Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം പാർട്ടിയുണ്ടാക്കി പ്രവർത്തനം തുടങ്ങിയശേഷം ഒരുവർഷം ശത്രുവിന്റെ പാർട്ടിയിൽ എംഎൽഎയായി തുടരും; എത്ര തന്തയ്ക്ക് വിളിച്ചാലും മിണ്ടാതെ ചുമക്കാൻ വിധിക്കപ്പെട്ട് എംഎൽഎ സ്ഥാനം നൽകിയ പാർട്ടിയും; ജോർജിന്റെ നീക്കം കേരള രാഷ്ട്രീയത്തിൽ ചിരിപടർത്തും

സ്വന്തം പാർട്ടിയുണ്ടാക്കി പ്രവർത്തനം തുടങ്ങിയശേഷം ഒരുവർഷം ശത്രുവിന്റെ പാർട്ടിയിൽ എംഎൽഎയായി തുടരും; എത്ര തന്തയ്ക്ക് വിളിച്ചാലും മിണ്ടാതെ ചുമക്കാൻ വിധിക്കപ്പെട്ട് എംഎൽഎ സ്ഥാനം നൽകിയ പാർട്ടിയും; ജോർജിന്റെ നീക്കം കേരള രാഷ്ട്രീയത്തിൽ ചിരിപടർത്തും

തെറ്റായാലും ശരിയായാലും മുന്നണി മര്യാദകൾക്ക് നിരക്കുന്നതായാലും അല്ലാത്തതായാലും ഏതുകാര്യത്തിലും സ്വന്തമായി നിലപാടുകളുള്ളയാളാണ് ചീഫ് വിപ്പ് പി.സി.ജോർജ്. എന്നാൽ, കെ.എം.മാണിയുമായി ഇടഞ്ഞതോടെ ജോർജ് എത്തിനിൽക്കുന്നത് ത്രിശങ്കുവിലാണെന്നത് കേരള രാഷ്ട്രീയത്തിലെ മറ്റൊരു കൗതുകക്കാഴ്ച. പ്രത്യക്ഷത്തിൽ കേരള കോൺഗ്രസ്സിന്റെ സാധാരണ എംഎൽഎയായി തുടരുകയും പിന്നണിയിൽ, തന്റെ പഴയ പാർട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന നിലപാടിലേക്കാണ് ജോർജ് പോകുന്നത്. 

ചീഫ് വിപ്പ് സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നാലും കൂറുമാറ്റ നിരോധന നിയമത്തിന്റെ പിടിയിലാകാതിരിക്കാൻ പി. സി. ജോർജ് കേരള കോൺഗ്രസ് (എം) വിടില്ല. എന്നാൽ, അടുത്ത തിരഞ്ഞെടുപ്പിൽ മാണിയ്‌ക്കൊപ്പം പോകാനാവില്ലെന്ന് ജോർജിന് അറിയാം. അപ്പോൾ, തന്റെ പഴയ പാർട്ടിയായ കേരള കോൺഗ്രസ് സെക്കുലർ മാത്രമാകും ആശ്രയം. അതിനിപ്പോൾ വേണ്ടത് ആ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ്. ടി. എസ്. ജോണിനെ ചെയർമാനാക്കി സെക്കുലർ പുനരുജ്ജീവിപ്പിക്കുകയും മാണിഗ്രൂപ്പിനുള്ളിൽ നിന്നുകൊണ്ട് സെക്കുലറിന് വെള്ളവും വളവും നൽകുകയുമാവും ജോർജ് ചെയ്യുക.

മാണിയുടെ അവസ്ഥയും ഭിന്നമല്ല. യു.ഡി.എഫ് ഭരണം കയ്യാലപ്പുറത്തെ തേങ്ങ പോലെയായതിനാൽ, ഒറ്റയടിക്ക് ജോർജിനെ തള്ളാനുമാവില്ല. മാണിയെ ജയിലിൽക്കയറ്റുമെന്ന് ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചിട്ടും ജോർജിന് ഒന്നും സംഭവിച്ചില്ല. ജോർജിനെ പുറത്താക്കുകയാണെങ്കിൽ, കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽനിന്ന് ജോർജ് രക്ഷപ്പെടുമെന്നതും മാണിയെ പിന്നോട്ടടിപ്പിക്കുന്നു. ജോർജ് എന്തൊക്കെ പറഞ്ഞാലും, അതൊക്കെ കേട്ടും സഹിച്ചും ഈ മന്ത്രിസഭയുടെ കാലാവധി പൂർത്തിയാക്കുക മാത്രമാണ് മാണിക്ക് മുന്നിലുള്ള വഴി.

പി.സി.ജോർജിനൊപ്പമുള്ള നേതാക്കൾ സമാന്തര യോഗങ്ങളുമായി മുന്നോട്ടുപോകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രഹസ്യ യോഗങ്ങൾ പലേടത്തും നടക്കുകയും ചെയ്തു. കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയും മുൻ സ്പീക്കറുമായ ടി.എസ്. ജോണാണ് ജോർജിന്റെ വലംകൈ. ജോണിനെ മുൻനിർത്തിയാകും തൽക്കാലം സെക്കുലറിനെ ശക്തിപ്പെടുത്തുക. പരോക്ഷമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം, കേരള കോൺഗ്രസിന്റെ വൈസ് ചെയർമാൻ എന്ന നിലയിൽ പാർട്ടിയുടെ ഉന്നതാധികാര യോഗങ്ങളിലെല്ലാം ജോർജിന് പങ്കെടുക്കാനാകും. വൈസ് ചെയർമാൻ അല്ലാതായാലും, എംഎൽഎ എന്ന പദവി യോഗങ്ങളിൽ പങ്കെടുക്കാൻ വഴിയൊരുക്കും. ഫലത്തിൽ ശത്രുവിന്റെ ലാവണത്തിൽ നിന്നുകൊണ്ടുതന്നെ, സ്വന്തം പാളയം ശക്തിപ്പെടുത്തുകയെന്ന തന്ത്രമാകും ജോർജ് പയറ്റുക.

തന്നെ വെറുതെ തള്ളാൻ യു.ഡി.എഫിലെ മറ്റു നേതാക്കൾ തയ്യാറാകില്ലെന്ന വിശ്വാസവും ജോർജിനുണ്ട്. സർക്കാരിന്റെ പല രഹസ്യങ്ങളും അറിയാമെന്നതുതന്നെയാണ് ജോർജിന്റെ ശക്തി. മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും പി. കെ. കുഞ്ഞാലിക്കുട്ടിയുമൊക്കെ തനിക്കുകൂടി സമ്മതമാകുന്ന ഫോർമുലയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് പി.സി.ജോർജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP