചാണ്ടിയെ പ്രസിഡന്റാക്കാൻ കരുക്കൾ നീക്കുന്ന എ ഗ്രൂപ്പിന് വ്യക്തമായ മുൻതൂക്കം കോൺഗ്രസിലുണ്ട്. ഇതിന് മാറ്റമുണ്ടാക്കാനുള്ള സാധ്യതയാണ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും നടത്തുന്നത്. കടുത്ത മത്സരം ഒഴിവാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് എന്ന സമീപനമാണു ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. ഇത് ഐ ഗ്രൂപ്പ് അംഗീകരിക്കുമോ എന്നതാണ് പ്രശ്‌നം. ഉമ്മൻ ചാണ്ടിയെ പ്രസിഡന്റാക്കുന്നതിനോട് കോൺഗ്രസ് ഹൈക്കമാണ്ടിന് താൽപ്പര്യമാണുള്ളത്. ഇത് മനസ്സിലാക്കിയ ഐ ഗ്രൂപ്പ് കരുതലോടെയാണ് ഇപ്പോൾ നീങ്ങുന്നത്. കെപിസിസി അധ്യക്ഷനെ സമാവയത്തിലൂടെ മാത്രമേ നിയമിക്കാൻ ഹൈക്കമാണ്ട് അനുവദിക്കൂവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ഇന്നു ചേരുന്ന കോൺഗ്രസ് നേതൃയോഗം കേരളത്തിലെ ഇതിന്റെ നടത്തിപ്പിനെക്കുറിച്ചു പ്രാരംഭ ചർച്ചകൾ നടത്തും. എം.എം.ഹസനെ ഇടക്കാല അധ്യക്ഷനായി നിയോഗിച്ചശേഷമുള്ള ആദ്യ കെപിസിസി നേതൃയോഗമാണ് ഇന്നത്തേത്. ഭാരവാഹികളെയും പോഷകസംഘടനാ നേതാക്കളെയും കൂടാതെ രാഷ്ട്രീയകാര്യസമിതി അംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരുടെ യോഗവും നടക്കും. മെയ്‌ ഒന്നുമുതൽ അംഗത്വവിതരണവും ഒക്ടോബറിനകം സംഘടനാ തിരഞ്ഞെടുപ്പും പൂർത്തിയാക്കാനാണ് നീക്കം. വി എം. സുധീരൻ സ്ഥാനമൊഴിഞ്ഞപ്പോൾ മുതിർന്ന വൈസ് പ്രസിഡന്റ് എന്നനിലയിൽ എം.എം. ഹസ്സന് കെപിസിസി. പ്രസിഡന്റിന്റെ ചുമതല നൽകി. മലപ്പുറം ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തത്കാലത്തേക്കാണ് ചുമതല നൽകുന്നതെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഹസനെ മാറ്റണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖനാണ് ഹസ്സൻ. അതുകൊണ്ട് തന്നെ താഴെ തട്ടിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് എ ഗ്രൂപ്പിന് മേധാവിത്വം ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ ആവശ്യം.

മലപ്പുറത്ത് വോട്ടെടുപ്പ് കഴിഞ്ഞയുടനെത്തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും എം.എം. ഹസ്സനുമായും ഹൈക്കമാൻഡ് ചർച്ച നടത്തി. ഉമ്മൻ ചാണ്ടിയെയും വി എം. സുധീരനെയും ഡൽഹിക്കും വിളിപ്പിച്ചു. ഹസ്സൻ അധ്യക്ഷനായിരിക്കെതന്നെ സംഘടനാതിരഞ്ഞെടുപ്പ് നടക്കട്ടെയെന്ന നിർദ്ദേശമാണ് എ ഗ്രൂപ്പ് മുന്നോട്ടുവെയ്ക്കുന്നത്. ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നാണ് ഐ പക്ഷത്തിന്റെ നിർദ്ദേശം. രണ്ടുസാധ്യതകളാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നത്. സംഘടനാതിരഞ്ഞെടുപ്പിന് തീയതി നിശ്ചയിച്ചിരിക്കെ ഹസ്സനെ മാറ്റാതെതന്നെ തിരഞ്ഞെടുപ്പിലേക്ക് പോകുക, അല്ലെങ്കിൽ ഹസ്സനെ മാറ്റി പ്രസിഡന്റാക്കാൻ ഉദ്ദേശിക്കുന്നയാളെ നിയമിക്കുകയും തിരഞ്ഞെടുപ്പ് സമവായത്തോടെ നടത്തുകയും ചെയ്യുക. അങ്ങനെയെങ്കിൽ ഉടൻ ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനാകും. എന്നാൽ ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി ഇനിയും മനസ്സ് തുറന്നിട്ടില്ല.

കോൺഗ്രസിൽ എ ഗ്രൂപ്പിന് പ്രസക്തി കുറയുകാണെന്ന തോന്നാൽ ഉമ്മൻ ചാണ്ടി പക്ഷ നേതാക്കൾക്കുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഹൈക്കമാണ്ട് സമവായത്തിലൂടെ പ്രസിഡന്റിനെ നിയോഗിക്കുകയും അയാൾ എ ഗ്രൂപ്പുകാരനല്ലാതാവുകയും ചെയ്താൽ പ്രതിസന്ധി മൂക്കും. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി പ്രസിഡന്റാകാമെന്ന് പറഞ്ഞാൽ മറ്റാരേയും ഹൈക്കമാണ്ട് പരിഗണിക്കില്ല. ഇതോടെ പാർട്ടി എ ഗ്രൂപ്പിലേക്ക് വരികയും ചെയ്യും. എ ഗ്രൂപ്പിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവരുടെ ഈ ആവശ്യം ഉമ്മൻ ചാണ്ടിയും അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റാകാമെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. ഹസ്സൻ തുടരട്ടേയെന്നും അദ്ദേഹം പറയുന്നു. സംഘടനാ തെരഞ്ഞെടുപ്പ് വരെയെങ്കിലും താൻ അധ്യക്ഷനായിക്കൊള്ളാമെന്ന ഹസ്സന്റെ താൽപ്പര്യം കൂടി തിരിച്ചറിഞ്ഞാണ് ഇത്. എന്നാൽ ഇത് ദോഷമാകുമെന്ന അഭിപ്രായം എ ഗ്രൂപ്പിൽ തന്നെയുണ്ട്.

ഉടൻ പ്രസിഡന്റാകാൻ ഉമ്മൻ ചാണ്ടി വിസമ്മതിക്കുകയും പകരം സ്ഥിരം പ്രസിഡന്റായി മറ്റാരെങ്കിലും വരികയും ചെയ്താൽ അത് സംഘടനാ തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. മെയ്‌ ഒന്നുമുതൽ അംഗത്വവിതരണവും ഒക്ടോബറിനകം സംഘടനാ തിരഞ്ഞെടുപ്പും പൂർത്തിയാക്കാനാണ് നീക്കം. ഇതിൽ ബ്ലോക്ക് തലവരെയെങ്കിലും തെരഞ്ഞെടുപ്പ് ഉറപ്പാണ്. കെപിസിസി അധ്യക്ഷൻ മറുപക്ഷത്ത് നിന്നുള്ള നേതാവാണെങ്കിൽ അത് തിരിച്ചടിയാകും. അതിനാൽ ഉടൻ ഉമ്മൻ ചാണ്ടി പ്രസിഡന്റാകണമെന്നാണ് ആവശ്യം. കേരളത്തിൽ എഐ വിഭാഗങ്ങൾ പൊതുവെ ഐക്യത്തോടെയാണു മുന്നോട്ടു പോയിരുന്നതെങ്കിലും കെഎസ്‌യു തിരഞ്ഞെടുപ്പ് അതിൽ വിടവുണ്ടാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും വി എം.സുധീരനും ഇതിനായി ഡൽഹിക്കു തിരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചർച്ച പൂർത്തിയാക്കി മടങ്ങി. ഈ ചർച്ചകളാകും ഇനി നിർണ്ണായകമാവുക.

പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽതന്നെ തിരഞ്ഞെടുപ്പു നടത്തണമെന്നു വാദിക്കുന്നവരുമുണ്ട്. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. കെ.എസ്.യു. തിരഞ്ഞെടുപ്പിൽ എ, ഐ വിഭാഗങ്ങൾ ധാരണയ്ക്കായി പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ഒടുവിൽ മത്സരിക്കുകയായിരുന്നു. അവസാനവട്ടം എ ഗ്രൂപ്പ് ചർച്ചയിൽനിന്ന് പിന്മാറിയതാണ് മത്സരം അനിവാര്യമാക്കിയതെന്ന് ഐ പക്ഷം കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പനുഭവത്തിന്റെ വെളിച്ചത്തിൽ പരമാവധി അംഗങ്ങളെ ചേർക്കാനുള്ള ശ്രമത്തിലാണ് ഇരുഗ്രൂപ്പുകളും. കെ.എസ്.യു. തിരഞ്ഞെടുപ്പോടെ ഗ്രൂപ്പുകൾ തമ്മിലുണ്ടായിരുന്ന യോജിപ്പും ഇല്ലാതായി. എ ഗ്രൂപ്പിന് വൻ മേധാവിത്വമാണ് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. കെപിസിസി അധ്യക്ഷനായി സ്വന്തം ആളെ ജയിപ്പിച്ച് വീണ്ടും കരുത്ത് കാട്ടണമെന്ന ആഗ്രഹം ചെന്നിത്തലയ്ക്കുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് പകരമൊരു പേരിനെ കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല.

കെ മുരളീധരൻ, കെ സുധാകരൻ, കെ സി വേണുഗോപാൽ തുടങ്ങിയവരെല്ലാം കെപിസിസി പ്രസിഡന്റ് പദമോഹികളാണ്. ഇവരിൽ നിന്ന് ഒരാളെ അധ്യക്ഷനാക്കാൻ സമവായത്തിലൂടെ തീരുമാനമെടുക്കുക വെല്ലുവിളിയാണ്. ഉമ്മൻ ചാണ്ടിയെ സംഘടനാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാവുന്ന മുഖത്തിനായുള്ള അന്വേഷണത്തിലാണ് ചെന്നിത്തല. അതിനിടെ ഐ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കാൻ എ ഗ്രൂപ്പ് നടത്തുന്ന ശ്രമങ്ങളും ചെന്നിത്തല തിരിച്ചറിയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP