Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാമോഹങ്ങൾ നൽകി ലിംഗായത്തുകളെ കോൺഗ്രസ് വഞ്ചിച്ചു: അവർ കരുനീക്കിയത് വൊക്കലിംഗക്കാരനായ കുമാരസ്വാമിയെ നേതാവാക്കാൻ; ബസവേശ്വരയുടെ മഹത്വം തിരിച്ചറിഞ്ഞത് മോദി മാത്രം; സമുദായംഗമായ യദ്യൂരപ്പയ്ക്കായി ബിജെപി ഇറക്കുന്നത് സിദ്ധരാമയ്യയുടെ അതേ തന്ത്രം; കൈപ്പത്തിയിൽ ജയിച്ച ലിംഗായത്തുകൾക്ക് വാഗ്ദാനപ്പെരുമഴ; 'ഓപ്പറേഷൻ താമരയിൽ' അമിത് ഷാ ഒളിപ്പിക്കുന്നത് പണമിറക്കിയുള്ള കളി തന്നെ

വ്യാമോഹങ്ങൾ നൽകി ലിംഗായത്തുകളെ കോൺഗ്രസ് വഞ്ചിച്ചു: അവർ കരുനീക്കിയത് വൊക്കലിംഗക്കാരനായ കുമാരസ്വാമിയെ നേതാവാക്കാൻ; ബസവേശ്വരയുടെ മഹത്വം തിരിച്ചറിഞ്ഞത് മോദി മാത്രം; സമുദായംഗമായ യദ്യൂരപ്പയ്ക്കായി ബിജെപി ഇറക്കുന്നത് സിദ്ധരാമയ്യയുടെ അതേ തന്ത്രം; കൈപ്പത്തിയിൽ ജയിച്ച ലിംഗായത്തുകൾക്ക് വാഗ്ദാനപ്പെരുമഴ; 'ഓപ്പറേഷൻ താമരയിൽ' അമിത് ഷാ ഒളിപ്പിക്കുന്നത് പണമിറക്കിയുള്ള കളി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: ലിംഗായത്തുകൾക്ക് മതപദവി നൽകി ഒപ്പം നിർത്താനായിരുന്നു സിദ്ധരാമ്മയയുടെ ശ്രമം. ലിഗായത്തുകളുടെ നേതാക്കൾ പരസ്യമായി തന്നെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ബിജെപി 50 സീറ്റ് പോലും കടക്കില്ലെന്ന വിലയിരുത്തലെത്തി. ലണ്ടൻ സന്ദർശനത്തിനിടെ ലിംഗായത്തുകളുടെ ആത്മീയാചാര്യനായ ബസവേശ്വരയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി മോദി ഈ തന്ത്രം പൊളിച്ചു. ലിംഗായത്ത് മേഖലയിൽ എല്ലാം വലിയ മുന്നേറ്റം ബിജെപി സ്വന്താക്കുകയും ചെയ്തു. ഈ വികാരം തന്നെയാണ് അധികാരത്തിലെത്താനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രയോഗിക്കുന്നത്. കോൺഗ്രസുകാരായ ലിംഗായത്തുകളെ മുഴുവൻ മറുകണ്ടം ചാടിക്കാനുള്ള തന്ത്രം. വൊക്കിലംഗക്കാരനായ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണോ അതോ സ്വന്തം സമുദായ അംഗമായ യുദൂരിയപ്പയെ നേതാവായി കാണണമോ എന്ന നിർണ്ണായക ചോദ്യമാണ് അമിത് ഷാ ഉയർത്തുന്നത്. മറുകണ്ടം ചാടിയെത്തുന്നവർക്ക് എല്ലാ സംവിധാനങ്ങളും ബിജെപി ദേശീയ അധ്യക്ഷൻ ഉറപ്പു നൽകുന്നു.

ലിംഗായത്തുകളുമായി കോൺഗ്രസിനെ അടുപ്പിച്ച സിദ്ധരാമ്മയയുടെ ചാണക്യബുദ്ധി ഇപ്പോൾ അവർക്ക് വിനയാവുകയാണ്. ലിംഗായത്തുകളെ കൂടെ നിർത്താൻ അവരുടെ ആചാര്യന്മാർ പറഞ്ഞവർക്ക് പോലും മത്സരിക്കാൻ സീറ്റ് നൽകി. അവരിൽ പലരും ജയിച്ചിട്ടുണ്ട്. ഇവർക്ക് കൂറ് സിദ്ധരാമയ്യരോടും ലിംഗായത്ത് ആചാര്യന്മാരോടും മാത്രമാണ്. മതപദവിയിൽ മയങ്ങി വീണ ലിംഗായത്തുകൾക്ക് ഇനി അതൊരിക്കലും നടക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇനി അംഗീകാരം വേണമെങ്കിൽ കേന്ദ്രസർക്കാരിന്റെ പിന്തുണയും വേണം. ഇത് നൽകാൻ ലിംഗായത്ത് എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനാണ് ശ്രമം. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഇവർ നിയമസഭയിലെത്തി ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്താൽ അയോഗ്യത വരും. അതിനാൽ നിയമസഭയിൽ ഇവരെ എത്തിക്കാതെ ഭൂരിപക്ഷം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതായത് ഇവരെല്ലാം എംഎൽഎസ്ഥാനം രാജിവയ്ക്കും.

നിലവിൽ 222 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇനി രണ്ടിടത്ത് വോട്ടെടുപ്പ് നടക്കാനുണ്ട്. 104 അംഗങ്ങളുടെ വിജയം ഔദ്യോഗികമായി. ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലത്തിൽ ഫലം തടഞ്ഞുവച്ചിരിക്കുന്നു. ഇതും ബിജെപിക്ക് അനുകൂലമാണ്. അങ്ങനെ 105 അംഗങ്ങൾ. രണ്ടിടത്ത് കൂടി ജയിച്ചാൽ അംഗബലം 107 ആകും. 224അംഗ സഭയിൽ 113 പേരുണ്ടെങ്കിൽ കേവല ഭൂരിപക്ഷമാകും. ഒ സ്വതന്ത്രന്റെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി വേണ്ടത് 5 അംഗങ്ങളുടെ പിന്തുണയാണ്. ഇതിന് വേണ്ടി 10 പേരെ മറുകണ്ടം ചാടിക്കാനാണ് നീക്കം. 13 എംഎൽമാർ രാജിവച്ചാൽ എല്ലാം ബിജെപിക്ക് അനുകൂലമാകും. നിലവിൽ 221 പേരാണുള്ളത്. ഇതിൽ 13 പേർ നിയമസഭയിൽ എത്താതിരുന്നാൽ സഭയിലെ അംഗങ്ങളുടെ എണ്ണം 208 ആയി ചുരുങ്ങും. 104 എംഎൽഎമാർ കൈവശമുള്ളതിനാൽ 208 പേരാണ് നിയമസഭയിൽ എത്തുന്നതെങ്കിൽ യദൂരിയപ്പയ്ക്ക് മുഖ്യമന്ത്രി കസേര ഉറപ്പിക്കാം. ഇതാണ് കർണ്ണാടകയ്ക്ക് വേണ്ടി അമിത് ഷാ പ്രാഥമികമായി തയ്യാറാക്കിയ പട്ടിക.

കോൺഗ്രസുമായി ചേർന്ന് കുമാരസ്വാമി മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. അങ്ങനെ വരുമ്പോൾ 20 എംഎൽഎമാർക്ക് കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനവും 16പേർക്ക് ജനതാദള്ളിൽ നിന്ന് മന്ത്രിസ്ഥാനവും നൽകുമെന്നാണ് ധാരണ. ജെഡിഎസിൽ കുമാരസ്വാമി പക്ഷവും ദേവഗൗഡയെ അനുകൂലിക്കുന്നവരുമുണ്ട്. 16 മന്ത്രിസ്ഥാനങ്ങളും കുമാരസ്വാമി അനുകൂലികൾക്കേ ലഭിക്കൂവെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ പലരും അവിടെ അതൃപ്തരാണ്. ഈ സാഹചര്യത്തിൽ അവർ മുഖ്യശത്രുവായി കണ്ട കോൺഗ്രസിനൊപ്പം ചേരുന്നത് രാഷ്ട്രീയ തിരിച്ചടിയാകും. ലിംഗയാത്ത് വികാരത്തിനൊപ്പം തന്ത്രപരമായി ജെഡിഎസുകാരെ കൈയിലെടുക്കാൻ കുമാരസ്വാമി വിരുദ്ധതയാണ് ആയുധമാക്കുന്നത്. ഇതും വിജയം കാണുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി എംഎൽഎമാരൊന്നും കൂറുമാറില്ലെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം. എംഎൽഎമാരെ വിലയ്‌ക്കെടുക്കാനുള്ള കരുത്ത് കോൺഗ്രസിനില്ലാത്തതാണ് ഇതിന് കാരണം.

എന്നാൽ ബിജെപിയിൽ യദൂരിയപ്പയ്‌ക്കെതിരെ നിലകൊള്ളുന്ന നേതാവുണ്ട്. വി സതീഷ്. ബിജെപിയുടെ ദേശീയ സഹ സംഘടനാ ജനറൽ സെക്രട്ടറിയായ സതീഷ് കർണ്ണാടകയിലെ പ്രധാന നേതാവാണ്. ആർ എസ് എസുമായി ഏറെ ബന്ധമുള്ള നേതാവ്. യദൂരിയപ്പയുമായി ഏറെ പ്രശ്‌നങ്ങൾ സതീഷിനുണ്ട്. കർണ്ണാടകയിലെ മുഖ്യമന്ത്രി പദം സതീഷും സ്വപ്‌നം കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയിൽ ഭിന്നതയുണ്ടാക്കാൻ സതീഷ് ശ്രമിക്കുമോ എന്ന ആശങ്ക യദൂരിയപ്പയ്ക്കുണ്ട്. ഇക്കാര്യം അമിത് ഷായേയും യദൂരിയപ്പ അറിയിച്ചു കഴിഞ്ഞു. ബിജെപിയിൽ നിന്ന് കൂറുമാറ്റം ഉണ്ടായില്ലെങ്കിൽ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന ഉറച്ച വിശ്വാസമാണ് യദൂരിയപ്പയ്ക്കുള്ളത്. ലിംഗായത്തുകളുടെ വിശ്വാസം തിരിച്ചു പിടിക്കാൻ കഴിയുമെന്ന കണക്ക് കൂട്ടലാണ് ഇതിന് ആധാരം. ഈ പ്രതീക്ഷയിലാണ് മന്ത്രിസഭാ രൂപീകരണത്തിന് യദൂരിയപ്പ തയ്യാറെടുക്കുന്നത്. ഗവർണ്ണറോടും സത്യപ്രതിജ്ഞയെ കുറിച്ച് മാത്രമാണ് യദൂരിയപ്പ ഇന്ന് സംസാരിച്ചത്. നാളെ പോലും സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാണെന്നാണ് യദൂരിയപ്പ അറിയിച്ചിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷവും തെളിയിക്കാമെന്ന് യുദൂരിയപ്പ അറിയിക്കുന്നു.

കോൺഗ്രസ് ക്യാമ്പിൽ ആശയക്കുഴപ്പമാണ്. 78 എംഎൽഎമാരിൽ പലരും ഗവർണ്ണർക്കുള്ള കത്തിൽ ഒപ്പിടാൻ തയ്യാറായിട്ടില്ല. 224 അംഗസഭയിൽ ജയിച്ചവരുടെ കണക്ക് അനുസരിച്ച് 115 എംഎൽഎമാരാണ് ജെഡിഎസിനും കോൺഗ്രസിനും ഉള്ളത്. ഇത്രയും എംഎൽഎമാരുടെ ഒപ്പില്ലാതെ കത്ത് ഗവർണ്ണർക്ക് കൈമാറിയിട്ട് കാര്യമില്ല. ഈ ആശയക്കുഴപ്പം മൂലം ഗവർണ്ണറെ കാണാനുള്ള കുമാരസ്വാമിയുടെ നീക്കം തടസ്സപ്പെടുമെന്നാണ് ബിജെപിയുടെ വിശ്വാസം. ഈ പഴുതുപയോഗിച്ച് ഗവർണ്ണർ യദൂരിയപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കും. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഭൂരിപക്ഷം തെളിയിക്കും. സ്വതന്ത്രനെ ഒപ്പം കൂട്ടാൻ അവരെ മന്ത്രിയാക്കാൻ ബിജെപി തയ്യാറാണ്. അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു. കെപിജെപിയുടെ നേതാവും ജയിച്ചെത്തിയിട്ടുണ്ട്. ഇദ്ദേഹത്തേയും ഒപ്പം നിർത്താനാണ് യദൂരിയപ്പയുടെ നീക്കം. അങ്ങനെ അംഗബലം 106 ആക്കാനാകും. അതായത് സഭയിൽ 212 പേർ എത്തിയാൽ പോലും ഭൂരിപക്ഷം ഉറപ്പിക്കാം.

ജെ ഡി എസ് എം എൽ എമാരുമായി പ്രകാശ് ജാവദേക്കർ രഹസ്യചർച്ച നടത്തിയെന്നാണ് സൂചന. കോൺഗ്രസിന്റെ 78 എം എൽ എമാരിൽ 66 പേർ പാർട്ടി പാലമെന്ററി യോഗത്തിനെത്തിയുള്ളൂവെന്നാണ് സൂചന. ഇതിനിടെ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. ബെംഗളൂരിൽ ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്. ജനങ്ങൾക്ക് ബിജെപി സർക്കാരാണ് ആഗ്രഹിച്ചതെന്നും അത് ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. പലരും അനാവശ്യ ആശങ്കയുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ജനങ്ങൾ ബിജെപിക്കൊപ്പമാണ്. കോൺഗ്രസിന്റെ പിൻവാതിൽ ശ്രമങ്ങളെ ജനങ്ങൾ അംഗീകരിക്കില്ലെന്നും പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി.

ഇതിനിടെ കർണാടകത്തിൽ ബിജെപി കുതിരക്കച്ചവടം തുടങ്ങിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മന്ത്രി സ്ഥാനവും പണവും വാഗ്ദാനം നൽകിയെന്നും ബിജെപിയിലേക്ക് പോരണമെന്നും ആവശ്യപ്പെട്ടതായി രാവിലെ കോൺഗ്രസ് എംഎ‍ൽഎ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP